'പ്രബുദ്ധ' ജനതയും പെരിയാറിന്റെ ചോദ്യങ്ങളും
ബുദ്ധനിൽ നിന്നിങ്ങോട്ടുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിൽ സുപ്രധാന പങ്കുവഹിച്ച ആദ്യ നൂറുപേരിൽ ഒരാൾ പെരിയാറായിരിക്കുമെന്നതിൽ സംശയമില്ല. തന്റെ ആയുഷ്കാലം ഉഴിഞ്ഞുവെച്ചു കൊണ്ട് അദ്ദേഹം പോരാടിയ സാമൂഹിക മാറ്റം പക്ഷെ വർഷങ്ങൾക്കിപ്പുറവും ലക്ഷ്യം കാണാതെ കിടക്കുന്നു എന്ന സത്യം എത്ര ലജ്ജാവഹം
ഈ കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ്നാട്ടിലെ 21 വയസ്സുകാരനായ യുവാവിനെ കുറച്ചുപേർ ചേർന്ന് അക്രമിക്കുകയുണ്ടായി. ആക്രമണത്തിന് കാരണമാകട്ടെ ദലിതനായ യുവാവ് ബുള്ളറ്റ് ഓടിച്ചു എന്നത്. താഴ്ന്ന ജാതിയിൽപെട്ട വ്യക്തി 'ആഡംബര വാഹനം ' ഉപയോഗിച്ചത് സവർണർക്കത്ര പിടിച്ചില്ലത്രെ. മാരകായുധങ്ങളുമായെത്തിയ സംഘം ഈ ചെറുപ്പക്കാരന്റെ കൈ വെട്ടുകയായിരുന്നു.
ഉന്നത ജാതിയിൽപെട്ട പെൺകുട്ടിയെ പ്രണയിച്ചതിന് പട്ടിക ജാതിയിൽപെട്ട യുവാവിന് നേരെ വധഭീഷണി അടക്കം നടത്തുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തത് ഇതേ തമിഴ്‌നാട്ടിലാണ്. മിശ്ര വിവാഹങ്ങൾ നടത്തുന്നതിനായി പാർട്ടി ഓഫീസ് തുറന്നു കൊടുക്കുമെന്ന് സിപിഎം തീരുമാനമെടുത്തതും, സിപിഎം ഓഫീസ് അക്രമിക്കപ്പെട്ടതും തമിഴ്‌നാട്ടിൽ തന്നെ. ഇതൊക്കെ അങ്ങ് തമിഴ്നാട്ടിൽ അല്ലെ എന്ന് ഓർക്കാൻ വരട്ടെ, കേരളത്തിൽ ഈ അടുത്ത ദിവസമാണ് ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പൊലീസുകാരുടെ കഥ പുറത്തുവന്നത്. അമ്പലത്തിൽ വിവേചനം നേരിടേണ്ടി വന്ന മന്ത്രിയുടെ അനുഭവവും ഒബിസി വിഭാഗത്തിൽ പെട്ടതിനാൽ അമ്പല ജീവനക്കാരനെ സ്ഥലം മാറ്റിയതും പ്രബുദ്ധ കേരളത്തിലെ ജാതീയതയുടെ തെളിവുകളാണ്.
വടക്കേ ഇന്ത്യയിലേക്ക് പോയാൽ സ്ഥിതി അതിനേക്കാൾ ഭയാനകം. ദുരഭിമാനക്കൊലയും, ദലിത് - ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കും യാതൊരു പഞ്ഞവുമില്ല. രാജസ്ഥാനിൽ വെള്ളം നിറച്ച പാത്രം തൊട്ടതിന് എട്ടു വയസുകാരനെ തലകീഴായി തൂക്കിയിട്ട് മർദിച്ചതും, മധ്യപ്രദേശിൽ ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചതിന് ദലിത് യുവാവിനെ കൊലപ്പെടുത്തിയതും ഇതിന് ചില ഉദാഹരണങ്ങൾ മാത്രം. വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ സമൂഹിക മണ്ഡലങ്ങൾ സാംസ്കാരിക ദേശീയതയും ബ്രാഹ്മണ്യവാദവും കൈയേറിയിരിക്കുന്ന സാഹചര്യത്തിലാണ് പെരിയാർ ഇ.വി രാമസ്വാമി മുന്നോട്ടുവെച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി. ഉത്തരേന്ത്യൻ ദേശീയതയ്ക്ക് വെല്ലുവിളി ഉയർത്തിയ, ജാതി വ്യവസ്ഥയെയും വർണാശ്രമ ധർമ്മത്തെയും പാടെ തള്ളിക്കളഞ്ഞ, സ്ത്രീകൾക്കും ദലിതർക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കും ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം പകർന്നു നൽകിയ മനുഷ്യൻ.
തമിഴ്നാട്ടിലെ ഈറോഡിൽ 1879ൽ ജനിച്ച സമൂഹിക പരിഷ്‌കർത്താവായ പെരിയാർ ഇ.വി രാമസ്വാമി അഥവാ തമിഴ്‌നാട്ടുകാരുടെ സ്വന്തം തന്തൈ പെരിയാർ. സ്വാഭിമാന പ്രസ്ഥാനവും, ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവുമായ പെരിയാർ ദലിതരുടെയും സ്ത്രീകളുടെയും ശബ്ദമാവുകയായിരുന്നു. പെരിയാർ രൂപീകരിച്ച ദ്രാവിഡ കഴകത്തിൽ നിന്നാണ് തമിഴ് രാഷ്ട്രീയത്തെ മാറ്റി മറിച്ച ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികൾ ഉടലെടുത്തത്. പുരോഗമന ആശയങ്ങളുടെ ലക്ഷണമൊത്ത പ്രചാരകനാണ് പെരിയാർ. യൂറോപ്പിൽ ഫെമിനിസത്തിന്റെ ആദ്യതരംഗം ഉടലെടുക്കുന്നതിനു മുൻപേ തന്നെ സ്ത്രീ വിമോചനത്തിനും വിദ്യാഭ്യാസത്തിനും തുല്യാവകാശത്തിനും വേണ്ടി നിരന്തരം വാദിച്ചുപോന്ന വ്യക്തിയാണ് അദ്ദേഹം. പരമ്പരാഗതമായ വിവാഹ സങ്കൽപം പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ബുദ്ധനിൽ നിന്ന് തുടങ്ങി കഴിഞ്ഞ 2500 വർഷത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റ ചരിത്രത്തിലെ സുപ്രധാന പങ്കു വഹിച്ച നൂറു പേരെ എടുത്താൽ തീർച്ചയായും അതിൽ ഒരാൾ പെരിയാർ ആയിരിക്കും. തന്റെ ആയുഷ്കാലം ഉഴിഞ്ഞുവെച്ചു കൊണ്ട് അദ്ദേഹം പോരാടിയ സാമൂഹിക മാറ്റം പക്ഷെ വർഷങ്ങൾക്കിപ്പുറവും ലക്ഷ്യം കാണാതെ കിടക്കുന്നു എന്ന സത്യം എത്ര ലജ്ജാവഹം. തമിഴ് ജനതയ്ക്ക് നീതി ബോധത്തേക്കുറിച്ചും, ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സമൂഹിക പരിഷ്‌കർത്താവായ പെരിയാറിന്റെ ചുവട് പിൻപറ്റിയാണ് തമിഴ് രാഷ്ട്രീയം പുതുമാനം തേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനും ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി അണ്ണാമലൈയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ കൊണ്ടുപിടിച്ച പ്രചരണം നടന്നെങ്കിലും തെരഞ്ഞെടുപ്പിൽ തോൽവിയായിരുന്നു ഫലം. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും നാലാം സ്ഥാനത്തായിരിക്കും ബിജെപിയെന്നാണ് ദേശീയ സർവേ ഫലങ്ങൾ. ഹിന്ദുത്വ ശക്തികൾ അഹോരാത്രം പണിയെടുത്തിട്ടും ഈ മണ്ണിൽ വിളവ് കൊയ്യാൻ ബിജെപിക്ക് സാധിക്കാത്തത് പെരിയാർ കാരണമാണ്. തമിഴ്നാടിന്റെ സമൂഹിക ഘടന രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് അത്രകണ്ടുണ്ട്.
പ്രബുദ്ധരെന്ന് സ്വയം വിളിക്കുന്ന കേരളത്തിലും, ജാതിയില്ലെന്ന് എത്ര ഉറക്കെ വിളിച്ചു പറഞ്ഞാലും ഒളിഞ്ഞും തെളിഞ്ഞും ജാതീയത കാണാം. അടുത്ത ജന്മത്തിലെങ്കിലും ഉന്നതകുല ജാതനായി ജനിക്കണം എന്നാഗ്രഹിക്കുന്ന നേതാവും, അതുറക്കെ വിളിച്ചു പറയുന്നത് കേട്ടു നിൽക്കുന്ന അണികളുമുളള നാടാണ് ഇപ്പോഴും കേരളം. കുഴികുത്തി കഞ്ഞി വിളമ്പിയ സവർണ ചരിത്രം നൊസ്റ്റാൾജിയയുടെ മേമ്പൊടി വിതറി വിളമ്പിയപ്പോൾ പക്ഷം പിടിക്കാൻ ആളുണ്ടായിരുന്നതും, സംവരണത്തെ കുറിച്ച് കേൾക്കുമ്പോഴെല്ലാം ചോര തിളപ്പുണ്ടാകുന്നവരും കേരളത്തിൽ തന്നെ. രാജാവെത്ര വിനയൻ എന്നോർത്ത് അഭിമാനിക്കുന്ന, രാജ ഭരണമായിരുന്നെങ്കിൽ എന്നോർത്ത് നെടുവീർപ്പിടുന്ന ' പ്രബുദ്ധർ '.
1950 ൽ സുപ്രിംകോടതി നിലവിൽ വന്നതിന് ശേഷം 2025 വരെയുള്ള നീണ്ട 75 വർഷക്കാലത്തിനിടക്ക് രണ്ട് ദലിത് ചീഫ് ജസ്റ്റിസുമാരാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്, 2007ലും 2025ലും. രാജ്യത്തിന്റെ ജനസംഖ്യയുടെ 16-17 ശതമാനത്തോളം വരുന്ന ഒരു വിഭാഗമാണ് ഇതെന്നോർക്കണം. മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തിലും സ്ഥിതി സമാനം തന്നെ. ഇത്രയും കാലത്തിനിടയിൽ ഒരു വനിത പോലും പരമോന്നത കോടതിയുടെ തലപ്പത്തെത്തിയിട്ടില്ല. കേരളത്തിലാകട്ടെ ഒരു വനിതാ മുഖ്യമന്ത്രിയോ ദലിത് മുഖ്യമന്ത്രിയോ ഉണ്ടായിട്ടില്ല. മന്ത്രിസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പദവിയിലേക്കെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. ഇവിടെയാണ് പെരിയാറും അംബേദ്കറും പ്രസക്തമാകുന്നത്.
ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക വ്യവഹാരത്തിൽ പ്രാചീനകാലം മുതൽക്കേ പ്രധാനമായും രണ്ടു പ്രത്യയശാസ്ത്രധാരകളാണ് ഉണ്ടായിട്ടുള്ളത്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രരൂപത്തിലേക്കും അയോധ്യയിലെ കോർപ്പറേറ്റ് ക്ഷേത്രത്തിലേക്കും സവർണ്ണ മുതലാളിത്ത സമ്പദ്-വ്യവസ്ഥയിലേക്കും പരിണമിച്ചുനിൽക്കുന്ന ബ്രാഹ്മണ്യ പ്രത്യയശാസ്ത്രമാണ് ആദ്യത്തേതെങ്കിൽ, ബുദ്ധനിൽ നിന്ന് തുടങ്ങി, ഒന്നര നൂറ്റാണ്ടിനിടെ വിവിധങ്ങളായ അധഃസ്ഥിത സമൂഹം നടത്തിയ അവകാശ സമരങ്ങളുടെ തോളിലിരുന്ന് വളർന്ന് ഒടുവിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണഘടനയിലേക്കും അതിന്റെ മൂല്യങ്ങളിലേക്കും പരിണമിച്ചെത്തിനിൽക്കുന്ന ബൗദ്ധപ്രത്യയശാസ്ത്രമാണ് രണ്ടാമത്തേത്. മുഖ്യധാരാ രാഷ്ട്രീയത്തിലെ മേൽപ്പറഞ്ഞ ബൗദ്ധധാരയുടെ ഏറ്റവും മഹത്തരമായ രണ്ട് പ്രതീകങ്ങളാണ് ഡോ. ബി.ആർ അംബേദ്കറും, തന്തൈ പെരിയാറും എന്ന് നിസംശയം പറയാം.
അംബേദ്കറിനൊപ്പം പെരിയാർ ഇ.വി രാമസ്വാമി
കാലങ്ങൾക്കപ്പുറവും പെരിയാറും അംബേദ്കറും തൊടുത്തുവിട്ട സമൂഹിക നീതിയുടെ മുദ്രാവാക്യങ്ങൾക്ക് പ്രധാന്യം തെല്ലും നഷ്ടപ്പെട്ടിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണങ്ങളാണ് പറഞ്ഞതെല്ലാം. ആധുനിക ഇന്ത്യയിൽ അവരുയർത്തിയ മുദ്രാവാക്യങ്ങൾ പ്രചരിപ്പിക്കുക എന്നതാണ് കടമ്പ. എന്നാൽ, ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധികളിൽ നിന്ന് മോചനത്തിനായി മറ്റു വഴികളില്ല എന്നതാണ് യാഥാർഥ്യം. മതേതര വിവാഹങ്ങളും, ജാതി കടന്നുള്ള വിവാഹങ്ങളും സമൂഹിക സമാധാനത്തിന് വെല്ലുവിളി ഉയർത്തുകയും, ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നിടത്തോളം കാലം അംബേദ്കറോ പെരിയാറോ ചരിത്രമാകുന്നില്ല, മറിച്ച് രാജ്യം ഓടിയെത്താനുള്ള വിദൂര ഭാവിയുടെ ഓർമ്മപ്പെടുത്തലുകളാണ്