Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
നിയമപരമായി വിവാഹിതരായവർ ബന്ധം വേർപ്പെടുത്തുന്നതാണല്ലോ വിവാഹമോചനം അഥവാ 'ഡിവോഴ്‌സ്'. ഇന്ന് നമുക്ക് അത് സുപരിചിതവും വളരെ നോർമലുമാണ്. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഇന്ത്യയിൽ ആരായിരിക്കും ആദ്യമായി ഡിവോഴ്‌സ് ചെയ്തിട്ടുണ്ടാവുക?
ഇന്ത്യയിൽ ആദ്യമായി വിവാഹബന്ധം വേർപ്പെടുത്തിയത് ഒരു സ്ത്രീയാണ്. രുഖ്മാഭായ് റൗത്ത്... 140 വർഷങ്ങൾക്ക് മുമ്പ്, അതായത് 1885 ൽ ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന ആ കാലത്ത്. ഇന്ത്യൻ നിയമ ചരിത്രത്തിലെ ഒരു നാഴികക്കല്ലെന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. താനാഗ്രഹിക്കാത്ത നടന്ന വിവാഹത്തിനെതിരെ പോരാടുകയും വിവാഹമോചനം നേടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ വ്യക്തി.
ഫോട്ടോ| The lancet
1881 ലെ ഏജ് ഓഫ് കൺസന്റ് ആക്ട്, ശൈശവ വിവാഹം ഇല്ലാതാക്കൽ എന്നിങ്ങനെയുള്ള രണ്ട് സുപ്രധാന നിയമ മാറ്റങ്ങളിലേക്കാണ് രുഖ്മാഭായുടെ നിയമപോരാട്ടം നയിച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ച ഒരു കാലത്ത് മെഡിക്കൽ വിദ്യാഭ്യാസം നേടിയ വനിതാ ഡോക്ടർമാരിൽ ഒരാളും കൂടിയാണ് രുഖ്മാബായ്. അവരുടെ അവിശ്വസനീയമായ ജീവിതത്തിനും സംഭാവനകൾക്കും ഒരു മുന്നോടി മാത്രമാണ് ഈ വിവാഹമോചന കേസ്.
1864ൽ മുംബൈയിലാണ് രുഖ്മാബായ് ജനിച്ചത്. വെറും 14 വയസുള്ളപ്പോഴാണ് അവരുടെ അമ്മ വിവാഹിതയായത്. പതിനഞ്ചാം വയസ്സിൽ രുഖ്മാബായ്ക്ക് ജന്മം നൽകി. അമ്മയുടെ 17ാമത്തെ വയസ്സിൽ അച്ഛൻ മരിച്ചു. പിന്നീട് അവർ ഡോ. സഖാറാം അർജുൻ റൗത്തിനെ വിവാഹം ചെയ്തു. രുഖ്മാബായിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രണ്ടാനച്ഛനായ അർജുൻ റൗത്ത്.
അന്നത്തെ സാമൂഹിക രീതി അനുസരിച്ച് 11 വയസുള്ളപ്പോൾ 19 വയസുള്ള ദാദാജി ഭിക്കാജിയെ രുഖ്മാബായിക്ക് വിവാഹം ചെയ്യേണ്ടി വന്നു. എന്നാലും രുഖ്മാബായ് സ്വന്തം വീട്ടിൽ തന്നെ തുടർന്നു. രണ്ടാം അച്ഛന്റെ പിന്തുണയോടെ പഠനം തുടർന്നു. വിവാഹം കഴിഞ്ഞ് 9 വർഷത്തിനുശേഷം തന്നോടൊപ്പം താമസിക്കാൻ ദാദാജി രുഖ്മാഭായിയെ നിർബന്ധിച്ചു. എന്നാൽ രുഖ്മാബായ് അത് നിരസിച്ചു. അന്നത്തെ ആളുകളുടെ ചിന്താഗതി അനുസരിച്ച് ഏറെ ധിക്കാരപരമായ തീരുമാനം. പിന്മാറാൻ ദാദാജി തയ്യാറായില്ല, അദ്ദേഹം ബോംബെ ഹൈകോടതി ( മുംബൈ ഹൈക്കോടതി ) യിൽ ഒരു കേസ് ഫയൽ ചെയ്തു. ഭർത്താവിന് ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനുള്ള അവകാശം ചൂണ്ടിക്കാണിച്ചായിരുന്നു കേസ്. 1885-ൽ ചരിത്രപ്രധാനമായ ദാദാജി ഭിക്കാജി vs രുഖ്മാബായി കേസിലേക്ക് ഇത് നയിച്ചു.
ഫോട്ടോ| എക്‌സ്
പുരുഷനെ ധിക്കരിച്ച സ്ത്രീ, അന്നത്തെ രീതികൾ പിന്തുടരാൻ വിസമ്മതിച്ചവൾ, ഇഷ്ടപ്പെടാത്ത വിവാഹത്തിനെതിരായി പോരാടുന്നവൾ രുഖ്മാബായിയുടെ ധീരമായ നിലപാട് രാജ്യത്താകെ ശ്രദ്ധ പിടിച്ചുപറ്റി. 'ദാദാജി ഭിക്കാജിയുടെ വൈവാഹിക അവകാശം പുനഃസ്ഥാപിക്കൽ'എന്ന കേസ് ആദ്യം ജസ്റ്റിസ് റോബർട്ട് ഹിൽ പിൻഹെയുടെ അടുത്തേക്ക് പോയി, ബാല്യകാലത്ത് ആരംഭിച്ച വിവാഹം തുടരാൻ രുഖ്മാബായിയെ നിർബന്ധിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അത് തള്ളിക്കളഞ്ഞു.
ദാദാജി അപ്പീൽ നൽകി, രണ്ട് ജഡ്ജിമാരുടെ ബെഞ്ചിന് മുമ്പാകെ പുതിയ വാദം കേൾക്കൽ നടന്നു. 1887 മാർച്ചിൽ ജസ്റ്റിസ് ഫർഹാൻ, ദാദാജിക്ക് അനുകൂലമായി വിധിച്ചു. രണ്ട് ഉപാധികളാണ് ജസ്റ്റിസ് ഫർഹാൻ രുഖ്മാബായ്ക്ക് മുമ്പിൽ വെച്ചത്. ഒന്നുകിൽ ഭർത്താവിനൊപ്പം ജീവിക്കാം അല്ലെങ്കിൽ ആറ് മാസം തടവ് അനുഭവിക്കണം. രണ്ടിൽ ഏതെങ്കിലുമൊന്ന് തീരുമാനിക്കാൻ രുഖ്മാബായിയോട് ആവശ്യപ്പെട്ടു.
തിരിച്ചറിയാനാകാത്ത പ്രായത്തിൽ ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ച, വിവാഹം കഴിപ്പിച്ച, അതിന് കൂട്ടുനിന്ന നിയമവ്യവസ്ഥയെ ചോദ്യം ചെയ്ത് രുഖ്മാബായി ജയിൽവാസം തിരഞ്ഞെടുത്തു. ഇത് ദേശീയ, അന്തർദേശീയ ശ്രദ്ധ ആകർഷിച്ചു, സാമൂഹിക പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചു. പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവന്നു. എന്നാൽ രുഖ്മാബായ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. വിദ്യാഭ്യാസത്തിൽ നിന്നും അവർക്ക് ലഭിച്ച ശക്തി അതായിരുന്നു. അതിനാൽ ഒരു വിഭാഗം ആളുകളുടെ പിന്തുണ രുഖ്മാബായ് നേടി. വിദ്യാഭ്യാസം നേടിയതാണ് ഭർത്താവിനെ ധിക്കരിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് ചിലർ വിധി എഴുതി. എന്നാൽ ബ്രിട്ടനിലെ ആളുകളുടെ മനോഭാവം മറ്റൊന്നായിരുന്നു. താല്പര്യമില്ലാത്ത വിവാഹത്തിന്റെ ഇരയായ രുഖ്മാബായിയെ പലരും കാണാനെത്തി, അനുഭാവം പ്രകടിപ്പിച്ചു.
ചില പരിഷ്‌കർത്താക്കളിൽ നിന്നും ആക്ടിവിസ്റ്റുകളിൽ നിന്നും വ്യാപകമായ പിന്തുണ നേടിയെടുത്ത രുഖ്മാബായി ഇംഗ്ലണ്ടിലെ പ്രിവി കൗൺസിലിൽ അപ്പീൽ നൽകി, ദാദാജി നഷ്ടപരിഹാരത്തിനായി നൽകിയ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. അവരുടെ ലേഖനങ്ങൾ വിക്ടോറിയ രാജ്ഞിയുടെ ശ്രദ്ധയിൽ പെടുകയും, വിവാഹമോചന കേസിൽ രാജ്ഞി തന്നെ നേരിട്ട് ഇടപെടുകയും ചെയ്തു. രുഖ്മാബായി നേരിട്ട അനീതി അവർ തിരിച്ചറിയുകയും അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു.
ഫോട്ടോ| Google doodle
1888 ജൂലൈയിൽ കേസ് ഒത്തുതീർപ്പായി, ഈ രാജകീയ ഇടപെടൽ രുഖ്മാബായിക്ക് സ്വാതന്ത്ര്യം നൽകി എന്നു മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങൾക്കും നിർബന്ധിത വിവാഹങ്ങൾക്കെതിരായ നിയമപരമായ സംരക്ഷണത്തിനും കാരണമായി. കേസിൽ നിന്നും മോചനം ലഭിച്ച രുഖ്മാബായ് ആഗ്രഹപ്രകാരം വിദ്യാഭ്യാസം തുടർന്നു.
ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ പഠിക്കാനുള്ള തീരുമാനത്തിലേക്ക് എത്തി. ലിംഗപരമായ തടസ്സങ്ങൾ തകർത്ത് ഭാവി തലമുറയിലെ സ്ത്രീകൾക്ക് വൈദ്യശാസ്ത്ര മേഖലയിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കി.
സ്ത്രീ അടിച്ചമർത്തലുകൾ മാത്രം നേരിട്ട ഒരു കാലത്ത്, ചരിത്രപരമായ ഐതിഹാസിക വിധിക്കായി പോരാടിയ ധീര വനിതയാണ് രുഖ്മാബായ്. എന്നാൽ സാമൂഹിക പരിഷ്‌കരണത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും രുഖ്മാബായി നൽകിയ ഗണ്യമായ സംഭാവനകൾ ഉണ്ടായിരുന്നിട്ടും, മെഡിക്കൽ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ പരിമിതമായ അംഗീകാരം മാത്രമേ അവർക്ക് ലഭിച്ചുള്ളൂ. നമ്മുടെ ചരിത്രത്തിൽ മുൻനിരയിൽ അടയാളപ്പെടുത്തേണ്ട വ്യക്തികളിൽ ഒരാൾ തന്നെയാണ് രുഖ്മാബായ് റൗത്ത്.