മണ്ണിലലിഞ്ഞ പതിനായിരങ്ങൾ തകർന്നടിഞ്ഞ ജീവിതങ്ങൾ; യുദ്ധം കവർന്നെടുത്ത ഗസ്സയുടെ ഭൂമിയും ആകാശവും

ഗസ്സ മുനമ്പ് പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നടത്തുന്ന കനത്ത ബോംബാക്രമണം ദീർഘകാലത്തേക്ക് മണ്ണിനെയും ഭൂഗർഭജലത്തെയും മലിനമാക്കുന്നുവെന്ന് യുഎൻഇപി കണ്ടെത്തി. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നശിക്കുകയും ചെയ്യുമ്പോൾ ആസ്ബറ്റോസ്, ഇന്ധനം, വ്യാവസായിക രാസവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ വായുവിലേക്കും മണ്ണിലേക്കും ഭൂഗർഭജലത്തിലേക്കും പുറത്തുവിടുന്നുണ്ട്

Update: 2025-10-07 05:43 GMT

​ഗസ്സ, ജീവിതം ഇന്നവർക്ക് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ള പോരാട്ടമായി ചുരുങ്ങിയിരിക്കുകയാണ്. രണ്ട് വർഷം മുൻപ് ഏകദേശം 23 ലക്ഷം ജനങ്ങൾ ജീവിച്ചിരുന്ന ഒരു നാട് ഇന്ന് തരിശുഭൂമിയാണ്. ​ഗസ്സയിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് ഒക്ടോബർ ഏഴിന് രണ്ടാണ്ട് തികയവേ പശ്ചിമേഷ്യയിൽ സമാധാനപ്പുലരി വിരിയുമെന്ന പ്രതീക്ഷയിലാണ് ലോകം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാനപദ്ധതിയിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്.

2021 ജൂണിലും 2024 ജൂണിലും ഗസ്സയിലെ പരിസ്ഥിതി

കഴിഞ്ഞ രണ്ട് വർഷമായുള്ള ഗസ്സയിലെ ഇസ്രായേൽ ബോംബാക്രമണവും ഉപരോധവും സിവിൽ അടിസ്ഥാന സൗകര്യങ്ങളെ പൂർണമായും തകർച്ചയിലേക്ക് നയിച്ചു. മലിനജല സംസ്കരണം, മാലിന്യ നിർമാർജനം, കുടിവെള്ള പ്രശ്നം, ഇന്ധന വിതരണം എന്നിവയെയാണ് അത് ബാധിച്ചത്. ഇസ്രായേൽ ഇന്ധന വിതരണം വിച്ഛേദിച്ചതിനാൽ പ്രതിദിനം 130,000 ക്യുബിക് മീറ്റർ മലിനജലമാണ് കടലിലേക്ക് പുറന്തള്ളപ്പെട്ടിരുന്നത്. ഗാസയിലെ 92 ശതമാനം വീടുകളും 72 ശതമാനം കെട്ടിടങ്ങളുമാണ് യുദ്ധത്തിൽ തകർന്നു വീണത്.

Advertising
Advertising

2023 ഒക്ടോബർ 19ന് ഇസ്രായേലി വ്യോമാക്രമണത്തിന് ശേഷം അൽ-സഹ്‌റയിലെ കെട്ടിടങ്ങൾ തകർന്നു വീണു | മുസ്തഫ ഹസ്സോണ / ഗെറ്റി ഇമേജസ്

ഭൂഗർഭജലം വിഷവസ്തുക്കളും യുദ്ധോപകരണങ്ങളും കൊണ്ട് മലിനമായി. ബോംബിംഗിൽ നിന്നുള്ള പുകയും മറ്റ് അസംസ്കൃത വസ്തുക്കളും വായു മലിനമാക്കി. മരങ്ങൾ പിഴുതെറിയുന്നതിലൂടെ മണ്ണ് നശിക്കാൻ ആരംഭിച്ചു. വിഷവസ്തുക്കൾ, യുദ്ധോപകരണങ്ങൾ, കനത്ത ബോംബിംഗ്, കെട്ടിടം പൊളിക്കൽ എന്നിവയാൽ ​ഗസ്സയിലെ ഭൂമി മലിനമാവാൻ തുടങ്ങി.

ഇസ്രായേൽ സൈന്യത്തിന്റെ ബോംബിംഗിൽ 50 ദശലക്ഷം ടൺ അവശിഷ്ടങ്ങളും അപകടകരമായ വസ്തുക്കളുമാണ് ​ഗസ്സയിലെ മണ്ണിൽ അടിഞ്ഞുകൂടിയിരിക്കുന്നത്. അവയിൽ മനുഷ്യാവശിഷ്ടങ്ങളും പതിനായിരക്കണക്കിന് ബോംബുകളും അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഒരു ജീവൻ പോലും അവിടെ നിലനിർത്താൻ കഴിയാത്ത അവസ്ഥയിൽ വടക്കൻ ഗസ്സയെ 'തരിശുഭൂമി' എന്നായിരുന്നു ആളുകൾ വിശേഷിപ്പിച്ചത്.

ശുദ്ധീകരണ പ്ലാന്റുകൾ പ്രവർത്തനം നിർത്തിയതിനെത്തുടർന്ന് ദെയ്ർ അൽ ബലാഹിലെ തെരുവുകളിൽ മലിനജലം നിറഞ്ഞു |  അഷ്‌റഫ് അമ്ര / ഗെറ്റി ഇമേജസ്

2024 ജനുവരിയോടെ ഗസ്സയിൽ വീടുകൾ, സ്കൂളുകൾ, പള്ളികൾ, ആശുപത്രികൾ, കടകൾ എന്നിവയുൾപ്പെടെ 36 ശതമാനം മുതൽ 45 ശതമാനം വരെ കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ആധുനിക നിർമാണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഗസ്സയിലെ തകർന്ന 100,000 കെട്ടിടങ്ങൾ പുനർനിർമിക്കുന്നത് കുറഞ്ഞത് 30 ദശലക്ഷം മെട്രിക് ടൺ ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് ന്യൂസിലാൻഡ്, ശ്രീലങ്ക, ലെബനൻ, ഉറുഗ്വേ എന്നിവയുൾപ്പെടെ 135ലധികം രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വാർഷിക CO2 ഉദ്വമനത്തിന് തുല്യമാണ്. യുദ്ധം തുടർന്നതോടെ നാശനഷ്ടത്തിന്റെ വ്യാപ്തി വർധിച്ചു. 2024 ഡിസംബറോടെ ഗസ്സയിൽ ഏകദേശം 170,000 കെട്ടിടങ്ങൾ (69 ശതമാനം) കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.മെയ് അവസാനത്തോടെ 41 കിലോമീറ്റർ നീളമുള്ള ഗസ്സ മുനമ്പിൽ 140ലധികം മാലിന്യക്കൂമ്പാരങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. ഇസ്രായേൽ അധിനിവേശം ഗസ്സയിലെ എല്ലാ പാരിസ്ഥിതിക ഘടകങ്ങളെയും പൂർണമായും നശിപ്പിച്ചു. അവർ കൃഷിയെയും വന്യജീവികളെയും പൂർണ്ണമായും നശിപ്പിച്ചുവെന്നായിരുന്നു അന്ന് ഫലസ്തീൻ പരിസ്ഥിതി എൻ‌ജി‌ഒ നെറ്റ്‌വർക്ക് പറഞ്ഞത്. 67 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള തീരദേശമേഖലയായ അൽ മുവാസി മാത്രമാണ് വാസയോഗ്യമായ മേഖല

2023 ഒക്ടോബർ ഏഴിന് മുമ്പ് ഗസ്സ മുനമ്പിന്റെ ഏകദേശം 170 കിലോമീറ്റർ (66 ചതുരശ്ര മൈൽ) കൃഷിയിടങ്ങളും തോട്ടങ്ങളുമായിരുന്നു. ഗസ്സയുടെ മൊത്തം ഭൂവിസ്തൃതിയുടെ 47 ശതമാനമായിരുന്നു ഇത്. എന്നാൽ 2024 ഫെബ്രുവരി അവസാനത്തോടെ ഇസ്രായേൽ സൈന്യം 65 കിലോമീറ്ററിലധികം കൃഷിയിടങ്ങളും തോട്ടങ്ങളും (38 ശതമാനം) നശിപ്പിച്ചതായാണ് സാറ്റ്ലൈറ്റ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ട്രാക്ടറുകൾ, ടാങ്കുകൾ, വാഹനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇസ്രായേൽ സൈന്യം ​ഗസ്സയിലെ കൃഷിയിടങ്ങൾ നശിപ്പിച്ചത്. കൃഷിയിടങ്ങളും ഹരിതഗൃഹങ്ങളും ഉൾപ്പെടെ ആകെ 2000ത്തിലധികം കാർഷിക ഇടങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഒക്ടോബർ ഏഴിനും മാർച്ച് 21നും ഇടയിൽ ഇസ്രായേലി സൈന്യത്തിന്റെ ഇന്ധന ഉപരോധം കാരണം പാചകത്തിനായി 48 ശതമാനം മരങ്ങൾ മുറിച്ചുമാറ്റുകയോ അല്ലെങ്കി‌ൽ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. 2025 ജനുവരി ആയപ്പോഴേക്കും ഇത് 80 ശതമാനമായി വർധിച്ചു. മരങ്ങൾ പിഴുതെറിയുന്നതിലൂടെയും വിഷവസ്തുക്കൾ, വെടിമരുന്ന്, കനത്ത ബോംബാക്രമണം, കെട്ടിടങ്ങൾ പൊളിക്കൽ എന്നിവയാൽ മലിനീകരിക്കപ്പെട്ടതിലൂടെയും ​ഗസ്സയിലെ മണ്ണ് പൂർണമായി നശിക്കുകയും ചെയ്തു.

യുദ്ധത്തിന് മുമ്പ് വാദി ഗസ്സയിൽ മേയുന്ന ആടുകൾ | മജ്ദി ഫാത്തി / നൂർഫോട്ടോ അലാമി സ്റ്റോക്ക്

ഗസ്സ മുനമ്പ് പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നടത്തുന്ന കനത്ത ബോംബാക്രമണം ദീർഘകാലത്തേക്ക് മണ്ണിനെയും ഭൂഗർഭജലത്തെയും മലിനമാക്കുന്നുവെന്ന് യുഎൻഇപി കണ്ടെത്തി. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നശിക്കുകയും ചെയ്യുമ്പോൾ ആസ്ബറ്റോസ്, ഇന്ധനം, വ്യാവസായിക രാസവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ വായുവിലേക്കും മണ്ണിലേക്കും ഭൂഗർഭജലത്തിലേക്കും പുറത്തുവിടുന്നുണ്ട്.

ഗസ്സ നിവാസികൾക്ക് ഉപകരിക്കുന്ന രീതിയിൽ പ്രദേശത്തിന്റെ പുനർനിർമാണം, കരാറിൽ തീരുമാനമായാൽ ഗസ്സയിലേക്ക് ഭക്ഷ്യ, ആരോഗ്യ സഹായവിതരണം ആരംഭിക്കും. പ്രതിദിനം 600 ട്രക്കുകൾ അനുവദിക്കും. വൈദ്യുതി, കുടിവെള്ള, മാലിന്യനിർമാർജന സംവിധാനങ്ങൾ പുനഃസ്ഥാപിക്കും തുടങ്ങിയവ ട്രംപിന്റെ ഇരുപതിന പദ്ധതിയിലെ നിർദേശങ്ങളാണ്. ഈ നിർദേശങ്ങൾ നടപ്പിലായാൽ ​ഗസ്സയിലെ പാരിസ്ഥിക പ്രശ്നങ്ങൾ ഒരുപരിധിവരെ തടയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Byline - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Similar News