സ്വതന്ത്ര ഇന്ത്യയിൽ അസ്വതന്ത്ര തെരഞ്ഞെടുപ്പ്; തൃശൂർ അങ്ങെടുക്കുകയായിരുന്നോ സുരേഷ് ഗോപി?
രാഹുലിന്‍റെ ആരോപണത്തിന് മറുപടിയെന്നോണം ബി ജെ പി നേതാവ് അനുരാഗ് ഠാക്കൂർ പറഞ്ഞു, വയനാട്ടിലെ ചൗണ്ടേരി എന്ന ഒറ്റ വിലാസത്തിൽ 4000തിലേറെ വോട്ടർമാരുണ്ടെന്ന്. ഇതിനു മറുപടി, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ചാനലിൽ നിന്ന് തന്നെ വന്നു
സ്വതന്ത്ര ഇന്ത്യയിൽ അസ്വതന്ത്ര തെരഞ്ഞെടുപ്പ്
സ്വാതന്ത്ര്യ ദിനം. അനുഭവത്തിൽ, സ്വാതന്ത്ര്യവും ജനാധിപത്യവും എങ്ങനെ? തെരഞ്ഞെടുപ്പ് ബിജെപിക്കനുകൂലമായി അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഒത്താശ ചെയ്തു എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചത് കമ്മിഷന്‍റെ തന്നെ രേഖകളുടെ ബലത്തിലാണ്. രാഹുൽ ഉയർത്തിയ ആരോപണങ്ങൾ നിസ്സാരമല്ല.
കള്ളം പിടിക്കപ്പെടാതിരിക്കാനാവണം, കമ്മിഷൻ ഡിജിറ്റൽ രൂപത്തിൽ വോട്ടർ പട്ടിക നൽകാതിരുന്നത്. വീഡിയോ തെളിവുകൾ നശിപ്പിക്കുന്നതും അതിനു തന്നെ. ഇലക്ഷൻ കമ്മിഷന്‍റെ പരിഭ്രമം വെളിപ്പെടുത്തുന്ന മറ്റൊരു കാര്യവും ഉടനെ നടന്നു. ബിഹാറിലെ കരട് വോട്ടർ പട്ടിക ഡിജിറ്റൽ രൂപത്തിൽ ലഭ്യമായിരുന്നത് പെട്ടെന്ന് വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു; പകരം എളുപ്പത്തിൽ പരിശോധന സാധ്യമാകാത്ത സ്കാൻ കോപ്പികളായി അത് ചേർത്തു. കമ്മിഷൻ ഒത്താശ ചെയ്തത് കൊണ്ടാണ് മോദി പ്രധാനമന്ത്രിയായതെന്ന് രാഹുൽ പറയുമ്പോൾ അവിശ്വസിക്കാൻ വക കാണുന്നില്ല.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണായകമായ ഈ സന്ദർഭത്തെ ദേശീയ മാധ്യമങ്ങൾ നേരിട്ടത് പതിവ് രീതിയിൽ തന്നെ. മിക്കവരും ഭരണ പക്ഷത്തിനുവേണ്ടി മുട്ടുകുത്തി, നിലത്തിഴഞ്ഞു.“ഗോദി” മീഡിയയുടെ പ്രകടനം പൊതുവെ അങ്ങനെയാണെങ്കിലും, സാധാരണ ഭരണപക്ഷത്തു നിലകൊള്ളാറുള്ള ചിലർ സത്യാവസ്ഥ അന്വേഷിക്കാനിറങ്ങി. മഹാദേവ് പുരയിൽ ഒറ്റമുറിയിൽ 80 വോട്ടർമാരുണ്ടെന്ന രാഹുലി ന്‍റെ ആരോപണം ഇന്ത്യടുഡേ നേരിട്ട് ചെന്ന് പരിശോധിച്ചു. പിന്നാലെ ടൈംസ് നൗവും റിപോർട്ടറുമെല്ലാം അത് സാക്ഷ്യപ്പെടുത്തി. പൊതുവെ ഭരണവിരുദ്ധ വാർത്തകൾക്ക് ഇടം നൽകാത്ത മാധ്യമങ്ങൾ വരെ അന്വേഷിക്കാനിറങ്ങിയതിന് രണ്ട് കാരണങ്ങളുണ്ടാകും. ഒന്ന്, വിഷയത്തിന്‍റെ വാർത്താമൂല്യം. രണ്ട്, രാഹുൽ എടുത്തുകാട്ടിയ തെളിവുകളുടെ കൃത്യത. കർണാടകയിൽ മാത്രമല്ല, മഹാരാഷ്ട്രയിലും ഹരിയാനയിലും ഗുജറാത്തിലും ബിഹാറിലും അസമിലുമെല്ലാം പലതും പുറത്തുവരാനുണ്ട്. കൂട്ടത്തിൽ കേരളത്തിലും.
തൃശൂർ അങ്ങെടുക്കുകയായിരുന്നോ സുരേഷ് ഗോപി?
രാഹുലിന്‍റെ ആരോപണത്തിന് മറുപടിയെന്നോണം ബി ജെ പി നേതാവ് അനുരാഗ് ഠാക്കൂർ പറഞ്ഞു, വയനാട്ടിലെ ചൗണ്ടേരി എന്ന ഒറ്റ വിലാസത്തിൽ 4000തിലേറെ വോട്ടർമാരുണ്ടെന്ന്. ഇതിനു മറുപടി, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനലിൽ നിന്ന് തന്നെ വന്നു; മറ്റു പല മാധ്യമങ്ങളിൽനിന്നും. തൃശ്ശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിച്ചതിനു പിന്നിലും കള്ളക്കളിയുണ്ടെന്ന് ആക്ഷേപമുയർന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തേണ്ടവർ കളത്തിലിറങ്ങി കളിച്ചു എന്ന വിവാദം ഇനിയും തുടരും. പലതും പുറത്തുവരും. അതിൽ മാധ്യമങ്ങളുടെ പങ്ക് അതിപ്രധാനമാണെന്ന് പറയേണ്ടതില്ല.
അനസിനെ ബിബിസി വീണ്ടും കൊന്നു
കഴിഞ്ഞ ലക്കത്തിൽ നമ്മൾ, ഗസ്സയിലിരുന്നുകൊണ്ട് ഇസ്രായേലി അതിക്രമങ്ങളെപ്പറ്റി ലോകത്തോടു പറഞ്ഞുകൊണ്ടേ ഇരിക്കുന്ന അന്നാട്ടുകാരായ ജേണലിസ്റ്റുകളെപ്പറ്റി പറഞ്ഞു. ഫാതിമ ഹസൂന എന്ന ഫോട്ടോ ജേണലിസ്റ്റിനെ ഇസ്രായേൽ ഈയിടെ കൊന്ന വിവരം പങ്കുവെച്ചു. പട്ടിണിക്കും ബോംബിനും മുമ്പാകെ സ്വന്തം ജോലി തുടരുന്നവരെപ്പറ്റിയും പറഞ്ഞു. കൂട്ടത്തിൽ അനസ് അൽ ശരീഫ് എന്ന റിപ്പോർട്ടറെപ്പറ്റിയും. വൈകാതെ അദ്ദേഹത്തെയും ഇസ്രായേൽ കൊന്നു. കൂടെ വേറെ മാധ്യമ പ്രവർത്തകരെയും. അടുത്തടുത്ത് വരുന്ന ഇസ്രായേലി മിസൈലുകളുടെ 13 സെക്കൻഡ് വിഡിയോ ആണ് അനസിന്‍റെ അവസാന റിപ്പോർട്ട്.
കൊല്ലപ്പെടുമെന്ന് അനസ് ഉറപ്പിച്ചിരുന്നു. കാരണം, അദ്ദേഹത്തെ, ഭീകരനും കൊല്ലപ്പെടേണ്ടവനുമെന്ന് ഇസ്രായേൽ മുമ്പേ പ്രഖ്യാപിച്ചിരുന്നു. ഗസ്സയിൽ നിന്ന് പുറംലോകത്തേക്ക് സത്യം വിളിച്ചറിയിക്കാൻ ജീവനോടെ ബാക്കിയുള്ള ഏറ്റവും പ്രധാന സ്വരം അദ്ദേഹത്തിന്‍റേതായിരുന്നല്ലോ. പത്രപ്രവർത്തകർ മാത്രം ഉള്ള ടെന്‍റിനു നേരെ, അറിഞ്ഞുകൊണ്ടു തന്നെയാണ് ഇസ്രായേൽ ആയുധമെറിഞ്ഞത്.ഇസ്രായേലിന്‍റെ ഹിറ്റ് ലിസ്റ്റിൽ അനസുണ്ടെന്നും സൂക്ഷിക്കണമെന്നും കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് എന്ന ആഗോള സംഘടന അനസിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. പക്ഷേ താൻ പിന്മാറില്ലെന്ന ഉറച്ച നിലപാടാണ് അനസ് സ്വീകരിച്ചത്. മരണം ഉറപ്പായിട്ടും തന്‍റെ ജോലി അദ്ദേഹം വിട്ടില്ല. കൊല്ലപ്പെട്ടാൽ പോസ്റ്റ് ചെയ്യുന്നതിന് ഒരു കുറിപ്പ് തയ്യാറാക്കി അദ്ദേഹം ഉറ്റവരെ ഏൽപ്പിച്ചു.ഫലസ്തീൻ ജേണലിസ്റ്റുകൾ ജീവൻ കൊടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ പടിഞ്ഞാറൻ മാധ്യമങ്ങൾ എന്തു ചെയ്യുന്നു? അനസിന്‍റെ മരണത്തിൽ ബി.ബി.സിക്ക് പരോക്ഷ പങ്കുണ്ടോ? ഫലസ്തീന്‍റെ ഭാഗം നിശബ്ദമാക്കാനും ഇസ്രായേലിന്‍റെ നുണകൾ പരത്താനും തയാറാകുന്നു മാധ്യമങ്ങൾ. ഇസ്രായേൽ നടത്തുന്ന മാധ്യമ വേട്ടയുടെ പക്ഷത്താണ് ബി.ബി.സി പോലും. ഒരാളെ ശിക്ഷിക്കുന്നതിൽ ദീക്ഷിക്കേണ്ട അനുപാതം ഇസ്രായേൽ ദീക്ഷിച്ചില്ലെന്ന് പറഞ്ഞാണ് ബിബിസി അവതാരകൻ ഇസ്രയേലിനെ കുറ്റപ്പെടുത്തിയെന്ന് വരുത്തിയത്. ഒരാളെ കൊല്ലേണ്ടിടത്ത് അഞ്ച് പേരെ കൊല്ലാമോ എന്ന് വിമർശനരൂപത്തിൽ ചോദ്യം. എന്താണ് അപ്പറഞ്ഞതിനർഥം? അഞ്ചാളെയും കൊല്ലുന്നതിനു പകരം അനസിനെ മാത്രമാണ് കൊന്നതെങ്കിൽ ശരിയായേനേ എന്നു തന്നെ. എന്നുവെച്ചാൽ, അനസ് ഭീകരനാണെന്നും അദ്ദേഹത്തെ കൊല്ലേണ്ടതാണെന്നുമുള്ള ഇസ്രായേലി വാദം ബിബിസി അംഗീകരിക്കുന്നു.
കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് അടക്കം ഈ ആരോപണം തള്ളിയതാണ്. എന്തിനേറെ, ബിബിസി വാർത്താ അവതാരകൻ തന്നെ, ജറൂസലമിലെ റിപ്പോർട്ടർ യോളൻഡ്നെല്ലിനോടു ചോദിച്ചു, ആരോപണം ശരിയോ എന്ന്. ഇസ്രായേൽ അങ്ങനെ പറയുന്നതല്ലാതെ തെളിവൊന്നും ഇല്ലെന്ന് മറുപടി. ഇതൊക്കെയായിട്ടും, ബിബിസിക്ക് അനുഭവസ്ഥർ പറയുന്നതല്ല, ഇസ്രായേൽ പറയുന്നതാണ് സത്യം. ഇസ്രായേലിനെതിരെ മാത്രമല്ല, ഇസ്രായേലിപക്ഷ മാധ്യമങ്ങൾക്കെതിരെയും ജനരോഷം ഉയരുമ്പോൾ ബിബിസിക്ക് പിടിച്ചുനിൽക്കാൻ പ്രയാസം. ഒടുവിൽ അവർ തന്നെ അൽജസീറ മാനേജിങ് എഡിറ്റർ മുഅവ്വദിനെ പരിപാടിക്ക് ക്ഷണിച്ചു. അദ്ദേഹം അനസ് ആരായിരുന്നു എന്ന് പറഞ്ഞു കൊടുത്തു.ജേണലിസത്തിനും ജേണലിസ്റ്റുകൾക്കുമെതിരെ വേട്ട നടക്കുമ്പോഴും ബിബിസി പോലുള്ള പാശ്ചാത്യ മാധ്യമങ്ങൾ സയണിസ്റ്റ് വിധേയത്വം തുടരുന്നു.