ഇസ്രായേലിനെ പ്രേമിക്കുന്ന ക്വിയറുകളുടെ അറിവിലേക്ക്

ക്വിയർ അവകാശങ്ങൾ നിറവേറ്റുന്നു എന്ന് ലോക ജനതയ്ക്ക് മുന്നിൽ ഇസ്രായേൽ വരുത്തിതീർക്കാനുള്ള ശ്രമം മുതലാളിത്തതിന്റെ ഒത്തിരി തന്ത്രങ്ങളിൽ ഒന്ന് മാത്രമാണ്. ഗസയിലെ ക്വിയർ മനുഷ്യരെ ഓർക്കാതെ ഈ പറ്റിപ്പിന് കൂട്ടുനിൽക്കുന്നതിന് അന്താരാഷ്ട്ര നിയുക്തസംഘത്തിന്റെ ഭാഗമായി ടെൽ അവീവ് പ്രൈഡിന് പോയ ഇന്ത്യൻ പ്രതിനിധികൾ ഇന്ത്യൻ ക്വിയർ മുന്നേറ്റത്തിന് നാണക്കേടാണ്. ചരിത്രം ഇതിന് പകരം ചോദിക്കുക തന്നെ ചെയ്യും.

Update: 2025-07-31 08:02 GMT

ക്വിയർ മുന്നേറ്റങ്ങളുടെ ലക്ഷ്യം എന്നത് ക്വിയർ അവകാശങ്ങൾക്കോ, ക്വിയർ വ്യക്തികളുടെ ഉന്നമനത്തിനോ 'മാത്രമായി' പോരാടുക എന്നതിലേക്ക് ചുരുക്കുന്നത് തികച്ചും വിഭാഗീയമായ സമീപനമാണ്. മാത്രമല്ല, ക്വിയർ വിഭാഗങ്ങളെ കൊണ്ട് മാത്രം ഒറ്റക്ക് നടത്തിയെടുക്കാവുന്ന കാര്യവുമല്ല ഇത്. ഇതുവരെ ക്വിയർ വിഭാഗങ്ങൾ നേടിയ ഏതൊരു അവകാശവും ബഹുജന പിന്തുണയോടെ നേടിയതാണ്. ലോകത്തുണ്ടായിട്ടുള്ള എല്ലാ അവകാശങ്ങളും അവബോധങ്ങളും തെരുവിലിറങ്ങാൻ തയാറായ വിവിധ വർഗബഹുജനങ്ങളുടെ സമരങ്ങളുടെ ഫലമാണ്.

പ്രക്ഷുബ്ധമായ തെരുവുകളുടെ പ്രകമ്പനങ്ങളാണ് അധികാരസംവിധാനങ്ങളായ സർക്കാരുകളെയും കോടതികളെയും ജനാധിപത്യവൽക്കരിക്കുന്നതിന് വഴിയൊരുക്കുക. ലോക ക്വിയർ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളായ, സ്റ്റോൺവാൾ കലാപത്തിന്റെ മുൻനിരപോരാളിയായിരുന്ന, അവരുടെ സ്വത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കൊലചെയ്യപ്പെട്ട മാർഷാ പി. ജോൺസൺ എന്ന ആഫ്രോ-അമേരിക്കൻ ട്രാൻസ് സ്ത്രീയുടെ പ്രസിദ്ധമായ വാക്കുകളാണ് 'No Pride for some of us without liberation for all of us' എന്നത്. 'നമുക്കെല്ലാവർക്കും വിമോചനമില്ലാതെ നമ്മളിൽ ചിലർക്ക് മാത്രമായി സ്വാഭിമാനം കണ്ടെത്താനാവില്ല' എന്നാണ് അവർ മുന്നോട്ടുവച്ച നിലപാട്. ലോകത്തെ അടിച്ചമർത്തപ്പെടുന്ന എല്ലാവർക്കും വിമോചനമില്ലാതെ നമുക്കാർക്കും വിമോചനം സാധ്യമല്ല എന്നാണ് അതിലെ ഊന്നൽ. ആത്മാഭിമാന ബോധത്തെ ഉയർത്തിപ്പിടിച്ചു നടത്തുന്ന സ്വാതന്ത്ര്യപോരാട്ടങ്ങളാണ് ഇനിയും നമ്മൾ തുടരേണ്ടത് എന്ന് മാർഷ നമ്മളെ പഠിപ്പിച്ചു.

Advertising
Advertising

LGBTQIA+ സ്വത്വങ്ങളിൽ പെടുന്നതിന്റെ പേരിലോ, ഈ സ്വത്വബോധം ഉയർത്തിപ്പിടിച്ച് സ്വയം അടയാളപ്പെടുത്താനും തുറന്നുജീവിക്കാനും തീരുമാനിച്ചതിന്റെ പേരിലോ പലവിധ മർദനങ്ങൾ നേരിടുന്നതിനെ ചെറുക്കുക എന്ന ഉദേശത്തിലാണ് സ്വത്വാടിസ്ഥാനത്തിലുള്ള ക്വിയർ പ്രസ്ഥാനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. അത് മുഴുവൻ മാനവരാശിയുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടാനുള്ള ദീർഘകാല പരിപാടികളിൽ നിർബന്ധമായി ഏർപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ സംഘടിതമായി മുന്നേറുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

തങ്ങൾക്ക് നേരേ നിരന്തരമായി നടന്നുകൊണ്ടിരുന്ന പുരുഷാധിപത്യത്തെ ചെറുത്തും അതിനെതിരെ പോരാടിയുമാണ് ക്വിയർ മുന്നേറ്റങ്ങൾ പിറന്നത് എന്ന് മറന്നുകൂടാ. പുരുഷാധിപത്യത്തിന്റെ സമ്പൂർണ്ണ പതനം നടപ്പിലായിട്ടില്ല എന്ന് മാത്രമല്ല മുതലാളിത്തതിൻകീഴിൽ അത് ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തതിനേക്കാൾ ഭീകരമായി നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അതിനെ ചെറുത്തു തോൽപ്പിക്കുക എന്നത് തന്നെയാണ് അടിച്ചമർത്തപ്പെടുന്ന എല്ലാ ലിംഗ-ലൈംഗിക വിഭാഗങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രപരമായ ഉത്തരവാദിത്തം. ഇതിനായി, മുകളിൽ പറഞ്ഞ പോലെ, മുഴുവൻ ബഹുജനങ്ങളുമായും ഐക്യപ്പെടേണ്ടതുണ്ട്.

ചൈനീസ് വിപ്ലവത്തിന്റെ നേതാവായിരുന്ന മാവോ സെ തുങ് മുന്നോട്ടു വച്ച ഐക്യം-സമരം-ഐക്യം എന്ന ദിശയിലാണ് ഇത് മുന്നോട്ട് കൊണ്ടുപോകേണ്ടത്. എന്നുവച്ചാൽ, സമരമില്ലാത്ത ഐക്യമോ, ഐക്യമില്ലാത്ത സമരമോ അല്ല നമുക്കാവശ്യം. വിട്ടുവീഴ്ച്ചയില്ലാത്ത വിമർശനങ്ങൾ നിലനിർത്തിക്കൊണ്ടും സ്വാഗതാർഹമായതിനെ പ്രശംസിച്ചുകൊണ്ടും നമുക്ക് ശക്തമായ ഐക്യമുന്നണി കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതായിരിക്കും നമ്മുടെ രാഷ്ട്രീയ വളർച്ചയെ കൃത്യമായും സഹായിക്കുക.

ഈ സമീപനത്തിൽ നിന്നുകൊണ്ട് ഈ സാഹചര്യത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. അതായത് 'ഞാൻ ഇസ്രായേലിനൊപ്പം നിൽക്കുന്നു' എന്ന് പ്രഖ്യാപിക്കുന്ന ക്വിയർ വ്യക്തികളും കൂട്ടായ്മകളും കേരളത്തിൽ ഒരു ന്യൂനപക്ഷമാണെങ്കിലും ഇവർ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ വസ്തുതാവിരുദ്ധവും വിഷം നിറഞ്ഞതുമാണ്. ഉദാഹരണത്തിന് 'ഇസ്രായേൽ' ക്വിയർ സൗഹാർദപരമാണ് എന്നത് പോലുള്ള അവകാശവാദങ്ങൾ വിഭാഗീയവും ജനവിരുദ്ധവുമാണ്; ഇതിനെതിരെ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞപക്ഷം ഇസ്രായേലിന്റെ വംശീയ ബോധത്തെ പറ്റിയെങ്കിലും മുൻവിധികളില്ലാതെ മനസ്സിലാക്കേണ്ടതുണ്ട്.

ബ്രിട്ടീഷ് സാമ്രാജ്യത്വവും അമേരിക്കൻ സാമ്രാജ്യത്വവും മറ്റ്‌ പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് ഉണ്ടാക്കിയ ഇസ്രായേൽ എന്ന ഗൂഢപദ്ധതിയുടെ നടത്തിപ്പുകാർ യൂറോപിൽ നിന്നും വന്നിട്ടുള്ള വെള്ളക്കാരായ ജൂതന്മാരാണ്. പശ്ചിമേഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉത്പാദനത്തിന്റെ കുത്തക തങ്ങളുടെ വരുതിയിൽ നിർത്തുക എന്ന ലക്ഷ്യമാണ് ഇസ്രായേൽ എന്ന പദ്ധതിയുടെ അടിസ്ഥാനം. ഇതിനുവേണ്ടി ഇസ്‌ലാം, ക്രിസ്തുമതം, ജൂതമതം എന്നീ സെമറ്റിക് മതങ്ങളുടെ വിശ്വാസപരമായി പ്രധാനപ്പെട്ട ഭൂപ്രദേശം തെരഞ്ഞെടുക്കുകയും ഈ പ്രത്യേകതയുടെ മറവിൽ സാമ്രാജ്യത്വം അതിന്റെ എയിഡ് പോസ്റ്റ് പശ്ചിമേഷ്യയിൽ സ്ഥാപിച്ച് അവിടം സാമ്രാജ്യത്വത്തിന്റെ മേൽനോട്ടത്തിൻ കീഴിൽ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. യൂറോപ്പിൽ നിന്നും കുടിയേറിയ വെള്ളക്കാരാണ് ഇസ്രായേലിലെ ബഹുഭൂരിപക്ഷം ജനങ്ങളും. ആഫ്രിക്കയിൽ നിന്നും മറ്റ്‌ വൻകരകളിൽ നിന്നും ഇസ്രായേലിലേക്ക് ജൂതന്മാർ കുടിയേറിയിട്ടുണ്ടെങ്കിലും അവരോട് തികച്ചും വംശീയമായിട്ടാണ് ഈ വെള്ളഭീകരത പെരുമാറിക്കൊണ്ടിരിക്കുന്നത്. അപ്പോൾ അറബ് വംശജരോടുള്ള വംശീയതയുടെയും വംശഹത്യയുടെയും ഉറവിടം ഇതിൽനിന്നും വ്യക്തമാണ്..!

മുകളിൽ പറഞ്ഞ പോലെ ഇസ്രായേൽ എന്ന പദ്ധതി സാമ്രാജ്യത്വത്തിന്റെ എയിഡ് പോസ്റ്റ് മാത്രമാണ്. ആ ഉദ്ദേശത്തിൽ വലിയൊരളവിൽ ഇതുവരെ അവർ മുന്നിട്ടു നിൽക്കുന്നുമുണ്ട്. ഇന്ത്യയുൾപടെയുള്ള പല രാജ്യങ്ങളുടെയും പട്ടാളത്തേയും, പൊലീസ് സംവിധാനത്തെയും പരിശീലനം നൽകിയതടക്കം, ലോകത്തിലെ മിക്ക ഭരണകൂടങ്ങൾക്കും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് അവയുടെ ജനതക്ക് മേൽ വൃത്തികെട്ട നിരീക്ഷണവലയം ഏർപ്പെടുത്താൻ കൂട്ടുനിന്നതിന്റെ ചരിത്രവും വർത്തമാനവും അതിനുണ്ട്. മൊസാദ് പോലുള്ള ചാരസംഘടനകൾ അതിനുള്ള ചുക്കാൻ പിടിക്കുന്നു. നമുക്കറിയുന്ന പോലെ ഇന്ത്യൻ പൊലീസ് ഏതൊക്കെ രീതിയിലാണ് ഇന്ത്യൻ ജനതയെ അടിച്ചമർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതും നടപ്പിലാക്കുന്നതും എന്ന് മനസ്സിലാക്കിക്കൊണ്ട് ഇസ്രായേലുമായുള്ള ഇന്ത്യയുടെ സഖ്യത്തെ നോക്കിക്കാണേണ്ടതുണ്ട്.

ഇന്ത്യൻ ഭരണകൂടത്തോട് ചേർന്ന് മുംബൈ പൊലീസിന് പരിശീലനം നൽകിയതായാലും ഇസ്രായേലി ചാര സോഫ്റ്റ്-വെയറായ ‘പെഗാസസ്’ വഴി നിരവധി അവകാശപ്രവർത്തകരെ അന്യായമായി നിരീക്ഷണത്തിൽ ഇട്ടത് ഉൾപ്പടെയുള്ള ലോകോത്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഡ്രോണുകൾ അടക്കമുള്ള പടക്കോപ്പുകൾ നൽകുന്നതിലും ഇസ്രായേൽ മുൻപന്തിയിലാണ്. സാമ്രാജ്യത്വത്തിന്റെ ആയുധകച്ചവടത്തിൽ ഇസ്രായേൽ വഹിക്കുന്ന പങ്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഭരണാധികാരി വർഗത്തിന് അതുമായുള്ള ബന്ധവും ഇന്ന് രഹസ്യമല്ല. അത് സാമ്രാജ്യത്വത്തിന്റെ ആയുധകച്ചവടം എത്ര ഭീകരമാണ് എന്നും ഇന്ത്യൻ ഭരണവർഗങ്ങൾ സാമ്രാജ്യത്വത്തോട് എത്രത്തോളം കീഴ്പ്പെട്ടു നിൽക്കുന്നു എന്നും വ്യക്തമാക്കുന്നു.

കേരളത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക ബ്ലോക്ക് നിർമിച്ചിട്ടുള്ളതായി അറിയാമല്ലോ. നമ്മളെ എത്ര സൂക്ഷ്മമായാണ് സാമ്രാജ്യത്വ ഗൂഢപദ്ധതികൾ അടിച്ചമർത്തിക്കൊണ്ടിരിക്കുന്നത് എന്ന് തന്നെയാണ് ഇത്തരം ഉദാഹരണങ്ങൾ മനസ്സിലാക്കിത്തരുന്നത്.

ഫലസ്തീനിലെ തുടർച്ചയായ മിസൈൽ ആക്രമണങ്ങളിലും നേരിട്ടുള്ള യുദ്ധത്തിലും കൊല്ലപ്പെടുന്നവരിൽ ആയിരക്കണക്കിന് ക്വിയർ മനുഷ്യരുമുണ്ടെന്ന് തീർച്ചയാണ്. അവിടെ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ആ ദ്വന്ദ്വത്തിന് പുറത്ത് ഒരു കണക്കും ലഭ്യമല്ല. അവിടുത്തെ ക്വിയർ മനുഷ്യരുടെ അവസ്ഥ ചിന്തിക്കാൻ കഴിയുന്നതിലും ഭീകരമാണ്. ഇത്തരമൊരു സംവിധാനത്തിനെ എങ്ങനെയാണ് നമുക്ക് ക്വിയർ സൗഹാർദപരം എന്ന് വിളിക്കാനാവുക? അങ്ങനെ കാണുന്നെങ്കിൽ അത് ക്വിയർ മുന്നേറ്റങ്ങളുടെ ചരിത്രത്തോടും ലോകജനതയോടും ചെയ്യുന്ന വഞ്ചനയാണ്. അവരോട് ഇല്ലാത്ത മമത ഇസ്രായേലിനോട് ഉണ്ടാവുന്നത് ഏത് ബോധത്തിൽ നിന്നാണ് എന്നും ഇക്കൂട്ടർ ആരുടെ പക്ഷത്താണ് എന്നും എന്തിനെയാണ് സേവിക്കുന്നത് എന്നും വളരെ വ്യക്തമാണ്.

ക്രൂരന്മാരായ ഏതെങ്കിലും ഭരണാധികാരികളുടെ തോന്നലുകളിന്മേൽ ഉണ്ടാവുന്ന നടപടികളല്ല ഇതൊന്നും. ഈ ചൂഷണാധിഷ്ഠിതമായ വ്യവസ്ഥയെ മുന്നോട്ട് ചലിപ്പിക്കാൻ, ലോകത്തെ അധ്വാനിക്കുന്ന മുഴുവൻ ജനതവിഭാഗങ്ങളെയും ചൊൽപ്പടിക്ക് നിർത്താനായി നടത്തിപ്പോരുന്ന സാമ്രാജ്യത്വത്തിന്റെ ഗൂഢാലോചനയും ഗൂഢപദ്ധതികളുമാണിവ. ഭരണവർഗങ്ങളെയും അവരുടെ ഭരണകൂടങ്ങളേയും സംബന്ധിച്ചിടത്തോളം, ഏതൊരു അടിച്ചമർത്തൽ പ്രവർത്തിക്ക് പിന്നിലും പലതരം ഉദേശങ്ങളുണ്ട്. അപ്പോൾ ഉയർന്നുവന്നിട്ടുള്ള പ്രതിഷേധങ്ങൾ തകർത്തുക എന്നും, അതുവഴി അനിവാര്യമായും വരാൻ സാധ്യതയുള്ള പ്രക്ഷോഭങ്ങൾക്ക് ശക്തമായ താക്കീത് നൽകുക എന്നും. ഇന്നത്തെ ആഗോളവ്യവസ്ഥയെ നിയന്ത്രിക്കുന്നവരുടെ ലോകജനതയോടുള്ള മുന്നറിയിപ്പ് കൂടിയാണ് ഫലസ്തീൻ. എന്നാൽ സ്വന്തം മണ്ണ് മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഫലസ്തീനി ജനതയുടെ പോരാട്ടവീര്യം ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത മാതൃകയാണ്. ഒരു ജനതയെ എത്രത്തോളം പീഡിപ്പിക്കാമോ അതിന്റെ ആയിരംമടങ്ങ് ഫലസ്തീനി ജനതയോട് കഴിഞ്ഞ കുറെ ദശകങ്ങളായി ഇസ്രായേലി സയണിസ്റ്റ് കുടിയേറ്റക്കാരുവഴി സാമ്രാജ്യത്വ ശക്തികൾ ചെയ്തുകഴിഞ്ഞു. എന്നിട്ടും ഈ പോരാട്ടവീര്യത്തെയും ചെറുത്തുനിൽപ്പിനെയും അവർക്ക് തോൽപ്പിക്കാനായിട്ടില്ല.

'പിന്തിരിപ്പൻ' ഫലസ്തീനും 'പുരോഗമന' ഇസ്രായേലും എന്ന ലേഖനത്തിൽ '9/11-ന് ശേഷമുള്ള രാഷ്ട്രീയാന്തരീക്ഷത്തിൽ അമേരിക്കൻ സാമ്രാജ്യത്തിന്റെ വിശാലമായ യുക്തികൾക്കുള്ളിൽ… എൽജിബിടിക്യു അവകാശങ്ങളുടെ രക്ഷകരൂപമായി യുഎസ് ഭരണകൂടം സ്വയം പ്രഖ്യാപിക്കുന്നത്, പ്രധാനമായും മുസ്‌ലിം രാഷ്ട്രങ്ങൾക്കെതിരെ സൈനിക ഇടപെടലുകളെയും സുരക്ഷാവൽക്കരണ തന്ത്രങ്ങളെയും ന്യായീകരിക്കാനാണ്.' എന്ന് ജസ്ബീർ കെ. പുവറിനെ വ്യാഖ്യാനിച്ച് ആദി നിരീക്ഷിക്കുന്നു. അപ്പോൾ തന്നെയും ക്വിയർ അവകാശങ്ങൾക്കെതിരെ നിരന്തരം നിലപാടെടുത്ത ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആവുകയും പിന്നീട് ‘സ്ത്രീ-പുരുഷൻ എന്ന രണ്ട് ജെൻഡർ മാത്രമേയുള്ളൂ’ എന്ന് നിലപാടുള്ള ട്രാൻസ് വിരുദ്ധനായ ട്രംപ് അമേരിക്കൻ പ്രസിഡന്റായ ശേഷം നിർണായകമായ ക്വിയർ അവകാശങ്ങൾ എടുത്തു കളയുകയും ചെയ്തിട്ടുള്ളത് നമുക്കറിയാം. ഈ ട്രംപിനാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണമെന്ന് ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെടുന്നത്..!

ചരിത്രപരമായും, ജൂത വംശഹത്യക്ക് അക്കാലത്ത് കൂട്ടുനിന്നിട്ടുള്ള സാമ്രാജ്യത്വ ശക്തികളാണ് ഇന്ന് ജൂതരുടെ അവകാശം ഉയർത്തിപിടിക്കുന്നതായി ഭാവിക്കുകയും പകരം മുസ്‌ലീങ്ങളെ വംശഹത്യ ചെയ്യുകയും ചെയ്യുന്നത് എന്നതും നമുക്കറിയാം. ഇത്തരത്തിൽ മുതലാളിത്തം അതിന്റെ ആവശ്യത്തിനനുസരിച്ച് എന്തിനെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രവസ്തുതയെ തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ ക്വിയർ സൗഹൃദമെന്ന പൊള്ളത്തരത്തെ തുറന്നുകാണിക്കേണ്ടത് അനിവാര്യമാണ്. ക്വിയർ അവകാശങ്ങൾ നിറവേറ്റുന്നു എന്ന് ലോക ജനതയ്ക്ക് മുന്നിൽ ഇസ്രായേൽ വരുത്തിതീർക്കാനുള്ള ശ്രമം മുതലാളിത്തതിന്റെ ഒത്തിരി തന്ത്രങ്ങളിൽ ഒന്ന് മാത്രമാണ്. ഗസ്സയിലെ ക്വിയർ മനുഷ്യരെ ഓർക്കാതെ ഈ പറ്റിപ്പിന് കൂട്ടുനിൽക്കുന്നതിന് അന്താരാഷ്ട്ര നിയുക്തസംഘത്തിന്റെ ഭാഗമായി തെൽ അവിവ് പ്രൈഡിന് പോയ ഇന്ത്യൻ പ്രതിനിധികൾ ഇന്ത്യൻ ക്വിയർ മുന്നേറ്റത്തിന് നാണക്കേടാണ്. ചരിത്രം ഇതിന് പകരം ചോദിക്കുക തന്നെ ചെയ്യും.

അവസാനമായി, ക്വിയർ മുന്നേറ്റങ്ങൾ ഏകശിലയല്ല. മറ്റെല്ലാ ആശയധാരകളെയും പോലെ; പല ധാരകളായി, പലവിധ ധാരണകളിൽ മുന്നോട്ട് പോകുന്ന ഒന്നാണ്. ലോകത്തെ മുഴുവൻ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുടെ വിമോചനം സ്വപ്നം കാണുന്ന, അതിനുവേണ്ടി പ്രവർത്തിക്കുന്നവരുടെ പോരാട്ടത്തിൽ ഐക്യപ്പെടാനുള്ള ശ്രമം സൈദ്ധാന്തികമായും പ്രായോഗികമായും ക്വിയർ പ്രസ്ഥാനങ്ങൾക്കകത്ത് നിന്നും ചെറുതോതിലാണെങ്കിലും ഉണ്ടായിവരുന്നുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതാണെങ്കിലും, അതിൽ തൃപ്തരാവാതെ കുറച്ചുകൂടി ശക്തവും ബോധപൂർവ്വവുമായ ശ്രമം നടത്തേണ്ടതുണ്ട്. ഈ സ്വപ്നത്തിലും പോരാട്ടത്തിലും പങ്കുചേരാത്ത ക്വിയർ വ്യക്തികളെയും കൂട്ടായ്മകളെയും വേറിട്ട് മനസ്സിലാക്കേണ്ടതുമുണ്ട്.

സമകാലിക ഇന്ത്യയിലെ ക്വിയർ മുന്നേറ്റങ്ങളിൽ നിയമപരമായ പരിഷ്കരണത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പാത സ്വീകരിച്ച് സ്വയം ചുരുക്കുന്ന ശക്തമായ ഒന്നോ അതിലധികമോ ധാരകൾ നിലനിൽക്കുന്നുണ്ട്. ഈ പരിഷ്കരണവാദധാരയെ എതിർക്കുക എന്നതിനർത്ഥം പരിഷ്കരണങ്ങളേ പൂർണ്ണമായും എതിർക്കുക എന്നല്ല; വ്യവസ്ഥിതിയുടെ സമ്പൂർണ്ണമായ മാറ്റത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പകരമായി, ഇന്ന് നിലനിൽക്കുന്ന വ്യവസ്ഥയ്ക്കകത്തെ മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ മുഴുവൻ ഊർജ്ജവും കേന്ദ്രീകരിക്കുന്നതിന് എതിരാവുക എന്നതാണ്. പരിഷ്കരണവാദികളുടെ ഈ ധാരകൾ പ്രത്യക്ഷമായും, പരോക്ഷമായും ഭരണവർഗ്ഗങ്ങളെ സേവിക്കുകയാണെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്.

ക്വിയർ മുന്നേറ്റങ്ങളുടെ ഇന്ത്യൻ ചരിത്രവും, ലോക ചരിത്രവും സൂക്ഷ്മപഠനത്തിന് വിധേയമാക്കി അതിന്റെ വിപ്ലവാത്മകത വീണ്ടെടുക്കാൻ തയ്യാറുള്ളവരായി മാറാൻ ക്വിയർ പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. ലോകജനതയുടെ വിമോചനത്തിനായി എല്ലാ മർദ്ദിത ശക്തികളോടും ഐക്യപ്പെട്ട് പ്രവർത്തിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവോടെ ക്വിയർ പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന്റെ ഗതി തിരിച്ചു വിടേണ്ടതായുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു.


Reference/സൂചിക:

(1) നേരും നെറിവും | ഭാഗം 13 | കെ. മുരളി ( അജിത്ത് ) [1:39 - 27:20]

https://youtu.be/WyrMA3qDYEM

(2) Mumbai Police, Made in Israel, Rhys Machold -24/11/2024

https://m.thewire.in/article/books/mumbai-police-made-in-israel

(3) India Has Second Highest Number of WhatsApp Victims Targeted With Pegasus: US Court Documents, The Wire Staff -11/04/2025

https://m.thewire.in/article/tech/whatsapp-pegasus-target-indians-us-court

(4) 'പിന്തിരിപ്പൻ' ഫലസ്തീനും 'പുരോഗമന' ഇസ്രായേലും; Homonationalism ഒരുക്കുന്ന കെണികൾ, ആദി -25/06/2025

https://truecopythink.media/lgbtqi/israel-attacks-on-palestine-and-lgbtqi-community-stand-aadhi-writes

(5) International LGBT Delegation at LGBTQ Centre (Tel Aviv), Laxmi Narayan Tripathi & Aryan Pasha -11/06/2025

https://www.instagram.com/p/DKwRQE9vWOA/?igsh=MWJoNTBqd3J1MWpncg==

(6) ഡോണൾഡ് ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്ത് ബിന്യമിൻ നെതന്യാഹു, മാധ്യമം -08/07/2025

https://www.madhyamam.com/world/israeli-pm-benjamin-netanyahu-nominates-donald-trump-for-nobel-peace-prize-1425953

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - നിഹാരിക ബീജ പ്രദോഷ്

contributor

Similar News