ഭരണകൂടം ഇന്ത്യയുടെ ബൗദ്ധികബോധത്തിന് മേലെ അടിക്കുന്ന ആണികൾ

നിരോധിക്കപ്പെട്ട പുസ്തകങ്ങളിൽ കശ്മീരിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നവയാണ്. ജനാധിപത്യത്തിനും വിഘടനവാദത്തിനും ഇടയിൽ ഞെരിഞ്ഞമർന്ന കശ്മീരിജനതയുടെ കഷ്ടതകളെ പറ്റി പരാമർശിച്ച പുസ്തകങ്ങളും നിരോധിച്ചവയിലുണ്ട്

Update: 2025-08-08 11:33 GMT

ആർട്ടിക്കിൾ 370 നെ റദ്ദാക്കിയതിന്റെ ആറാം വാർഷികം ആയിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനെ രാജ്യം ഓർത്തെടുത്തത്. അതിന് തൊട്ടടുത്ത ദിവസം തന്നെ കേന്ദ്രസർക്കാരിന്റെ മറ്റൊരു അടിച്ചേൽപ്പിക്കൽ നയം വരുകയാണ്. ഇത്തവണ ഇതിനെ കേവലം ഒരു ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമായി മാത്രം കാണാൻ കഴിയില്ല.ഇത്തരം നടപടിയെടുക്കുന്നതിലൂടെ ഭരണകൂടം ഇന്ത്യയുടെ ബൗദ്ധികബോധത്തിന് മേലെ അടിച്ച ആണിയായാണത്.ജമ്മു കശ്മീരിൽ പ്രശസ്ത ഭരണഘടന വിദഗ്ധനും നിയമ പണ്ഡിതനുമായ എ. ജി നൂറാനിയുടെയും അരുന്ധതി റോയിയുടെയും അടക്കം 25 പുസ്തകങ്ങൾ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയും ബാധിക്കുന്നു എന്ന് കാണിച്ചുകൊണ്ട് ബി. എൻ. എസ് 152,196 & 197 എന്നീ വകുപ്പുകളുടെ പിൻബലത്തോടെ നിരോധിച്ചതായി കാണിച്ചുകൊണ്ട് ജമ്മു- കശ്മീർ ആഭ്യന്തരവകുപ്പിന്റെ ഈ നടപടി.

Advertising
Advertising

നിരോധിക്കപ്പെട്ട പുസ്തകങ്ങളിൽ ചിലത് നോക്കുക,​അരുന്ധതി റോയിയുടെ "ആസാദി", ​എ.ജി. നൂറാനിയുടെ "ദി കാശ്മീർ ഡിസ്പ്യൂട്ട്", ​പ്രശസ്ത ചരിത്രക്കാരി വിക്ടോറിയ സ്കോഫീൽഡിന്റെ "കാശ്മീർ ഇൻ കോൺഫ്ലിക്റ്റ്", ഡേവിഡ് ദേവദാസിന്റെ 'ഇൻസർട്ച്ച് ഫ്യൂച്ചർ : ദി സ്റ്റോറി ഓഫ് കാശ്മീർ' ​ഈ പുസ്തകങ്ങൾ കശ്മീരിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നവയാണ്. ജനാധിപത്യത്തിനും വിഘടനവാദത്തിനും ഇടയിൽ ഞെരിഞ്ഞമർന്ന കശ്മീരിജനതയുടെ കഷ്ടതകളെ പറ്റി പരാമർശിച്ച പുസ്തകങ്ങളും നിരോധിച്ചവയിലുണ്ട്.

ഈ പുസ്തകങ്ങൾക്ക് മേലെയുള്ള കത്തിവെക്കലിനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനപ്പുറം ഒരു ജനതയുടെ 'Right for access to Knowledge' എന്ന അവകാശത്തെ ഹനിക്കുന്നതാണ്.അംബായിഎന്നറിയപ്പെടുന്ന പ്രശസ്ത തമിഴ് എഴുത്തുകാരി സി. എസ് ലക്ഷ്മി, പുസ്തകങ്ങളെ നിരോധിക്കുന്നതും എഴുത്തുകാരെ അടിച്ചമർത്തുന്നതും ആധുനിക ഫാസിസത്തിന്റെ രൂപങ്ങളാണ് എന്നൊരിക്കൽ പറയുകയുണ്ടായി. സെൻസർഷിപ്പുകൾ ഇല്ലാതെ, ഭരണകൂടം നിയന്ത്രിക്കുന്നത് പോലെയല്ലാതെ അറിവുപോലും സ്വായത്തമാക്കാൻ ആവില്ല എന്ന ജനാധിപത്യത്തിന്റെ ഏറ്റവും ഹീനമായ രീതിയാണ് ഇന്ന് അരങ്ങേരുന്നത്.

ജോർജ് ഓർവലിന്റെ 1984 എന്ന പുസ്തകത്തിൽ, എപ്രകാരമാണ് ഭാവിയെ നിയന്ത്രിക്കുന്നതിനായി ഭൂതകാലത്തെ മറച്ചുവെക്കുക എന്ന തന്ത്രം ഉപയോഗിക്കുന്നത് എന്ന് പങ്കുവച്ചത് പോലെ, ചരിത്രമില്ലാതാക്കുന്നതിലൂടെ ഒരു ജനതയെ ഇല്ലാതാക്കുക എന്നത് എളുപ്പമാണ് എന്ന് ഈ ഭരണകൂടങ്ങൾക്കെല്ലാം അറിയാം. അത് തന്നെയാണ് ഈ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഉദ്ദേശവും.

ചരിത്രത്തിലെ ഫാസിസ്റ്റ് ഭരണകൂടങ്ങളിലെല്ലാം ഇത് ആവർത്തിച്ച് വരുന്ന തന്ത്രം തന്നെയാണ്. നാസീ ജർമ്മനിയും ഫാസിസ്റ്റ് ഇറ്റലിയും ഫ്രാൻകോയിസ്റ്റ് സ്പെയിനും ഇതേ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. എന്തിനേറെ പറയുന്നു ബ്രിട്ടീഷ് രാജിൽ ദേശസ്നേഹത്തെ വിഭാവനം ചെയ്യുന്ന പുസ്തകങ്ങളുടെ മേലും ഇതേ വിലക്ക് കല്പിച്ചിരുന്നല്ലോ.1930- കളിൽ ബെർലിൻ കേന്ദ്രീകരിച്ചും, ഓസ്ട്രിയയിലുമൊക്കെയായി നിരന്തരം നാസി ജർമ്മനിയിൽ നടന്ന പുസ്തകങ്ങളെ ചുട്ടെരിക്കൽ പ്രക്രിയയാണ് ഇപ്പോൾ ഓർമ്മ വരുന്നത്.

മാർക്സിന്റെയും ഫ്രോയിഡിന്റെയും എന്തിന് പറയുന്നു, ഹെലൻ കെല്ലറിന്റെയും ആൽബർട്ട് ഐൻസ്റ്റീനിന്റെയും ഒക്കെ പുസ്തകങ്ങൾ അവർ ചുട്ടെരിച്ചു. പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ഹാനികരമാണെന്ന് അധികൃതർ പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലിബറൽ ഭൗതിക ചിന്തയെയും, വിമർശനങ്ങളെയും, ചരിത്രത്തെയും ഇല്ലാതാക്കുക എന്ന അതേ ഫാസിസ്റ്റ് നടപടിയാണ് ഇന്ന് ഇന്ത്യയിലെ ജമ്മു-കശ്മീരിൽ നടക്കുന്നത്.ഏതുതരത്തിലുള്ള പുസ്തകങ്ങൾ വായിക്കണം, ഏതുതരത്തിലുള്ള സിനിമകൾ നിർമ്മിക്കണം, ഏതുതരത്തിലുള്ള ഭക്ഷണം കഴിക്കണം, എത്തരത്തിലുള്ള വസ്ത്രധാരണം ആയിരിക്കണം എന്നൊക്കെ ഒരു ഭരണകൂടം തീരുമാനിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായിട്ടുണ്ടല്ലോ. ഇതിൽ ഏറ്റവും ഭയാനകമായ നാം കാണേണ്ട ഒന്നാണ് അക്ഷരങ്ങളുടെ മേലുള്ള ആധിപത്യം.

രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയ്ക്കും വിള്ളലുണ്ടാക്കുന്നു എന്നതാണ് ഇതിനെ എല്ലാത്തിനും അടിവരയിട്ട കാരണമായി ഈ ഭരണകൂടം പറയുന്നത്. എന്താണ് 'ഐക്യവും അഖണ്ഡതയും' എന്ന് എവിടെയും പറയാത്തതിനാൽ അതിനെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ തിരിച്ചും -മറിച്ചും - വളച്ചും ബിജെപി ഉപയോഗിക്കുകയാണ്. അവർക്ക് അനുസൃതമായ രീതിയിൽ ഒരു ചരിത്രം എഴുതി തീർക്കുവാൻ, അതല്ലാതെ ഉള്ളതിനെ എല്ലാം ഇല്ലാതാക്കുവാൻ, വിപ്ലവ ചിന്തയെ തുടച്ചുനീക്കുവാൻ, ആവിഷ്കാര സ്വാതന്ത്ര്യത്തെ ചവിട്ടി മെതിക്കുവാൻ അവർ അതിനെ ഉപയോഗിക്കുകയാണ്

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - അപർണ പ്രസന്നൻ

contributor

Similar News