'വിശന്ന് അവശരായി എത്തുന്നവർക്ക് നേരെ വെടിവെക്കും, പെപ്പർ സ്‌പ്രേയും ടിയർ ഗ്യാസും പ്രയോഗിക്കും': ഗസ്സയിലെ ഇസ്രായേൽ ക്രൂരത വിവരിച്ച് മുൻ യുഎസ് സൈനികൻ

''ആ സമയം വെടിയേറ്റ പയ്യൻ മൺതറയിലേക്ക് വീണുകിടക്കുന്നുണ്ടായിരുന്നു. പിന്നെ അവൻ എഴുന്നേറ്റില്ല, അവന്റെ ചോര തറയിൽ കട്ടപിടിച്ചു കിടക്കുന്നുണ്ടാവണം''

Update: 2025-08-21 06:19 GMT

യു.എസ് സെനറ്റർ ബർണി സാൻഡേഴ്സിന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. സ്ക്രീനിൽ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിന്റെ മുൻ ലെഫ്റ്റനൻ കേണൽ ടോണി ആഗുലർ. അയാളുടെ മുഖഭാവം വായിച്ചെടുക്കുക അത്ര എളുപ്പമായിരുന്നില്ല.

ആ വീഡിയോ കാണാൻ ബർണി സാൻഡേഴ്സ് നൽകിയ തലകെട്ട് തന്നെ ധാരാളമായിരുന്നു. മുൻ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥൻ ഗസ്സയിൽ കണ്ടത് എന്താണെന്ന കൗതുകം, വീഡിയോ കാണാൻ ഒരുനിമിഷം പ്രേക്ഷകരെ പിടിച്ചു നിർത്തും. സങ്കടത്തോടെ, ദേഷ്യത്തോടെ, നിസ്സഹായതയോടെ അയാൾ പറഞ്ഞുതുടങ്ങി...

'എന്റെ പേര് ടോണി ആഗുലർ. അമേരിക്കൻ ആർമിയുടെ സ്പെഷ്യൽ ഫോഴ്സായ ഗ്രീൻ ബാററ്റ്സിന്റെ മുൻ ലെഫ്റ്റനൻ കേണൽ. വിരമിക്കും വരെ എന്റെ ഇരുപത്തിയഞ്ച് വർഷത്തെ സൈനിക ജീവതത്തിൽ ഇറാഖിലും അഫ്ഗാനിലും മറ്റനേകം യുദ്ധ ഭൂമികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertising
Advertising

ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിലുള്ള യു.ജി സൊലൂഷൻ എന്ന സുരക്ഷ കമ്പനിയാണ് ഒരു കരാറുമായി എന്റെ മുന്നിലെത്തുന്നത്. ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം നൽകുകയാണ് എന്റെ ജോലി. കരാർ ഒപ്പിടുന്നതുവരെ അതൊരു മഹത്തായ ജോലിയായി എനിക്ക് തോന്നി. മനുഷ്യരുടെ വിശപ്പടങ്ങുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം ഞാന്‍ മനസ്സിൽ കണ്ടു.


ഗസ്സയിലെത്തിയപ്പോൾ സേഫ് റീച്ച് സൊല്യൂഷനും യുജി സൊല്യൂഷൻസുമാണ് ഞങ്ങൾക്ക് ഉത്തരവ് നൽകിയിരുന്നത്. എവിടെ സഹായം എത്തിക്കണം. എത്ര അളവിൽ ഭക്ഷണം നൽകണം. ഒരു എയിഡ് പോയന്റിൽ എത്ര സമയം നിൽക്കണം. സഹായ വിതരണം ഏത് രീതിയിൽ ആയിരിക്കണം എന്നൊക്കെ അവരുടെ ഉത്തരവിൽ ഉണ്ടായിരുന്നു.

ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രം പൂർണ്ണമായും IDFന്റെ നിയന്ത്രണത്തിലാണ്. ആദ്യ ദിവസം തന്നെ സൈറ്റിലെ സഹായ വിതരണം ദുരിതപൂർണ്ണമായിരുന്നു. ആ കാഴ്ച എനിക്ക് " ഹംഗർ ഗെയിം " പോലെയാണ് അനുഭവപ്പെട്ടത്. ജീവൻ രക്ഷിക്കാനുള്ള മനുഷ്യരുടെ പോരാട്ടം ഞാന്‍ കണ്ടു. ആരാണ് വേഗത്തിൽ സഹായ വിതരണ കേന്ദ്രത്തിൽ എത്തുന്നത് അവർക്കാണ് ഭക്ഷണം ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളും കുട്ടികളും വികലാംഗരും എന്നും ഭക്ഷണം കിട്ടാതെ മടങ്ങേണ്ടിവന്നു.

സഹായ കേന്ദ്രത്തിൽ വിശന്ന് അവശരായി എത്തുന്ന മനുഷ്യർക്ക് നേരെ പ്രകോപനമൊന്നുമില്ലാതെ തന്നെ ഇസ്രയേൽ സേന വെടി വെയ്ക്കും പെപ്പർ സ്പ്രേയും ടിയർ ഗ്യാസും പ്രയോഗിക്കും. നിലവിളിക്കാൻ പോലും ആവതില്ലാത്ത ആ മനുഷ്യരിൽ ചിലർ ഓടും, ചിലർ നിലത്തുവീഴും. ഇത് ഒരു തവണയോ രണ്ട് തവണയോ സംഭവിക്കുന്നതല്ല. എല്ലാ ദിവസവും എല്ലാ സഹായ വിതരണ കേന്ദ്രങ്ങളിലും സംഭവിച്ചിരുന്നു.

ഈ പറഞ്ഞത് ഹമാസിന്റെ പ്രചാരണമല്ല. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയുമല്ല. ഞാന്‍ എന്റെ കണ്ണുകളാൽ കണ്ടതാണ്. സൈറ്റ് 4ൽ മെയ് 29ന് ഒരു കരാറുകാരന്‍ തനിക്ക് നൽകിയ തോക്ക് ഉപയോഗിച്ച് ജനകൂട്ടത്തിലേക്ക് വെടിവെച്ചു. വെടിയുണ്ടകൾ അവിടെയുള്ള മനുഷ്യരുടെ കാലിലും തലയ്ക്ക് മുകളിലും പതിച്ചു. ഭക്ഷണത്തിന് വരി നിൽക്കുന്ന മനുഷ്യർക്ക് നേരെ വെടിവെയ്ക്കുമ്പോഴും അയാൾ സന്തോഷത്തോടെ " വാ ഹൂ " എന്ന് വിളിച്ചു ആഘോഷിക്കുന്നുണ്ടായിരുന്നു.

എനിക്ക് അത്ഭുതം തോന്നി. ഞാന്‍ ആ രംഗങ്ങൾ വീഡീയോയിൽ പകർത്തി. ആ സമയം എന്റെ അരികിൽ നിൽക്കുന്ന മറ്റൊരു കരാറുകാരൻ അയാളോട് പറഞ്ഞു:

"എനിക്ക് തോന്നുന്നു, നിനക്ക് ഒരാളെ കിട്ടി "

വെടിവെച്ചയാൾ സന്തോഷത്തോടെ മറുപടി നൽകി:

" അതേ അതൊരു പയ്യനാണ‌് "

ആ സമയം വെടിയേറ്റ പയ്യൻ മൺതറയിലേക്ക് വീണുകിടക്കുന്നുണ്ടായിരുന്നു. പിന്നെ അവൻ എഴുനേറ്റില്ല. അവന്റെ ചോര തറയിൽ കട്ടപിടിച്ചു കിടക്കുന്നുണ്ടാവണം. ജൂൺ 2ന് റഫാഹിലെ സൈറ്റ് 1ൽ കണ്ടത് ഭക്ഷണത്തിന് വരി നിൽക്കുന്നവർക്ക് നേരെ ഒരു കരാറുകാരന്‍ സ്റ്റൺ ഗ്രനേഡ്‌ എറിയുന്നതാണ്. അതിന്റെ മെറ്റൽ ഭാഗം ഒരു ഫലസ്തീൻ സ്ത്രീയുടെ തലയിലാണ് പതിച്ചു. ഉടൻ ആ സ്ത്രീ പിടഞ്ഞുവീണു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു കഴുതവണ്ടിയിൽ അവരുടെ ബോഡി എടുത്തുമാറ്റി. ജുലൈ 16ന് സമാനമായി അക്രമത്തിൽ ഇരുപതുപേരാണ് കൊല്ലപ്പെട്ടത്.


ഫലസ്തീനികൾ - മനുഷ്യർ - അവർ അവിടെ എല്ലാ ദിവസും ചവിട്ടിയമർത്തപ്പെട്ടു. ഞാന്‍ ജോലി ചെയ്ത ഒരു സൈറ്റിലും ഫലസ്തീനികളാൽ ഞങ്ങൾ ഭീഷണി നേരിട്ടിട്ടില്ല. ഒരിക്കലും ഞാന്‍ അവരുടെ കയ്യിൽ തോക്കോ മറ്റു ആയുധങ്ങളോ കണ്ടിട്ടില്ല. സാധാരണ മനുഷ്യർ, കുട്ടികൾ, സ്ത്രീകൾ അവർക്ക് നേരെ വെടിയുതിർക്കാൻ അവർ ഫലസ്തീനികൾ എന്നതല്ലാതെ യാതൊരു കാരണവും ഉണ്ടായിരുന്നില്ല. ആകെ ഒരു തവണ മാത്രമാണ് ഞങ്ങൾ സൈറ്റിൽ തീ കണ്ടത്. അത് ഐഡിഎഫ് ഞങ്ങൾക്ക് നേരെ വെടിയുതിർത്തപ്പോൾ ആയിരുന്നു.

സഹായ വിതരണ കേന്ദ്രത്തിലെത്താൻ ഗസ്സയിലെ മനുഷ്യർ എട്ട് മുതൽ പന്ത്രണ്ട് കിലോമീറ്റർ വരെ നടക്കണം. ദിവസങ്ങളോളം പട്ടിണിയിൽ കഴിയുന്ന അവരുടെ കാലിൽ ചെരിപ്പുണ്ടായിരുന്നില്ല. ശരീരത്തിൽ നല്ല വസ്ത്രം ഉണ്ടായിരുന്നില്ല. അവരുടെ വാരിയെല്ലുകൾ തെളിഞ്ഞുകാണാം. കരാർ കാലയളവിൽ ഞാൻ ഒരേ സംഭവം രണ്ടു തവണ കണ്ടിട്ടുണ്ട്.

ഒരിക്കൽ ഒരു ഫലസ്തീൻ സ്ത്രീയും മറ്റൊരിക്കൽ ഒരു പുരുഷനും. അവർ അവരുടെ മരിച്ച കുട്ടികളെ കയ്യിൽ എടുത്ത് വരുന്നു. ആ രംഗം എന്റെ കണ്ണിലുണ്ട്. അവർ വെടിവെപ്പിലോ മറ്റു അസുഖങ്ങൾ വന്നോ മരിച്ചവരായിരുന്നില്ല. പട്ടിണിയാണ് ആ കുട്ടികളെ കൊന്നത്. വിശപ്പ് സഹിക്കാനാവാതെ മരിച്ച കുഞ്ഞുങ്ങൾ. യാതൊരു ദയയുമില്ലാതെ അവരെ പട്ടിണികിട്ട് കൊന്നു.

ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണം യാഥാർത്ഥത്തിൽ ഗാസക്കരെ പട്ടിണിയിലാക്കുന്നതാണ്. ഈ കാര്യങ്ങൾ അമേരിക്കയിലെ ജനങ്ങൾ അറിയണം. ഗാസയിൽ നടക്കുന്ന വംശഹത്യക്ക് അമേരിക്കയിലെ ജനങ്ങൾക്കും പങ്കുണ്ട്. നിങ്ങളത് അറിയണം. നമ്മുടെ നികുതി പണം വംശഹത്യക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. മെയ് 14നാണ് ഞാന്‍ കരാറിൽ ഒപ്പുവെച്ചത്. ഓഗസ്റ്റ് 21വരെ നീണ്ട കരാറായിരുന്നു. സന്തോഷത്തോടെയാണ് ഞാന്‍ ജോലിയിൽ പ്രവേശിച്ചത് പക്ഷെ ഞാന്‍ കണ്ടത് നിരപരാധികളായ ആളുകളെ ഐഡിഎഫ് കൊന്നൊടുക്കുന്നതാണ്. നിസ്സഹരായ മനുഷ്യർക്ക് മേൽ ബലം പ്രയോഗിക്കുന്നതാണ്.

ഓരോ പ്രശ്നവും നേതൃത്വം നൽകുന്നവർക്ക് ഞാന്‍ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അവയൊക്കെ അവഗണിക്കപ്പെട്ടു. തൊലിയൊട്ടി എല്ലുകൾ പുറംതള്ളി നിൽക്കുന്ന കുട്ടികൾ. മരിച്ചുകിടക്കുന്ന മക്കളെ മടയിൽ കിടത്തി വിദൂരത്തേക്ക് നോക്കുന്ന മാതാപിതാക്കൾ. തളർന്നുവീണ കന്നുകാലികൾ. ആ രംഗങ്ങൾ എന്നെ അവിടെ വേട്ടയാടി. കരാർ അവസാനിക്കുന്നതിന് മുമ്പ് ഞാന്‍ ജോലിയിൽ നിന്ന് രാജിവെച്ചു. ഒന്നും ചെയ്യാനാവാതെ തകർന്ന മനസ്സോടെ ഞാന്‍ വീട്ടിലേക്ക് മടങ്ങി.

(ഒരു മുൻ യു.എസ് സൈനികൻ ഗാസയിൽ നടക്കുന്ന ക്രൂരതയെ കുറിച്ച് തയ്യാറാക്കിയ വീഡിയോയുടെ വിവർത്തനമാണ്- പരിഭാഷ ജംഷീദ് പളളിപ്രം)

Tags:    

Writer - rishad

contributor

Editor - rishad

contributor

By - ജംഷിദ് പള്ളിപ്രം

contributor

Similar News