ഇരുട്ടിൽ നിന്നും തെളിഞ്ഞൊരു താരകം: ആകാശ് ദീപിന്റെ ജീവിതവും ക്രിക്കറ്റും..
എഡ്ജ്ബാസ്റ്റണെന്ന ഇംഗ്ലണ്ടിന്റെ രാവണൻകോട്ട ഒടുവിൽ ആകാശ് ദീപിലൂടെ തകർക്കപ്പെടുമ്പോൾ ഇന്ത്യ വീണ്ടും സ്വപ്നം കണ്ടുതുടങ്ങുകയാണ്...
ക്രിക്കറ്ററാവുക എന്ന സ്വപ്നത്തിന് മേൽ ചെറുപ്പനാളുകളിൽ അനുഭവിച്ച ദാരിദ്ര്യം മുതൽ വന്ദ്യപിതാവിന്റെ വിയോഗം വരെയുണ്ട്. പഠനം പാതിവഴിയിലുപേക്ഷിച്ചു ക്രിക്കറ്റിനായി സമർപ്പിച്ച ആകാശിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എല്ലാ തടസ്സങ്ങളും നീങ്ങി ഇന്നയാൾ അയാളെത്തി നിൽക്കുന്നത് ലോകത്തിന്റെ നെറുകെയിലാണ്.
ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിൽ ഒരു ടെസ്റ്റ് വിജയമെന്ന ഇന്ത്യൻ സ്വപ്നങ്ങൾക്ക് 58 വർഷത്തെ പഴക്കമുണ്ട്, ഇന്നത് പഴങ്കഥയാകുമ്പോൾ മുൻനിരയിൽ ആകാശ് ദീപുമുണ്ട്. നിരാശയിൽ തുടങ്ങി നഷ്ടബോധങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഇന്ത്യൻ പ്രതീക്ഷകളെ അയാൾ ചുമലിലേറ്റാൻ തുടങ്ങിയിരിക്കുന്നു. ജസ്പ്രീത് ബുമ്രക്കൊപ്പം ആക്രമണം നയിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ഒരാളെ തിരയാൻ തുടങ്ങിയിട്ട് നാളുകളേറെയായി., എഡ്ജ്ബാസ്റ്റണെന്ന ഇംഗ്ലണ്ടിന്റെ രാവണൻകോട്ട ഒടുവിൽ ആകാശ് ദീപിലൂടെ തകർക്കപ്പെടുമ്പോൾ ഇന്ത്യ വീണ്ടും സ്വപ്നം കണ്ടുതുടങ്ങുകയാണ്..
ആകാശ് ദീപിലൂടെ, അദ്ദേഹത്തിന്റെ ജീവിതനാളുകളിലൂടെ..!
ക്രിക്കറ്റ് ഒരു മതവും പ്രിയതാരങ്ങൾ തങ്ങളുടെ ദൈവങ്ങളുമാകുന്ന ഇന്ത്യയിൽ ഒരു ക്രിക്കറ്ററാവുക എന്ന സ്വപ്നങ്ങൾക്ക് പുതുമകളില്ല. ഗല്ലി ക്രിക്കറ്റുകളിൽ സച്ചിൻ ടെണ്ടുൽക്കറുടെ സ്ട്രൈറ്റ് ഡ്രൈവ് അനുകരിക്കാത്ത, ബാറ്റുകളിൽ എം ആർ എഫെന്ന മൂന്നക്ഷരം കോറിയിടാത്ത ഇടം കൈ ബൗളർമാർക്ക് സഹീർ ഖാനും വസീം അക്രമും അല്ലാത്തവർക്ക് ബ്രെറ്റ് ലീയും വാൽഷും ജവഗൽ ശ്രീനാഥുമെല്ലാം ആരാധനാപ്രാത്രങ്ങളാവാത്ത ബാല്യങ്ങളുണ്ടോ ഇന്ത്യയിൽ.!
ബീഹാറിലെ ഗ്രാമപ്രദേശമായ സസറാമിൽ ഗവൺമെന്റ് സ്‌കൂളിൽ അധ്യാപകനായിരുന്ന റാംജി സിംഗിന്റെ മകനായി ജനിച്ച ആകാശ് ദീപും ഇക്കാര്യത്തിൽ വ്യത്യസ്ഥനായിരുന്നില്ല. നല്ലൊരു ക്രിക്കറ്റ് കളിക്കാരനാവണം., അത് മാത്രമായിരുന്നു ചിന്ത. അധ്യാപകനായ പിതാവിന് മകൻ ഒരു ഗവണ്മെന്റ് ജോലി നേടണമെന്നും ആകാശ് ദീപിന് പഠനത്തേക്കാൾ താല്പര്യം കളിയിലാവുകയും ചെയ്തതോടെയാണ് വീട്ടിലും സഹവാസികളിലും ദീപ് തനിച്ചാവുന്നത്.
ക്രിക്കറ്റിലെ അമിതതാല്പര്യം വീടിന് പുറത്തും പാട്ടായാതോടെ തന്റെ ബാല്യകാല സുഹൃത്തുക്കളെ തന്നോട് മിണ്ടുന്നതും കൂട്ട് കൂടുന്നതും പോലും അവരുടെ രക്ഷിതാക്കൾ വിലക്കിയിരുന്നെന്നും ആകാശ് ദീപ് ഓർത്തെടുക്കുന്നു. 'കളിഭ്രാന്തനായ' ഒരാളുടെ കൂട്ട് തങ്ങളുടെ മക്കളിലെ പഠനതാല്പര്യം കുറയുമെന്നും അവരുടെ ഭാവി അവതാളത്തിലാകുമെന്നും അവർ ഭയപ്പെട്ടിരുന്നത്രെ.! ജീവിതത്തിന്റെ ക്രീസിൽ കുഞ്ഞു ആകാശ് നേരിട്ട ആദ്യകയ്പ്പേറിയ അനുഭവമായിരുന്നുവത്. എങ്കിലും തന്റെ കുഞ്ഞു മനസ്സിൽ കോറിയിട്ട ആ വലിയ സ്വപ്നം ആകാശ് ദീപിൽ നിന്നകന്ന് പോയതേയില്ല. തീർത്തും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും തന്റെ ഇഷ്ടങ്ങൾക്ക് നിറം ചാർത്താൻ തനിക്കാവുമെന്ന വിശ്വാസം കളിയെ കാര്യമായിക്കാണാൻ പ്രേരകമായി.
കളി കാര്യമായതോടെ പിതാവിന്റെ കർശന നിർദ്ദേശങ്ങൾക്ക് അയവ് വന്നു, വിവിധ പരീക്ഷകളെഴുതിപ്പിച്ച് പോലീസ് കോൺസ്റ്റബിൾ ആക്കുവാനും അത് സാധ്യമാവാത്തൊരു ഘട്ടത്തിൽ സ്‌കൂൾ പ്യൂൺ ജോലിക്കായും റാംജി സിംഗ് ആകാശിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയെങ്കിലും സമയമേറെ വൈകിപ്പോയിരുന്നു. തന്റെ ഭാവി ക്രിക്കറ്റാണെന്നും താൻ പ്രതിനിധീകരിക്കുന്ന ടീമിന്റെ ഉയർച്ച തന്നിലൂടെയാവണമെന്നും അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നിരിക്കാം, അതിനിടയിൽ പ്രിയ സുഹൃത്തിന്റെ സഹായത്തോടെ ബിഹാറിലെ ലോക്കൽ ടെന്നീസ് ബോൾ ടൂർണമെന്റുകളിലെ സജീവസാനിധ്യമായി നിലകൊള്ളാനും ആകാശ് ദീപിനായി.
ബാറ്ററായി തുടങ്ങിയ ആകാശ് ക്രിക്കറ്റ് മൈതാനത്ത് നിന്നും ആദ്യം സമ്പാദിച്ച തുക , ദിനേന 800 രൂപ..! ടൂർണമെന്റുകൾ പങ്കെടുക്കുന്നതിനും യാത്രാ ചെലവിനും മറ്റ് കാര്യങ്ങൾക്കുമായി വീട്ടുകാരെ ആശ്രയിക്കാതെ സ്വയം പര്യാപ്തമായ ആകാശ് ബീഹാർ ക്രിക്കറ്റ് അസോസിയേഷനിലേക്ക് ചുവട് മാറ്റി, ടെന്നീസ് ബോളിൽ നിന്നും പ്രൊഫഷണൽ ക്രിക്കറ്റിലേക്ക്.! അവിടെയും അൽപ്പായുസ്സായിരുന്നു ആകാശിനും, തന്റെ നേടാനാഗ്രഹിക്കുന്ന സ്വപ്നങ്ങൾക്കും. സസ്‌പെൻഷൻ നേരിട്ട ബീഹാർ ക്രിക്കറ്റ് ബോർഡിന്റെ പ്രവർത്തനങ്ങൾ നിലക്കുകയും ആ ബോർഡിന് കീഴിൽ പരിശീലിക്കുകയായിരുന്ന ഭാവിതാരങ്ങൾ വഴിയാധാരമാവുകയും ചെയ്തു..!
സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ സാധിക്കാത്ത ബീഹാർ സംസാഥാന ക്രിക്കറ്റ് അധികാരികൾക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തക്ക പ്രാപ്തിയുണ്ടായിരുന്നില്ല. കൃത്യമായ പരിശീലനമുറകളോ , പരിശീലകരുടെ നേർവഴികളോ ലഭിക്കാതിരുന്ന ആകാശ് ദീപിന്റെ കരിയറിലെ ആദ്യ വഴിത്തിരിവ് പതിനാലാം വയസ്സിൽ ബംഗാൾ ക്രിക്കറ്റിലേക്കുള്ള കൂട്മാറ്റത്തോടെ സാധ്യമാവുകയായിരുന്നു.
തന്നിലേക്ക് വരുന്ന പന്തുകളെ ഉഗ്രൻ പ്രഹരശേഷിയോടെ അടിച്ചകറ്റാൻ കൊതിച്ച ഒരു ബാറ്ററിൽ നിന്നും കൃത്യതയുള്ള യോർക്കറുകളും ബാറ്റേഴ്സിനെ കബളിപ്പിക്കുന്ന 'നക്ക്‌ൾ' ബോളുകളുമെറിയുന്ന തന്ത്രശാലിയായ ഒരു ബൗളറായി ആകാശ് ദീപ് മാറിയതിന്റെ ക്രെഡിറ്റ് ആദ്യ കോച്ചായ ബംഗാൾ ബൗളർ രണദേപ് ബോസിനുള്ളതാണ്.
ഒരു ബാറ്ററല്ല, ബാറ്റേഴ്സിനെ കുടുക്കാൻ പ്രാപ്തിയുള്ള ഒരു ബൗളറാണ് തന്റെ ശക്തിയെന്ന് സാങ്കേതികമായി ആകാശിനെ ബോധ്യപ്പെടുത്താൻ രണദേപ് ബോസിന് മുന്നേ മറ്റൊരാൾ ഉണ്ടായിരുന്നില്ല. ബംഗാൾ ഫസ്റ്റ് ഡിവിഷൻ ലോക്കൽ ക്ലബുകളിൽ കളിച്ചു വളർന്ന ആകാശ് ദീപിന് ബൗളിങ്ങിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കാൻ രണദെപും അവിടത്തെ മത്സരപരിചയങ്ങളും തുണയായി. പുതിയ ടാലന്റുകളെ കണ്ടെത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യ വിഷൻ 2020 ൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ നേരെ ബംഗാൾ സ്റ്റേറ്റ് സീനിയർ ടീമിലേക്ക്..
കരിയർ തന്നെ അപകടത്തിലാക്കും വിധമുള്ള ബാക്ക് ഇഞ്ച്വറി , അന്നത്തെ പരിശീലകനായിരുന്ന സൗരാശിഷ് ലാഹിരിയുടെ നേതൃത്വത്തിൽ റീഹാബിലിറ്റേഷൻ പ്രക്രിയകൾ , അണ്ടർ 23 ടീമിൽ നിന്നുള്ള പുറത്താക്കപ്പെടലുകൾ, ഇനിയൊരുപക്ഷേ പന്തെറിയാൻ സാധിച്ചേക്കില്ലെന്ന ഡോക്റ്റർമാരുടെ വിലിയിരുത്തലുകളെ തിരുത്തിക്കൊണ്ടുള്ള അതിജീവനം..
എളുപ്പമായിരുന്നില്ല ആകാശ് ദീപിന്റെ വഴികൾ..
പ്രൊഫഷണൽ ക്രിക്കറ്ററായി പിതാവിന്റെ മുന്നിൽ അഭിമാനപുരസരം തലയുയർത്തി നിൽക്കാൻ കൊതിച്ച ആകാശ് ദീപിന്റെ ജീവിതത്തിലെ വലിയ മോഹങ്ങളിലൊന്നിന് മേൽ വിധിയുടെ ഇടപെടൽ വീണ്ടുമുണ്ടായി. ഒരു ഫസ്റ്റ് ക്ലാസ്സ് മത്സരം കളിക്കും മുന്നെ പിതാവ് റാംജി സിങ്ങും മാസങ്ങളുടെ ഇടവേളയിൽ മൂത്ത സഹോദരനും മരണത്തിന് കീഴടങ്ങി. സാമ്പത്തികമായി സുസ്ഥിരത കൈവരിച്ചിട്ടില്ലാത്ത കുടുംബത്തിനെ പരിപാലിക്കാൻ ബംഗാൾ വിട്ട് വീണ്ടും ബീഹാറിലോട്ട്. രണ്ട് ഇളയ സഹോദരിമാരും അമ്മയും മാത്രമുള്ള കുടുംബത്തിന്റെ ഏകവരുമാനമാർഗ്ഗം ആകാശിലേക്ക് ചുരുങ്ങിയതോടെ അദ്ദേഹത്തിന്റെ ജീവിതാഭിലാഷങ്ങൾക്കും മൂന്ന് വർഷത്തെ താൽക്കാലികവിരാമമുണ്ടായി.
വർഷങ്ങളുടെ ഇടവേളകളിൽ തിരിച്ചുവന്ന ആകാശ് ദീപിന് പിന്നീടൊരു തിരിഞ്ഞുനോട്ടം വേണ്ടിവന്നില്ലെന്നതാണ് സത്യം. ജീവിതം പലരീതിയിൽ കരക്കടുപ്പിക്കാൻ ശ്രമിച്ച ആ മൂന്ന് വർഷങ്ങളിലും ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് തിരിച്ചുവരാനുള്ള പ്രയത്‌നങ്ങൾ തുടർന്നതോടെ വീണ്ടും ബംഗാളിലേക്കുള്ള കൂടുമാറ്റം.. രഞ്ജി ട്രോഫിയിൽ ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റവും വിജയ് ഹസാരെ ട്രോഫിയിൽ ലിസ്റ്റ് എ അരങ്ങേറ്റവും ബംഗാളിന് വേണ്ടി സാധ്യമായി. ഹരിയാനിക്കെതിരെ 10 വിക്കറ്റ് പ്രകടനവും, തുടർന്ന് സെമിഫൈനലിൽ അഞ്ച് വിക്കറ്റ് പ്രകടനവും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും. ഫൈനലിൽ ബംഗാൾ അടിയറവ് പറഞ്ഞെങ്കിലും സീസണിലൊന്നാകെ 41 വിക്കറ്റുകൾ വീഴ്ത്തിയ ആകാശ് അതിനോടകം തന്നെ സെലക്ടേഴ്സിന്റെ നോട്ടപ്പുള്ളിയായി കഴിഞ്ഞിരുന്നു.
മികച്ച പ്രകടനങ്ങൾ തുടർന്നതോടെ നേരെ ഐ പി എല്ലിലേക്ക്..
2021 ൽ പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരക്കാരനായി വിരാട് കോഹ്‌ലിയുടെ ആർ സി ബി ടീമിൽ സ്ഥാനം ലഭിച്ച ആകാശ് ലഭിച്ച പരിമിതമായ അവസരങ്ങളിലൊക്കെ ശ്രദ്ധയാകർഷിച്ചു. സിങ്ങും സീം വേരിയേഷനും യോർക്കറുകളുമായി കളം നിറഞ്ഞ ആകാശിന്റെ മികച്ചൊരു സ്പെല്ലിനൊടുവിൽ കമന്റേറ്ററി ബോക്സിലിരുന്ന് സുനിൽ ഗാവസ്‌കർ ഇങ്ങനെ അഭിപ്രായപ്പെട്ടു.
“His action and seam position are well-suited for Test cricket. Perhaps, we might soon see him in the Indian Test team. Selectors — it’s time to keep an eye on him.” (ഇദ്ദേഹത്തിന്റെ ആക്ഷനും സീമിങ് പൊസിഷനും ടെസ്റ്റ് ക്രിക്കറ്റുകൾക്ക് യോജിച്ച വിധമാണ്, ഒരുപക്ഷെ ഇദ്ദേഹത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നമുക്ക് ഉടനെ കാണാനേയേക്കും. സെലക്ടേഴ്‌സ്.. ഇയാളിൽ ഒരു കണ്ണുണ്ടായിരിക്കുക..!)
2024 ൽ റാഞ്ചി മൈതാനത്ത് ഇംഗ്ലണ്ടിനെതിരെയുള്ള ഒരു ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി രാഹുൽ ദ്രാവിഡിൽ നിന്നും ബാഗി ബ്ലൂ ഇന്ത്യൻ ക്യാപ്പ് സ്വന്തമാക്കുമ്പോൾ ചിരിക്കുന്ന മുഖത്തിലും ഈറനണിയുന്ന കണ്ണുകൾ കാണാനായി. തന്റെ ഈ അനുപമമായ നേട്ടം കാണാൻ അച്ഛനില്ലാത്ത നിരാശയാവാം, അതുമല്ലെങ്കിൽ അയാളുടെ ജീവിത വഴികളിലെ കൽമുള്ളുകൾ നിറഞ്ഞ വഴിയോർത്തതാവാം..
ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ഷാമിയുമുൾപ്പെടുന്ന ഇന്ത്യൻ പേസ് അറ്റാക്കിൽ തന്റെ പേര് സ്ഥിരമാവാൻ താനൊരുപാട് കാത്തിരിക്കേണ്ടി വരുമെന്ന് ആകാശിന് നന്നായി അറിയാമായിരുന്നു. പേസ് ത്രയങ്ങളിൽ ആരെങ്കിലും പരിക്ക് പറ്റിയാൽ മാത്രം, ആർക്കെങ്കിലും വിശ്രമം അനുവദിച്ചാൽ മാത്രം ആകാശ് ദീപ് ഇന്ത്യൻ ടീമിന്റെ ഭാഗമാകും.!
എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്..
പരമ്പരയിൽ പിന്നിട്ട് നിൽക്കുന്ന ഇന്ത്യക്ക് മറ്റൊരു തോൽവി പരമ്പര നഷ്ടപ്പെടുന്നതിലേക്കും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നിലനിൽപ്പിനും ഭീഷണിയാകുമെന്നിരിക്കെ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുന്നു. പകരം ആകാശ് ദീപ് ടീമിൽ. പ്രത്യേകിച്ച് ബൗളേഴ്‌സിന് ആനുകൂല്യങ്ങളൊന്നുമില്ലാത്ത ഫ്‌ളാറ്റ് പിച്ചിൽ ഇരു ടീമുകളുടെയും ബാറ്റേഴ്‌സ് യഥേഷ്ടം സ്‌കോർ ചെയ്യുന്നു..
ബൗളേഴ്‌സിന്റെ മാന്ത്രികപ്രകടനങ്ങൾ സാധ്യമായില്ലെങ്കിൽ ഒരുപക്ഷെ വിരസമായ സമനിലയിലായിപ്പോയേക്കാവുന്ന മത്സരത്തിന് ഒരു ജീവനുണ്ടെന്ന് തോന്നിയത് ഒന്നാമിന്നിഗ്‌സിൽ ആകാശ് തുടർച്ചയായിയെറിഞ്ഞ 2 പന്തുകളാണ്. മികച്ച ഫോമിൽ കളിക്കുന്ന ബെൻ ഡക്കറ്റും ഒലി പോപ്പും അടുത്തടുത്ത പന്തുകളിൽ പുറത്ത്. ശേഷം ഹാരിബ്രൂക്കിന്റേതുൾപ്പെടെ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ആകാശ് സിറാജിനൊപ്പം ഇന്ത്യക്ക് സമ്മാനിച്ചത് 180 റൺസിന്റെ കൂറ്റൻ ലീഡ്.
ബാസ്ബാൾ - മൈൻഡ് ഗെയിമിന്റെ വക്താക്കളായ ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണിൽ നേടിയ ഈ ആധിപത്യം ഇന്ത്യൻ ക്രിക്കറ്റിന് അത്ര സുപരിചിതമല്ല , 'അവിശ്വസനീയം' എന്ന ഒറ്റ വാക്കുകൾ കൊണ്ട് വിശേഷപ്പിക്കാൻ തക്ക പ്രകടനം.! 607 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ആകാശ് ദീപിന്റെ പന്തുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഓഫ് സ്റ്റമ്പിന് പുറത്ത് ഫോർത്ത് സ്റ്റംപിൽ പന്തെറിഞ്ഞ ആകാശ് ഇടക്ക് അപ്രതീക്ഷിതമായി ഇൻസ്വിങ്ങറുകളും, വിക്കറ്റ് റ്റു വിക്കറ്റ് ഡെലിവറികളും കൊണ്ട് ഇംഗ്ലണ്ടിനെ ബാക്ക്‌ഫുട്ടിലാക്കി. ആദ്യം വീണ 5 വിക്കറ്റുകളിൽ നാലെണ്ണവും സ്വന്തം പേരിലാക്കിയ ആകാശ് ഒരു ഫീൽഡറുടെ സഹായം പോലുമില്ലാതെയാണ് നേട്ടം കൈവരിച്ചത്.
രണ്ട് സിക്‌സറുകൾ വഴങ്ങിയ ശേഷം മൂന്നാമത്തെ പന്തിൽ വേഗം കുറഞ്ഞൊരു പന്തിൽ ജാമി സ്മിത്തിനെ ഡീപ് സ്ക്വയർ ലെഗിൽ കുടുക്കിയ ആകാശിന്റെ ആ ഒരൊറ്റ പന്ത് മതി അദ്ദേഹമെത്ര 'സ്കിൽഫുൾ' ആണെന്ന ബോധ്യപ്പെടലിന്. സമകാലിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊന്നായ ജോ റൂട്ടിന്റെ കുറ്റി തെറിപ്പിച്ച പന്തിനെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ വിശേഷിപ്പിക്കുന്നത് 'ബോൾ ഓഫ് ദി സീരീസ്' എന്നാണ്.!
മൂന്ന് മത്സരങ്ങൾ കൂടെ നിലവിൽ ബാക്കിയിരിക്കെയാണ് അങ്ങനെയൊരു വിശേഷണത്തിനർഹനായത്. രണ്ടാമിന്നിങ്സിലെ എണ്ണം പറഞ്ഞ ആറ് വിക്കറ്റുൾപ്പെടെ മത്സരത്തിലൊന്നാകെ സ്വന്തമാക്കിയ 10 വിക്കറ്റുകൾക്ക് ശുഭ്മാൻ അടിച്ചെടുത്ത 430 റൺസിനോളമോ അതിലേറെയോ മൂല്യമുണ്ട്. എത്ര റൺസടിക്കുന്നു എന്നതിലല്ല , എതിരാളികളുടെ ഇരുപത് വിക്കറ്റുകൾ ശേഷിയുണ്ടോ എന്നതിലാണ് ടെസ്റ്റ് മത്സരങ്ങളുടെ ഫലം..!
മുൻനിര താരങ്ങൾക്ക് പരിക്ക് പറ്റുമ്പോൾ മാത്രം അവർക്ക് പകരക്കാരനാവേണ്ടതല്ല താനെന്നും ഇതുപോലെയൊരു ബൗളർ ഏതൊരു ടീമിന്റെയും ആർഭാടമാണെന്നും നായകനെ , പരിശീലകനെ , ഇന്ത്യയെയൊന്നാകെ ബോധ്യപ്പെടുത്തിയാണ് ആകാശ് ദീപ് കളിക്കളം വിട്ടത്. ആഷസിന് മുന്നേയുള്ള പരിശീലനമെന്ന നിലക്ക് ഇന്ത്യയെ പരിഹസിച്ച ഇംഗ്ലണ്ട് നിലവിൽ പരമ്പരയിൽ ബാക്ക്‌ഫുട്ടിലാണ്. പരാജയത്തെ ഉൾക്കൊള്ളാനാവാതെ പിച്ചിനെ കുറ്റം പറയുന്ന ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മൂന്നാം മത്സരത്തിനായി ലോർഡ്‌സിൽ ഇറങ്ങുമ്പോൾ ബുമ്രക്കൊപ്പം ആകാശ് ദീപ് തന്നെയായിരിക്കും അവർ നേരിടുന്ന വെല്ലുവിളി.
ആകാശ് ദീപിന്റെ മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ മൂന്നാം സീമറെന്ന ഓപ്‌ഷൻ ആകാശിൽ ഭദ്രമാണ്. ഒരൽപ്പം സഹായം ലഭിക്കുന്ന ബൗളിംഗ് ഫ്രണ്ട്ലി കണ്ടീഷനിൽ ഇതിലേറെ മനോഹരമായി പന്തെറിയുന്ന ഒരു ലോങ്ങ് റ്റേം പ്രോസ്പെക്റ്റ് നിലവിൽ ലഭ്യമല്ല. 'ഒറ്റക്ക് വഴിവെട്ടി വന്നവരെന്ന' വാചകത്തിന് പ്രത്യക്ഷത്തിൽ തകരാറുണ്ടെന്നിരിക്കെ തന്നെ ചുരുങ്ങിയ പക്ഷം ആകാശ് ദീപിന്റെ കാര്യത്തിലെങ്കിലും അത് സമ്മതിക്കേണ്ടി വരും. തന്നോട് കൂട്ട് കൂടിയ സൗഹൃദങ്ങളെ പോലും വിലക്കിയ ബാല്യകാലത്ത് നിന്നും രാജ്യമൊന്നാകെ ചേർത്ത് പിടിക്കുന്ന തലത്തിലേക്ക് ആകാശ് വളർന്നിരിക്കുന്നു..
കൂടെ വളരുന്നത് അയാളുടെ സ്വപ്നങ്ങൾ മാത്രമല്ല, ഇന്ത്യയുടെ പ്രതീക്ഷകൾ കൂടിയാണ്..! കയ്പ്പ് നിറഞ്ഞ ഭൂതകാലത്ത് നിന്നും നേട്ടങ്ങൾ കൊയ്യുന്ന ഒരു ഭാവിയിലേക്ക് ആകാശിനിനി അധികം ദൂരമില്ല.. അകന്ന് നിന്ന സുഹൃത്തുക്കൾ നിശബ്ദമായി ആകാശ് ദീപിന് വേണ്ടി കയ്യടിക്കുന്നുണ്ടാകാം, മകന്റെ നേട്ടങ്ങളിൽ അഭിരമിക്കുന്ന പിതാവും മറ്റൊരു ലോകത്തിരുന്ന് ആർപ്പ് വിളിക്കുന്നുണ്ടാകാം..!