പാശ്ചാത്യ മാധ്യമങ്ങൾ കാണാത്ത സത്യങ്ങൾ
ഇസ്രായേൽ വാർത്തകളിൽ ജനസൈഡ് എന്ന വാക്കിന് വിലക്ക് കൽപ്പിച്ച മാധ്യമങ്ങളിൽ പ്രധാനിയാണ് ന്യൂയോർക് ടൈംസ്. എന്നാൽ ജൂൺ 15ലെ ഒരു ലേഖനത്തിൽ വംശഹത്യാ പണ്ഡിതൻ ഒമർ ബാർട്ടോവ് “ഇത് വംശഹത്യ തന്നെ” എന്ന് തുറന്നെഴുതിയപ്പോൾ പത്രത്തിന് അത് അച്ചടിക്കുകയല്ലാതെ വഴിയില്ലായിരുന്നു
പാശ്ചാത്യ മാധ്യമങ്ങൾ കാണാത്ത സത്യങ്ങൾ
ഫലസ്തീനിൽ വംശഹത്യ (genocide) നടക്കുന്നുണ്ടോ? ഈ ചോദ്യം പോലും അപ്രസക്തമാക്കുന്നതാണ് സത്യാവസ്ഥ. ഞെട്ടിക്കുന്ന കണക്കുകളും ചിത്രങ്ങളും കാണുമ്പോഴും ഇസ്രായേലും അതിന് വിധേയരായ മാധ്യമങ്ങളും അത് നിഷേധിക്കുന്നു. അതിനു പാകത്തിൽ മാധ്യമങ്ങൾ കാര്യങ്ങൾ മറച്ചുവെക്കുന്നു; അല്ലെങ്കിൽ വളച്ചൊടിക്കുന്നു.ഇപ്പോൾ നടക്കുന്നത് വംശഹത്യയിൽ കുറഞ്ഞ ഒന്നുമല്ലെന്ന് തെളിവുകളോടെ സ്ഥാപിക്കുന്നവർ ചില്ലറക്കാരല്ല. മഹാഭൂരിപക്ഷം രാജ്യങ്ങളും ലോകത്തെ ഏറ്റവും മികച്ച നിയമജ്ഞരും വംശഹത്യയെപ്പറ്റി പഠിച്ച പണ്ഡിതരും ഗവേഷകരും തെളിവു നിരത്തി, ആധികാരികമായി പറയുന്നു ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന്.പക്ഷേ പകൽ വെളിച്ചം പോലെ തെളിഞ്ഞിട്ടും ഇസ്രായേലും പാശ്ചാത്യ മാധ്യമങ്ങളും അത് നിഷേധിക്കുകയാണ്.
ഇസ്രായേൽ വാർത്തകളിൽ ജനസൈഡ് എന്ന വാക്കിന് വിലക്ക് കൽപ്പിച്ച മാധ്യമങ്ങളിൽ പ്രധാനിയാണ് ന്യൂയോർക് ടൈംസ്. എന്നാൽ ജൂൺ 15ലെ ഒരു ലേഖനത്തിൽ വംശഹത്യാ പണ്ഡിതൻ ഒമർ ബാർട്ടോവ് “ഇത് വംശഹത്യ തന്നെ” എന്ന് തുറന്നെഴുതിയപ്പോൾ പത്രത്തിന് അത് അച്ചടിക്കുകയല്ലാതെ വഴിയില്ലായിരുന്നു. പക്ഷേ ഇസ്രയേലിനു വേണ്ടി പത്രം പെട്ടെന്നു തന്നെ പരിഹാരക്രിയ ചെയ്തു. ജൂൺ 22ന് ബ്രെട്ട് സ്റ്റീവൻസ് എന്ന ഇസ്രായേൽ പക്ഷ കോളമിസ്റ്റ് മറുലേഖനം എഴുതി: “ഇത് ജനസൈഡല്ല” എന്ന്. സൈന്യം നിരത്തി കൊല്ലുന്നില്ല എന്നതാണത്രേ വംശഹത്യയല്ല എന്നതിന് തെളിവ്. ജനസംഖ്യയിലെ അഞ്ചിലൊന്നിനെ കൊന്നു തീർത്തത് വംശഹത്യയല്ലത്രേ. ആയുധം കൊണ്ട് മാത്രമല്ല താനും കൂട്ടക്കൊല. പട്ടിണിയാണ് ഇപ്പോൾ ആയുധത്തേക്കാൾ മാരകമായ വംശഹത്യാസൂത്രം. ഇത് വാർത്തയായതോടെ പാശ്ചാത്യ മാധ്യമങ്ങൾ പട്ടിണിക്കൊല (starvation) എന്ന വാക്കിനും നിയന്ത്രണം വരുത്തിയിരിക്കുന്നു. വംശഹത്യയുടെ കാര്യത്തിലെന്നപോലെ, പട്ടിണി ആയുധമാക്കുന്നതിലും ഇസ്രായേലിനെ സംരക്ഷിക്കുകയാണ് മാധ്യമങ്ങൾ. അതിന് പാകത്തിലാണ് വാർത്തയിലും തലക്കെട്ടിലും വാക്കുകൾ ഉപയോഗിക്കുന്നത്. പാശ്ചാത്യ ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ സമ്പൂർണ തകർച്ച കൂടിയാണ് ഗസ്സയിലൂടെ സംഭവിച്ചിരിക്കുന്നത്.
മുണ്ടക്കൈയും ചൂരൽമലയും പുനരധിവാസവും
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്‍റെ വാർഷികം മലയാളമാധ്യമങ്ങൾ ആചരിച്ചു. കഴിഞ്ഞവർഷം ജൂലൈ 30 നായിരുന്നു വയനാട്ടിലെ ഈ പ്രളയ ദുരന്തം. പുനരധിവാസത്തിന്‍റെയും അതിജീവനത്തിന്‍റെയും വാർത്തകൾ പത്രങ്ങളെല്ലാം എടുത്തു ചേർത്തിട്ടുണ്ട്. നഷ്ടങ്ങളുടെ ഓർമപ്പെടുത്തലുകളും.
ഉരുൾ ദുരന്തത്തിന്‍റെ വാർഷികവുമായി ബന്ധപ്പെട്ട് രണ്ട് പത്രങ്ങൾ രണ്ട് സർവേ പഠനഫലങ്ങൾ അവതരിപ്പിച്ചു. മാതൃഭൂമിയും മാധ്യമവും. പുനരധിവാസപ്രവർത്തനങ്ങളിൽ ഭൂരിപക്ഷം ദുരിത ബാധിതർ തൃപ്തരാണെന്ന് കണ്ടെത്തിയത്രേ. എന്നാൽ, മാതൃഭൂമി നടത്തിയ സർവേയിൽ, ദുരിതാശ്വാസ പാക്കേജിലുൾപ്പെടാത്ത കുടുംബങ്ങളുടെ അവസ്ഥ അന്വേഷിക്കാതെയാണ് 55 ശതമാനം തൃപ്തരെന്ന് കണ്ടത്.
വാർത്താ കാർട്ടൂണുകൾ
നാലു വാർത്തകൾ, അഞ്ച് കാർട്ടൂണിലൂടെ.