അപ്രത്യക്ഷമാകുന്ന മുസ്‍ലിം വോട്ടുകൾ

‘2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 'നാഷണൽ ഹെറാൾഡ്' പത്രം അതിന്റെ വെബ്സൈറ്റിൽ ഞെട്ടിക്കുന്ന ഒരു തലവാചകം നൽകി: "2019 ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ നിന്ന് പേര് കാണാതായ 12.7 കോടി പേരിൽ 3 കോടി മുസ്ലിംകളും 4 കോടി ദളിതരും. ആ ലേഖനം മുസ്‍ലിംകൾക്കും ദലിതർക്കും എതിരായ വ്യവസ്ഥാപിതമായ പക്ഷപാതിത്വത്തിന്റെ കഥ പറയുന്നുണ്ടായിരുന്നു. ആകെ ജനസംഖ്യയുടെ 14 ശതമാനത്തിന് മുകളിൽ മാത്രമാണ് മുസ്‍ലിം ജനസംഖ്യ എങ്കിലും വോട്ടർ പട്ടികയിൽ നിന്ന് കാണാതായ മുസ്‍ലിം പേരുകൾ 25% ആയിരുന്നു. മറ്റൊരർത്ഥത്തിൽ, ഒരു മുസ്‍ലിം കുടുംബത്തിൽ നാല് വോട്ടർമാരുണ്ട് എങ്കിൽ ഒരാളുടെ പേര് നിശ്ചയമായും പട്ടികയിൽ നിന്ന് കാണാതായിട്ടുണ്ടാവും’ - പ്രമുഖ പത്രപ്രവർത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ സിയാഉസ്സലാം രചിച്ച ‘Being, Muslim in Hindu India- A Critical View’ എന്ന പുസ്തകത്തിൽ നിന്ന്

Update: 2025-08-11 12:15 GMT

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 'നാഷണൽ ഹെറാൾഡ്' പത്രം അതിന്റെ വെബ്സൈറ്റിൽ ഞെട്ടിക്കുന്ന ഒരു തലവാചകം നൽകി: "2019 ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ നിന്ന് പേര് കാണാതായ 12.7 കോടി പേരിൽ 3 കോടി മുസ്ലിംകളും 4 കോടി ദളിതരും.ഒറ്റനോട്ടത്തിൽ, താല്‌പര്യമില്ലായ്‌മയുടെ ചിത്രമാണ് മനസ്സിലേക്കു വന്നത്. ഏതാനും ചില വ്യക്തികളുടെയോ അല്ലെങ്കിൽ ഒരു സംഘടനയുടെയോ വിശദാംശങ്ങൾ തിരയുന്ന അശ്രദ്ധയ്ക്ക് പൊതുസമൂഹം വില നൽകുന്നു എന്നു മാത്രം. അത് അങ്ങനെ തന്നെ ആകാനാണ് സാദ്ധ്യത എങ്കിലും കുറേക്കൂടി ആഴത്തിലുള്ള പ്രശ്‌നമായിരുന്നു അത്. വളരെ ചുരുങ്ങിയ വാക്കുകളിൽ, ആ ലേഖനം മുസ്‍ലിംകൾക്കും ദലിതർക്കും എതിരായ വ്യവസ്ഥാപിതമായ പക്ഷപാതിത്വത്തിന്റെ കഥ പറയുന്നുണ്ടായിരുന്നു. ആകെ ജനസംഖ്യയുടെ 14 ശതമാനത്തിന് മുകളിൽ മാത്രമാണ് മുസ്‍ലിം ജനസംഖ്യ എങ്കിലും വോട്ടർ പട്ടികയിൽ നിന്ന് കാണാതായ മുസ്‍ലിം പേരുകൾ 25% ആയിരുന്നു. മറ്റൊരർത്ഥത്തിൽ, ഒരു മുസ്‍ലിം കുടുംബത്തിൽ നാല് വോട്ടർമാരുണ്ട് എങ്കിൽ ഒരാളുടെ പേര് നിശ്ചയമായും പട്ടികയിൽ നിന്ന് കാണാതായിട്ടുണ്ടാവും.

Advertising
Advertising

മിസ്സിംഗ് വോട്ടേഴ്സ് എന്ന ആപ് വികസിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള സോഫ്റ്റ്​വെയർ പ്രൊഫഷണൽ ഖാലിദ് സഫിയുള്ളയുടെ ഒരു പഠനം, മേല്പറഞ്ഞ റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്. 2019 ഏപ്രിൽ -മെയ് മാസം നടന്ന പാർല മെന്റ് തെരഞ്ഞെടുപ്പിന് രണ്ടു മാസം മുൻപ്, ഫെബ്രുവരി അവസാനം വരെ 25% മുസ്ലീങ്ങളും 20% ദളിതരും ഉൾക്കൊള്ളുന്ന രാജ്യത്തെ ആകെ വോട്ടർമാരിൽ 15% വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി സഫിയുള്ള വെളിപ്പെടുത്തി.

 

റിപ്പോർട്ട് പുറത്തുവന്ന ഉടൻ തന്നെ, ഇന്ത്യയിലുള്ള നിരവധി മുസ്‍ലിം ദേവാലയങ്ങൾ, വിശ്വാസികളോട് അവരുടെ പേരുകൾ വോട്ടർ പട്ടികയിലുണ്ടോ എന്നു പരി ശോധിക്കാൻ ആവശ്യപ്പെട്ടു. ആളുകൾക്കിടയിൽ ഭയവും പരിഭ്രാന്തിയും പടർന്നു. 30 വർഷമായി വോട്ടു ചെയ്യുന്നവരാണെങ്കിലും ഒരല്പം കൂടുതൽ താല്പര്യം എടുത്ത് വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുണ്ട് എന്ന് ഉറപ്പാക്കണം എന്ന് വിശ്വാസികളോടുള്ള അഭ്യർത്ഥനയോടുകൂടിയാണ് വെള്ളിയാഴ്ച പ്രാർത്ഥനകൾ പലപ്പോഴും അവസാനിച്ചിരുന്നത്. പേരുകൾ കാണാതാകുന്നതിനു പിന്നിൽ മുസ്‍ലിംകളെയും ദളിതരെയും വോട്ടവകാശം ഇല്ലാത്തവരാക്കി മാറ്റുവാനുളള ഗൂഢാലോചന നിലനിൽക്കുന്നതായി അവർ കണ്ടു. വാസ്തവത്തിൽ, ഹിന്ദുത്വ രാഷ്ട്രീയം എന്നതിന്റെ അർത്ഥം തന്നെ അതായിരുന്നു. ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ നിന്നുള്ള മുസ്ലീങ്ങളുടെ അരികുവൽക്കരണവും കഴിയുമെങ്കിൽ തുടച്ചു നീക്കലുമാണ് അവർ ലക്ഷ്യമിടുന്നത്. യഥാർത്ഥത്തിൽ, റംസാൻ കാലത്ത് ചില മണ്ഡലങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഉയരുന്ന താപനില കണക്കിലെടുത്തും രാഷ്ട്രത്തോട്, ഉത്തരവാദിത്വം എന്ന നിലയ്ക്കും, രാവിലെ തന്നെ പോയി വോട്ട് രേഖപ്പെടുത്തണമെന്ന് നോമ്പ് അനുഷ്ഠിക്കുന്നവിശ്വാസികളോട് ആത്മീയ നേതാക്കൾ ആവശ്യപ്പെട്ടു.

യാതൊരു കാരണവശാലും വോട്ട് ചെയ്യാതിരിക്കരുത് എന്നാണ് ആവശ്യപ്പെട്ടത്. ആ സമുദായം അത്രമാത്രം നിരാശരും നിസ്സഹായരും ആയിരുന്നു; ഇന്ത്യൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്താൻ തങ്ങളുടെ സാദ്ധ്യതയുടെ പരിമിതിക്കകത്തു നിന്നുകൊണ്ടുള്ള എല്ലാ വഴികളും തിരയു കയായിരുന്നു. “തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമാണ്,' ന്യൂ ഡൽഹിയിലെ ജംഇയത് ഉലമായെ ഹിന്ദ് പള്ളിയിൽ വച്ച് അവരെ ഓർമ്മപ്പെടുത്തി. "രാഷ്ട്ര നിർമ്മാണം മുസ്ലീമിന്റെ കടമയാണ്' എന്ന് ഇമാമുമാർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. അത്തരം ഒരു ഉദ്ബോധനം സാധാരണ കാലങ്ങളിൽ, ഒരു നല്ല മുസൽമാനും നല്ല ഇന്ത്യക്കാരനും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ലാത്ത, മുസ്ലീം സ്വത്വത്തിന്റെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും സംയോജനത്തിന്റെ മനോഹരമായ അവതരണം ആകുമായിരുന്നു. എന്നാൽ നമ്മൾ ജീവിക്കുന്നത് സാധാരണ കാലത്തല്ലല്ലോ.

ഈ ആശങ്കകൾ, ഒരു ന്യൂനപക്ഷത്തിന്റെ ഭാവനയിൽ ഉരുത്തിരിയുന്ന ഭയത്തിൽ നിന്നും ഉടലെടുക്കുന്നതൊന്നുമല്ല. അത് ഉയർന്നു വന്നത്, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടൂപ്പിന്റെ അനുഭവത്തിൽ നിന്നാണ്. രാഷ്ട്രീയമായി ആവശ്യമില്ലാത്ത ഒരു വിഭാഗമായി മാറാനുള്ള സാദ്ധ്യത തെളിഞ്ഞു വരികയാണ്. ഈ സംസ്ഥാനങ്ങളിലെല്ലാം വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമായ പേരുകളിൽ മുസ്‍ലിംകളായിരുന്നു ഏറ്റവും വലിയ വിഭാഗം. വാസ്തവത്തിൽ, 2018 ലെ തെരഞ്ഞെടുപ്പിനു മുൻപ്, വിശേഷിച്ചും കർണാടകത്തിൽ, സ്ഥിതി മോശമായിരുന്നു. ദൽഹി ആസ്ഥാനമായ സെന്റർ ഫോർ റിസർച്ച് ആന്റ് ഡിബേറ്റ്സ് ഇൻ ഡെവലപ്മെന്റ് പോളിസി (CRDDP) എന്ന സ്ഥാപനം കണ്ടെത്തിയത്, ഏകദേശം 18 കോടി ആളുകളുടെ പേരുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നാണ്. CRDDPയുടെ സ്ഥാപകനായ അബുസലെ ഷെറീഫ് ഈ ഗ്രന്ഥകാരനുമായുള്ള അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു:

‘വോട്ടർ പട്ടികയിൽ നിന്നും പൊതുവെ ഇന്ത്യക്കാർ വലിയ തോതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ മുസ്‍ലിംകൾ വളരെ കൂടുതലാണ്. അത് നമ്മുടെ ജ ധിപത്യത്തെ വെറും തമാശയാക്കുന്ന അപകടത്തിലേക്ക് വളരുന്നുണ്ട്. വോട്ടർ പട്ടികകളിൽ നിന്ന് ഏകദേശം 15 മുതൽ 18 കോടി വരെ ഇന്ത്യക്കാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. അത് ഒരു രാഷ്ട്രത്തെ ആകെയോ അല്ലെങ്കിൽ ഒരു നൂറു ചെറിയ രാഷ്ട്രങ്ങളെയോ ഒഴിവാക്കുന്നതു പോലെയാണ്. ഇതു തന്നെ ഇന്ത്യയ്ക്ക് അപമാനമാണ്. മുസ്‍ലിംകളെ സംബന്ധിച്ച്, ഞാൻ പറയുക, ഒരു സംസ്ഥാനത്തിലെ 50% വീടുകളിൽ ഏറ്റവും ചുരുങ്ങിയത്, വോട്ടു ചെയ്യാൻ അർഹതയുള്ള ഒരാൾക്കെങ്കിലും വോട്ട് ഇല്ല എന്നാണ്. കർണാടകയിൽ നിന്നാണ് നമ്മൾ തുടങ്ങിയത് എങ്കിലും ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത് തീർച്ചയായും ആശങ്കയുളവാക്കുന്ന കാര്യമാണ്.

ഷെറീഫിന്റെ ആകുലതകൾ ആരും ശ്രദ്ധിച്ചില്ല. 2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും നിരവധി മുസ്ലീങ്ങൾ വോട്ടർ പട്ടികയിൽ നിന്നും അവരുടെ പേരുകൾ അപത്യക്ഷമായതായി കണ്ടു. ചിലരാകട്ടെ, അവർ മരണമടഞ്ഞതായി പ്രഖ്യാപിച്ചതു കണ്ട് ഞെട്ടി! Outlook മാസിക പറഞ്ഞ തുപോലെ, “9000 ലേറെ ആളുകൾ മരണമടഞ്ഞുവെന്ന് പ്രഖ്യാപിക്കപ്പെട്ടതായോ അവർ ജീവനോടെ വീട്ടിൽ കഴിയുമ്പോൾ ശിവാജി നഗർ മണ്ഡലത്തിൽനിന്ന് മാറിപ്പോയതായോ കണ്ടത്തുകയുണ്ടായി. പ്രസ്തുത മണ്ഡലത്തിലെ വോട്ടർ പട്ടി കയിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോ മരിച്ചതായി രേഖപ്പെടുത്തപ്പെടുകയോ ചെയ്ത നൂറു കണക്കിന് വോട്ടർമാരിൽ ഒരാളാണ് ജാവീദ്. അയാൾ 2018 ൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. അവരെന്തിനാണ് നമ്മുടെ പേര് നീക്കം ചെയ്യുന്നത്?' ആ വീട്ടിലെ ഏറ്റവും മുതിർന്ന സ്ത്രീ ജാവീദിനോട് ചോ ദിച്ചു. “യെ സബ് ഗവൺമെന്റ് കാ കാം ഹെ (ഇത് മുഴുവനും ഗവൺമെന്റിന്റെ പണിയാണ്), അവൻ മറുപടി പറഞ്ഞു. ഇത് പ്രധാനമായും മുസ്ലീം സമുദായത്തിനാണ് സംഭവിക്കുന്നത്. "ഞാൻ ഇവിടെയാണ് ജീവിക്കുന്നതെന്നും ജോലി ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാം. ഞങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തിൽ നിന്നുള്ളവരാണ് എന്നതുകൊണ്ട് എന്തിനാണ് ഞങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുന്നത്?' ജാവീദ് കൂട്ടിച്ചേർത്തു.

തീർച്ചയായും ഇത് ഗൗരവതരമായ ഒരു ആശങ്കയാണ്. കുറച്ചുകാലമായി വോട്ടർ പട്ടികകളിൽ നിന്നും മുസ്ലീം പേരുകൾ അപ്രത്യക്ഷമാകുന്നുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള കഴിവുകെട്ട ഒരു ഗുമസ്തനോ താഴെ തട്ടിലെ സ്റ്റാഫോ നടത്തിയ ഒരു ‘ഒറ്റത്തവണ’ പിശകല്ല. 2018 ലും കാര്യങ്ങൾ ഇങ്ങനെയൊക്കെതന്നെ ആയിരുന്നു. 2014 ലും അതെ. എണ്ണത്തിൽ കുറവായിരുന്നെങ്കിലും 2009 ലും ഇത്തരം പരാതികൾ ഉണ്ടായിരുന്നു. 90 കളുടെ മധ്യത്തിൽ, ഈ ഗ്രന്ഥകാരന്റെ അമ്മ, 60 ൽ താഴെ മാത്രം പ്രായമുള്ള പ്പോൾ, അവരുടെ വോട്ടർ തിരിച്ചറിയൽ കാർഡ് പ്രകാരം 127 വയസ്സുള്ളയാളായിരുന്നു. ജനന തീയതിയുടെയും താമസ സ്ഥലത്തിന്റെയും തെളിവായി, പാസ്പോർട്ട് ഹാജരാക്കിയതിനു ശേഷം മാത്രമായിരുന്നു അവർക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞത്. പക്ഷെ അക്കാലം അത്ര പ്രശ്നഭരിതമായിരുന്നില്ല. എന്നാൽ പുതിയ ഇന്ത്യയിൽ കാര്യങ്ങൾ വ്യത്യസ്ത മാണ്. തികച്ചും വ്യത്യസ്തം.

 

സിയാ ഉസ് സലാം

Missing Voters എന്ന ആപ് നിർമ്മിച്ച സഫിയുള്ള ഇതേ പോലെ തന്നെയാണ് സംസാരിച്ചത്. നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്തതുപോലെ, "2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ വലിയ തോതിലുള്ള വ്യത്യാസം എന്റെ ശ്രദ്ധയിൽ പെട്ടു, സഫിയുള്ള ഓർത്തെടുത്തു “2017 ലെ തെരഞ്ഞെടുപ്പ് കാലത്ത്, ഗുജറാത്തിലെ ചുരുങ്ങിയത് 16 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ലക്ഷക്ക ണക്കിന് മുസ്ലീങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്ത സംഭവം, ഗുജറാത്തിനെക്കുറിച്ചു പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഈ സീറ്റുകളിൽ നിന്ന്, ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത് 3000 ൽ താഴെ വോട്ടുകൾക്കാണ്.” അയാൾ കൂട്ടിച്ചേർത്തു. സഫിയുളളയുടെ കണ്ടെത്തലുകൾ, ബിജെപി നേതാക്കൾ പലപ്പോഴും ആവർത്തിക്കുന്ന അവകാശവാദത്തിന് വിശ്വാസ്യത പകരുന്നതായിരുന്നു.

മുസ്ലീം സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നൽകുന്നതിൽ പാർട്ടിക്കുള്ള വിമുഖതയെക്കുറിച്ചു ചോദിക്കുമ്പോൾ അവർ സ്ഥാനാർത്ഥിയുടെ വിജയസാദ്ധ്യതയെക്കുറിച്ചു പറയും. അതായത്, പാർട്ടിക്ക് മുസ്ലീം വോട്ട് ലഭിക്കില്ല എന്നും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് മുസ്ലീം സ്ഥാനാർത്ഥിക്ക് ലഭിക്കില്ല എന്നും അർത്ഥം. പറയാതെ പോയ കാര്യം, കുറേയേറെ മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് “ഞാൻ വോട്ടർ പട്ടിക വിശകലനം ചെയ്തപ്പോൾ കണ്ട ഒരു കാര്യം, ഉദാഹരണത്തിന്, ഗോധ്രയിലെ 1800 ൽ കൂടു തൽ വീടുകളിൽ, ഒരു വീട്ടിൽ നിന്ന് ഒരു വോട്ടറുടെ പേരു മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ്. അത് സാദ്ധ്യമാണോ? ബാക്കിയുള്ള വോട്ടർമാർ എവിടെ പോയി? സഫിയുള്ള ചോദിച്ചു. ഈ പ്രശ്നം പല സംസ്ഥാനങ്ങളിലും നിലനിന്നിരുന്നു. എല്ലായിടത്തും വോട്ടർ പട്ടികയിൽനിന്ന് മുസ്ലീങ്ങളുടെ പേരുകൾ കാണാതായിരുന്നു - തമിഴ്നാട് മുതൽ ദൽഹിവരെ ഗുജറാത്ത് മുതൽ തെലങ്കാന വരെ. Frontline ഇങ്ങനെ വിവരിച്ചു.''നിങ്ങൾ ഉത്തർപ്രദേശിലെ നാലു വോട്ടർമാരുള്ള ഒരു മുസ്ലിം കുടുംബത്തിലെ അംഗമാണെങ്കിൽ ഭരണഘടനയുടെ 326-ാം വകുപ്പ് നൽകുന്ന വോട്ട് ചെയ്യാനുള്ള അവകാശം മൂന്നു പേർക്കു മാത്രമേ ലഭിക്കാൻ സാദ്ധ്യതയുള്ളു. നാലാമത്തെയാളുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുകയോ കാണാതാവുകയേയാ ചെയ്തിട്ടുണ്ടാവും.

തമിഴ്‌നാട്ടിലും ഓരോ നാലാമത്തെയും മുസ്ലിമിന്റെ പേർ വോട്ടർ പട്ടികയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലും തെലങ്കാനയിലും കാര്യങ്ങൾ മെച്ചമൊന്നുമല്ല.. സന്ദർഭവശാൽ, വിവേചനം, രാഷ്ട്രീയപരമായ ഒഴിവാക്കൽ, പൂർണ്ണമായ നിഷ്ക്കാസനം എന്നിങ്ങനെയുള്ള ആശങ്കകൾ ഉളവാക്കിക്കൊണ്ട് ഓരോ വർഷവും മുസ്ലീം വോട്ടർമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കർണാടകയിൽ 66 ലക്ഷം പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ കാണുന്നില്ല എന്നാണ് റിപ്പോർട്ട് (2018). മറ്റു സമുദായങ്ങളിൽ പെട്ടവരുടെ പേരുകളും പട്ടികയിൽ നിന്ന് കാണാതാവുന്നുണ്ട്. എന്നാൽ മുസ്ലിങ്ങളുടെ എണ്ണം സാരമായ തോതിൽ ഉയർന്നതാണ്-മറ്റ് സമുദായക്കാരുടേത് 15 ശതമാനവും മുസ്ലീങ്ങളുടേത് 25 ശതമാനവും."

 

വോട്ടർ പട്ടികയിൽനിന്ന് മുസ്ലീങ്ങളുടേയും ഒപ്പം ദളിതരുടേയും പേരുകൾ കാണാതെയാവുന്നത് ഉയർന്ന തോതിൽ ആകുന്നതിന്റെ ഒരു കാരണം, ഈ രണ്ടു വിഭാഗങ്ങളിലും പ്രകടമായി നിലനിൽക്കുന്ന ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ആയിരിക്കാം. ജീവസന്ധാരണത്തിനുള്ള വഴികൾ കണ്ടെത്തുന്നതിനും അതിലൂടെ ഏതു വിധേനയും ജീവൻ നിലനിർത്തുന്നതിനും വേണ്ടി, ഈ വിഭാഗത്തിൽ പെട്ടവർ നിരന്തരം ജോലി മാറുകയും വീട് മാറുകയും ചെയ്യുന്നത് സാധാരണമാണ്. ഒരു വലിയ ശതമാനം മുസ്ലീങ്ങൾ, പ്രത്യേകിച്ചും നഗരങ്ങളിലുള്ളവർ, സ്വന്തമായി വീടില്ലാത്തവരാണ്.

വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട്, നിരവധി പേർക്ക് ഓൺലൈൻ വഴി മേൽവിലാസം മാറ്റുന്നതിനോ മറ്റു മാറ്റങ്ങൾ വരുത്തുന്നതിനോ അറിയില്ല. മറ്റു സമുദായങ്ങളിൽ പെട്ടവരും ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും ദാരിദ്ര്യ രേഖയ്ക്ക് താഴെയോ തൊട്ടുമുകളിലോ വരുന്ന ഉയർന്ന ജാതിക്കാരുടെ ശതമാനം കുറവാണ്. ഉത്തർ പ്രദേശിലെ പിന്നാക്ക ജാതിക്കാരുടെയും (OBCs) ദളിത് മുസ്ലീം വിഭാഗ ക്കാരുടെയും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് (GIDS) എന്ന സ്ഥാപനം 2014-15 ൽ സമാഹരിച്ച് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഠനത്തിൽ ഇങ്ങനെ പറയുന്നു: “ഏറ്റവും കുറഞ്ഞ ദാരിദ്ര്യം ഠാക്കൂർമാർക്കിടയിലാണ് (9%), തുടർന്ന് ബ്രാഹ്മണർ (15.9%), മറ്റ് പൊതു ജാതിവിഭാഗങ്ങൾ (20%) എന്നിങ്ങനെയാണ്. ഹിന്ദു പിന്നാക്ക വിഭാഗത്തിൽപ്പെട്ട ജാട്ടുകൾക്കിടയിലെ ദാരിദ്ര്യം (153% ബ്രാഹ്മണരേക്കാൾ കുറവാണ്, പക്ഷെ ഠാക്കൂർമാരേക്കാൾ കൂടുതലും."

ഇത് മനസ്സിലാക്കാവുന്നത് തന്നെ. എന്നാൽ മുസ്ലീങ്ങളുടെ കാര്യത്തിൽ, അവർക്കിടയിൽ നിന്നും അപ്രത്യക്ഷരാകുന്ന വോട്ടർമാരുടെ എണ്ണത്തിൽ വരുന്ന വലിയ ചാട്ടം എങ്ങിനെയാണ് വിശദീകരിക്കാൻ കഴിയുക? ഒരു ഉത്തരം, ഒരു പക്ഷെ, നമ്മൾ ഇസ്ലാമോഫോബിയയുടെ കാലത്താണ് ജീവിക്കുന്നത് എന്നതായിരിക്കും. ഇന്ത്യയിൽ മാത്രമല്ല, ലോക ത്തെല്ലായിടത്തും തന്നെ 9/11 നു ശേഷം ഇസ്ലാമോഫോബി യയുടെ നിരവധി അനുഭവങ്ങളുണ്ട്. ഇന്ത്യയിൽ, തീവ്ര വലതുപക്ഷത്തിന്റെ ഉയർച്ച ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കാരണം, മുസ്ലീം സമുദായത്തെ ഇല്ലാതാക്കുന്നതിനു വേണ്ടി, ദേശീയ സംവാദത്തിൽ നിന്നുപോലും അവരെ ഒഴിവാക്കുവാൻ എല്ലാ വഴികളും, നല്ലതും ചീത്തയും, അവർ ഉപയോഗിക്കുന്നു എന്നതാണ്. അതിൽ ആദ്യത്തെ പടി, തെര ഞ്ഞെടുപ്പ് പ്രക്രിയയെ ഉന്നം വയ്ക്കുകയാണ്. ആദ്യഘട്ടത്തിൽ, മുസ്ലീം വോട്ട് പാർശ്വവൽക്കരിക്കുന്ന തരത്തിൽ ഒരു മണ്ഡലം പുനർ നിർണ്ണയിക്കപ്പെടുന്നു. ഈ പ്രശ്നം ജംഇയത്ത് ഉലമ-ഇ-ഹിന്ദ് പോലെയുള്ള സംഘടനകൾ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അവർ പറയുന്നത്, തെരഞ്ഞ ടുപ്പ് ഫലങ്ങളിൽ മുസ്ലിം സമുദായത്തിന് മൊത്തത്തിലുള്ള സ്വാധീനം കുറയ്ക്കുന്നതിനുവേണ്ടി രണ്ടു മണ്ഡലങ്ങളിലായി മുസ്ലീം വോട്ട് വിഭജിച്ചു പോകുന്ന രീതിയിൽ മണ്ഡല പുനർനിർണ്ണയം നടക്കുന്നു എന്നാണ്.

വലിയ തോതിൽ മുസ്ലീം കേന്ദ്രീകരണമുള്ള ചില നിയോജക മണ്ഡലങ്ങളും വാർഡുകളും സംവരണ സീറ്റുകളായി പ്രഖ്യാപിച്ചതു മൂലം പട്ടികജാതിക്കാർക്കു മാത്രം മത്സരിക്കാൻ കഴിയുന്ന സീറ്റുകളായി മാറി എന്ന് സച്ചാർ കമ്മിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. Twocircles.net പറഞ്ഞതിങ്ങനെയാണ്: “ഉയർന്ന തോതിൽ മുസ്ലീം വോട്ടർമാരുള്ള നിരവധി പാർലമെന്ററി മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും, പട്ടികജാതി വോട്ടർമാർ അധികമില്ലാതിരുന്നിട്ടും പട്ടികജാതി സംവരണ മണ്ഡലങ്ങളായി മാറി. നേരേ മറിച്ച്, താരതമ്യേന കുറഞ്ഞ മുസ്ലീം വോട്ടർമാരുള്ള, അതേസമയം നല്ല തോതിൽ പട്ടികജാതി വോട്ടർമാരുള്ള മണ്ഡലങ്ങൾ സംവരണം ചെയ്തിട്ടില്ലാത്ത മണ്ഡലങ്ങളായി നിൽക്കുകയും ചെയ്യുന്നു. ഈ നീക്കം വഴി, വളരെ കൃത്യമായ പദ്ധതിയിലൂടെ മുസ്‍ലിംകൾക്ക് രാഷ്ട്രീയ പങ്കാളിത്തം നിഷേധിക്കുകയാണ്. അതോടെ, രാഷ്ട്രീയ പാർട്ടികൾ പൊതുവെ പറയാറുള്ള, മുസ്‍ലിം സ്ഥാനാർത്ഥിയുടെ വിജയ സാദ്ധ്യത, ഇടിയുന്നു.

 

അടുത്ത ഘട്ടത്തിൽ, രാഷ്ട്രീയ പാർട്ടികൾ മുസ്ലീം സ്ഥാനാർത്ഥികളുടെ എണ്ണം കുറയ്ക്കുകയോ അവർക്ക് ടിക്കറ്റ് നൽകുന്നത് പൂർണമായും ഒഴിവാക്കുകയോ ചെയ്യുന്നു. മൂന്നാം ഘട്ടത്തിൽ, തങ്ങളുടെ വിദ്യാഭ്യാസമില്ലായ്മയുടെയും മുസ്ലീം പേരുകൾ മനസ്സിലാക്കുവാനുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ രുടെ തികഞ്ഞ പരിചയം ഇല്ലായ്മയുടെയും (ഒരേ പേരിന്റെ തന്നെ അര ഡസൻ രീതിയിലുള്ള അക്ഷര വിന്യാസത്തിൽ ഇത് പ്രകടമാണ്)

സംയോജനത്തിന്റെ ഫലമായി നിരവധി മുസ്ലീം വോട്ടർമാർ അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായി അറിയുന്നു. അതോടൊപ്പം തന്നെ സാങ്കേതിക വിദ്യയുടെ ദുരുപയോഗവും നടക്കുന്നു. സഫിയുള്ള വിശദീകരിച്ചതുപോലെ, “ഒരു നിശ്ചിത രാഷ്ട്രീയക്കാരനോ രാഷ്ട്രീയ പാർട്ടിക്കോ വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്ക്, നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടൽ സന്ദർശിച്ച് അവരുടെ പേരിൽ ഫോം 7 ൽ അപേക്ഷ നൽകാം. എനിക്ക് നമീദ് സാബിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണം എന്നുണ്ടെങ്കിൽ, ഓൺലൈനിലൂടെ, നമീബ് സാബ് ഇവിടെ താമസിക്കുന്നില്ല എന്നു കാണിച്ച് ഫോം 7 പൂരിപ്പിച്ച് നൽകാവുന്നതേയുള്ളൂ.'

Missing voters app ഉപയോഗിച്ചുകൊണ്ട്, വോട്ടർ പട്ടികയിൽ നിന്നും പേര് കാണാതായവരെ സഹായിക്കാൻ, സഫിയുള്ള മുന്നോട്ടു വന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് അതുകൊണ്ട് ഗുണമുണ്ടായി. എങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു ശേഷം, 2020 ഫെബ്രുവരിയിൽ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. അപ്പോഴും എല്ലാ സമുദായ ങ്ങളിലുംപെട്ട ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. അവിടെയും മുസ്‍ലിംകളുടെ എണ്ണമായിരുന്നു കൂടുതൽ.2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിട്ടും തൊട്ടടുത്തു വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് നഷ്ടമായ നിരവധി വോട്ടർമാരെക്കുറിച്ച്, ജനപ്രീതിയുള്ള 'ഇന്ത്യ ടുഡേ' വാരിക എഴുതുകയുണ്ടായി. ശ്രദ്ധേയമായ കാര്യം, റിപ്പോർട്ട് ചെയ്യപ്പെട്ട മണ്ഡലങ്ങൾ മുസ്ലിം ആധിപത്യം ഉള്ള, അല്ലെങ്കിൽ വലിയ തോതിൽ മുസ്ലിം വോട്ടർമാരുള്ള മണ്ഡലങ്ങൾ ആയിരുന്നു എന്നതാണ്. റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു:

“പൗരത്വ ഭേദഗതി നിയമത്തിനെതിരായ (CAA) പ്രതിഷേധത്തിന്റെ, രാജ്യതലസ്ഥാനത്തെ സുപ്രധാന കേന്ദ്രമായ ഷഹീൻ ബാഗിൽ ചില വോട്ടർമാർ വോട്ടർ പട്ടികയിൽനിന്ന് അവരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പരാതി പറഞ്ഞു. 'ഓഖ്‍ലാ നിയോജക മണ്ഡലത്തിൽ പെടുന്ന ഷഹീൻ ബാഗിലെ ചില വോട്ടർമാർക്ക്, വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലോ തെറ്റായ പേര് നൽകിയതിനാലോ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഡ്യൂട്ടിയിലുള്ള ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. സീലംപുർ മണ്ഡലത്തിലെ വോട്ടറായ വക്കീൽ മാലിക് പറഞ്ഞത്, അദ്ദേഹത്തിന്റെ അമ്മ സെറീനയ്ക്ക് (62) വോട്ടർ പട്ടികയിൽ പേരില്ലാത്തതു കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്നാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ എന്റെ അമ്മയുടെ പേര് ഉണ്ടായിരുന്നതാണ്. അമ്മയുടെ പേര് പട്ടികയിൽ നിന്ന് എങ്ങനെ അപ്രത്യക്ഷമായി എന്നെനിക്കറിയില്ല,' മാലിക് സങ്കടപ്പെട്ടു. വോട്ടർ പട്ടികയിൽ തന്റെ പേര് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് കൃഷ്ണ നഗർ നിയോജക മണ്ഡലത്തിലെ ഖുറേജി ഖാസ് നിവാസിയായ 34 കാരൻ ഫലാഹുദീൻ ഫലാഹിയും അവകാശപ്പെട്ടു. “എനിക്കൊരു വോട്ടർ തിരിച്ചറിയൽ കാർഡുണ്ട്. 2015 ലെ ദൽഹി തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഞാൻ വോട്ടു ചെയ്തതാണ്. ഇതാദ്യമായിട്ടാണ് എനിക്ക് വോട്ടു ചെയ്യാൻ പറ്റാതെ വന്നത്,' അയാൾ പറഞ്ഞു.

വടക്കു കിഴക്കൻ ദൽഹിയിലെ ചാന്ദ്ബാഗിൽ നിന്നുള്ള ഒരു മുസ്ലീം വോട്ടർ ഈ ഗ്രന്ഥകാരനോടു പറഞ്ഞു: “ബുർഖ ധരിച്ച സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി നീണ്ട വരി നിൽക്കുന്ന രംഗങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്. എന്നാൽ കാര്യങ്ങളുടെ പോക്കു കണ്ടിട്ട് തോന്നുന്നത്, വരാനിരിക്കുന്ന വർഷങ്ങളിൽ ഒരു ബഹുസ്വര ജനാധിപത്യത്തിന്റെ പ്രതീകമായി, ബുർഖ ധരിച്ച ഒന്നോ രണ്ടോ സ്ത്രീകളെയോ താടിവച്ച ഒരു മൗലാനയെയോ കണ്ടുകിട്ടുന്നതിന് ഫോട്ടോ ഗ്രാഫർമാർക്ക് പ്രയാസപ്പെട്ട് തിരയേണ്ടി വരും എന്നാണ്, അയാളുടെ പേരും വോട്ടർ പട്ടികയിൽ നിന്നും കാണാതായിരുന്നു.2022 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്തും കാര്യങ്ങൾ ഏതാണ്ട് സമാനമായിരുന്നു. ഫെബ്രുവരി 2022 ൽ തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ ഡെക്കാൻ ഹെറാൾഡ് ഇങ്ങനെ റിപ്പോർട്ട് ചെയ്തു.

“മൊറാദാബാദിലെ വോട്ടിംഗിന് ഏതാനും ദിവസം മുമ്പ് സമീപകാല തിരഞ്ഞെടുപ്പിലെല്ലാം വോട്ട് ചെയ്തിട്ടുള്ള ഷേർ മുഹമ്മദ് വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു. വോട്ട് ചെയ്തുകൊണ്ട് ഒരു പൗരൻ എന്ന നിലയിൽ തന്റെ അവകാശം സ്ഥാപിക്കാൻ, മുതിർന്ന പ്രായത്തിലും ഇന്റർനെറ്റിൽ പരതി വോട്ടർ പട്ടികയിൽ തന്റെ പേര് കണ്ടുപിടിക്കാൻ അയാൾ നിർബന്ധിതനായിരുന്നു. പക്ഷെ വോട്ടർ പട്ടികയിൽ നിന്നും അയാളുടെ പേര് അപ്രത്യക്ഷമായിരുന്നു. സംസ്ഥാനത്തെ പ്രധാന പ്രതി പക്ഷമായ സമാജ് വാദി പാർട്ടിയുടെ (SP) പ്രവർത്തക കർക്കു പോലും അയാളെ സഹായിക്കാൻ കഴിഞ്ഞില്ല. പത്തു പേരുള്ള തന്റെ കുടുംബത്തിലെ ഒരാളുടെ പേരു മാത്രം വോട്ടർ പട്ടികയിൽ കണ്ട വസീം അക്രം കരച്ചിലിന്റെ വക്കത്തായിരുന്നു.''

മുസ്‍ലിം ആധിപത്യമുള്ള ഒരു ബ്ലോക്കിൽ വോട്ടിംഗിന് നാലുദിവസം മുമ്പ്, 80% പേരുകളും, പട്ടികയിൽ ഉണ്ടായിരുന്നില്ല എന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. 2019 ൽ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ല' (No Voter Left Behind) എന്ന പ്രചാരണത്തിൽ കണ്ടെത്തിയത്, 12 കോടി ഇന്ത്യക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് കാണാതായി എന്നാണ് അതിൽ 4 കോടി പേർ ദളിതരും 3 കോടി പേർ മുസ്ലിങ്ങളുമായിരുന്നു.ഇത് വ്യക്തമാക്കുന്നത്, സമൂഹത്തിലെ ഏറ്റവും ദുർബ്ബലമായ ചില വിഭാഗങ്ങൾ വളരെ ചിട്ടയായിത്തന്നെ ജനാധിപത്യ പ്രക്രിയയിൽ നിന്നും ഒഴിവാക്കപ്പെടുന്നുണ്ട്. എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അശ്രദ്ധ മൂലമുണ്ടായ ഒരു തെറ്റോ മുസ്ലിം പേരുകളോടും അതിന്റെ അക്ഷര വിന്യാസങ്ങളോടും അപരിചിതമായ ചിലരുടെ കേവലമായ പിശകുകളോ അല്ല ഈ മുസ്ലീം ഒഴിച്ചു നിർത്തൽ. മറിച്ച് പുതിയ ഇന്ത്യയിലെ ഒരു ജീവിത യാഥാർത്ഥ്യമാണ്. വസ്തുത എന്തെന്നാൽ, മുസ്ലീങ്ങൾക്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകുന്നതിന്റെ എണ്ണം വെട്ടി കുറയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾ നമുക്ക് ഉള്ളതുപോലെ തന്നെ, സജീവമായി മുസ്ലീം വോട്ട് അഭ്യർത്ഥിക്കാത്ത രാഷ്ട്രീയ പാർട്ടികളും നമുക്കുണ്ട് എന്നതാണ്. അതിൽ രാജ്യം ഭരിക്കുന്ന ബിജെപി മാതൃകാപരമായിത്തന്നെ നേതൃത്വം നൽകുന്നു.എന്നിരുന്നാലും അത് ഒരു പാർട്ടികേന്ദ്രിത വിഷയമല്ല. മുസ്ലീങ്ങളുടെ പാർശ്വവൽക്കരണം കുറേക്കൂടി ആഴ ത്തിലുള്ളതാണ്.

മുസ്ലീം പ്രസംഗകർ, മുസ്ലീങ്ങളായ മുൻ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ ആരും തന്നെ ഇപ്പോൾ അവ രുടെ പാർട്ടികൾക്ക് താര പ്രചാരകരല്ല, എം.ജെ അക്ബറിനെയും ഷാനവാസ് ഹുസൈനെയും പോലുള്ളവർ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നത് കണ്ടതേയില്ല എങ്കിൽ, 2023 ൽ കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ, മുൻ എം.പി മുഹമ്മദ് അദീബ് ഈ ഗ്രന്ഥകാരനുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ഇങ്ങനെ പറഞ്ഞു: "മുസ്ലീം പിന്തുണയില്ലാതെ ഒരു ശക്തമായ കോൺഗ്രസ് സാദ്ധ്യമല്ല. മുസ്ലീങ്ങളോടുള്ള അവരുടെ നിലപാട് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. അദീബ് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴും ഒരു മുസ്ലീം നേതാവിനെ വേദിയിൽ കണ്ടാൽ തങ്ങളുടെ സഖ്യം ന്യൂനപക്ഷത്തെ സഹായിക്കുകയാണ് എന്ന തോന്നൽ ദൃഢീകരിക്കുകയാണ് ചെയ്യുന്നത് എന്ന് മിക്ക INDIA നേതാക്കളും ആശങ്കപ്പെടുമായിരുന്നു. ഒരു മുസ്ലീം നേതാവിനാൽ പ്രതിനി ധീകരിക്കപ്പെടുക എന്നത് അഭിലഷണീയമായ ഒരു കാര്യമല്ല.നിശ്ചയമായും ഇത് ഭൂരിപക്ഷ പ്രീണനത്തിന്റെ ഒരു കാലമാണ്. മുസ്ലീംകളാകട്ടെ, പ്രീണിപ്പിക്കപ്പെടുന്നവർ എന്ന് തെറ്റായി, ആവർത്തിച്ച് ആരോപിക്കപ്പെടുമ്പോഴും, ഇരകളാണ്. ഇത്, ഒരിക്കലും പാർശ്വസ്ഥമായ ഒരു തകർച്ചയല്ല. മറിച്ച്, അവരുടെ ഇരവൽക്കരണം, ആ സമുദായത്തിന്റെ പാർശ്വ വൽക്കരണം ലക്ഷ്യമിട്ട് വളരെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പരമ്പരയായിട്ടുള്ള നീക്കങ്ങളുടെ ഫലമാണ്. രാഷ്ട്രീയ അനാഥത്വത്തിന് തുടക്കമായിരിക്കുന്നു.

(പ്രമുഖ പത്രപ്രവർത്തകനും ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ സിയാഉസ്സലാം രചിച്ച ‘Being, Muslim in Hindu India- A Critical View’ എന്ന പുസ്തകത്തിൽ നിന്ന്. harpercollins  ആണ്  പുസ്തകം പ്രസിദ്ധീകരിച്ചത്. സി. ബി. വേണുഗോപാൽ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്‌ത പുസ്തകം ‘ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം’ എന്ന പേരിൽ സമൂഹ് ബുക്‌സ് മലയാളത്തിൽ പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണിത് )

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - സിയാഉസ്സലാം

പ്രമുഖ പത്രപ്രവർത്തകൻ, ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റർ

പ്രമുഖ പത്രപ്രവർത്തകൻ, ദ ഹിന്ദു ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്റർ

Similar News