കുടിയേറ്റ വിരുദ്ധതയിൽ കത്തിയുലഞ്ഞ് ബ്രിട്ടൻ: തെരുവിലിറങ്ങുന്ന ജനം
സമീപകാലത്ത് ബ്രിട്ടണിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ശനിയാഴ്ച ലണ്ടൻ നഗരം സാക്ഷ്യം വഹിച്ചത്
ലണ്ടൻ: "അക്രമത്തിന്‍റെയും ഭയത്തിന്‍റെയും വിഭജനത്തിന്‍റെയും പ്രതീകമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രിട്ടന്‍റെ പതാക വിട്ടുകൊടുക്കില്ല" തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ സംഘടിപ്പിച്ച 'യുണൈറ്റ് ദി കിംഗ്ഡം' മാർച്ചിനായി ആയിരക്കണക്കിന് ആളുകൾ സെൻട്രൽ ലണ്ടനിലെ തെരുവിലിറങ്ങി മണിക്കൂറുകൾക്ക് ശേഷം യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമര്‍ രാജ്യത്തോടായി പറഞ്ഞു.
''സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് നമ്മുടെ രാജ്യത്തിന്‍റെ മൂല്യങ്ങളുടെ കാതലായ ഘടകമാണ്'' എന്നാല്‍ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തെ തള്ളിക്കൊണ്ടായിരുന്നു സ്റ്റാര്‍മറുടെ മുന്നറിയിപ്പ്.
സമീപകാലത്ത് ബ്രിട്ടണിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ശനിയാഴ്ച ലണ്ടൻ നഗരം സാക്ഷ്യം വഹിച്ചത്. ഏകദേശം 110,000 പേർ പങ്കെടുത്തുവെന്ന് പറയപ്പെടുന്ന മാര്‍ച്ച് അക്രമത്തിൽ കലാശിച്ചിരുന്നു. 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടുകയും പ്രകടനക്കാര്‍ തങ്ങൾക്ക് നേരെ കുപ്പികൾ എറിയുകയും മര്‍ദിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.
കഴിഞ്ഞ മാസം ബ്രിട്ടനിലെ വിവിധ നഗരങ്ങളിൽ അരങ്ങേറിയ കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷക്കാരുടെ ആക്രമണങ്ങളും ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് 100ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൾ, ലിവർപൂൾ, ബ്രിസ്റ്റൾ, മാഞ്ചസ്റ്റർ, ബ്ലാക്ക്പൂൾ, ബെൽഫാസ്റ്റ്, നോട്ടിങ്ഹാം എന്നിവിടങ്ങളിൽ ഇഷ്ടികയും കുപ്പികളും പടക്കവും എറിഞ്ഞും കടകൾ കൊള്ളയടിച്ചും കലാപകാരികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ അഭയാർഥികൾ താമസിക്കുന്ന ഹോട്ടലിന്‍റെ ജനാലകൾ തകർക്കുകയും കടകൾ ആക്രമിക്കുകയും തീയിടുകയും ചെയ്തത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സമീപ മാസങ്ങളിലായി ബ്രിട്ടണിൽ അരങ്ങേറുന്ന അക്രമങ്ങളും പ്രതിഷേധവും രാജ്യത്തെ സംബന്ധിച്ചിടത്തോളം പുതിയ സംഭവമല്ല. ബ്രിട്ടണിലെ കുടിയേറ്റ വിരുദ്ധതക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ് കുടിയേറ്റ വിരുദ്ധതയും.
'ഞങ്ങളുടെ രാജ്യം തിരിച്ചുതരൂ'
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസണിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച 'യുണൈറ്റ് ദി കിംഗ്ഡം'എന്ന റാലിയിൽ ഒരു ലക്ഷത്തിലധികം പേരാണ് അണിനിരന്നത്. പ്രശസ്തമായ ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിന് സമീപത്ത് നിന്നായിരുന്നു റാലി ആരംഭിച്ചത്. 'ഞങ്ങളുടെ രാജ്യം തിരിച്ചു തരൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധക്കാര്‍ പ്രകടനങ്ങളില്‍ പങ്കെടുത്തത്. ഇതിനിടയിൽ കുടിയേറ്റ വിരുദ്ധ, മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങി. ഇംഗ്ലണ്ടിന്‍റെയും ബ്രിട്ടന്‍റെയും പതാകകളേന്തിയ പ്രതിഷേധക്കാര്‍ പലയിടങ്ങളിലും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.സാമ്പത്തികമായും, സാംസ്‌കാരികമായും സാമൂഹികമായും ബ്രിട്ടനെ തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന മുദ്രാവാക്യം. 'ബോട്ടുകളെ തടയൂ, അവരെ അവരുടെ വീട്ടിലേക്ക് അയക്കൂ...നിര്‍ത്തൂ..നമ്മുടെ കുട്ടികളെ രക്ഷിക്കൂ'...പ്രതിഷേധക്കാര്‍ പ്രകടനത്തിനിടെ ഉച്ചത്തിൽ വിളിച്ചുകൊണ്ടിരുന്നു.
പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെതിരെയും പ്രതിഷേധക്കാര്‍ തിരിഞ്ഞു. സ്റ്റാര്‍മറിനെ വഞ്ചകനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കൊല്ലപ്പെട്ട അമേരിക്കൻ വലതുപക്ഷ ആക്ടിവിസ്റ്റ് ചാർളി കിർക്കിന് പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും മുഴങ്ങിക്കേട്ടു. ''ഗ്രേറ്റ് ബ്രിട്ടണിൽ സാസ്കാരിക വിപ്ലവത്തിന്‍റെ തീപ്പൊരി വീണുകഴിഞ്ഞു. ഈ നിമിഷം നമ്മുടേതാണ്'' തേംസ് നദിക്ക് കുറുകെ ബിഗ് ബെൻ മുതൽ വാട്ടർലൂ ട്രെയിൻ സ്റ്റേഷന് അപ്പുറത്തുള്ള ഒരു കിലോമീറ്റർ വരെ നീണ്ടുനിന്ന മാർച്ചിൽ, റോബിൻസൺ പറഞ്ഞു. "ദേശസ്നേഹമാണ് ഭാവി, അതിർത്തികളാണ് ഭാവി, നമുക്ക് നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം വേണം," അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രം കെട്ടിപ്പെടുത്ത ബ്രിട്ടീഷ് പൗരൻമാരെ അപേക്ഷിച്ച് കുടിയേറ്റക്കാര്‍ക്കാണ് ഇപ്പോൾ കോടതിയിൽ കൂടുതൽ അവകാശങ്ങൾ ലഭിക്കുന്നതെന്നും റോബിൻസൺ ചൂണ്ടിക്കാട്ടിയിരുന്നു. ബ്രിട്ടനിലേക്ക്, പ്രത്യേകിച്ച് ഇംഗ്ലീഷ് ചാനൽ വഴി ബോട്ടുകളിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയുക എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. കുടിയേറ്റക്കാര്‍ തങ്ങളുടെ ജോലിയും വിഭവങ്ങളും കവര്‍ന്നെടുക്കുന്നുവെന്നും കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നുവെന്നും കുടിയേറ്റ വിരുദ്ധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പിന്തുണയുമായി ഇലോൺ മസ്ക്
കുടിയേറ്റ വിരുദ്ധ റാലിയിലെ ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. യുകെ വലിയ തകര്‍ച്ചയുടെ വക്കിലാണെന്നും നേതൃമാറ്റം വേണമെന്നും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മസ്ക് ആവശ്യപ്പെട്ടു. ''ബ്രിട്ടൻ പതുക്കെ തകരുകയാണ്. അത് വൈകാതെ വലിയ നാശത്തിലേക്ക് പോകുമെന്നും മസ്‌ക് മുന്നിറയിപ്പ് നൽകി. ആക്രമണം വരുന്നുണ്ട്. ഒന്നുകിൽ നിങ്ങൾക്ക് അതിനെതിരെ പോരാടാം അല്ലെങ്കിൽ മരിക്കാം. കുടിയേറ്റം തുടർന്ന് അക്രമം നിങ്ങളുടെ നേരെ വരും. നിങ്ങൾ അത് തെരഞ്ഞെടുത്താലും ഇല്ലെങ്കിലും അത് നിങ്ങൾക്ക് നേരെ വരും. ഒന്നുകിൽ നിങ്ങൾ തിരിച്ചടിക്കുക അല്ലെങ്കിൽ മരിക്കുകയെന്ന പോംവഴി മാത്രമാവും നിങ്ങൾക്ക് മുന്നിലുണ്ടാവുകയെന്നും'' അദ്ദേഹം പറഞ്ഞു. കെയര്‍ സ്റ്റാർമർ സർക്കാരിനെതിരെയും മസ്‌ക് വിമർശനം ഉന്നയിച്ചു. ബ്രിട്ടണിൽ നേതൃമാറ്റം വേണമെന്നും ടെസ്‍ല മേധാവി അഭിപ്രായപ്പെട്ടു.
അഭയാര്‍ഥികളെ സ്വാഗതം... കൗണ്ടര്‍ പ്രതിഷേധവുമായി സ്റ്റാൻഡ് അപ് ടു റേസിസം
കുടിയേറ്റ വിരുദ്ധതക്കെതിരായ പ്രകടനം സെൻട്രൽ ലണ്ടനിൽ കത്തിക്കയറിക്കൊണ്ടിരിക്കുമ്പോൾ ശനിയാഴ്ച അതേ സ്ഥലത്ത് തന്നെ മറ്റൊരു പ്രതിഷേധം കൂടി അരങ്ങേറിയിരുന്നു. 'സ്റ്റാൻഡ് അപ് ടു റേസിസം' എന്ന പേരിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം 5000ത്തോളം പേര്‍ പങ്കെടുത്തിരുന്നു. സാറാ സുൽത്താന, ഡയാൻ അബോട്ട് തുടങ്ങിയ ഇടതുപക്ഷ ആക്ടിവിസ്റ്റുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. 'അഭയാര്‍ഥികളെ സ്വാഗതം, തീവ്ര വലതുപക്ഷത്തെ തകർക്കുക' എന്നെഴുതിയ ബാനറുകളും കയ്യിലേന്തി എത്തിയ പ്രതിഷേധക്കാര്‍ 'എഴുന്നേല്‍ക്കൂ..തിരിച്ചടിക്കൂ' എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. അഭയാര്‍ഥികൾ രാജ്യത്തിന് ഭീഷണിയാണെന്ന അസംബന്ധവും അപകടകരവുമായ നുണകൾ റോബിൻസണും കൂട്ടാളികളും പ്രചരിപ്പിക്കുകയാണെന്ന് അബോട്ട് ആരോപിച്ചു. "അഭയം തേടുന്നവരോട് നമ്മൾ ഐക്യദാർഢ്യം പ്രകടിപ്പിക്കണം, നമ്മൾ ഐക്യമുള്ളവരാണെന്ന് കാണിക്കണം," അവർ സ്കൈ ന്യൂസിനോട് പറഞ്ഞു. " അഭയാര്‍ഥികളെ നമ്മൾ ആളുകളെ എത്രത്തോളം സ്വാഗതം ചെയ്യുന്നുവോ അത്രത്തോളം ഒരു രാജ്യം എന്ന നിലയിൽ നമ്മൾ ശക്തരാകും" പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപകനായ ബെൻ ഹെച്ചിൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
കുടിയേറ്റക്കാരുടെ എണ്ണത്തിലും വര്‍ധനവ്
അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ആറു മുതല്‍ 12 ലക്ഷം വരെ വരും. അതേസമയം, 2021-2022 ലെ സെന്‍സസ് പ്രകാരം ബ്രിട്ടനില്‍ നിയമപരമായി താമസിക്കുന്ന വിദേശികളുടെ എണ്ണം 10.7 ദശലക്ഷമാണ്. 2024 ല്‍ 9,48,000 കുടിയേറ്റക്കാരാന് നിയമവിധേയമായി യു കെയില്‍ എത്തിയതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ 43,630 അനധികൃത കുടിയേറ്റക്കാരെയാണ് കണ്ടെത്തിയതെന്നും ഒഎന്‍എസ് കണക്കില്‍ പറയുന്നു. ഇതിൽ 84 ശതമാനവും ചെറു ബോട്ടുകൾ വഴി ചാനൽ മാര്‍ഗം എത്തിയവരാണ്. ഈ വർഷം ഇതുവരെ 28,000-ത്തിലധികം കുടിയേറ്റക്കാർ രാജ്യത്ത് അഭയം തേടിയിട്ടുണ്ടെന്നാണ് കണക്ക്.
രാജ്യത്ത് അനധികൃത കുടിയേറ്റങ്ങൾ തടയാനുള്ള നിയമങ്ങൾ യുകെ ഈയിടെ കര്‍ശനമാക്കിയിരുന്നു. രാജ്യത്ത് നിയമവിരുദ്ധ ജോലി ചെയ്യുന്നവർക്കെതിരെ വൻതോതിലുള്ള റെയ്ഡുകൾ ലേബര്‍ പാര്‍ട്ടി സർക്കാർ ആരംഭിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഇന്ത്യൻ റെസ്റ്റോറന്‍റുകൾ, നെയിൽ ബാറുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, കാർ വാഷുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നടപടി. കഴിഞ്ഞ വർഷം ജൂലൈയിൽ ലേബർ പാർട്ടി അധികാരമേറ്റതിനുശേഷം യുകെയിൽ നിന്ന് 19,000 ത്തോളം അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
വളരുന്ന കുടിയേറ്റ വിരുദ്ധത
സമീപ കാലങ്ങളിലായി ബ്രിട്ടണിൽ കുടിയേറ്റ വിരുദ്ധ വികാരം വ്യാപകമാകുന്നുണ്ട്. അനധികൃത കുടിയേറ്റത്തോടുള്ള സർക്കാരിന്‍റെ പ്രതികരണത്തിൽ പൗരൻമാര്‍ നിരാശരാണ്. ഇത് പലപ്പോഴും പ്രതിഷേധങ്ങളായും അക്രമങ്ങളായും മാറുന്നു. പ്രത്യേകിച്ച് 2024 ൽ വ്യാപകമായ കലാപങ്ങൾ 1,800 ൽ അധികം അറസ്റ്റുകൾക്ക് കാരണമായി, 350 ൽ അധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
2024ൽ ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റ വിരുദ്ധ കലാപമായി ബ്രിട്ടനിലെങ്ങും ആളിപ്പടരുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതി കുടിയേറ്റക്കാരനും മുസ്‍ലിമുമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ടോമി റോബിൻസണിന്‍റേത് ഉൾപ്പെടെയുള്ള അക്കൗണ്ടുകൾ സോഷ്യൽമീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
കുടിയേറ്റക്കാര്‍ക്കെതിരെ ആസ്ത്രേലിയയും
കഴിഞ്ഞ ആഗസ്തിലാണ് ആസ്ത്രേലിയയിൽ കുടിയേറ്റക്കാര്‍ക്കെതിരെ കൂറ്റൻ പ്രക്ഷോഭം അരങ്ങേറിയത്. 'മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ' എന്ന തീവ്രവലതുപക്ഷ സോഷ്യൽമീഡിയ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലായിരുന്നു വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആയിരങ്ങളാണ് മാര്‍ച്ചിൽ അണിനിരന്നത്. ആസ്ത്രേലിയയിലേക്കുള്ള ബഹുജന കുടിയേറ്റം അവസാനിപ്പിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാജ്യത്തിന്‍റെ കുടിയേറ്റ നയങ്ങൾ ആസ്ത്രേലിയയുടെ ഐക്യത്തെ നശിപ്പിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റക്കാരുടെ കടന്നുവരവോടുകൂടി രാജ്യത്ത് കുറ്റകൃത്യങ്ങൾ വര്‍ധിച്ചുവെന്നും കുടിയേറ്റ ജനതയുടെ മര്യാദയില്ലാത്തെ പെരുമാറ്റവും തദ്ദേശീയരെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. കുടിയേറ്റത്തിനെതിരെ സിഡ്നി, മെൽബൺ, കാൻബറ തുടങ്ങിയ നഗരങ്ങളിൽ ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ റാലികൾ നടന്നിരുന്നു.നൂറുവർഷത്തിനിടെ കുടിയേറിയ ഗ്രീക്കുകാരെക്കാളും ഇറ്റലിക്കാരെക്കാളും കൂടുതൽ ഇന്ത്യക്കാർ 5 വർഷം കൊണ്ട് ആസ്ത്രേലിയയിൽ കുടിയേറിയെന്നാണ് പ്രതിഷേധക്കാരുടെ വാദം.
അതിനിടെ ഇന്ത്യക്കാർ ആസ്ത്രേലിയിലേക്കു കൂട്ടമായി കുടിയേറുന്നതിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞ് സർക്കാർ രംഗത്തെത്തി. വംശീയതയിലൂന്നിയ തീവ്ര വലത് ആക്ടിവിസത്തിന് ആസ്ത്രേലിയിൽ സ്ഥാനമില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ പക്ഷം. പ്രതിഷേധങ്ങളെ വംശീയ വിദ്വേഷവും വിഭജനവും വളർത്തുന്ന നടപടിയെന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.