മാധ്യമ നിയന്ത്രണങ്ങളുടെ മോദി കാലം

ഭരണകൂടത്തെ വിമർശിച്ച നിരവധി പത്രപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2025-08-08 10:39 GMT
Editor : നബിൽ ഐ.വി | By : Web Desk

മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഇന്ത്യയുടെ മാധ്യമ സംസ്കാരം തന്നെ അടിമുടി മാറിയിട്ടുണ്ട്. മോദിയുടെ നാവായി മാറിയ മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോൾ പ്രതിപക്ഷത്തിനെതിരെ ആക്രമണാത്മകമായാണ് പെരുമാറുന്നത്. മോദിക്ക് അനുകൂലമായി അവർ പ്രവർത്തിക്കുന്നു.

എപ്പോഴും വഴക്കുണ്ടാക്കുന്ന ഒരു ജനക്കൂട്ടമായാണ് അവർ പ്രതിപക്ഷത്തെ ചിത്രീകരിക്കുന്നത്. ​ഗൗരവകരമായ പല വിഷയങ്ങളെയും അവർ നിസാരമായി കുഴിച്ചുമൂടുന്നു. ദേശീയ മാധ്യമങ്ങളിൽ ബിജെപി മേധാവികളുടെ പ്രസ്താവനകൾ പലപ്പോഴും ഒന്നാം പേജിലാണ്. എന്നാൽ എത്ര ​ഗൗരവമുള്ള വിഷയങ്ങളാണെങ്കിലും പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾ ഉൾപ്പേജുകളിലേക്ക് തെന്നിനീങ്ങുന്നു. വിവാദങ്ങൾ സൃഷ്ടിക്കാത്തവയാണെങ്കിൽ ആദ്യ പേജുകളിലെ ഒറ്റ കോളത്തിൽ അവയ്ക്ക് സ്ഥാനം ലഭിക്കുന്നു.

Advertising
Advertising

രണ്ട് വർഷം മുമ്പ് വാർത്തകളുടെ മേലുള്ള നിയന്ത്രണം കർശനമാക്കുന്നതിനായി ഇന്ത്യ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ ഭേദഗതി ചെയ്തു. ഈ ഭേദഗതി അനുസരിച്ച് ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളോട് കേന്ദ്രസർക്കാർ വ്യാജമാണെന്ന് പറയുന്ന ഏതൊരു ഉള്ളടക്കവും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.

അദാനിയുടെ ഉടമസ്ഥതയിലുള്ള എൻ‌ഡി‌ടി‌വിയുടെ എഡിറ്റർ-ഇൻ-ചീഫ്, ഒരു ഹോട്ടലിൽ രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം തടസ്സപ്പെടുത്താനും ബഹളം സൃഷ്ടിക്കാനും ചാനലിന്റെ അന്നത്തെ മുംബൈ ബ്യൂറോ ചീഫിനോട് ആവശ്യപ്പെട്ടതായി ആരോപണമുയർന്നിരുന്നു. ഓപറേഷൻ സിന്ദൂരിൽ 88 ശതമാനം ആളുകളും പ്രധാനമന്ത്രിയെ പിന്തുണച്ചുവെന്ന് തെളിയിക്കാൻ മറ്റൊരു ചാനൽ വേ​ഗത്തിലുള്ള ഒരു സർവേ നടത്തി. കൂടാതെ രാഹുൽ ഗാന്ധിയുടെ 'നരേന്ദർ-സറണ്ടർ' പരാമർശങ്ങളെക്കുറിച്ച് 87 ശതമാനം പേർക്കും മോശം അഭിപ്രായമുണ്ടെന്നും റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് മോദിയുടെ എല്ലാ പ്രസംഗങ്ങളും മാധ്യമപ്രവർത്തകർക്ക് നൽകുന്നു. കൂടുതൽ ആളുകളും ഇതിനെ റിപ്പോർട്ടിങിനുള്ള അടിസ്ഥാന മെറ്റീരിയലായി ഉപയോഗിക്കുന്നു. വാർത്തകൾക്ക് നൽകേണ്ട ഒരു കൂട്ടം തലക്കെട്ടുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെഗറ്റീവ് പരാമർശങ്ങളൊന്നുമില്ലാതെ അവ പ്രസിദ്ധീകരിക്കുന്നു.

പാർലമെന്റിൽ ഓപറേഷൻ സിന്ദൂരിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടുവെന്ന് പറയുന്ന വലിയ വാർത്തകൾ ഒരു കൂട്ടം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. എന്നാൽ ആ റിപ്പോർട്ട് എത്രത്തോളം തെറ്റാണെന്ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം കാണിച്ചുതന്നു.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് രണ്ട് തലങ്ങളിലാണ്. ഒന്ന്- സാമ്പത്തിക ക്രമക്കേടുകൾ ചുമത്തി ഉടമകളെ ഭീഷണിപ്പെടുത്തുക. രണ്ട്- വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകരെ ശിക്ഷിക്കുക. ആദായനികുതി നോട്ടീസുകളും ഇഡി ഭീഷണികളും മൂലം ബിസിനസ് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പല മുഖ്യധാരാ അച്ചടി മാധ്യമങ്ങൾക്കും സത്യത്തെ മറച്ചുവയ്ക്കേണ്ടിവരുന്നു.

രണ്ട് വർഷം മുമ്പ്, ഡൽഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകൾ റെയ്ഡ് ചെയ്യുകയും ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ആശയവിനിമയ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. 2002ലെ ഗുജറാത്ത് കലാപവും പ്രധാനമന്ത്രി എന്ന നിലയിൽ ന്യൂനപക്ഷങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഉൾക്കൊള്ളുന്ന മോദിയെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. ‌20 ഓളം ഉദ്യോഗസ്ഥർ ഓഫീസിലേക്ക് ഇരച്ചുകയറി ജീവനക്കാരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. നികുതി വിശദാംശങ്ങളും, വിദേശ നിക്ഷേപങ്ങളുടെ രേഖകളും വ്യക്തമാക്കണമെന്ന അഭ്യർത്ഥനകളോട് ബിബിസി പ്രതികരിച്ചില്ലെന്ന് സർക്കാർ ഏജൻസികൾ ആരോപിച്ചു.

ഭാരതീയ ജനതാ പാർട്ടിയുടെ വിമർശകർക്കെതിരെ അവ്യക്തമായ ഭീകരത, രാജ്യദ്രോഹ നിയമങ്ങൾ പ്രകാരം കുറ്റം ചുമത്തിയതായും, സാമ്പത്തിക ദുരുപയോഗം, രേഖകളില്ലാത്ത വിദേശ ധനസഹായം എന്നീ കുറ്റങ്ങൾ ചുമത്തി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ടൈം മാഗസിൻ എഴുതി. ഓക്സ്ഫാം, മീഡിയ ഫൗണ്ടേഷൻ, സിപിആർ എന്നിവയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

നിരവധി ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾ ഭീഷണിക്ക് വിധേയരായി. ദി ക്വിന്റ്, ദൈനിക് ഭാസ്‌കർ, ഭാരത് സമാചാർ എന്നിവ ആദായനികുതി അധികൃതരും, ന്യൂസ്ക്ലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, എൻഡിടിവിയെ (അദാനി ഏറ്റെടുക്കുന്നതിന് മുമ്പ്) സിബിഐയും, ഗ്രേറ്റർ കശ്മീരിനെ എൻഐഎയും റെയ്ഡ് ചെയ്തു. സ്വതന്ത്ര പോർട്ടലായ ന്യൂസ്ക്ലിക്കിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, വിദേശ ഫണ്ട് സ്വീകരിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി.

ഭരണകൂടത്തെ വിമർശിച്ച നിരവധി പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചിലർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. കാരവൻ കേസ് പരാമർശിച്ചുകൊണ്ട് 2020ൽ 67 പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും 200 പേരെ ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി ശശി തരൂർ പറഞ്ഞിരുന്നു.

ഗൗതം നവ്‌ലാഖ, പ്രബീർ പുർകായസ്ത, ആസിഫ് സുൽത്താൻ എന്നിവരുൾപ്പെടെ ഏഴ് മാധ്യമപ്രവർത്തകർ ഒരേ സമയം ജയിലിൽ കഴിയുന്നുണ്ടെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്കെതിരായ കുറ്റങ്ങൾ പിൻവലിക്കണമെന്നും അവരെ വിട്ടയക്കണമെന്നും റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്‌എഫ്) ആവശ്യപ്പെട്ടു. നവ്‌ലാഖ ജാമ്യത്തിലിറങ്ങിയെങ്കിലും സ്വന്തം നാടായ ഡൽഹിയിലേക്ക് മടങ്ങാൻ കഴിയില്ല, ഏഴ് മാസത്തിന് ശേഷം സുപ്രിംകോടതിയുടെ ഇടപെടലിനെത്തുടർന്ന് പുർകായസ്ത മോചിതനായി, അഞ്ചര വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ വർഷം ആസിഫ് സുൽത്താൻ ജയിൽ മോചിതനായി.

(വിവരങ്ങൾക്ക് കടപ്പാട്: ദ വയർ)

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News