തനിമയുടെ നേതൃത്വത്തിലേക്ക്, മീഡിയവണിലേക്കും….
മാധ്യമം പത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരു ടെലിവിഷൻ ചാനൽ തുടങ്ങാൻ ഉദ്ദേശിക്കുന്നു. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അന്ന് കോഴിക്കോട് മാവൂർ റോഡിലുള്ള ഒരു ചെറിയ ഫ്ലാറ്റിലായിരുന്നു ചാനലിന്റെ ഓഫിസ്. അന്ന് ചാനലിന് പേര് തീരുമാനിച്ചിട്ടില്ല.
അഗാധ സൗഹൃദങ്ങളും,ക്ഷണിക സ്നേഹബന്ധങ്ങളും എന്റെ ജീവിതത്തിലൂടെ കടന്നു പോയി.. ചിലപ്പോൾ ഭാവിയിലെ വിദൂരമായ ഒരു ദശാസന്ധിയിൽ സംഭവിക്കാൻ പോകുന്ന ഒരു അനിവാര്യ സംഭവത്തിന്റെ പ്രാരംഭ൦ കുറിക്കുന്നത്, വർഷങ്ങൾക്ക് മുൻപ് നമ്മുടെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നു വന്ന ഒരു വ്യക്തി ആയിരിക്കും. അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക മുഹൂർത്തമായിരിക്കും. ഞാൻ ഇപ്പോൾ എത്തി നിൽക്കുന്ന ജീവിതത്തിന്റെ വർത്തമാനകാല അവസ്ഥയുടെ വേരുകൾ തേടിപ്പോകുമ്പോൾ, ഞാൻ തിരിച്ചറിയുന്നു, അങ്ങിനെ ചില വഴികൾ തുറന്നു തന്നിട്ട്, അല്ലെങ്കിൽ ചില ബന്ധങ്ങൾ ഉണ്ടാക്കിത്തന്നിട്ടു പിന്നീട് എന്റെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷരാവുകയോ, അപ്രസക്തരാവുകയോ ചെയ്ത ചില വ്യക്തിത്വങ്ങളെ. അങ്ങിനെ ജീവിത ഗതിയെ മാറ്റിമറിക്കുന്ന മനുഷ്യത്വത്തിന്റെ ചില പ്രതിഭാവിലാസങ്ങൾ, അവരുടെ നിയോഗം നിറവേറ്റിക്കഴിഞ്ഞാൽ പാർശ്വങ്ങളിലേക്കു ഒതുങ്ങി നിന്ന് നിശബ്ദ സാന്നിധ്യമായി തുടരുകയും ചെയ്യുന്നു. ചിലർ കാലയവനികക്കുള്ളിൽ മറയുന്നു.
അങ്ങിനെ എന്റെ ജീവിതത്തിൽ ഇഴ ചേർന്ന ശൃംഖലയിലെ ആദ്യത്തെ കണ്ണി, 1982 ൽ , തിരുവന്തപുരത്തു വെച്ച് എന്നെ ആദ്യമായി ഒരു സിനിമാധ്യാപകനാകാൻ ക്ഷണിച്ച എന്റെ സുഹൃത്ത് കെ.കെ ചന്ദ്രൻ ആയിരിക്കും. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമയിൽ ബിരുദം നേടിയ സംവിധായകൻ. മദ്രാസിൽ സിനിമയിൽ ജോലി ചെയ്യുമ്പോഴാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്. അദ്ദേഹം 5 വർഷം മുൻപ് മരണപ്പെട്ടു. അദ്ദേഹം വഴി ഞാൻ ആദ്യം പഠിപ്പിക്കാൻ തുടങ്ങിയ ആദ്യ ബാച്ചിലെ ഒരു വിദ്യാർത്ഥി ആയിരുന്നു, കൊല്ലത്തുകാരനായ എ.കെ.എ സലിം കുരുംബേലിൽ. സലിം വഴിയാണ് ഞാൻ തിരുവന്തപുരത്തുകാരൻ എം. മെഹ്ബൂബിനെ പരിചയപ്പെടുന്നത്. ഞാൻ പരിചയപ്പെട്ട വ്യക്തികളിൽ ഏറ്റവും സൗമ്യനും, മാന്യനും, നന്മയുടെ ഉറവിടവുമാണ് അദ്ദേഹം. പിന്നീട് ഞാനും സലീമും നിരവധി ടെലിവിഷൻ പരിപാടികളിൽ ഒന്നിച്ചു പ്രവർത്തിച്ചത് പോലെ, എന്റെ പല ഭാവി പ്രവർത്തനങ്ങൾക്കും മെഹ്ബൂബ് ഹേതുവായി.
കെ.കെ ചന്ദ്രൻ, എം.മെഹ്ബൂബ്
ജമാഅത്തെ ഇസ്‍ലാമിയുടെ തിരുവന്തപുരത്തെ പ്രധാന പ്രവർത്തകനായ മെഹ്ബൂബ് എന്നെ പല സാംസ്കാരിക പരിപാടികളിലും ക്ഷണിക്കാൻ തുടങ്ങി. അദ്ദേഹത്തിലൂടെ പല സംസ്ഥാന നേതാക്കളെയും പരിചയപ്പെടാൻ കഴിഞ്ഞു. അമൃത ടീവിക്ക് വേണ്ടി, “ റമദാൻ രാവുകൾ” എന്ന ഡോക്യുമെന്ററി സീരീസ് ചെയ്തപ്പോൾ, അന്ന് തിരുവന്തപുരത്ത് ഇഫ്താറിൽ പങ്കെടുക്കാൻ എത്തിയിരുന്ന സംസ്ഥാന അമീർ ആരിഫ് അലി സാഹിബിനെയും, കോഴിക്കോട് ചിത്രീകരിക്കാനുള്ള സഹായങ്ങൾ ചെയ്യാനും ഇന്റർവ്യൂ ചെയ്യാനും കോഴിക്കോടുള്ള ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിനെയും റഹ്മാൻ മുന്നൂരിനെയും പരിചയപ്പെടുത്തിയത് മെഹ്ബൂബ് ആയിരുന്നു. ആ കൂടിക്കാഴ്ചകൾ ജമാഅത്തുമായി കൂടുതൽ അടുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു.
എ.കെ.എ സലിം കുരുംബേലിൽ, റഹ്മാൻ മുന്നൂര്
ധർമധാരയും ഡയലോഗ് സെന്ററും ചേർന്ന് പാലക്കാടു വെച്ച് നടത്തുന്ന, “വഴിവിളക്ക്” എന്ന മത സൗഹാർദ സംവാദ പരിപാടി സംവിധാനം ചെയ്യാൻ ക്ഷണിച്ചു കൊണ്ട് പി.ടി.റഹ്മാൻ മുന്നൂരിന്റെ വിളി വന്നു. മൾട്ടി ക്യാമറാ ഷൂട്ടിലൂടെ ചിത്രീകരിക്കുന്ന ഈ പരിപാടിയുടെ ചിത്രീകരണത്തിനായി ഞാൻ പാലക്കാടു എത്തിയപ്പോഴാണ് പി.ടി യെ വീണ്ടും കാണുന്നത്. വളരെ എളിമയോടെയാണ് അദ്ദേഹം എല്ലാവരോടും ഇടപഴകുന്നത്. പ്രതിഭാധനനായ ഒരു കവിയാണ് അദ്ദേഹം എന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
കോഴിക്കോട് നിന്ന് രണ്ടാമത്തെ വിളി ജമീൽ അഹ്മദിന്റെതായിരുന്നു. കോഴിക്കോട് വെച്ച് നടത്തുന്ന ഇമാം ഗസാലിയെപറ്റിയുള്ള ഒരു സിനിമയുടെ പ്രദർശനം ഉത്ഘാടനം ചെയ്യാനും, ആ സിനിമയേക്കുറിച്ചു സംസാരിക്കാനു൦ ക്ഷണിച്ചു കൊണ്ടായിരുന്നു ജമീലിന്റെ വിളി. ഞാൻ ആ ക്ഷണം സ്വീകരിച്ചു, കോഴിക്കോട് എത്തി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. സലിം കുരിക്കളകത്തു ഉൾപ്പടെ കുറെ ജമാഅത്ത് പ്രവർത്തകരെ അവിടെ വെച്ച് പരിചയപ്പെട്ടു.
ഈ ക്ഷണങ്ങൾ എല്ലാം ഉണ്ടായത് മെഹ്ബൂബിലൂടെ ആയിരുന്നു. തനിമ കലാ സാഹിത്യവേദി എന്ന സംഘടനയെക്കുറിച്ചു അറിഞ്ഞതും മെഹബൂബ് വഴി തന്നെ ആയിരുന്നു. കോഴിക്കോട് വെച്ച് നടക്കുന്ന തനിമയുടെ ആദ്യത്തെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ, മെഹ്ബൂബിൻ്റെ നേതൃത്വത്തിൽ ഞാനുൾപ്പടെ ഒരു സംഘം കോഴിക്കോടേക്ക് യാത്രയായി. കലയെയും സാഹിത്യത്തെയും മനുഷ്യ നന്മയ്ക്കു വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് തനിമ. എങ്കിലും അതിൻ്റെ പ്രവർത്തനങ്ങൾ കോഴിക്കോട്ട് മാത്രമായി പരിമിതപ്പെട്ടു നിൽക്കുകയായിരുന്നു. അന്ന് തനിമയുടെ അധ്യക്ഷൻ, ഡയറക്ടർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
2011 മാർച്ച് ആറാം തിയതി, കോഴിക്കോട് ടൌൺ ഹാൾ തിങ്ങിനിറഞ്ഞ സമ്മേളനത്തിൽ വെച്ചാണ്, തനിമ അതിന്റെ ചിറകുകൾ വിരിച്ച്, സംസ്ഥാനത്തിന്റെ വിശാല വിഹായസ്സിലേക്കു പറന്നുയർന്നത്. സമ്മേളനം തുടങ്ങുന്നതിനു മുൻപ് തന്നെ, എന്നെ തനിമയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആക്കാൻ ഉദ്ദേശിക്കുന്നതായി മെഹ്ബൂബ് എന്നെ അറിയിച്ചു. പിന്നീട് ടി.കെ.ഹുസൈൻ സാഹിബ് ഔദ്യോഗികമായി എന്നോട് സമ്മതം ചോദിച്ചു. ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. പിന്നീട് സ്റ്റേജിൽ വെച്ച് വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി അമീർ ആരിഫ് അലി സാഹിബ് എന്നെ തനിമയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ് ആയി പ്രഖ്യാപിച്ചു. ഫൈസൽ കൊച്ചി എന്നറിയപ്പെടുന്ന കെ.എ.ഫൈസൽ ആയിരുന്നു തനിമയുടെ ആദ്യത്തെ സംസ്ഥാന ജനറൽ സെക്രട്ടറി. അന്ന് ആരിഫ് അലി സാഹിബ് തമാശയായി പറഞ്ഞു:-
“എന്റെ സെക്രട്ടറിയെ നിങ്ങൾ തട്ടിയെടുത്തല്ലോ”. അതുവരെ ആരിഫ് അലി സാഹിബിന്റെ പേർസണൽ സെക്രട്ടറി ആയിരുന്നു ഫൈസൽ. വിപുലമായ സംസ്ഥാന കമ്മിറ്റിയും രൂപീകരിക്കപ്പെട്ടു. ആദ്യ കമ്മിറ്റി യോഗത്തിനു ശേഷം ഞാൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. ഈ ബന്ധങ്ങൾ ഒക്കെ എന്റെ ജീവിതത്തെ വളരെ ആഴത്തിൽ സ്വാധീനിച്ചു.
ഞാൻ പരിചയപ്പെട്ട ജമാഅത്ത് പ്രവർത്തകരിൽ പലരും നല്ല എഴുത്തുകാരോ പ്രഗത്ഭരായ പ്രഭാഷകരോ കഴിവുറ്റ സംഘടകരോ ഒക്കെ ആയിരുന്നു. എല്ലാവരും തന്നെ കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമകളായിരുന്നു. ഇത്ര നല്ല മനുഷ്യരുമായുള്ള സഹവാസവും സഹകരണവും, അവരിലൂടെ ഞാൻ ആർജിച്ച അനുഭവ വൈവിധ്യവും എന്റെ ജീവിതത്തെ ധന്യമാക്കി. ‘സൗന്ദര്യമുള്ള ജീവിതത്തിനു’ സർഗാവിഷ്കാരങ്ങളെ ഉപയോഗിക്കുക എന്നതായിരുന്നു തനിമയുടെ പ്രഖ്യാപിത ലക്ഷ്യം. തനിമയുടെ പ്രവർത്തന കേന്ദ്രം കോഴിക്കോടും എന്റെ വാസം തിരുവനന്തപുരത്തും ആയത് ചില പ്രായോഗിക അസൗകര്യങ്ങൾ സൃഷ്ടിക്കുമെന്ന് എനിക്ക് ആശങ്ക ഉണ്ടായിരുന്നു. അതിനു പരിഹാരം കണ്ടതും മെഹബൂബ് തന്നെ.
അധികം താമസിയാതെ മെഹബൂബ് മറ്റൊരു സന്തോഷ വാർത്തയുമായി എന്നെ സമീപിച്ചു. മാധ്യമം പത്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഒരു ടെലിവിഷൻ ചാനൽ തുടങ്ങാൻ ഉദ്ദേശിക്കുന്നു. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആ ചാനലിന്റെ ചീഫ് പ്രൊഡ്യൂസർ ചുമതല എന്നെ ഏൽപ്പിക്കാൻ അതിൻ്റെ നേതൃത്വം ആഗ്രഹിക്കുന്നതായി അദ്ദേഹം എന്നെ അറിയിച്ചു. എന്റെ പേര് നിർദേശിച്ചതും മെഹ്ബൂബ് തന്നെ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു. അന്ന് കോഴിക്കോട് മാവൂർ റോഡിലുള്ള ഒരു ചെറിയ ഫ്ലാറ്റിലായിരുന്നു ചാനലിന്റെ ഓഫിസ്. അന്ന് ചാനലിന് പേര് തീരുമാനിച്ചിട്ടില്ല.
എഴുത്തുകാരൻ ബാബു ഭരദ്വാജ്, സീനിയർ മാധ്യമപ്രവർത്തകൻ രാജഗോപാൽ, സി.ഇ.ഒ. അബ്ദുൽ സലാം അഹമ്മദ് , ഡെപ്യൂട്ടി സി.ഇ.ഒ. സാജിദ് തുടങ്ങി വിരൽ എണ്ണാവുന്നവർ മാത്രമേ അന്ന് അവിടെ സ്റ്റാഫ് ആയി ഉണ്ടായിരുന്നുള്ളു. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ മുഹമ്മദ് ഷമീം, വൈ.ഇർഷാദ് എന്നിവർ ആയിരുന്നു അന്ന് അവിടെ പ്രൊഡ്യൂസർ തസ്തികയിൽ നിയമിതരായിരുന്നവർ. എന്റെ ആദ്യത്തെ ദൗത്യം അവർക്കു രണ്ടു പേർക്കും ടെലിവിഷൻ പ്രൊഡക്ഷനെ കുറിച്ച് ക്ലാസ് എടുക്കുക എന്നതായിരുന്നു.
താമസിയാതെ മർകസിന് അടുത്തുള്ള ഗലേറിയ ട്രേഡ് സെന്റർ എന്ന കെട്ടിടത്തിന്റെ മുകൾ നിലയിലുള്ള വിശാലമായ ഫ്ലോറിലേക്കു ചാനലിന്റെ ഓഫിസ് മാറ്റി. അപ്പോഴേക്കും കൂടുതൽ സ്റ്റാഫുകളും നിയമിക്കപ്പെട്ടു. ആദ്യത്തെ കുറെ ദിവസങ്ങൾ വിശദമായ ചർച്ചകളാൽ സജീവമായിരുന്നു. ചാനലിന്റെ പേര് മുതൽ, പരിപാടികളുടെ വിശദമായ രൂപരേഖ, തുടങ്ങി സങ്കീർണ്ണമായ സാങ്കേതിക വശങ്ങളും ചർച്ചയ്ക്കു വിധേയമായി.
മാധ്യമം പത്രത്തിന്റെ സഹോദര സ്ഥാപനമായ ചാനലിന് ഏറ്റവും അനുയോജ്യമായ പേരാണ് അവസാനം തീരുമാനിക്കപ്പെട്ടു -‘മീഡിയവൺ’. ലോഗോയുടെ വർണ്ണവിന്യാസവും ഫോണ്ടിന്റെ ഡിസൈനും എല്ലാം വിശദമായ ചർച്ചകൾക്ക് ശേഷം അംഗീകരിക്കപ്പെട്ടു. പിന്നെ പ്രോഗ്രാമുകളെക്കുറിച്ചുള്ള ചർച്ചയായി. വാർത്തകളും, പ്രോഗ്രാമുകളും തമ്മിലുള്ള അനുപാതം, സമയക്രമം, പ്രോഗ്രാം കൺസെപ്റ്റുകൾ, അവയുടെ ശീർഷകങ്ങൾ എല്ലാം ചർച്ചയ്ക്കു വിഷയമായി. അതിനിടയിൽ പല പുതിയ സ്റ്റാഫുകളും വരുകയും പോവുകയും ചെയ്തു. PRD യിൽ നിന്ന് വന്ന സുനിൽ ഹസ്സൻ, കൈരളി ടീവിയിൽ നിന്ന് വന്ന വെങ്കിട്ടരാമൻ,സിനിമാ ഗാന രചയിതാവ് ഷിബു ചക്രവർത്തി തുടങ്ങി പലരും ചാനലിന്റെ ഭ്രൂണാവസ്ഥയിൽ വരികയും പല സമയങ്ങളിലായി പോവുകയും ചെയ്ത വ്യക്തികളാണ്.
ഒരു പക്ഷെ ചാനലിന്റെ ആശയാദർശങ്ങളുടെ അടിത്തറയിൽ ഉറച്ചു നിൽക്കാൻ കഴിവുള്ളവരെന്നു അവർക്കു സ്വയം തീരുമാനിക്കാനും അവരെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന് ചാനലിന് ബോധ്യപ്പെടാനുമുള്ള ഒരു പരീക്ഷണ ഘട്ടം ആയിരുന്നു അത് എന്ന് പറയാം. എന്റെ ഉത്തരവാദിത്വങ്ങളിൽ ഒന്ന്, അന്ന് ഫറോക്കിൽ പ്രവർത്തിച്ചിരുന്ന മീഡിയവൺ അക്കാദമിയിൽ ക്ലാസ്സ് എടുക്കുക എന്നതായിരുന്നു. ടെലിവിഷൻ പ്രൊഡക്ഷനെന്ന വിഷയത്തിൽ ആഴ്ചയിൽ ഒരു ക്ലാസ് വീതം ഞാൻ എടുത്തിരുന്നു. അന്ന് ഞാൻ പഠിപ്പിച്ച പലരും പിന്നീട് മീഡിയവൺ ചാനലിന്റെ പ്രഗത്ഭരായ വാർത്താവതാരകരും റിപോർട്ടർമാരുമായി മാറി എന്നത് അഭിമാനകരമായ കാര്യമാണ്. ഇതിനിടയ്ക് എന്നെ ചാനലിന്റെ ‘Creative Head - Programs’ ആയി പ്രൊമോട്ട് ചെയ്യുകയും ചെയ്തു.
ഞാൻ ചാനലിന് വേണ്ടി ചെയ്ത ജോലികളിൽ കൂടുതലും അതിന്റെ ഉത്ഘാടനത്തിനു മുൻപായിരുന്നു. പല പ്രഗത്ഭ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖം ആയിരുന്നു അതിൽ പ്രധാനപ്പെട്ടത്. ഗോള ശാസ്ത്രജ്ഞനായ അലി മണിക്ഫാൻ, മാപ്പിളപ്പാട്ടു ഗായകരായ എരഞ്ഞോളി മൂസ, കെ.ജി.സത്താർ, ഇറാനിയൻ സംവിധായകൻ മൊഹ്സിൻ മഖ്ബൽബഫ്, മലയാള സിനിമ നടൻ മധു തുടങ്ങിയവരുമായുള്ള അഭിമുഖങ്ങൾ ഞാനോർക്കുന്നു.
മീഡിയവൺ ചാനലിന് വേണ്ടി ഞാൻ ചെയ്ത ഏറ്റവും വലിയ പ്രൊജക്റ്റ് ഹിന്ദി സീരിയൽ ‘ടിപ്പു സുൽത്താൻ’ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു എന്നതാണ്. അക്കാലത്തു മീഡിയാവണിന്റെ പരിപാടികളിൽ വളരെ ജനപ്രിയമായ ഒരു പരിപാടി ആയിരുന്നു അത്. കൂടാതെ സീരിയൽ നിർമ്മാണത്തിലും ചാനൽ ചില പരീക്ഷണങ്ങൾ നടത്തി. ‘ഇന്ദുലേഖ, സ്പർശം എന്നീ സീരിയലുകൾ ആയിരുന്നു അവ. മറ്റു പല സീരിയൽ നിർമ്മാതാക്കളുമായും ചർച്ചകൾ നടത്തിയെങ്കിലും, പലപ്പോഴും ചാനലിന്റെ നയനിലപാടുകളുമായി യോജിച്ചുപോകുമ്പോൾ, പല നിർമ്മാതാക്കൾക്കും, സംവിധായകർക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നു എന്ന കാരണത്താൽ ആ ചർച്ചകളൊന്നു൦ ഫലപ്രാപ്തിയിൽ എത്തിയില്ല. താമസിയാതെ, മീഡിയവൺ പ്രധാനമായും ഒരു ന്യൂസ് ചാനൽ ആയി നിലനിർത്താൻ തീരുമാനിച്ചതോടെ, പ്രോഗ്രാം ഹെഡ് ആയ ഞാൻ അവിടെ നിന്ന് പടിയിറങ്ങി.
പിന്നീട് സമൂലമായ അഴിച്ചുപണിയാണ് ചാനലിൽ നടന്നത്. ചാനലിന്റെ സ്ഥാപന കാലത്തുണ്ടായിരുന്ന എല്ലാവരും മാറുകയും, ഒരു പുതിയ ടീം ഉത്തരവാദിത്വം ഏൽക്കുകയും ചെയ്തു.നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടും, ഇന്ന് മീഡിയവൺ, ന്യൂസ് ചാനലുകളിൽ എല്ലാവരും ശ്രദ്ധിക്കുന്ന വേറിട്ട ശബ്ദമായി, മാറിയിരിക്കുന്നു. ഇന്നത്തെ ചാനൽ സാരഥികൾ വളരെ സമർത്ഥമായി ചാനലിനെ നയിക്കുന്നു എന്നതിൽ സന്തോഷമുണ്ട്.