'ആദ്യം കഥ എഴുതും, പിന്നീട് പൊലീസും പ്രോസിക്യൂഷനും കഥക്കനുയോജ്യരായവരെ തേടിയിറങ്ങും';7/11 മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തരായവർ സംസാരിക്കുന്നു

'വീട്ടിൽ നിന്നും പൊലീസ് കൂട്ടിക്കൊണ്ട് പോകുമ്പോൾ 18 വയസായിരുന്നു എനിക്ക്, അവരെന്നെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിലെത്തിച്ചു.' അവിടെ വെച്ച് അവരെന്റെ വസ്ത്രമുരിഞ്ഞു, കൂടെ എന്റെ സ്വാതന്ത്ര്യവും'. ഏഴു ദിവസത്തോളമാണ് ആ കെട്ടിടത്തിൽ ആമിറിനെ പൊലീസ് അനധികൃതമായി താമസിപ്പിച്ചത്. ഓരോ ദിവസവും ക്രൂരപീഡനങ്ങൾ. വെള്ളക്കടലാസുകളിൽ ഒപ്പിട്ടുനൽകാൻ പൊലീസ് നിർബന്ധിച്ചിരുന്നതായി ആമിർ പറയുന്നു.

Update: 2025-08-08 14:09 GMT

ജൂലൈ 21, 2025. ഉച്ചയ്ക്ക് 12 മണിയോടടുത്താണ് വഹീദ് അഹമ്മദ് ശൈഖ് ബോംബെ ഹൈക്കോടതിയിലെത്തുന്നത്. ഷർട്ടിൽ അവിടവിടെയായുള്ള മഴത്തുള്ളികൾ തട്ടിമാറ്റി കോടതി മുറിയിലേക്ക് കയറിയിരുന്നു. നെറ്റിയിൽ വിയർപ്പുപൊടിഞ്ഞത് മുറിയിൽ തങ്ങി നിൽക്കുന്ന ചൂടുകൊണ്ടായിരുന്നില്ല, മറിച്ച് വർഷങ്ങൾക്കു ശേഷം വീണ്ടും കോടതി മുറിയിലെത്തിയതിന്റെ ഉത്കണ്ഠയിലായിരുന്നു. 2006 ലെ മുംബൈ ട്രെയിൻ തീവെപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന ശൈഖ് 2015ൽ കുറ്റവിമുക്തനാക്കപ്പെട്ടു. വർഷങ്ങൾക്ക് ശേഷം വീണ്ടും കോടതി മുറിയിലെത്തിയതിന്റെ എല്ലാ ആശങ്കയും ആ മുഖത്ത് പ്രകടമായിരുന്നു. ശൈഖിന്റെ കൂടെ പ്രതിചേർക്കപ്പെട്ട 12 പേരുടെ കാര്യത്തിൽ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോടതി വിധി പറയുന്ന ദിവസം.

Advertising
Advertising

 

'പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു, പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതിനാൽ ശിക്ഷ റദ്ദാക്കുന്നു' ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി ഇങ്ങനെയായിരുന്നു. കേസിൽ കീഴ്‌ക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. ഇതിനെതിരെ ' മറ്റു തീവ്രവാദക്കേസുകളിലും അപകടരമായ മാതൃകയായി സ്വീകരിക്കപ്പെടുമെന്ന്'  ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയെ സമീപിച്ചത്.

ഇതിന് പിന്നാലെ സുപ്രിംകോടതി ഇടപെട്ട് ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നെങ്കിലും കുറ്റവിമുക്തരാക്കപ്പെട്ടവരെ വീണ്ടും ജയിലിൽ അടക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ആദ്യം ജയിലിൽ നിന്നും പുറത്തിറങ്ങിയത് ആസിഫ് ഖാൻ ആയിരുന്നു. അനുകൂല വിധി വന്ന ദിവസം വൈകുന്നേരത്തോടെ ആസിഫ് ജയിൽ മോചിതനായി. കരഞ്ഞുകൊണ്ടാണ് ആസിഫ് തന്നെ വിളിച്ചതെന്ന് ശൈഖ് പറയുന്നു; 'താങ്കൾ കുറ്റവിമുക്തനാക്കപ്പെട്ടതാണ് ഇപ്പോഴത്തെ വിധിയിലേക്ക് സഹായിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു, അവരെല്ലാം ജയിലിലായിരുന്നപ്പോൾ അവർക്ക് വേണ്ടി ഞാൻ നടത്തിയ പോരാട്ടം അവർ ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു.' ജയിൽ മോചിതനായ ശേഷം ആസിഫ് പോയത് മുംബൈയിലെവിടെയോ ഉള്ള ബിരിയാണിക്കടയിലേക്കായിരുന്നു. ചിരിച്ചുകൊണ്ട് ബിരിയാണിക്കടയിൽ തന്റെ സ്വാതന്ത്ര്യത്തിന്റെ രുചി ആസ്വദിക്കുന്ന ആസിഫ് ഖാന്റെ ചിത്രം ശൈഖ് കാണിച്ചുതന്നു. 19 വർഷം മുമ്പ് കേസിൽ പ്രതികളാക്കപ്പെട്ട 12 പേരുടെ കുടുംബം നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ടതിൽ നിന്നേറെ മാറിയിരുന്നെങ്കിലും ആ മുഖത്ത് ആശ്വാസം പ്രകടമായിരുന്നു.

 

ശൈഖിന്റെയും ആസിഫ് ഖാന്റെയും അനുഭവങ്ങൾ അത്യപൂർവ കഥയൊന്നുമല്ല. സ്ത്രീയും പുരുഷനുമടങ്ങുന്ന നാല് ലക്ഷത്തോളം തടവുകാരാണ് തങ്ങളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ വിചാരണകാത്ത് ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്നത്. കൃത്യമായി പറഞ്ഞാൽ ഇന്ത്യയിലാകെ 4,34,302 പേരാണ് വിചാരണത്തടവുകാരായി ജയിലുകളിലുള്ളത്. 2022ലെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ ജയിലുകളിൽ ആകെയുള്ള തടവുകാരുടെ എണ്ണത്തിന്റെ 75.8 ശതമാനത്തോളം വരുമിത്. പ്രിസൺ സ്റ്റാറ്റിസ്റ്റിക് ഇന്ത്യയുടെ 2022ലെ കണക്കനുസരിച്ച 5,73,220 പേരാണ് ഇന്ത്യയിലെ വിവിധ ജയിലുകളിലായി തടവിലുള്ളത്. ഉത്തർപ്രദേശിലാണ് ഏറ്റവു കൂടുതൽ വിചാരണത്തടവുകാരുള്ളത്. 1,21,609 തടവുകാരിൽ 94,131 പേരും വിചാരണത്തടവുകാരാണ്. ബിഹാറിൽ ഇത് 64,000 തടവുകാരിൽ 57,000 പേർ വിചാരണത്തടവുകാർ എന്നതാണ് കണക്ക്.

വിചാരണത്തടവുകാരിൽ പലരും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുണ്ടെന്നത് ശരിതന്നെ. എന്നാൽ പലപ്പോഴും വിചാരണത്തടവുകാരായി നിരവധി വർഷങ്ങൾ അല്ലെങ്കിൽ ദശാബ്ദങ്ങൾ ജയിൽ ജീവിതമനുഭവിച്ച ശേഷം, നിരപരാധികളെന്ന് കണ്ടെത്തി വിട്ടയക്കപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് വളരെ കൂടുതലാണെന്ന് കാര്യം ഭയപ്പെടുത്തുന്നതാണ്. രാജ്യദ്രോഹം, യുഎപിഎ, എംസിഒസിഎ തുടങ്ങിയ ഗൗരവതരമായ കുറ്റങ്ങളുടെ കാര്യത്തിലടക്കം ഇതാണ് അവസ്ഥയെന്ന് ഓർക്കണം. മേൽപറഞ്ഞ കുറ്റങ്ങൾ ചുമത്തി ജയിലിലടക്കപ്പെട്ട മിക്ക കേസുകളും ഒടുവിൽ കുറ്റവിമുക്തരാക്കപ്പെടുന്നതാണ് സാഹചര്യമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ ജീവിതത്തിന്റെ വലിയൊരു പങ്ക് ജയിലിലെ ഇരുണ്ട മുറിക്കുള്ളിൽ അന്യായമായി തളച്ചിടപ്പെട്ടവർക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് ആശ്വാസം തന്നെ. എങ്കിലും നഷ്ടപ്പെട്ട വർഷങ്ങളുടെ ജീവിതത്തിന് അതൊരിക്കലും പകരമാവുന്നില്ലല്ലോ.

'അവിടെ വെച്ചവരെന്റെ സ്വാതന്ത്ര്യം കവർന്നെടുത്തു'

പുരാതന ദില്ലിയിലെ തന്റെ വീട്ടിൽ നിന്നും പൊലീസ് കൂട്ടിക്കൊണ്ട് പോകുമ്പോൾ മുഹമ്മദ് ആമിറിന് വെറും 18 വയസാണ് പ്രായം. 1998, ഫെബ്രുവരിയിലെ തണുത്തുറഞ്ഞൊരു വൈകുന്നേരമായിരുന്നു അതെന്ന് ആമിർ ഓർത്തെടുത്തു. കൊണ്ടുപോകാനെത്തിയ പൊലീസുകാർ മഫ്തിയിലായിരുന്നതിനാൽ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയാണെന്ന കാര്യം പോലും ആമിറിന് മനസ്സിലായില്ല. ആമിറിനെയും കൊണ്ട് പൊലീസ് നേരെ പോയത് ആളൊഴിഞ്ഞ, ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിലേക്കാണ്. ' അവിടെ വെച്ച് അവരെന്റെ വസ്ത്രമുരിഞ്ഞു, കൂടെ എന്റെ സ്വാതന്ത്ര്യവും' വേദനിപ്പിക്കുന്ന ആ ദിവസങ്ങൾ ഓർത്തെടുക്കാനുള്ള ശ്രമത്തിനിടെ ആമിർ പറഞ്ഞു. ഏഴു ദിവസത്തോളമാണ് ആ കെട്ടിടത്തിൽ ആമിറിനെ പൊലീസ് അനധികൃതമായി താമസിപ്പിച്ചത്. ഓരോ ദിവസവും ക്രൂരപീഡനങ്ങൾ. വെള്ളക്കടലാസുകളിൽ ഒപ്പിട്ടുനൽകാൻ പൊലീസ് നിർബന്ധിച്ചിരുന്നതായി ആമിർ പറയുന്നു. ഒരാഴ്ചത്തെ അതിക്രൂര പീഡനത്തിന് ശേഷമാണ് പൊലീസ് ആമിറിനെ കോടതിയിൽ ഹാജരാക്കിയത്. നോർത്ത് ഇന്ത്യയിൽ നടന്ന 20ലധികം ബോംബ് സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനാണ് താനെന്ന് അന്നാണ് ആമിർ അറിയുന്നത്.

പിന്നീടങ്ങോട്ട് ജയിലുകളിൽ നിന്നും ജയിലുകളിലേക്കുള്ള യാത്രയായിരുന്നു. ജീവിതത്തിലെ മനോഹരമാകേണ്ടിയിരുന്ന 14 വർഷക്കാലം ജയിലിലെ ഇരുണ്ട മുറിയും കോടതി വരാന്തകളും കവർന്നെടുത്തു. യുഎപിഎ അടക്കം ചുമത്തപ്പെട്ട് ഡൽഹിയിലും, ഗാസിയാബാദിലും, രോഹ്താങിലും, ലുധിയാനയിലുമായി നടന്ന 19 കേസുകളുടെ വിചാരണകൾ, പീഡനങ്ങൾ. ഓരോന്നോരോന്നായി പ്രോസിക്യൂഷൻ ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി തള്ളി. ചില കേസുകളിൽ തെളിവുകൾ പോലുമുണ്ടായിരുന്നില്ല.

ആദ്യത്തെ 12 കേസുകൾ പെട്ടന്ന് തീർന്നുവെങ്കിലും ബാക്കി കേസുകളിൽ തീർപ്പുണ്ടാവുന്നതിന് ഏകദേശം ഒരു ദശാബ്ദം തന്നെയെടുത്തുവെന്ന് ആമിർ പറഞ്ഞു. ഒടുവിൽ മുഴുവൻ കേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെത്തിയ ആമിറിനെ സ്വീകരിക്കാൻ തന്റെ പിതാവുണ്ടായിരുന്നില്ല. സ്ട്രോക്ക് വന്ന് തളർന്ന മാതാവ് തന്റെ മകനെ തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധം തകർന്നിരുന്നു. ആമിർ 18 വയസിൽ തുടങ്ങിയ പോരാട്ടത്തിന് ഫലം കാണുമ്പോഴേക്കും വയസ് 32 കടന്നു.

'ആദ്യം കഥ എഴുതും, പിന്നീട് പൊലീസും പ്രോസിക്യൂഷനും കഥക്കനുയോജ്യരായ ആളുകളെത്തേടിയിറങ്ങും'

'ആദ്യം കഥ എഴുതും, പിന്നീട് പൊലീസും പ്രോസിക്യൂഷനും കഥക്കനുയോജ്യരായ ആളുകളെത്തേടിയിറങ്ങും,' ഇതാണ് ഇന്ത്യയിലിപ്പോൾ നടക്കുന്നതെന്ന് ലീഗൽ പോളിസി സെന്റർ നടത്തുന്ന നവീദ് മെഹമൂദ് അഹമ്മദ് ആരോപിക്കുന്നു. ആളുകളെ പറ്റാവുന്നത്ര കാലം ജയിലിലടക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. അതാണ് ആളുകൾക്കുള്ള ശിക്ഷയും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാധ്യമങ്ങൾ നൽകുന്ന സെൻസേഷണൽ വാർത്തകളും മുൻവിധിയുടെ അടിസ്ഥാനത്തിൽ പൊലീസും പ്രോസിക്യൂഷനും ചേർന്ന് നടത്തുന്ന നാടകത്തിന്റെയും ഇരകളാകുന്നത് കുറ്റാരോപിതരാണ്. തങ്ങളുടെ മൗലികാവകാശങ്ങൾ പോലും ഹനിക്കപ്പെടുന്നത് നിശബ്ദരായി നോക്കിക്കാണേണ്ട സ്ഥിതി വിശേഷം. യുഎപിഎ കേസുകളിൽ ജാമ്യം ലഭിക്കുകയെന്നത് അസാധ്യമാണെന്നു തന്നെ പറയാം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാരുകളെ ചോദ്യം ചെയ്യുന്നതിനോ ജാമ്യം നൽകുന്നതിനോ വിചാരണക്കോടതികളും മടിക്കുന്നുവെന്നതാണ് സത്യം. വിചാരണകൾ വർഷങ്ങളോളം നീണ്ടുപോകാൻ ഇത് വഴിവെക്കുന്നു എന്ന് നവീദ് അഹമദ് അഭിപ്രായപ്പെടുന്നു.

ഇത്തരം കേസുകളിൽ പ്രതിചേർക്കപ്പെട്ടവർ കുറ്റവിമുക്തരാണെന്ന് കണ്ടെത്തിയാലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയുമുണ്ടാകുന്നില്ല. സർക്കാരിനോ കോടതിക്കോ ഇതിൽ യാതൊരു നഷ്ടവുമുണ്ടാകുന്നില്ല, ഇരയാക്കപ്പെട്ടവർക്ക് മാത്രമാണ് നഷ്ടം. മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കേസുകളിലാണ് ഇത്തരം പ്രവണത കൂടുതലെന്നും നവീദ് പറഞ്ഞു.

'ജാമ്യമാണ് അപവാദം'

നാഷണൽ ക്രൈം ബ്യൂറോയുടെ 2023 ലെ റിപ്പോർട്ടുകൾ അനുസരിച്ച് വിചാരണത്തടവുകാരിൽ 60 ശതമാനം ആളുകളും വിചാരണപോലുമില്ലാതെ രണ്ടുവർഷത്തിലധികമായി ജയിൽവാസമനുഭവിക്കുന്നവരാണ്. ആരോപിക്കപ്പെട്ട കുറ്റത്തിന്റെ പരമാവധി ശിക്ഷയേക്കാൾ കൂടുതൽ സമയം ജയിലിൽ വിചാരണ കാത്തു കിടക്കുന്നവരാണ് പലരും. ഇന്ത്യാസ്പെൻഡിന്റെ കണക്കുകൾ അനുസരിച്ച്, ഒരു വർഷത്തിലധികം തടവിലാക്കപ്പെട്ട വിചാരണത്തടവുകാരുടെ എണ്ണം ഏഴ് ശതമാനത്തോളം കുറഞ്ഞു. അതേസമയം, മൂന്നു മുതൽ അഞ്ച് വർഷം വരെ വിചാരണത്തടവുകാരായി കഴിഞ്ഞവരുടെ എണ്ണം ഇരട്ടിയായി.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022 വരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ വിചാരണത്തടവുകാരായി രാജ്യത്തെ ജയിലുകളിലുള്ള വലിയൊരു പങ്കും 18 മുതൽ 30 വയസിനിടയിൽ പ്രായമുള്ളവരാണ്. തടവുകാരിൽ 45 ശതമാനത്തോളം വരുന്നതാകട്ടെ രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനം മാത്രമുള്ള ആദിവാസികളും, ദലിതുകളുമാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങളും തീവ്രവാദവും ചെറുക്കുന്നതിനെന്ന് പറഞ്ഞ് അവതരിപ്പിച്ച യുഎപിഎ നിയമം രാഷ്ട്രീയ ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി നിയമവിദഗ്ധരടക്കം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ അധികവും ആക്ടിവിസ്റ്റുകളും, വിദ്യാർഥികളും, പത്രപ്രവർത്തകരുമാണ്. പീപിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് രജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളിൽ 70 ശതമാനം പേരും ഒടുവിൽ കുറ്റവിമുക്തരാക്കപ്പെട്ടവരാണെന്നാണ്. 2021 ലെ നാഷണൽ ക്രൈം റെകോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 2016 മുതൽ 2020 വരെ രജിസ്റ്റർ ചെയ്ത 24,000 യുഎപിഎ കേസുകളിൽ 212 കേസുകളിൽ മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുള്ളത്. 386 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ബാക്കിയുള്ള മുഴുവൻ കേസുകളിലും വിചാരണ പൂർത്തിയാകാതെ കിടക്കുകയാണ്.

 

 

ജാമ്യമാണ് നിയമം, ജയിൽ അപവാദവുമെന്ന് നിയമത്തിൽ അനുശാസിക്കുന്നു. വേഗത്തിലുള്ള വിചാരണ വ്യക്തികളുടെ മൗലികാവകാശമാണെന്ന് സുപ്രിംകോടതിയടക്കം നിരന്തരം ഓർമപ്പെടുത്തുമ്പോഴും 'ജാമ്യം അപവാദമാണെന്നതാണ്'സ്ഥിതി. ജാമ്യം നൽകുന്നതിന് ന്യായമായ വ്യവസ്ഥകൾ രൂപീകരിക്കുന്നതിന് വിചാരണക്കോടതികൾ തയാറാകണമെന്നും അതുവഴി കുറ്റാരോപിതൻ അനിശ്ചിതമായി ജയിലിൽ തുടരുന്ന സാഹചര്യം തടയാമെന്നും 2017ൽ ലോ കമ്മീഷൻ ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു.

കുറ്റവിമുക്തനാക്കപ്പെട്ട് ജയിൽ മോചിതനായ ശേഷം ശൈഖിന് ജീവിതം വീണ്ടും പടുത്തുയർത്തുക അത്ര എളുപ്പമായിരുന്നില്ല. താൻ ഉറുദു പഠിപ്പിച്ചിരുന്ന സ്‌കൂളിലേക്ക് വീണ്ടും തിരിച്ചെത്തിയ ശൈഖിന് ജോലി നൽകാൻ സ്‌കൂൾ അധികൃതർ മടിച്ചു. പിന്നീട് പലരുടെയും ഇടപെടൽ വഴിയാണ് ജോലിയിൽ തിരികെ പ്രവേശിക്കാനായത്. എന്നാൽ എല്ലാവർക്കും ആ ഭാഗ്യം പോലുമില്ല. പൈലറ്റാവാൻ ഒരുപാട് ആഗ്രഹിച്ച ആമിറിന് ജീവിക്കാനുള്ള ജോലിയെങ്കിലും കണ്ടെത്തുക എന്നത് ഏറെ പ്രയാസമായിരുന്നു.

അന്യായമായി ജയിലിലടക്കപ്പെട്ട് പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടാൽ പോലും തുടർന്നുള്ള ജീവിതം ദുഃസ്സഹം തന്നെയാണ്. നഷ്ടപ്പെട്ട വർഷങ്ങളും, പിന്നീടങ്ങോട്ട് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന കുത്തുവാക്കുകളും, മുൻവിധികളുടെ ഇരകളുമായി ജീവിക്കേണ്ടിവരും. ഇരയാക്കപ്പെട്ടവർ ജീവിതകാലം മുഴുവൻ ആ ഭാരം പേറി ജീവിക്കുമ്പോഴും വേട്ടക്കാർക്കെതിരെ നടപടികളൊന്നുമുണ്ടാകാറില്ല. ഇന്ത്യയിൽ അന്യായമായി ജയിലിലടക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയോ പ്രോസിക്യൂഷനെതിരെയോ നടപടിയെടുക്കുന്ന പതിവ് രാജ്യത്തില്ല. അന്യായമായി ജയിലിലടക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ അനുശാസിക്കുന്ന നിയമ ചട്ടങ്ങളുമില്ല. തെറ്റിദ്ധരിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതും തെറ്റായി പ്രോസിക്യൂട്ട് ചെയ്യുന്നതും ബിഎൻസ് പ്രകാരം ശിക്ഷ അർഹിക്കുന്ന കുറ്റമാണെങ്കിൽ പോലും നടപടിയൊന്നുമുണ്ടാകാറില്ല.

2025 ജൂലൈയിൽ അന്യായമായി തടവിലടക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സർക്കാരുകൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. അടുത്തിടെ സമാനമായ ഒരു കേസിൽ 28 ദിവസം അനധികൃതമായി തടവിലടക്കപ്പെട്ട വ്യക്തിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

ശൈഖിനും ആമിറിനും അന്യായമായി തടവിലടക്കപ്പെട്ടതിന്റെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. തീവ്രവാദിയെന്ന് മുദ്രണം ചെയ്യപ്പെട്ടതിൽ പിന്നെ ജീവിതാവസാനം വരെ വേട്ടയാടപ്പെടുമെന്ന് ഇരുവരും പറയുന്നു.നിരവധി തവണ രണ്ട്‌പേരുടെയും വീടുകൾ റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 'ഓരോ തവണ വാതിലിൽ മുട്ട് കേൾക്കുമ്പോഴും ഹൃദയമൊന്ന് നിലക്കും, കരഞ്ഞുകൊണ്ട് എന്നെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് മുറുക്കെ കെട്ടിപിടിക്കും' എന്ന് ശൈഖ് പറയുന്നു. പലപ്പോഴും ജയിൽ സ്വപ്‌നം കണ്ട് ഞാൻ കരഞ്ഞുകൊണ്ടാണ് ഉറക്കമുണരാറെന്ന് ആമിറും പറയുന്നു.

(ഔട്‌ലുക്ക് മാഗസിൻ സീനിയർ അസോസിയേറ്റ് എഡിറ്റർ അവന്തിക മേത്ത എഴുതിയ ലേഖനം - സ്വത​ന്ത്ര പരിഭാഷ- അരീജ മുനസ്സ)

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News