മികച്ച ഫോമിലും ടീമിലിടമില്ല, ശ്രേയസ് അയ്യരെ പിന്തുണച്ച് മുൻതാരങ്ങൾ
ഏഷ്യ കപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ അതിലുള്ളവരേക്കാൾ വാർത്തയായത് അതിലില്ലാത്ത ഒരാളായിരുന്നു. സമൂഹമാധ്യമങ്ങളിലും ക്രിക്കറ്റ് ചർച്ചകളിലുമെല്ലാം തിളങ്ങിനിന്നത് മറ്റൊരു പേരാണ്. ശ്രേയസ് അയ്യർ. ഒരു പക്ഷേ ഏഷ്യകപ്പ് പോലൊരു ടൂർണമെന്റ് ജയിക്കാൻ ഇന്ത്യക്ക് ഈ ടീം തന്നെ ധാരാളമായിരിക്കാം. പക്ഷേ സെലക്ഷൻ കമ്മറ്റിയുടെ തീരുമാനം ബഹുമാനിച്ച് തന്നെ പറയട്ടെ. പെർഫോമൻസാണ് സെലക്ഷൻ മാനദണ്ഡമെങ്കിൽ തീർച്ചയായും അയ്യർ ടീമിലുണ്ടാകേണ്ടതാണ്.
കാരണം ഈ ഐപിഎല്ലിൽ അയാൾ അടിച്ചുകൂട്ടിയത് 604 റൺസ്. ഓറഞ്ച് ക്യാപ്പ് ലിസ്റ്റിലുള്ള സകലരേക്കാളും സ്ട്രൈക്ക് റേറ്റിലും മുമ്പിൽ. കൂടാതെ ക്യാപ്റ്റനെന്ന നിലയിൽ ഒരുപതിറ്റാണ്ടിന് ശേഷം പഞ്ചാബിനെ പോയന്റ് പട്ടികയിൽ ഒന്നാമതാക്കി, ഫൈനലിലും എത്തിച്ചു. തൊട്ടുമുമ്പുള്ള വർഷം കൊൽക്കത്തയെ ഐപിഎൽ ചാമ്പ്യൻമാരുമാക്കി. തീർന്നില്ല, മുഷ്താഖ് അലി ട്രോഫിയിൽ 49 ആവറേജിൽ 345 റൺസ് അടിച്ചുകൂട്ടുകയും മുംബൈയെ കിരീടമണിയിക്കുകയും ചെയ്തു. അതായത് ലീഡർഷിപ്പിലും ബാറ്റിങ്ങിലും ഒരുപോലെ മിടുക്കുള്ള ശ്രേയസ് പക്ഷേ സെലക്ഷൻ കമ്മറ്റിയുടെ 15 അംഗ ടീമിലും അഞ്ചംഗ സ്റ്റാൻഡ് ബൈയിലും ഉൾപ്പെടാൻ പോന്നവനല്ല. ഏറ്റവും അവസാനമായി അയ്യർ ഇന്ത്യക്കായി ട്വന്റി 20 കളിച്ചത് 2023ൽ ആസ്ട്രേലിയക്കെതിരെയാണ്. ആ മത്സരത്തിൽ അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
ന്യായീകരണവുമായി അഗർക്കർ, പ്രതിഷേധവുമായി മുൻതാരങ്ങൾ
പത്ര സമ്മേളനത്തിൽ ചീഫ് സെലക്ടർ അഗർക്കർക്ക് ഈ വിഷയത്തിൽ മറുപടി പറയേണ്ടി വന്നിട്ടുണ്ട്. ശ്രേയസിനെ ഉൾപ്പെടുത്തുമ്പോൾ ആരെ പുറത്തിരിത്തുമെന്ന് നിങ്ങൾ പറയണം. അദ്ദേഹത്തിന്റെ കുറ്റം കൊണ്ടല്ല ഇത്, ഞങ്ങളുടെയും കുറ്റമല്ല. ഞങ്ങൾ യോജിച്ച 15 പേരെ തെരഞ്ഞെടുത്തു. അവസരമെത്തും വരെ ശ്രേയസ് കാത്തിരിക്കണം’’ -അഗർക്കർ പ്രതികരിച്ചു.
വൈകാതെ ഈ തീരുമാനത്തിനെതിരെ അഭിഷേക് നായർ രംഗത്തെത്തി. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായ അതേ അഭിഷേക് നായർ. ‘‘ചില സമയങ്ങളിൽ സെലക്ഷൻ മീറ്റിങ്ങുകൾ നമ്മളെ അമ്പരപ്പിക്കും. ശ്രേയസിനെ 20 അംഗ ടീമിൽ പോലും ഉൾപ്പെടുത്താത്തതിന് എന്ത് ന്യായീകരണമാണുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ 15 അംഗ ടീമിനെക്കുറിച്ച് പോലുമല്ല സംസാരിക്കുന്നത്, ഇരുപത് അംഗ ടീമിനെക്കുറിച്ചാണ്. ടീമിന്റെ പ്ലാനിൽ അദ്ദേഹം ഇല്ല എന്ന് തന്നെയാണ് ഇതിൽനിന്നും മനസ്സിലാക്കുന്നത്’’ -അഭിഷേക് നായർ പറഞ്ഞു.
‘‘ശ്രേയസ് അയ്യർ ടീമിൽ മാത്രമല്ല, ടീമിന്റെ ലീഡർഷിപ്പ് ഗ്രൂപ്പിൽ തന്നെ ഉണ്ടാകണം എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. ക്ഷമ പാലിക്കുക എന്നുളളതാണ് ഈ അവസരത്തിൽ ചെയ്യാനുള്ളത്’’ -ഇർഫാൻ പത്താൻ എക്സിൽ കുറിച്ച വാക്കുകളാണിത്
ഒരുവർഷത്തോളമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇല്ലാത്തയാളാണ് ശുഭ്മാൻ ഗിൽ. അദ്ദേഹത്തിന്റെ ക്ലാസും അദ്ദേഹത്തെ നെക്സ്റ്റ് ബ്രാൻഡാക്കാനുള്ള ബിസിസിഐയുടെ ആഗ്രഹവും നമുക്കറിയാം. പക്ഷേ ഗംഭീർ-സൂര്യകുമാർ സഖ്യം ട്വന്റി 20യിൽ പിന്തുടരുന്ന ഹൈറിസ്ക് അപ്രോച്ചിന് അത്ര സ്യൂട്ടല്ലാത്ത ഗില്ലിന് വേണ്ടി ടീം ലൈനപ്പ് തന്നെ അട്ടിമറിക്കാമെങ്കിൽ പ്രൂവ്ഡായ ശ്രേയസിനെ ഉപയോഗിച്ചൂടെ എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്.
ഏതാനും മാസങ്ങൾക്ക് ചാമ്പ്യൻസ് ട്രോഫി അരങ്ങേറിയ മൈതാനങ്ങളിലാണ് ഏഷ്യകപ്പ് നടക്കാനിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ കുപ്പായത്തിൽ ശ്രേയസ് നിർണായകമായ 243 റൺസ് സംഭാവന നൽകിയിരുന്നു. അതിന് മുമ്പുള്ള ഏകദിന ലോകകപ്പിൽ നാലാമനായി വന്ന ശ്രേയസ് അടിച്ചെടുത്തത് 530 റൺസ്. ഈ വർഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും മാച്ച് വിന്നിങ് നോക്കുകൾ നാം കണ്ടു. പക്ഷേ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമുറപ്പുള്ള ഒരു താരമായി ശ്രേയസ് ഇനിയും മാറിയിട്ടില്ല.
‘‘ശ്രേയസ് അയ്യറിന് ഉറച്ച യോഗ്യതയുണ്ട്. പക്ഷേ അദ്ദേഹം ടീമിന് പുറത്താണ്. അദ്ദേഹം ചാമ്പ്യൻസ് ട്രോഫി നേടിത്തന്നു. ശുഭ്മാൻ ഗിൽ മികച്ച ഫോമിലാണെന്ന്ന നിങ്ങൾക്ക് വാദിക്കാം. എങ്കിൽ ശ്രേയസും അതേ രീതിയിലുള്ള ഫോമിൽ തന്നെയാണ്. ഈ ചോദ്യങ്ങൾക്ക് ആരാണ് ഉത്തരം നൽകുക. എന്ത് തെറ്റാണ് ശ്രേയസ് അയ്യർ ചെയ്തത്’’ -ആർ അശ്വിൻ പ്രതികരിച്ചു. തന്റെ ഷോട്ട് ബോൾ ബലഹീനത അദ്ദേഹം മറികടന്നതായും അശ്വിൻ കൂട്ടിച്ചേർത്തു.
അവഗണനകൾ തുടർക്കഥ
ഈ വർഷം ഫെബ്രുവരി ആറിന് നടന്ന ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ഏകദിനം. 5.2 ഓവറിൽ 19ന് രണ്ട് എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ അഗ്രസീവ് ഇന്നിങ്സിലൂടെ അയ്യർ എടുത്തുയർത്തുന്നു. 36 പന്തിൽ 59 റൺസെടുത്ത ശ്രേയസിന്റെ മിടുക്കിൽ ഇന്ത്യ ചേസിങ് ദദ്രമാക്കി. മത്സരശേഷം ശ്രേയസ് പ്രതികരിച്ചതിങ്ങനെ. ''ആദ്യ ഏകദിനം കളിക്കേണ്ട താരമായിരുന്നില്ല ഞാൻ. ടീമിൽ ഇടമില്ലെന്ന് ഉറപ്പായതിനാൽ സിനിമ കണ്ട് രാത്രി വൈകി കിടക്കാമെന്ന് കരുതി. എന്നാൽ രാത്രി ഏറെ വൈകി ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫോൺ കോളെത്തി. വിരാട് കോഹ്ലിക്ക് പരിക്കുള്ളതിനാൽ പ്ലെയിങ് ഇലവനിലുണ്ടാകുമെന്ന് അറിയിച്ചു. ഉടനെ സിനിമ കാണുന്നത് നിർത്തി മുറിയിലേക്ക് പോയി കിടന്നുറങ്ങി'' - ശ്രേയസ് പോസ്റ്റ് മാച്ച് പ്രസ്മീറ്റിൽ വിവരിച്ചത് ഇങ്ങനെയായിരുന്നു. ഇന്ത്യൻ ടീമിലെ സ്ഥിരാംഗമല്ലെന്ന കാര്യം രസകരമായാണ് ശ്രേയസ് അവതരിപ്പിച്ചത്.
2024 ശ്രേയസിനെയും ഇഷാൻ കിഷനെയും 30 അംഗ ബിസിസിഐ സെൻട്രൽ കരാറിൽ നിന്നും പുറത്താക്കിയിരുന്നു. രഞ്ജി ട്രോഫി കളിച്ചില്ല എന്നായിരുന്നു കാരണം. ഈ വർഷത്തെ ബിസിസിഐ കരാറിൽ ഗ്രേഡ് ബിയിൽ ശ്രേയസ് അയ്യരുണ്ട്.
എന്തായാലും ശ്രേയസ് അയ്യർ തന്റെ കരിയർ പീക്കിൽ നിൽക്കുന്ന സമയത്ത് പോലും ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറക്കാത്തതിൽ പലർക്കും അമർശമുണ്ട്. ബിസിസിഐക്ക് ശ്രേയസിനോടുള്ള അനിഷ്ടം, ബിസിസിഐയുടെ ഡേർട്ടി പോളിറ്റിക്സ് എന്നിങ്ങനെ പലകാരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. അയാളുടെ ദിനങ്ങൾ വന്നെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.