Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഫുട്ബോൾ മത്സരങ്ങളെ കേവല ദൃശ്യാനുഭവത്തിൽ നിന്നും ഉയർത്തുന്നതിൽ റൈവൽറിയുടെ ചരിത്രത്തിന് വലിയ പങ്കുണ്ട്. ഒരു ടീമിന്റെയോ ക്ലബ്ബിന്റെയോ ആരാധകനായ ഒരാൾ സാമൂഹികവും ചരിത്രപരമായ ഇടപെടൽ നടത്തുകയാണ് ഇവിടെ. സ്പാനിഷ് ദേശീയതയോടും കാറ്റാലൻ സ്വതന്ത്ര പരമാധികാര സങ്കല്പത്തോടും ഇടപെട്ടു കൊണ്ടാണ് ഓരോ ആരാധകനും എൽ-ക്ലാസിക്കോ മത്സരങ്ങൾ കാണുന്നത്. ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ ചരിത്രത്തെ സ്വാംശീകരിച്ച് കൊണ്ട് മാത്രമേ ലിവർപൂൾ ഉൾപ്പെടയുള്ള ക്ലബ്ബുകളുടെ മത്സരങ്ങൾ പൂർണതയിൽ ആസ്വദിക്കാൻ കഴിയൂ. ആ അർത്ഥത്തിൽ ഫുട്ബോൾ ഒരു കായിക വിനോദം മാത്രമല്ല; ഒരു സമൂഹത്തിന്റെ വികാരങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും, സാംസ്കാരിക പോരാട്ടങ്ങളുടെയും ആവിഷ്കാര വേദി കൂടിയാണ്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളിൽ ഈ വേദി കൂടുതൽ തീവ്രമായിരുന്നു. യൂഗോസ്ലാവിയയിലെ ഡിനാമോ സാഗ്രെബും റെഡ് സ്റ്റാർ ബെൽഗ്രേഡും തമ്മിലുള്ള 'റെഡ് ഡെർബി' ഇതിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. ഈ മത്സരങ്ങൾ കളിക്കളത്തിനപ്പുറം ക്രൊയേഷ്യൻ-സെർബിയൻ വംശീയ പിരിമുറുക്കങ്ങളുടെയും കമ്യുണിസ്റ്റ് ഭരണത്തിനെതിരായ പ്രതിഷേധങ്ങളുടെയും കൂടി പ്രതിഫലനമായിരുന്നു.
യൂഗോസ്ലാവിയയുടെ കമ്യൂണിസ്റ്റ് പശ്ചാത്തലം
1945-ൽ ജോസിപ് ബ്രോസ് ടിറ്റോയുടെ നേതൃത്വത്തിൽ സ്ഥാപിതമായ യൂഗോസ്ലാവിയ, ക്രൊയേഷ്യ, സെർബിയ, ബോസ്നിയ, സ്ലൊവേനിയ, മോണ്ടിനെഗ്രോ, മാസിഡോണിയ തുടങ്ങിയ വിവിധ വംശ ഗ്രൂപ്പുകളെ ഒരു കമ്യൂണിസ്റ്റ് ഫെഡറേഷനായി ഒന്നിപ്പിച്ചു. രണ്ടാം ലോകയുദ്ധസമയത്ത് ജർമൻ അധിനിവേശ യൂറോപ്പിലെ ഏറ്റവും ഫലപ്രദമായ പ്രതിരോധ പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന യുഗോസ്ലാവ് പാർട്ടിസൻസിനെ അദ്ദേഹം നയിച്ചു. ടിറ്റോ 'ബ്രദർഹുഡ് ആൻഡ് യൂണിറ്റി' എന്ന മുദ്രാവാക്യത്തിലൂടെ വംശീയ വിഭജനങ്ങൾ മറികടക്കാൻ ശ്രമിച്ചെങ്കിലും ഈ ഐക്യം പലപ്പോഴും ഉപരിപ്ലവമായിരുന്നു. വിവിധ എത്തിനിക് വിഭാഗങ്ങളെ ഉൾകൊള്ളുന്ന യുഗോസ്ലാവിയയിലെ ആഭ്യന്തര സംഘർഷങ്ങൾ പിന്നീട് യുഗോസ്ലാവ് യുദ്ധങ്ങളായി വളർന്നു. വംശീയ സംഘർഷങ്ങൾ, രാഷ്ട്രീയ അസ്ഥിരത, കമ്യൂണിസത്തിന്റെ തകർച്ച എന്നിവയുടെ സങ്കീർണ്ണമായ മിശ്രിതമായിരുന്നു യുദ്ധം. 1980-ൽ പ്രസിഡന്റ് ടിറ്റോയുടെ മരണം ഒരു ഏകീകരണ ശക്തിയെ ഇല്ലാതാക്കുകയും വിവിധ റിപ്പബ്ലിക്കുകൾക്കിടയിൽ ദേശീയതയിലും സ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനങ്ങളുടെ ഉയർച്ചക്കും കാരണമാവുകയും ചെയ്തു. ഇത് സ്ലോവേനിയയിലെ പത്ത് ദിവസത്തെ യുദ്ധം, ക്രൊയേഷ്യൻ സ്വാതന്ത്ര്യയുദ്ധം, ബോസ്നിയൻ യുദ്ധം, കൊസോവോ യുദ്ധം എന്നിവയുൾപ്പെടെ നിരവധി സംഘർഷങ്ങൾക്ക് കാരണമായി. ക്രൊയേഷ്യയിലെ ഡിനാമോ സാഗ്രെബും സെർബിയയിലെ റെഡ് സ്റ്റാർ ബെൽഗ്രേഡും തമ്മിലുള്ള ഫുട്ബോൾ മത്സരങ്ങൾ ഈ വിഭജനത്തിന്റെ ഒരു കണ്ണാടിയായി മാറി.
ജോസിപ് ബ്രോസ് ടിറ്റോ
ഡിനാമോ സാഗ്രെബ്
1945-ൽ സ്ഥാപിതമായ ഡിനാമോ സാഗ്രെബ് ക്രൊയേഷ്യൻ ദേശീയതയുടെ പ്രതീകമായിരുന്നു. യുദ്ധസമയത്ത് ആക്സിസ് അംഗമായിരുന്ന മുൻ സ്വതന്ത്ര സംസ്ഥാനമായ ക്രൊയേഷ്യയുടെ കീഴിൽ പ്രവർത്തിച്ചിരുന്നു എന്ന കാരണത്താൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ യുഗോസ്ലാവിയയിലെ പുതിയ കമ്യൂണിസ്റ്റ് സർക്കാർ HŠK ഗ്രാഡാൻസ്കിയെപ്പോലുള്ള ക്രൊയേഷ്യൻ ക്ലബ്ബുകളെ ഫാസിസ്റ്റും ദേശീയവാദിയുമായി കണക്കാക്കിയിരുന്നു. അങ്ങനെ, അവ ഔപചാരികമായി പിരിച്ചുവിടുകയും 1945-ൽ ഭരണകക്ഷിയുടെ എതിർപ്പ് മറികടന്ന് HŠK ഗ്രാഡാൻസ്കിയുടെ അനൗദ്യോഗിക പിൻഗാമിയായി FD ഡിനാമോ ഒരു ക്ലബ്ബായി സ്ഥാപിക്കപ്പെടുകയും ചെയ്തു. 1946-47 ലെ ആദ്യ സീസണിൽ അവർ യുഗോസ്ലാവ് ഫസ്റ്റ് ലീഗിൽ പ്രവേശിച്ച് റണ്ണേഴ്‌സ്-അപ്പായി ഫിനിഷ് ചെയ്തു.
പഴയ കാല ഡിനാമോ സാഗ്രെബ് ടീം
കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഡിനാമോ ആരാധകർ, പ്രത്യേകിച്ച് 'ബാഡ് ബ്ലൂ ബോയ്സ്' എന്ന ക്ലബ്ബിന്റെ അൾട്രാസ് ക്രൊയേഷ്യൻ സ്വത്വത്തിന്റെ പ്രകടനമായി ക്ലബ്ബിനെ കണ്ടു. മാത്രമല്ല 1990-ൽ രാജ്യത്തെ ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരയിൽ ബാഡ് ബ്ലൂ ബോയ്‌സ് ഉണ്ടായിരുന്നുവെന്നും ക്രൊയേഷ്യയുടെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പിൽ ഫ്രാഞ്ചോ ടുഡ്മാന് (ക്രൊയേഷ്യയുടെ ആദ്യ പ്രസിഡന്റ്) അവർ പിന്തുണ വാഗ്ദാനം ചെയ്തുവെന്നും പത്രപ്രവർത്തകൻ ആൻഡ്രെജ് ക്രിക്കോവിച്ച് വാദിക്കുന്നുണ്ട്. 'സ്വന്തം സ്വത്വത്തെക്കുറിച്ച് വേണ്ടത്ര ബോധമുള്ളവരും മറ്റുള്ളവർ പറയാൻ ഭയപ്പെട്ടപ്പോൾ ക്രൊയേഷ്യൻ സ്വാതന്ത്ര്യത്തിനായുള്ള അവരുടെ ആഗ്രഹങ്ങൾ പ്രകടിപ്പിക്കാൻ ധൈര്യമുള്ളവരായിരുന്നുവെന്നും ബാഡ് ബ്ലൂ ബോയ്‌സിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമിച്ച സാഗ്രെബ് ചലച്ചിത്ര സംവിധായകനായ സാഷ പോഡ്‌ഗോറെലെക് പറയുന്നു.
റെഡ് സ്റ്റാർ ബെൽഗ്രേഡ്
1945-ൽ തന്നെ സ്ഥാപിതമായ സെർബിയൻ ദേശീയതയുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രധാന ക്ലബ്ബ് ആണ് റെഡ് സ്റ്റാർ ബെൽഗ്രേഡ്. 1945 ഫെബ്രുവരിയിൽ രണ്ടാം ലോകയുദ്ധസമയത്ത് ഒരു പറ്റം കളിക്കാരും, യുവാക്കളും, വിദ്യാർഥികളും ചേർന്ന് സെർബിയൻ യുണൈറ്റഡ് ആന്റിഫാസിസ്റ്റ് യൂത്ത് ലീഗിലെ അംഗങ്ങൾ ഉൾപ്പെടെ ഒരു യൂത്ത് ഫിസിക്കൽ കൾച്ചർ സൊസൈറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. മാർച്ച് 4 ന് അത് റെഡ് സ്റ്റാർ ബെൽഗ്രേഡ് ആയി മാറി. 1944ൽ യുദ്ധത്തിന് മുന്നേ ഉണ്ടായിരുന്ന എല്ലാ സെർബിയൻ ക്ലബ്ബുകളും പിരിച്ചുവിടപ്പെട്ടിരുന്നു.
1945 മെയ് 5 ന് കമ്മ്യൂണിസ്റ്റ് സ്പോർട്സ് സെക്രട്ടറി മിത്ര മിട്രോവിച്ച്-ജിലാസ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് സെർബിയയുടെ പ്രദേശത്തെ യുദ്ധത്തിനു മുമ്പുള്ള എല്ലാ ക്ലബ്ബുകളും ഔദ്യോഗികമായി പിരിച്ചുവിടുന്നതിനുള്ള ഉത്തരവിൽ ഒപ്പുവച്ചു. ജർമ്മൻ അധിനിവേശകാലത്ത്, ലീഗ് സംഘടിപ്പിക്കാനുള്ള ശ്രമം നടന്നതിനാൽ ദേശീയവാദികളുടെ സഹകാരികൾ എന്ന് മുദ്രകുത്തി ജോസിപ് ബ്രോസ് ടിറ്റോയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം എല്ലാ ക്ലബ്ബുകളെയും പിരിച്ചുവിട്ടു.
ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് 1991-ലെ ചാമ്പ്യൻസ് ലീഗ് വിജയിച്ച റെഡ് സ്റ്റാർ ബെൽഗ്രേഡ് ടീം
നീണ്ട ചർച്ചകൾക്ക് ശേഷമാണ് റെഡ് സ്റ്റാർ എന്ന പേര് ക്ലബിന് നൽകിയത്. പ്രതിനിധികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത മറ്റ് പേരുകളിൽ 'പീപ്പിൾസ് സ്റ്റാർ', 'ബ്ലൂ സ്റ്റാർ', 'പ്രൊലിറ്റർ', 'സ്റ്റാലിൻ', 'ലെനിൻ' എന്നിവയും ഉൾപ്പെട്ടിരുന്നു. യുഗോസ്ലാവിയക്കുള്ളിൽ സെർബിയൻ ദേശീയതയുടെ പ്രതീകമായി റെഡ് സ്റ്റാർ പെട്ടെന്ന് തന്നെ അംഗീകരിക്കപ്പെട്ടു. 'ഡെലിജെ' എന്ന ആരാധക ഗ്രൂപ്പ് സെർബിയൻ അഭിമാനത്തിന്റെ ശക്തമായ പ്രതിനിധാനമായിരുന്നു. ഈ രണ്ട് ക്ലബ്ബുകളും യൂഗോസ്ലാവിയൻ ഫുട്ബോൾ ലീഗിൽ ആധിപത്യം പുലർത്തി. എന്നാൽ അവ തമ്മിലുള്ള മത്സരങ്ങൾ കളിക്കളത്തിനപ്പുറം വംശീയ-രാഷ്ട്രീയ സംഘർഷങ്ങളുടെ കൂടെ ഭാഗമായിരുന്നു.
യൂഗോസ്ലാവിയയിൽ കമ്മ്യൂണിസവും ഫുട്ബോളും സഹവർത്തിത്വത്തിലും സംഘർഷത്തിലുമാണ് മുന്നോട്ട് പോയത്. കമ്യൂണിസ്റ്റ് ഭരണകൂടം ഫുട്ബോളിനെ ഒരു പ്രചാരണ ഉപകരണമായി ഉപയോഗിച്ചിരുന്നു. ഡിനാമോ, റെഡ് സ്റ്റാർ, പാർട്ടിസാൻ ബെൽഗ്രേഡ് തുടങ്ങിയ ക്ലബ്ബുകൾക്ക് സർക്കാർ ധനസഹായയും ലഭിച്ചിരുന്നു. പലപ്പോഴും ദേശീയ വികാരങ്ങളിൽ നിന്ന് മാറി ഓരോ ക്ലബ്ബുകളും സ്വന്തം സ്വത്വ പ്രകടനങ്ങളുടെ കേന്ദ്രമായതോടെയാണ് ഭരണകൂടവുമായി അകലുന്നത്. പിന്നീട് ഓരോ ക്ലബ്ബുകളും അവരവരുടെ സ്വത്വം വെളിപ്പെടുത്തുന്നതിൽ ഫുട്‌ബോൾ സ്റ്റേഡിയങ്ങൾ തെരഞ്ഞെടുത്തു.
സ്റ്റേഡിയങ്ങളിൽ ദേശീയതാവാദ ഗാനങ്ങൾ, പതാകകൾ, പ്രതിഷേധങ്ങൾ എന്നിവ സാധാരണമായിരുന്നു. അതിന്റെ കൂടെ ഡിനാമോ ആരാധകർ ക്രൊയേഷ്യൻ ‘ഉസ്താഷ’ പതാകകൾ ഉയർത്തിയപ്പോൾ, റെഡ് സ്റ്റാർ ആരാധകർ ‘ചെറ്റ്നിക്’ പ്രതീകങ്ങൾ പ്രദർശിപ്പിച്ചു. ഇത് കമ്യൂണിസ്റ്റ് ഐക്യത്തിന്റെ ആശയത്തിന് വിപരീതമായിരുന്നു.
1990 മെയ് 13-ന് സാഗ്രെബിലെ മാക്സിമിർ സ്റ്റേഡിയത്തിൽ നടന്ന ഡിനാമോ സാഗ്രെബ്-റെഡ് സ്റ്റാർ മത്സരം യൂഗോസ്ലാവിയൻ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഈ മത്സരം യൂഗോസ്ലാവിയയുടെ വിഘടനത്തിന്റെ ആരംഭം കുറിച്ചു. മത്സരത്തിന് മുമ്പ് തന്നെ ക്രൊയേഷ്യയിൽ നടന്ന തെരഞ്ഞെടുപ്പിൽ ദേശീയവാദികൾ വിജയിച്ചതിനാൽ രാഷ്ട്രീയ പിരിമുറുക്കം ഉയർന്നിരുന്നു. റെഡ് സ്റ്റാർ ആരാധകർ, ‘ഡെലിജെ’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ പ്രകോപനപരമായ ഗാനങ്ങൾ ആലപിച്ചു. ഡിനാമോ ആരാധകർ ‘ബാഡ് ബ്ലൂ ബോയ്സ്’ ഇതിനോട് പ്രതികരിച്ചു. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ആരാധകർ തമ്മിൽ സ്റ്റാൻഡുകളിൽ ഏറ്റുമുട്ടി. തുടർന്ന് സംഘർഷം വലുതാവുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തു. മാക്സിമിർ സംഘർഷം പിന്നീട് യൂഗോസ്ലാവിയയുടെ വിഘടനത്തിന്റെ ഒരു പ്രതീകമായി മാറി.
1990-ലെ മാക്സിമിർ സംഘർഷം
1980-ൽ ടിറ്റോയുടെ മരണത്തോടെ യൂഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് ഐക്യം ദുർബലമാവുകയും 90-കളിൽ യൂഗോസ്ലാവിയ വിഘടിക്കുകയും ചെയ്തതിനെ തുടർന്ന് ഡിനാമോ സാഗ്രെബും റെഡ് സ്റ്റാറും സ്വതന്ത്ര രാജ്യങ്ങളിലെ ക്ലബ്ബുകളായി മാറി. റെഡ് സ്റ്റാർ 1991-ൽ യൂറോപ്യൻ കപ്പ് നേടി സെർബിയൻ അഭിമാനത്തിന്റെ പ്രതീകമായി. ഡിനാമോ സാഗ്രെബ് ക്രൊയേഷ്യൻ ലീഗിലും ആധിപത്യം പുലർത്തി. ക്രൊയേഷ്യൻ ദേശീയ ടീമിന് കളിക്കാരെ നൽകുന്നതിൽ ക്ലബ്ബ് വലിയ പങ്കുവഹിച്ചു. 1998 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീമിൽ ഡിനാമോയുടെ പല കളിക്കാരും ഉണ്ടായിരുന്നു.
ഇന്നും ഡിനാമോ സാഗ്രെബും റെഡ് സ്റ്റാറും തമ്മിലുള്ള മത്സരങ്ങൾ വാശിയേറിയതാണ്. എങ്കിലും യൂഗോസ്ലാവിയയുടെ വിഘടനത്തോടെ അവയുടെ രാഷ്ട്രീയ തീവ്രത കുറഞ്ഞു. എന്നിരുന്നാലും ഒരു കളി എങ്ങനെ ഒരു സമൂഹത്തിന്റെ വികാരങ്ങളെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളിൽ പ്രതിഫലിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു റെഡ് ഡർബി. റെഡ് ഡെർബി കമ്യൂണിസ്റ്റ് ഐക്യ പരാജയത്തിന്റെയും ജനങ്ങളുടെ ദേശീയ വികാരങ്ങളുടെ ശക്തിയുടെയും തെളിവാണ്. യൂഗോസ്ലാവിയയിലെ വംശീയ-രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരു കളിക്കളമായിരുന്നു റെഡ് ഡർബി. കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഫുട്ബോളിനെ ഐക്യത്തിന്റെ ഉപകരണമായി ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങളുടെ വികാരങ്ങൾ അതിനെ ഒരു പ്രതിഷേധ വേദിയാക്കി മാറ്റി. മാക്സിമിർ കലാപവും സ്വോനിമിർ ബോബന്റെ പ്രവൃത്തിയും ഈ ചരിത്രത്തിന്റെ അവിസ്മരണീയ നിമിഷങ്ങളാണ്.