സീരിയൽ സംവിധാനത്തിന് വിട

പ്രഥമ കേൾവിയിൽ ഇത് , ഞാൻ രാപകലില്ലാതെ കഷ്ടപ്പെടുന്നതിലുള്ള അനുഭാവവും അനുകമ്പയുമായി തോന്നിയെങ്കിലും, അതിൽ കൂർമ്മബുദ്ധിയായ ഒരു നിർമ്മാതാവിന്റെ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി.

Update: 2025-07-30 09:46 GMT

ഞാൻ ദൂരദർശനിൽ ചെയ്ത അവസാനത്തെ സീരിയൽ “ഡിറ്റക്ടീവ് ആനന്ദ്” ആയിരുന്നു. കൈരളി ടീവീ യിലെ “ഡയാന”ക്കു ശേഷം ഞാൻ ചെയ്ത മറ്റൊരു മെഗാസീരിയൽ ആയിരുന്നു ഇത്. അപ്പോഴേക്കും ദൂരദർശനിലും മെഗാ സീരിയലുകൾ ആരംഭിച്ചിരുന്നു.. ഞാൻ തന്നെ എഴുതിയ ഈ സീരിയൽ നിർമ്മിച്ചത് വീട്രാക്സ് സ്റ്റുഡിയോ ആയിരുന്നു. വേണുജി ആയിരുന്നു ടൈറ്റിൽ റോളിൽ. വീട്രാക്സിന്റെ ഉടമസ്ഥനും എഡിറ്ററുമായ ബൈജു ദേവരാജ്,ഷൂട്ടിങ്ങിന് അവ്വശ്യമായ സൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ ലുബ്ധ് ഒന്നും കാണിച്ചിരുന്നില്ല. പ്രതിഫലവും കൃത്യമായി തരുമായിരുന്നു. ബൈജു ഒരിക്കലും ലൊക്കേഷനിൽ വന്നിരുന്നില്ലെങ്കിലും, തന്റെ സ്റ്റുഡിയോയിൽ ഇരുന്നു കൊണ്ട് തന്നെ അദ്ദേഹം കാര്യങ്ങളൊക്കെ വിദഗ്ദ്ധമായി നിയന്ത്രിക്കുമായിരുന്നു.

Advertising
Advertising

കഥയും തിരക്കഥയും എഴുതുന്നതു മുതൽ ഷൂട്ടിംഗ്, എഡിറ്റിംഗ്, ഡബ്ബിങ്, റീറെക്കോർഡിങ്, മിക്സിങ്ങ്, ടൈറ്റിലിംഗ് തുടങ്ങി സർവ ജോലികളും ഞാൻ തന്നെ ഇരുന്നാണ് ചെയ്യുന്നത്. ഇന്നത്തെ പോലെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ എന്നൊരാളെ ഏൽപ്പിക്കുന്ന സമ്പ്രദായം അന്നില്ലായിരുന്നു. ഇന്ന് സംവിധായകൻ ഷൂട്ട് ചെയ്താൽ മാത്രം മതി. ബാക്കി കാര്യങ്ങളൊക്കെ നോക്കാൻ വരെ ആളുണ്ട്. ഒരു ദിവസം ഞാനും ബൈജു ദേവരാജു൦ എഡിറ്റിംഗ് കൺസോളിൽ ഇരുന്നു എഡിറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ, ബൈജു പറഞ്ഞു:-

“ സാർ, ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമില്ല. ഒരു അസോസിയേറ്റിനെ വെച്ച് നമുക്ക് ജോലി ചെയ്യിക്കാം. സാർ ഷൂട്ടിങ്ങിനു പോലും വരേണ്ട ആവശ്യമില്ല. സാർ വെറുതെ വീട്ടിൽ ഇരുന്നാൽ മതി. ഓരോ എപ്പിസോഡിനുമൊരു തുക നിശ്ചയിച്ചു ഞാൻ സാറിന്റെ വീട്ടിൽ എത്തിക്കാം. സംവിധായകൻ എന്ന് സാറിന്റെ പേരും വെയ്ക്കാം ”.

പ്രഥമ കേൾവിയിൽ ഇത് , ഞാൻ രാപകലില്ലാതെ കഷ്ടപ്പെടുന്നതിലുള്ള അനുഭാവവും അനുകമ്പയുമായി തോന്നിയെങ്കിലും, അതിൽ കൂർമ്മബുദ്ധിയായ ഒരു നിർമ്മാതാവിന്റെ ചില കണക്കുകൂട്ടലുകൾ ഉണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. എപ്പിസോഡ് ഡയറക്ടർ എന്ന പേരിൽ ഒരു അസ്സോസിയേറ്റിനെ നിയമിച്ചാൽ, അയാൾക്ക് എനിക്ക് തരുന്ന പ്രതിഫലത്തിന്റെ നാലിൽ ഒന്ന് കൊടുത്താൽ മതി. ജോലി ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന എനിക്ക് നാമമാത്രമായ ഒരു റോയൽറ്റി തന്നാൽ മതി. എങ്കിലും നിർമ്മാതാവിന് ലാഭം തന്നെ. പക്ഷേ എന്റെ മനസ്സാക്ഷി ഇങ്ങനെയൊരു ഒത്തുതീർപ്പിനു വിധേയമാവാൻ തയാറല്ലായിരുന്നു.

ഒന്നാമത്തെ കാരണം, ജോലി ചെയ്യാതെ പ്രതിഫലം വാങ്ങാൻ ഞാൻ ഒരുക്കമല്ലായിരുന്നു. പിന്നെ മറ്റൊരാൾ ചെയ്യുന്ന ജോലിയുടെ പിതൃത്വം ഏറ്റെടുക്കുവാനും എനിക്ക് താല്പര്യമില്ല. ജോലി ചെയ്യുന്ന ആൾക്ക് അതിന്റെ അംഗീകാരവും പ്രതിഫലവും ലഭിക്കണം. അതുകൊണ്ടു ഞാൻ ആ പ്രസ്താവം സ്നേഹപൂർവ്വം നിരസിച്ചു. മാത്രമല്ല , ഇങ്ങനെയൊരു ചിന്ത നിർമ്മാതാവിന്റെ മനസ്സിൽ ഉദിച്ച സ്ഥിതിക്ക് ഇനിയും ഈ ജോലി തുടരുന്നത് അഭികാമ്യമല്ല എന്ന് എനിക്ക് തോന്നി. 85 എപ്പിസോഡുകൾ പൂർത്തിയാക്കിയ “ഡിറ്റക്ടീവ് ആനന്ദിനോട്” വിട പറയാൻ സമയമായി എന്ന് എനിക്ക് ബോധ്യമായി.

അതുകൊണ്ടു ഞാൻ പറഞ്ഞു 

“ ബൈജു, ഞാൻ ഈ സീരിയലിന്റെ രചനാ-സംവിധാന ചുമതലകളിൽ നിന്നും ഇന്ന് മുതൽ ഒഴിവാവുകയാണ്. മേലിൽ എന്റെ പേര് ഈ സീരിയലിൽ ഒരു തരത്തിലും ഉപയോഗിക്കണ്ട. ചെയ്യാത്ത ജോലിക്ക് എനിക്ക് പ്രതിഫലവും വേണ്ട”


എന്നാൽ എന്റെ പേരിൽ ദൂരദർശനിൽ അംഗീകാരം നേടിയ ഡിറ്റക്ടീവ് ആനന്ദിന്റെ റോയൽറ്റി എന്ന നിലയിൽ ബൈജു എനിക്ക് സാമാന്യം നല്ലൊരു തുക തന്ന്, എന്റെ ബാധ്യതകൾ ഒറ്റത്തവണ തന്നെ തീർപ്പാക്കി.

ദൂരദർശനിൽ 13 എപ്പിസോഡ് സീരിയലുകൾ ചെയ്യുമ്പോൾ കാര്യങ്ങൾ ഒതുക്കിപ്പറയുന്ന രീതിയായിരുന്നു. മെഗാസീരിയലുകളെപോലെ വലിച്ചുനീട്ടുന്ന രീതി അവിടെ പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ഒരു തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ വളരെയധികം ആത്മസംതൃപ്തി നൽകുന്ന, തികച്ചും സർഗാത്മകമായ, ഒരു ആവിഷ്ക്കാരമായിരുന്നു ദൂരദർശൻ സീരിയലുകൾ. 85 എപ്പിസോഡുകൾക്കപ്പുറം കടക്കാത്ത രണ്ടു സീരിയലുകൾ സംവിധാനം ചെയ്തപ്പോഴേ ഇത് എനിക്ക് പറ്റിയ പണിയല്ല എന്ന് ബോധ്യമായി.


 


ആ സമയത്താണ് അമൃത ടി.വി സംപ്രേഷണം തുടങ്ങുന്നത്. എന്റെ സുഹൃത്ത് ശ്യാമപ്രസാദ് ആയിരുന്നു അമൃത ടിവിയുടെ തലപ്പത്തു. അദ്ദേഹം ആദ്യം ചെയ്തത് അന്ന് മലയാള൦ ടെലിവിഷനിലെ പ്രമുഖരായ സംവിധായകരെക്കൊണ്ട് , ഓരോ ടെലിസിനിമകൾ ചെയ്യിക്കുക എന്നതായിരുന്നു. പൂർണ്ണമായും അമൃത ടിവിയുടെ ഫണ്ട് ആയിരുന്നു ഇത്. എസ്.വി.വേണുഗോപൻ നായരുടെ “സ്ത്രീ പർവ്വം നവം” എന്ന നീണ്ട കഥയാണ് ഞാൻ ഇതിനു വേണ്ടി തെരഞ്ഞെടുത്തത്” ദേവി അജിത് , രാജീവ് പരമേശ്വരൻ, നെടുമുടി വേണു, ഊർമ്മിള ഉണ്ണി, ജീജ സുരേന്ദ്രൻ എന്നിവരോടൊപ്പം ഞാനും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു. എസ്.വി.വേണുഗോപൻ നായരും ഞാനും കൂടിയാണ് തിരക്കഥ തയാറാക്കിയത്. ഇതിനു ശേഷം ഞാൻ അമൃത ടീവിക്ക് വേണ്ടി നിരവധി പരിപാടികൾ ചെയ്തു. റമളാൻ മാസത്തിൽ സംപ്രേഷണം ചെയ്യാനായി, അഞ്ചു എപ്പിസോഡുകൾ ഉള്ള “റമളാൻ രാവുകൾ” എന്ന മിനി ഡോക്യൂമെൻററി സീരീസ് ആയിരുന്നു ആദ്യത്തേത്. റമദാൻ വൃതാനുഷ്ടാനത്തിന്റെ ആത്മീയവും, ആരോഗ്യപരവും, സാമൂഹ്യവുമായ എല്ലാ വശങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഒരു ഡോക്യൂ -ഫിക്ഷൻ ആയിരുന്നു അത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്തിട്ടാണ് ഞാൻ അത് പൂർത്തിയാക്കിയത്. ചുമട്ടു തൊഴിലാളികൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ നോമ്പനുഭവങ്ങൾ ഞാൻ അതിൽ ഉൾക്കൊള്ളിച്ചു. മതനേതാക്കൾ മുതൽ സിനിമാനടന്മാരെ വരെ ഞാൻ ഇന്റർവ്യൂ നടത്തി. മുസ്ലിംകൾ അല്ലാത്ത പലരും നോമ്പ് അനുഷ്ടിക്കുന്നുണ്ടെന്നു അന്നാണ് എനിക്ക് മനസ്സിലായത്.


 


സിനിമാനടന്മാരിൽ മമ്മൂട്ടി ആയിരുന്നു സ്വാഭാവികമായ ചോയിസ്. ഞാൻ ഇതിനായി മമ്മൂട്ടിയെ വിളിച്ചിരുന്നു. അദ്ദേഹം സമ്മതിക്കുകയും ഷൊർണ്ണൂർ വെച്ച് തന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നും അവിടെ വന്നാൽ ബൈറ്റ് എടുക്കാമെന്ന് പറഞ്ഞു, അതിനൊരു ദിവസം നിശ്ചയിക്കുകയും ചെയ്തു. പറഞ്ഞതനുസരിച്ചു ഞാൻ ഷൂട്ടിങ്ങിനു കോഴിക്കോട് പുറപ്പെടുന്നതിനു മുൻപ് അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം മറ്റൊരു സിനിമയുടെ ഡബ്ബിങ്ങിനായി എറണാകുളത്തേക്കു പോവുകയാണെന്ന് പറഞ്ഞു. രണ്ടു ദിവസത്തിനകം തിരിച്ചെത്തിയിട്ട് , ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ കോഴിക്കോട് പോയി, അവിടത്തെ ഷൂട്ടിംഗ് പൂർത്തിയാക്കി, പറഞ്ഞ ദിവസം ഷൊർണ്ണൂരിലേക്കു പുറപ്പെടുന്നതിനു മുൻപ് അദ്ദേഹത്തെ വീണ്ടും വിളിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു :-

“ നോമ്പ് ഒരാളുടെ വ്യക്തിപരവും മതപരവുമായ കാര്യമല്ലേ. അതിനു പബ്ലിസിറ്റി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”.

അവസാന നിമിഷത്തിൽ അദ്ദേഹം കാല് മാറിയതിൽ എനിക്ക് വളരെ വിഷമം തോന്നി. മമ്മൂട്ടിയുടെ ബൈറ്റ് ഉണ്ടാകുമെന്ന് ഞാൻ ചാനലിൽ അറിയിച്ചപ്പോൾ അവിടെ എല്ലാവരും ആവേശഭരിതരായിരുന്നു. ഇപ്പോൾ അദ്ദേഹം പിന്മാറിയ കാര്യം ചാനലിൽ അറിയിക്കുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ? അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ന്യായീകരണങ്ങൾ ഉണ്ടായിരിക്കും എന്ന് കരുതി ഞാൻ സ്വയം സമാധാനിച്ചു.

തിരുവനന്തപുരത്തു തിരിച്ചെത്തിയതിനു ശേഷം ഞാൻ ബാക്കി ഭാഗങ്ങൾ കൂടി ചിത്രീകരണ൦ പൂർത്തിയാക്കി. ഇതിനിടെ മത പണ്ഡിതൻ അബ്ദുൽ ഗഫാർ മൗലവിയുടെ ബൈറ്റ് എടുക്കാൻ ചെന്നപ്പോൾ, മമ്മൂട്ടി പിന്മാറിയ കാര്യം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു;-

“ സുരേഷ് ഗോപി നോമ്പ് പിടിക്കുന്ന ആളാണെന്നു കേട്ടിട്ടുണ്ട്, അദ്ദേഹത്തെ ഒന്ന് സമീപിച്ചു നോക്കു”.

ഞാൻ സുരേഷ് ഗോപിയെ വിളിച്ചപ്പോൾ അദ്ദേഹം ഒരു എതിർപ്പും കൂടാതെ സമ്മതിച്ചു. അങ്ങിനെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് തന്നെ ഷൂട്ട് ചെയ്തു. താൻ വര്ഷങ്ങളായി നോമ്പെടുക്കുന്ന ആളാണെന്നും, വീട്ടിൽ ഭാര്യയുടെ പൂർണ്ണ സഹകരണം ഇക്കാര്യത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നോമ്പ് പിടിച്ചു കൊണ്ട് ചില സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ച അനുഭവങ്ങളും അദ്ദേഹം പങ്കു വെച്ചു.. മാത്രമല്ല, അതിനു ശേഷം ഞാൻ സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് വേണ്ടി, ട്രാഫിക് നിയമ ബോധവൽക്കരണത്തിനുള്ള കേരള പോലീസിന്റെ ഒരു ഡോക്യുമെന്ററി ചിത്രീകരിച്ചപ്പോൾ, അതിനു വേണ്ടിയും അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹം യാതൊരു പ്രതിഫലവും വാങ്ങാതെ അതിലും വന്നു അഭിനയിച്ചു.



 


അതുകൊണ്ടു തന്നെ ഇത്രയും മതേതരനും, മനുഷ്യസ്നേഹിയുമായ ഒരു മനുഷ്യന്റെ പിന്നീടുണ്ടായ മാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

അമൃത ടീവിയുമായുള്ള എന്റെ ബന്ധം അഭംഗുരം തുടർന്നു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ചില പ്രസിദ്ധ ഹിന്ദി സീരിയലുകൾ ഞാൻ അമൃത ടീവിക്ക് വേണ്ടി മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു. ചാണക്യ, മാൽഗുഡി ഡേയ്സ്, ഗണേഷ് ലീല, ഓർമ്മയിൽ എന്നിവയായിരുന്നു അവ. കൂടാതെ ജീസസ്, സോളമൻ എന്നീ ഇംഗ്ലീഷ് സിനിമകളും ഞാൻ അവർക്കു വേണ്ടി മലയാളത്തിലേക്ക് ഡബ് ചെയ്തു.

സീരിയൽ സംവിധാന രംഗത്ത് നിന്നും ഞാൻ സാവധാനം പിന്മാറിയെങ്കിലും,ഒരു ഉപജീവന മാർഗം എന്ന നിലയിൽ സീരിയലുകളിൽ അഭിനയം തുടർന്നു. കൂടാതെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ സംവിധായക പാനൽ അംഗമെന്ന നിലയിൽ വിവിധ സർക്കാർ വകുപ്പുകൾക്ക് വേണ്ടി. ധാരാളം ഡോക്യുമെന്ററി സംവിധാനം തുടർന്നു. ഇതോടൊപ്പം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കൂടാതെ മറ്റു പല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഗസ്റ്റ് അദ്ധാപകനായി അധ്യാപനവും തുടർന്നു.

സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ശ്രദ്ധാഞ്ജലി സീരിസിൽ, പ്രസിദ്ധ കാർട്ടൂണിസ്റ്റും സിനിമ നിർമ്മാതാവുമായ കെ.പി.തോമസിനെക്കുറിച്ചു ഒരു പുസ്തകം രചിച്ചു. കൂടാതെ “എസ്.വി. വേണുഗോപൻ നായരുടെ എഴുത്തു വഴികൾ” എന്ന ആന്തോളജിയിൽ ഒരു ലേഖനം എഴുതി. പിന്നെ എം. സുകുമാരനെ കുറിച്ചുള്ള “കഥയും സിനിമയും”, എൻ.കെ.എ. “ലത്തീഫിനെക്കുറിച്ചുള്ള “കൊച്ചിയുടെ സുകൃതം”, ജമാൽ കൊച്ചങ്ങാടിയെക്കുറിച്ചുള്ള പുസ്തകം എന്നിവയിലും ലേഖനങ്ങൾ എഴുതി. അങ്ങിനെ എഴുത്തിന്റെ ലോകത്തും സജീവമായി. ഇപ്പോഴത്തെ കേരളം സാഹിത്യ അക്കാദമി സെക്രട്ടറി ആയ സി.പി. അബൂബക്കറിന്റെ “തണൽ ഓൺലൈൻ.ഡോട്ട് കോം “ എന്ന ഓൺലൈൻ മാസികയിൽ ഇംഗ്ലീഷിൽ എഴുതിത്തുടങ്ങിയ “Fallen leaves “ എന്ന ഓർമ്മക്കുറിപ്പുകളാണ് ഈ പരമ്പരയുടെ പൂർവ രൂപം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ആദം അയ്യൂബ്

contributor

Similar News