കോടതിക്കകത്തെ സംവരണം: ചെറിയ വലിയ ചുവട്
ഇന്ത്യയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പല ഹൈക്കോടതികളിലും സംവരണ രീതി നിലനിൽക്കെ എന്തുകൊണ്ട് സുപ്രീംകോടതിയിൽ മാത്രം ഇത് നിലവിൽ പ്രാവർത്തികമല്ല എന്ന് ചോദിക്കുന്നതിനു വേണ്ടി 52 മത് ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ടിവന്നു എന്നു പറയുന്നത് അല്പം ആശ്ചര്യത്തോടുകൂടി നോക്കിക്കാണേണ്ട ഒരു വസ്തുത തന്നെയാണ്. ഇന്ത്യയിലെ രണ്ടാമത്തെ ദളിത് ചീഫ് ജസ്റ്റിസും, ആദ്യത്തെ ബുദ്ധിസ്റ്റ് ചീഫ് ജസ്റ്റിസുമായ ബി. ആർ ഗവായി ഒരു കരിയില അനക്കുന്ന ശബ്ദം ഇല്ലാതെ വലിയ സാമൂഹ്യനീതിയിലെ വിടവാണ് നികത്തിയിരിക്കുന്നത്
സമത്വം എന്ന സങ്കല്പം, ആ ബോധം ഉരുത്തിരിഞ്ഞു വന്ന ചരിത്രവും അതിന്റെ യശസ്സും അനന്തമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലും, മൗലികാവകാശങ്ങളിലും മുഖ്യ പ്രാധാന്യത്തോടെ സ്ഥാനമുള്ള ഈ സങ്കല്പത്തിന്റെ ഇന്നത്തെ യഥാർത്ഥ അവസ്ഥ എന്താണ്?
ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹനീയമായ 78 വർഷങ്ങൾ പിന്നിടുമ്പോൾ, ഇന്ത്യൻ ഭരണഘടന അതിന്റെ ചലനാത്മകഥയോടുകൂടെ പൗരന്മാരുടെ ഓരോ അവകാശങ്ങളെയും സംരക്ഷിച്ചുകൊണ്ട് അതിന്റെ ആധാരശിലയെ സ്വയം സംരക്ഷിച്ചുകൊണ്ട് 75 വർഷങ്ങൾ പിന്നിട്ടു മുൻപോട്ടു സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വേളയിൽ ഇന്ത്യയുടെ 52 മത് ചീഫ് ജസ്റ്റിസ് ആയ പി.ആർ ഗവായിയുടെ നേതൃത്വത്തിൽ ഒരു പുതിയ സർക്കുലർ സുപ്രീംകോടതി പുറപ്പെടുവിപ്പിച്ചിരുന്നു. 2025 ജൂൺ 23ന് പുറത്തിറക്കിയ ഈ സർക്കുലർ പ്രകാരം സുപ്രീംകോടതിയിലെ (നോൺ ജുഡീഷ്യൽ ) അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ നിയമനത്തിലും പ്രമോഷനിലും എസ്. സി, എസ്. ടി, ഒ. ബി. സി സംവരണം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. എസ് സി വിഭാഗത്തിന് 15 ശതമാനം ക്വാട്ടയും, എസ്. ടി വിഭാഗത്തിന് 7.5 ശതമാനം ക്വാട്ടയുമാണ് ഇതിലൂടെ പ്രാബല്യത്തിൽ വന്നത്.
ഇന്ത്യയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പല ഹൈക്കോടതികളിലും സംവരണ രീതി നിലനിൽക്കെ എന്തുകൊണ്ട് സുപ്രീംകോടതിയിൽ മാത്രം ഇത് നിലവിൽ പ്രാവർത്തികമല്ല എന്ന് ചോദിക്കുന്നതിനു വേണ്ടി 52 മത് ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ടിവന്നു എന്നു പറയുന്നത് അല്പം ആശ്ചര്യത്തോടുകൂടി നോക്കിക്കാണേണ്ട ഒരു വസ്തുത തന്നെയാണ്. ഇന്ത്യയിലെ രണ്ടാമത്തെ ദളിത് ചീഫ് ജസ്റ്റിസും, ആദ്യത്തെ ബുദ്ധിസ്റ്റ് ചീഫ് ജസ്റ്റിസുമായ ബി.ആർ ഗവായി ഒരു കരിയില അനക്കുന്ന ശബ്ദം ഇല്ലാതെ വലിയ സാമൂഹ്യനീതിയിലെ വിടവാണ് നികത്തിയിരിക്കുന്നത്. 1950 മുതൽ പ്രതിനിധ്യം ഉറപ്പാക്കുന്നത് സംവരണത്തിലൂടെയാണെന്നും, അത് സമത്വത്തിലേക്കുള്ള വഴിയാണെന്നും നിരന്തരം സുപ്രീംകോടതി വിവിധ വിധികളിലൂടെ ചർച്ച ചെയ്തു. 1951ൽ ചെമ്പകം ദൊരൈരാജൻ v സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസിലാണ് സുപ്രീംകോടതി ആദ്യമായി സംവരണം സമത്വം എന്ന സങ്കൽപ്പത്തിന് എതിരാണോ എന്ന് ചർച്ച ചെയ്തത്. അന്ന് സംവരണം സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി ആണെന്നും അത് ഭരണഘടന വിരുദ്ധമല്ലെന്നും പറയുന്ന Article 15(4) എന്ന ഭാഗം ഭരണഘടനയിൽ ഉണ്ടായിരുന്നില്ല. പിന്നീട് 1963ലെ എം ആർ ബാലാജി കേസ് മുതൽ അവിടെ നിന്നിങ്ങോട്ട് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള അത്യന്തം പ്രശംസനീയമായ വിധികൾ പുറപ്പെടുവിച്ച സുപ്രീംകോടതിയിൽ ഇത് നടപ്പിലാക്കാൻ 75 വർഷം കാത്തിരിക്കേണ്ടിവന്നു എന്നുള്ളത് ഇത്രയും കാലം അത് ശ്രദ്ധയിൽപെടാത്തത് കൊണ്ടാണ് എന്നു പറഞ്ഞാൽ വിശ്വസനീയമല്ല. അതിനെപ്പറ്റി മുൻപുണ്ടായിരുന്ന 51 ചീഫ് ജസ്റ്റിസ് മാർക്കും അറിവില്ലായിരുന്നു എന്നു പറഞ്ഞാലും വിശ്വസനീയമല്ല. എന്തൊക്കെയാണെങ്കിലും 52 മത് ചീഫ് ജസ്റ്റിസ് നടത്തിയ ഇടപെടൽ അത്യന്തം പ്രശംസനീയം തന്നെയാണ്.
ഈ സർക്കുലറിനോടൊപ്പം അദ്ദേഹം പറഞ്ഞ ചില വാക്കുകൾ ഏറെ പ്രാധാന്യമുള്ളതാണ്. “നീതിയും പ്രതിനിധിത്വവും തമ്മിൽ വൈരുദ്ധ്യം നിലനിൽക്കുന്ന ആശയങ്ങൾ അല്ല, മറിച്ച് ഇന്ത്യയുടെ ഭരണഘടനാപര ദർശനത്തെ മുന്നോട്ട് നയിക്കുന്ന പരസ്പരപൂരകശക്തികളാണെന്ന് ഞാൻ എന്നും ഉറച്ചു വിശ്വസിക്കുന്നു. സംവരണനടപടി (affirmative action) സമത്വത്തിന് വിട്ടുവീഴ്ചയല്ല, മറിച്ച് അതിന്റെ സാക്ഷാത്കാരത്തിനായി അത്യാവശ്യമായ ഘടകമാണ്. അതിനാൽ ഇപ്പോൾ നടത്തുന്ന ഈ ശ്രമം സുപ്രീം കോടതിയുടെ ഭരണപരിധിയിലൂടെയുള്ള സാമൂഹ്യനീതിപാലനത്തിന് വാക്ക് നൽകുകയാണ്.”
ഇന്ത്യൻ കോടതികളിലെ അസന്തുലിതമായ പ്രാതിനിധ്യ സ്വഭാവം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്. രാജ്യത്തിന്റെ ജനായത്ത് സംവിധാനത്തിന്റെ സംരക്ഷകരായ ഇന്ത്യൻ ഭരണഘടനയുടെ രക്ഷകർത്താവായ സുപ്രീം കോടതി എന്തുകൊണ്ട് ഈ പ്രാതിനിധ്യ സ്വഭാവത്തിൽ വിട്ടുവീഴ്ച ചെയ്യുന്നു എന്നത് നിരന്തരം ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ്. ഈ സന്ദർഭത്തിലാണ് സുപ്രീംകോടതിക്കുള്ളിൽ തന്നെ സാമൂഹ്യനീതി നടപ്പാക്കിയ ഈ വിധി ഏറെ ശ്രദ്ധയാകർഷിക്കുന്നത്.