ഇറാൻ്റെ ആണവ വളർച്ച ഇസ്രായേലിൻ്റെ പേടിസ്വപ്നം

ആഭ്യന്തരമായി നെതന്യാഹു മുൾമുനയിലായതും ആക്രമണത്തിന് കാരണമാകാമെന്നാണ് വിലയിരുത്തൽ. ഗസ്സ വംശഹത്യയുൾപ്പെടെയുള്ള തീരുമാനങ്ങളിൽ നെതന്യാഹു കടുത്ത വിമർശനമാണ് നേരിടുന്നത്

Update: 2025-06-14 16:05 GMT

ഇറാനിലെ ആണവ നിലയങ്ങൾ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ നടന്ന ഇസ്രായേലിന്റെ ഓപ്പറേഷൻ റൈസിങ് ലയണിന് പിന്നാലെ തെൽഅവീവ് ലക്ഷ്യമിട്ടിരിക്കുകയാണ് ഇറാൻ. അമേരിക്കയുമായുള്ള ഇറാന്റെ ആണവ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കമുണ്ടായത്. ഇറാന്റെ സൈനിക മേധാവിയും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു.

നാതൻസ് ആണവ പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും കാര്യമായ തകരാർ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇസ്രായേലിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഇറാന്റെ ഭീഷണിക്കുനേരെയുള്ള ആക്രമണമാണെന്നും ഇത് തുടരുമെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം. കുറ്റകൃത്യത്തിന് കഠിനമായ ശിക്ഷ പ്രതീക്ഷിക്കണമെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മുന്നറിയിപ്പ്.

Advertising
Advertising

നാളെ(15-06-2025) ഒമാനിൽ നടക്കേണ്ടയിരുന്ന യു.എസ് - ഇറാൻ ആറാംഘട്ട ചർച്ച അനിശ്ചിതത്വത്തിലാണ്. ചർച്ചയിൽ പ്രസക്തിയില്ലെന്നാണ് ഇറാൻ നിലപാട്. ഇസ്രായേൽ ആക്രമണത്തിൽ യു.എസിന് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. എന്നാൽ 'ഇറാനിയൻ സാമ്രാജ്യം' രക്ഷിക്കാൻ ഇറാൻ നേതൃത്വത്തിന് 'രണ്ടാമതൊരു അവസരം' എന്നാണ് ട്രംപ് ചർച്ചയെ വിശേഷിപ്പിച്ചത്.

ഇറാന്റെ ആണവപദ്ധതി

യുഎസ് പിന്തുണയോടെയാണ് ഇറാൻ ആണവ പദ്ധതിയുടെ ആരംഭം. 1957ൽ, പ്രസിഡന്റ് ഐസൻഹോവറിന്റെ "ആറ്റംസ് ഫോർ പീസ്" പദ്ധതിക്ക് കീഴിലാണ് ഇറാൻ ആണവോർജ പദ്ധതി  ആരംഭിക്കുന്നത്. 1970കളിൽ ആണവ റിയാക്ടറുടെ പ്രവർത്തനം തുടങ്ങി. 1979-ലെ ഇസ്ലാമിക വിപ്ലവത്തോടെ യു.എസ് - ഇറാൻ ബന്ധം പൊളിയുന്നത് വരെ ഇത് തുടർന്നു. എന്നാൽ ഇറാൻ ആണവശേഷി വർധിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചു.


യുഎസ് ആശങ്കയോടെ വീക്ഷിച്ച ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ് നതാൻസ്. ഗവേഷണവും ഉർജോത്പാദനവും ലക്ഷ്യമിട്ടുള്ള സമാധാനപരമായ ആണവ പദ്ധതിയാണെന്ന് ഇറാൻ ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ ആണവ നിർവ്യാപന കരാറിൽ കക്ഷിയായ ഇറാൻ, ആണവായുധങ്ങൾ വികസിപ്പിക്കരുതെന്ന ഉടമ്പടി പിന്തുടരുന്നതായും വാദിച്ചു. അതേസമയം ഇറാൻ യുറേനിയം സമ്പുഷ്ടീകരണത്തെക്കുറിച്ചും മറ്റു പ്രധാന നീക്കങ്ങൾ മറച്ചുവെക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര നിരീക്ഷണ ഏജൻസികൾ ആരോപിച്ചു.

ബറാക് ഒബാമയുടെ കീഴിൽ ഉണ്ടാക്കിയ ഇറാൻ ആണവ കരാറിൽ നിന്ന് 2018ൽ ഡോണാൾഡ് ട്രംപ് പിന്മാറിയതോടെ സ്ഥിതിഗതികൾ രൂക്ഷമായി.ഇറാന്റെ യുറേനിയം ശേഖരം പരിമിതപ്പെടുത്തുന്നതായിരുന്നു കരാർ. ഈ കരാറിനെ ദുരന്തമെന്ന് വിളിച്ച ട്രംപ് ഇറാന് മേലെ ഉപരോധം ഏർപ്പെടുത്തി.

ആക്രമണം ഇതാദ്യമല്ല

ഇറാന്റെ ആണവ പദ്ധതികൾ നേരത്തെയും അമേരിക്കയും ഇസ്രായേലും ലക്ഷ്യമിട്ടിരുന്നു.ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകത്തിന് പിന്നിൽ മൊസാദാണെന്ന് 2010 മുതൽ ഇറാൻ ആരോപിക്കുന്നുണ്ട്. 2007 മുതൽ 2010 വരെ അഞ്ച് ആണവ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്.

ഇറാന്റെ സുപ്രധാന ആണവ ശാസ്ത്രജ്ഞനായ ഫെരെയ്ദൂൻ അബ്ബാസി മാത്രമാണ് അന്ന് മൊസാദിൽ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അബ്ബാസിയും മുഹമ്മദ് മെഹ്ദി തെഹ്രാഞ്ചിയും കൊല്ലപ്പെട്ടു. 2020 നവംബറിലാണ് ഇറാന്റെ സുപ്രധാന ആണവ ശാസ്ത്രജ്ഞനായ മൊഹ്സൻ ഫക്രിസാദെയെ മൊസാദ് വധിച്ചത്. ബുള്ളറ്റ് പ്രൂഫ് കാറിലിരിക്കെയാണ് ഫക്രിസാദെയെ മൊസാദ് ഏജന്റുമാർ കൊലപ്പെടുത്തിയത്.


നതാൻസിലെ യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് 2010ൽ നടന്ന സൈബറാക്രമണമാണ് സ്റ്റക്സ്നെറ്റ് വേം. മൊസാദ്, യുഎസ് പിന്തുണയോടെ നടത്തിയ ആക്രമണമാണെന്നാണ് ആരോപണം. 2018ൽ ഇറാന്റെ ആണവ ആർക്കൈവിൽ മോഷണം നടത്തിയതായും 55,000 പേജുകളുള്ള ആണവ വിവരങ്ങൾ ലഭിച്ചതായും നെതന്യാഹു അവകാശപ്പെട്ടിരുന്നു. 2020ലും 2021ലുമായി നതാൻസിലെ സെൻട്രിഫ്യൂഗൽ പ്ലാന്‍റിലും യുറേനിയും പ്ലാന്‍റിലുമുണ്ടായ പൊട്ടിത്തെറിക്ക് പിന്നിലും മൊസാദാണെന്നാണ് ആരോപണം.

ആക്രമണത്തിന് ഇസ്രായേൽ ഇപ്പോൾ മുതിർന്നത് എന്ത് കൊണ്ട്?

അമേരിക്കയുടെ പിന്തുണ മാത്രമല്ല, ആണവായുധങ്ങളാണ് ഇസ്രായേലിന് പശ്ചിമേഷ്യയിൽ ആധിപത്യം നൽകുന്നത്. ആണവായുധങ്ങൾ കൈവശമുള്ളത് ഇസ്രായേൽ തുറന്ന് സമ്മതിക്കുന്നില്ലെങ്കിലും ലോകരാജ്യങ്ങൾ ഇത് അംഗീകരിക്കുന്നുണ്ട്.

ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുമെന്ന ആശങ്കയാണ് ഇസ്രായേൽ നിലനിൽപ്പിന് ഭീഷണിയായി കാണുന്നത്. ഇറാന് 'വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു ആണവായുധം നിർമിക്കാൻ സാധിക്കുമായിരുന്നു - അത് ഒരു വർഷമാകാം അല്ലെങ്കിൽ ഏതാനും മാസങ്ങൾ ആകാം' എന്നാണ് ഇസ്രായേൽ ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞത്.


നീരാളിയുടെ തല എന്നാണ് ഇസ്രായേൽ, ഇറാനെ വിശേഷിപ്പിക്കുന്നത്. ഗസ്സ യുദ്ധത്തിൽ ഇസ്രായേലിന് തലവേദനയായ ഹിസ്ബുല്ല, ഹൂതി തുടങ്ങിയ ഇസ്രായേൽ വിരുദ്ധ സായുധ സംഘടനകളുടെ പിന്നിലും പ്രതിരോധത്തിന്റെ അച്ചുതണ്ട് (axis of resistance) തലപ്പത്ത് ഇറാനാണെന്നുമുള്ള ആശയം ഇസ്രായേലിനെ വലക്കുന്നുണ്ട്. ഗസ്സ യുദ്ധത്തിൽ മുതിർന്ന നേതാക്കളെ ഉൾപ്പടെ വധിച്ച് ഹമാസിനെയും ഹിസ്ബുല്ലയെയും ദുർബലപ്പെടുത്താൻ ഇസ്രായേലിന് സാധിച്ചിട്ടുണ്ടെങ്കിലും ഈ കാലയളവിൽ ചെറിയ സായുധ സംഘടനകളെ തകർക്കാനാകാത്തതും ഇസ്രായേലിന് തലവേദനയാണ്.

ആഭ്യന്തരമായി നെതന്യാഹു മുൾമുനയിലായതും ആക്രമണത്തിന് കാരണമാകാമെന്നാണ് വിലയിരുത്തൽ. ഗസ്സ വംശഹത്യയുള്‍പ്പെടെയുള്ള രാഷ്ട്രീയ തീരുമാനങ്ങളിൽ നെതന്യാഹു കടുത്ത വിമർശനമാണ് നേരിടുന്നത്. ഇറാൻ വിവരങ്ങൾ കൈമാറുന്നില്ലെന്ന് അന്താരാഷ്ട്ര ആണവ ഏജൻസി റിപ്പോർട്ടിലുണ്ടെങ്കിലും ഇസ്രായേലിന് ഭീഷണിയാകുന്ന എന്തെങ്കിലും ഉണ്ടെന്ന സൂചനയില്ലെന്നിരിക്കെയാണ് ആക്രമണമെന്ന വിമർശനവുമുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - ഷഹാന ഷെറിൻ

contributor

Similar News