'സ്വയമെരിഞ്ഞ് വെളിച്ചമാകുന്നവർ'; യുദ്ധമുഖത്ത് ജീവിതം കെട്ടിപ്പടുക്കുന്ന ഗസ്സയിലെ സ്ത്രീകൾ

തലക്ക് മുകളിൽ പതിച്ചേക്കാവുന്ന മിസൈലുകളെയും ഇസ്രായേൽ സൈന്യത്തിന്റെ വെടിയുണ്ടകളെയും പേടിച്ചുകൊണ്ട് തന്റെ മക്കൾക്കും കുടുംബത്തിനും തണലായി,കരുത്തായി അവരുടെ പ്രതീക്ഷയായി നിലകൊള്ളേണ്ടത് ഗസ്സയിലെ ഓരോ സ്ത്രീയുടെയും കടമയായി മാറി

Update: 2025-10-07 02:42 GMT
Editor : Lissy P | By : Lissy P

'ഉമ്മാ എനിക്ക് വിശക്കുന്നു'. നാലുവയസുള്ള മകൾ കരഞ്ഞുകൊണ്ട് പറയുകയാണ്. ടെന്റിൽ കഴിക്കാനൊന്നുമില്ല. ആശ്വസിക്കാൻ പോലുമാകാതെ ഒഴിഞ്ഞ വയറുമായി ഞാനവളെ  ഉറക്കാനായി കിടത്തി'....

കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലി ബോംബാക്രമണത്തിലാണ് ഗസ്സയിലെ ലാമീസ് ഖാദന്റെ ഭർത്താവും കുടുംബവും കൊല്ലപ്പെടുന്നത്. വീട് ഛിന്നഭിന്നമായിപ്പോയി. തന്റെ കുട്ടികളെയും കൊണ്ട് കീറിയൊരു കൂടാരത്തിനുള്ളിലേക്ക് അവൾ അഭയം പ്രാപിച്ചു. ഒരു ദയയുമില്ലാതെ മഴ ആർത്ത് പെയ്യുമ്പോൾ മക്കളെയും ചേർത്തുപിടിച്ച് കണ്ണടക്കാതെ അവൾ കിടന്നു. ' കുടുംബമില്ല, വീടില്ല, അമ്മയില്ല, ഒന്നും ബാക്കിയില്ല. ഞാൻ തകർന്നുപോയി,' ലാമീസ് പറയുന്നു.

Advertising
Advertising

തെക്കൻ ഗസ്സയിലെ ക്യാമ്പിൽ 23 ഉം 15ഉം വയസുള്ള തന്റെ പെൺമക്കളെ നോക്കി വിലപിക്കുകയാണ് നിവീൻ അഡെൽ. 'അമ്മമാർക്ക് പിറന്നുവീണ കുഞ്ഞുങ്ങൾക്ക് പാലൂട്ടാനാകുന്നില്ല,കുട്ടികൾ വിശന്ന് കരഞ്ഞ് ഉറങ്ങാൻ പോകുന്നു.പട്ടിണിമൂലം മരിക്കുന്ന സ്വന്തം മക്കളെ അടക്കം ചെയ്യേണ്ടിവരുന്നു. എന്തിനേറെ,ദുരിതാശ്വാസ പ്രവർത്തകർ പോലും ഭക്ഷണമില്ലാതെ വലയുന്നു...' നിവീൻ വിലപിക്കുകയാണ്.

'അഭയം തേടിയിരുന്ന സ്‌കൂളുകൾ ബോംബാക്രമണത്തിൽ തകർന്നു.സ്‌കൂൾ അവശിഷ്ടങ്ങൾക്കിടയിലെവിടെയോയാണ് ഭർത്താവിനെയും നഷ്ടപ്പെട്ടത്. ഒരുനിമിഷം കൊണ്ട് കുടുംബത്തിന്റെ ഭാരം മുഴുവൻ തലയിലേറ്റാൻ വിധിക്കപ്പെട്ടവരാണ് ഗസ്സയിലെ സ്ത്രീകൾ. ജീവൻ ബാക്കിയായ മക്കളെ പോറ്റാൻ വേണ്ടി ഞാൻ പാടുപെടുകയാണ്..എന്റെ കൈയിൽ പണമില്ല. ഒരു പാക്കറ്റ് മാവുപോലുമില്ല. സ്ത്രീകൾ ശക്തരാണ് അവർക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് ആളുകൾ പറയുന്നു.എന്നാൽ എനിക്ക് കഴിയില്ല.ഒരേ സമയം,അച്ഛനും അമ്മയും കുടുംബനാഥയുമാകാൻ എനിക്ക് കഴിയില്ല...'ഗസ്സയിലെ ഒട്ടുമിക്ക സ്ത്രീകളുടെയും അവസ്ഥയാണ് നിവീന്റെ വാക്കുകളിൽ തെളിയുന്നത്.

യുദ്ധം മുഖങ്ങളിലും ശരീരങ്ങളിലും പതിഞ്ഞ ഗസ്സയിലെ സ്ത്രീകൾ

ഇസ്രായേലിന്റെ ആക്രമണങ്ങളും തുടർന്നിങ്ങോട്ട് നടന്ന ഉപരോധവുമെല്ലാം ഗസ്സയിലെ 2.3 മില്യൺ ജനങ്ങളെ അക്ഷരാർഥത്തിൽ ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥയിലേക്കാണ് തള്ളിയിട്ടത്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമാണ്. കൺമുന്നിൽ പിടഞ്ഞുവീഴുന്ന നൊന്ത് പെറ്റ കുഞ്ഞുങ്ങളും ജീവിത പങ്കാളികളും, ഉടുതുണിയുമായി കൈക്കുഞ്ഞുങ്ങളെയും കൊണ്ട് ഇസ്രായേൽ സൈന്യത്തിന്റെ കണ്ണ് വെട്ടിച്ച് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കുള്ള ഓട്ടം,

ഒരു റൊട്ടിക്കഷ്ണം കൊണ്ട് നാലോ അഞ്ചോ വയർ നിറക്കാനുള്ള ഓട്ടം,.. ആർത്തവമായാൽ പോലും പഴകിയ തുണികൾ തുന്നിക്കൂട്ടി പാഡുകളാക്കേണ്ടി വരിക..ഗസ്സയിൽ സ്ത്രീകളായിരിക്കുക എന്നത് മനുഷ്യന് ചിന്തിക്കാൻ പോലുമാകാത്ത ഒന്നാണ്... എന്നാൽ അത്തരമൊരു ജീവിതം നയിക്കുകയാണ് ഗസ്സയിലെ ഓരോ അമ്മമാരും പെൺകുഞ്ഞുങ്ങളും...

ഈ യുദ്ധം സ്ത്രീകളിലും പെൺകുട്ടികളിലും ചെലുത്തിയ സ്വാധീനം എത്രയാണെന്ന് എത്ര പറഞ്ഞാലും മതിയാകില്ലെന്ന് യുഎൻ വനിതാ പ്രത്യേക പ്രതിനിധിമേരിസ് ഗുയിമണ്ട് സാക്ഷ്യപ്പെടുത്തുന്നു. യുദ്ധത്തിന് മുമ്പ് എനിക്കറിയാമായിരുന്ന സ്ത്രീകളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. യുദ്ധം അവരുടെ മുഖങ്ങളിലും ശരീരത്തിലും പതിഞ്ഞിരിക്കുന്നു.നാശത്തിന്റെയും പൂർണ്ണമായ ദാരിദ്ര്യത്തിന്റെയും ഒരു ലോകത്തേക്ക് ഗസ്സയിലെ മനുഷ്യർ പ്രവേശിക്കപ്പെട്ടിരിക്കുകയാണെന്നും അവർ പറയുന്നു.ഇസ്രായേല്‍ അധിനിവേശം ആ നാടിന്‍റെ സ്ത്രീകളുടെ ജീവിതം അപ്പാടെ മാറ്റിമറിച്ചെന്ന് ഈ വാക്കുകളില്‍ വ്യക്തം...

PHOTO | AP

ഭക്ഷണം കണ്ടെത്തുക എന്നത് മറ്റൊരു യുദ്ധമാണ്

മക്കൾക്കും ഭർത്താവിനും കുടുംബത്തിനും വേണ്ടി രുചികരമായ ഭക്ഷണങ്ങൾ വെച്ചുവിളമ്പിയതും അവരുമായി സന്തോഷത്തോടെ ഒന്നിച്ചിരുന്ന് കഴിച്ചതുമെല്ലാം  ഗസ്സയിലെ സ്ത്രീകൾക്കിന്ന് പണ്ടെന്നോ കണ്ടുമറന്ന സ്വപ്നം മാത്രമാണ്. ഇന്ന് ഒരു റൊട്ടിക്കോ, ഒരു ബക്കറ്റ് വെള്ളത്തിനോ, ഒരു ബാഗ് മാവിനോ വേണ്ടി ജീവൻ പണയപ്പെടുത്തി ഇസ്രായേൽ സൈന്യത്തിന്റെ വെടിയുണ്ടകളെ പേടിച്ച് മണിക്കൂറുകളോളമാണ് ഇവിടുത്തെ സ്ത്രീകളും കുഞ്ഞുങ്ങളും വരി നിൽക്കുന്നത്. കുട്ടികൾ വിശക്കുന്നത് കാണാൻ കഴിയാത്ത അമ്മമാർ, സ്വന്തം പങ്കുപോലും അവർക്ക് സന്തോഷത്തോടെ നൽകി  പട്ടിണി കിടക്കുകയാണ്.

ഗസ്സയിലെ അര ദശലക്ഷത്തിലധികം സ്ത്രീകൾ കടുത്ത പട്ടിണിയിലാണെന്നാണ് കണക്കുകൾ പറയുന്നു. കുടുംബത്തിലെ അവസാനത്തെ അംഗത്തിന് പോലും കിട്ടിയ ഭക്ഷണം പങ്കുവെച്ചുകൊണ്ട് പട്ടിണി കിടക്കുകയാണ് ഗസ്സയിലെ അമ്മമാർ. യുദ്ധത്തിന് പിന്നാലെ ആരോഗ്യകരമായ ഭക്ഷണം പോലും ഇവിടുത്തെ സ്ത്രീകൾ കഴിക്കുന്നില്ലെന്നും യുഎന്നിന്റെ കണക്കുകൾ പറയുന്നു. 2025-ൽ, ഭക്ഷണവിലകൾ 1100% വർധിച്ചു, സോപ്പിന്റെ വില പോലും അന്യായമായി ഉയർന്നു. കുടിക്കാന്‍ പോലും വെള്ളമില്ലാത്ത മനുഷ്യര്‍ക്ക് കുളിക്കുക എന്നത് പോലും ചിന്തിക്കാന്‍ പോലും കഴിയില്ല. അഞ്ചും ആറും അംഗങ്ങളുള്ള കുടുംബത്തിന് ഒരു ലിറ്റര്‍ വെള്ളം കിട്ടാനായി പോരാടുകയാണ് അവര്‍. മാസങ്ങളോളം സ്ത്രീകള്‍ കുളിക്കാതിരിക്കുകയാണ്. 

PHOTO | AP

ആർത്തവം പേടിസ്വപ്‌നമാകുമ്പോൾ

ഗസ്സയിലെ സ്ത്രീകളുടെയും പെൺകുഞ്ഞുങ്ങളുടെയും പേടിസ്വപ്‌നമായി ആർത്തവദിനങ്ങൾ മാറുകയാണ്. ഗസ്സയിലെ 700,000 സ്ത്രീകൾക്ക് അവശ്യത്തിന് സാനിറ്ററി പാഡുകൾ കിട്ടുന്നില്ലെന്ന് കണക്കുകൾ പറയുന്നു.2025 ജൂണിൽ, ഇസ്രായേൽ ഉപരോധമേർപ്പെടുത്തിയതോടെ ശുചിത്വത്തിന് വേണ്ട അവശ്യസാധനങ്ങൾ പോലും ഗസ്സയിൽ കിട്ടാതായി.

സാനിറ്ററി നാപ്കിൻസിൻറെ ലഭ്യതക്കുറവ് മൂലം പഴയ ഷീറ്റുകളും തുണികളും വസ്ത്രങ്ങളും മുറിച്ചെടുത്താണ് സ്ത്രീകൾ പാഡുകളായി ഉപയോഗിക്കുന്നത്. താൽക്കാലികമായി തയ്യാറാക്കിയ ശുചിമുറികളിൽ ഒന്നിനും സൗകര്യങ്ങളില്ല. ഇതിന്റെ ഫലമായി അണുബാധകളടക്കമുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങളും വേറെ.ആര്‍ത്തവം ഉണ്ടാകാതിരിക്കാന്‍ മരുന്ന് കഴിക്കേണ്ടിവരുന്നവരുമുണ്ട് ഇവിടെ. ഗർഭനിരോധന ഗുളികകൾ വരെ ഇതിനായി ഉപയോഗിക്കാറുണ്ടെന്ന് ഗസ്സയിലെ സജീവ ജീവകാരുണ്യ സംഘടനയായ അനേര വെളിപ്പെടുത്തുന്നു. നിരന്തരം ടെന്‍റുകളും സ്കൂളുകളും മാറുകയും പോഷകാഹാരക്കുറവും മാനസിക സമ്മര്‍ദവുമെല്ലാം സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തിന്‍റെ ക്രമം തെറ്റിക്കുന്നുണ്ട്. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് തന്നെ വലിയ വെല്ലുവിളിയാണെന്നും ഗസ്സയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.

'ഒരുകാലത്ത് എന്‍റെ വീട്ടിലെ അലമാരയില്‍ നിറയെ വസ്ത്രങ്ങളുണ്ടായിരുന്നു.   ഞാൻ ധരിച്ചിരുന്ന വസ്ത്രങ്ങളും എന്റെ കുട്ടികൾക്കുള്ള വസ്ത്രങ്ങളും മാത്രമെടുത്തു കൊണ്ടാണ് ഞങ്ങള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത്'. 34 കാരിയായ നാദ അബ്ദുൽസലാം അല്‍ജസീറയോട് പറഞ്ഞു.

'ഉറങ്ങാനും പുറത്തു പോകാനും എല്ലാത്തിനും  പ്രാർത്ഥനാ വസ്ത്രമാണ് ധരിക്കാറുള്ളത്.  യുദ്ധത്തിന് പിന്നാലെ ഒരു സ്ത്രീ എന്നതിന്റെ അർത്ഥം ഞാൻ മറന്നുപോയി. കണ്ണാടി നോക്കാന്‍ പോലും പേടിയാണ്.എന്‍റെ യഥാര്‍ഥ പ്രായത്തേക്കാള്‍ എത്രയോ ഇരട്ടി എനിക്ക് തോന്നുന്നു.എന്‍റെ രൂപം തന്നെയാകെ മാറി..'നദ പറയുന്നു.

'യുദ്ധത്തിന് മുമ്പ്, ഞങ്ങൾ ബേക്കറിയിൽ നിന്ന് ബ്രെഡ് വാങ്ങി, വാഷിങ് മെഷീൻ ഉപയോഗിച്ച് വസ്ത്രങ്ങൾ അലക്കി, വൃത്തിയുള്ളതും ആധുനികവുമായ അപ്പാർട്ടുമെന്റുകളിൽ താമസിച്ചു,” “ഇപ്പോൾ, ഞങ്ങൾ ശിലായുഗ രീതികളിലേക്ക് തിരിച്ചുപോയി, പൊതുസ്ഥലത്ത് തീപിടിപ്പിച്ച് ഭക്ഷണമുണ്ടാക്കുകയും കൈകൊണ്ട് വസ്ത്രങ്ങള്‍ അലക്കുകയും ചെയ്യുകയാണ്. ഒരു സ്ത്രീയും ആഗ്രഹിക്കാത്ത കഷ്ടപ്പാടിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്'. നദയുടെ വാക്കുകളില്‍ പഴയഓര്‍മകള്‍ തിങ്ങിനിറയുകയാണ്.

നദയെപ്പോലെ ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് അലക്കിയിട്ടാല്‍ മാറിയുടുക്കാന്‍ മറ്റൊന്നില്ലാത്തതിനാല്‍ മാസങ്ങളോളം ഇവര്‍ക്ക് ഒരേ വസ്‌ത്രം ധരിക്കേണ്ടിവരുന്നത്. അറിയുന്നവരും അറിയാത്തവരുമായി നിരവധി പേർ ഒരുമിച്ചാണ് ടെന്റുകളിൽ കഴിയുന്നത്.വസ്ത്രം മാറിയുടുക്കാൻ പോലും അവർക്ക് സ്വകാര്യത നഷ്ടപ്പെടുന്നു.

പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാൻ പോലും സ്ഥലമില്ലാത്തതിനാൽ പലരും ഭക്ഷണം കഴിക്കുന്നത് പോലും ഒഴിവാക്കേണ്ടിവരുന്നെന്ന് ഇവിടുത്തെ സ്ത്രീകൾ പറയുന്നു. കുളിക്കാൻ വെള്ളമില്ലാത്തതിനാൽ തലമുടിപോലും വെട്ടിക്കളയേണ്ട ദുരവസ്ഥയിലൂടെയാണ് സ്ത്രീകൾ കടന്നുപോകുന്നത്.

പ്രസവിക്കാൻ ഭയമാണ്... 

യുദ്ധത്തിന് പിന്നാലെ ഗസ്സയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഒരുകൂട്ടര്‍ ഗര്‍ഭിണികളാണ്.മിസൈലാക്രമണത്തില്‍ ഗസ്സയിലെ ആശുപത്രികള്‍ തകര്‍ന്നതോടെ കൃത്യമായ ചികിത്സകളോ മരുന്നുകളോ ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു.95% ഗർഭിണികളും പോഷകാഹാരക്കുറവ് നേരിടുകയാണ്.

എന്തിനേറെ അനസ്തേഷ്യയില്ലാതെ സിസേറിയനുകള്‍ വരെ ആശുപത്രികളില്‍ നടക്കുന്നു. പേടിച്ചിട്ടും സ്വന്തം കുഞ്ഞിന് വേണ്ടി അത് സഹിക്കേണ്ടി വരികയാണെന്ന് യുവതികള്‍ പറയുന്നു.മരുന്നുകളില്ലാതെ അതികഠിനമായ വേദനകള്‍ സഹിച്ചാണ് ഓരോ കുഞ്ഞിനും അമ്മമാര്‍ ജന്മം നല്‍കുന്നത്. ജനിച്ചുവീണ കുഞ്ഞുങ്ങള്‍ക്ക് പോലും ശരിയായ ചികിത്സ കിട്ടാത്ത അവസ്ഥയാണ്. അണുബാധയില്ലാത്ത ഇടങ്ങളില്ലാതെ ജനിച്ച ഉടനെ മരണത്തെ പുല്‍കിയ എത്രയോ കുരുന്നുകള്‍. പ്രസവിച്ചു കഴിഞ്ഞ സ്ത്രീകളും ശരിയായ വിശ്രമമോ പരിചരണമോ കിട്ടാതെ വലയുകയാണ്. നവജാത ശിശുക്കള്‍ക്ക് വേണ്ട ഡയപ്പറുകളോ ഫോര്‍മുല മില്‍ക്കുകളോ വാങ്ങാന്‍പോലും കൈയില്‍ പണവുമില്ല.

Photo | AP

എവിടേക്കാണെന്നറിയാതെ 'സുരക്ഷിതമായ' ഇടം തേടിയുള്ള യാത്ര

'സുരക്ഷിതത്വം' എന്നൊരു വാക്ക് ഗസ്സയിലെ മനുഷ്യരുടെ നിഘണ്ടുവില്‍ നിന്ന് അപ്രത്യക്ഷമായിട്ട് വര്‍ഷം രണ്ടായി.  ഗസ്സയിൽ സുരക്ഷിതമായ ഇടം തേടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ജീവനും കൊണ്ട് ഉടുതുണികളുമായി ബാക്കിയായ മക്കളുടെയും കുടുംബത്തിന്റെയും കൈപിടിച്ച് ഇവിടുത്തെ സ്ത്രീകൾ യാത്ര തുടരുകയാണ്. ഇക്കഴിഞ്ഞ രണ്ടുവർഷത്തിനിടെ 10,12 ടെന്റുകളും സ്‌കൂളുകളും ഇവരിൽ പലരും മാറിക്കഴിഞ്ഞു. തലക്ക് മുകളിൽ പതിച്ചേക്കാവുന്ന മിസൈലുകളെയും ഇസ്രായേൽ സൈന്യത്തിന്റെ വെടിയുണ്ടകളെയും പേടിച്ചുകൊണ്ട് തന്റെ മക്കൾക്കും കുടുംബത്തിനും തണലായി,കരുത്തായി അവരുടെ പ്രതീക്ഷയായി നിലകൊള്ളേണ്ട ചുമതല ഗസ്സയിലെ ഓരോ സ്ത്രീയുടെയും കടമയായി മാറി.

കഴിഞ്ഞ വർഷം, ആഗോളതലത്തിൽ സംഘർഷങ്ങളിൽ മരിക്കുന്ന 10 സ്ത്രീകളിൽ 7 പേരും ഗസ്സയിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.സംഘർഷം ആരംഭിച്ച 2023 ഒക്ടോബർ മുതൽ 28,000-ത്തിലധികം സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെടുകയും 78,518 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇവിടുത്തെ സ്ത്രീകളുടെ ആയുർദൈർഘ്യം 30 വർഷം കുറഞ്ഞെന്നും യുഎൻ കണക്കുകൾ പറയുന്നു. വീടുകൾ, സ്‌കൂളുകൾ, പള്ളികൾ, ആശുപത്രികൾ, ഐക്യരാഷ്ട്രസഭയുടെ അഭയകേന്ദ്രങ്ങൾ പോലും ആക്രമിക്കപ്പെട്ടു. വീടുകൾ തകർക്കെപ്പടുമ്പോൾ സുരക്ഷിതതാവളമെന്ന് കരുതി ഓടിപ്പോന്ന ക്യാമ്പുകളിൽ വെച്ചാണ് പലർക്കും സ്വന്തം കുഞ്ഞുമക്കളെപ്പോലും നഷ്ടമായത്.

യുദ്ധം തുടങ്ങിയതിന് പിന്നാലെ പത്ത് ലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും പലതവണ പലായനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിലരാകട്ടെ താങ്ങാനാകാത്ത വാടക നൽകി താൽക്കാലിക കൂടാരങ്ങൾ നിർമ്മിക്കുന്ന അവസ്ഥയിലേക്കും എത്തിച്ചേർന്നു. പലരും ടെന്റുകളിലോ, തകർന്ന സ്‌കൂളുകളിലോ തുറസ്സായ സ്ഥലങ്ങളിലോആണ് താമസിക്കുന്നത്.

 photo | palestinechronicle

കരഞ്ഞുതീര്‍ക്കുന്നില്ല,  യുദ്ധം തട്ടിത്തെറിപ്പിച്ച ജീവിതം കെട്ടിപ്പടുക്കുന്ന തിരക്കിലാണവര്‍

പോയകാലത്തിന്റെ സുന്ദര ഓർമ്മകളുമായി ജീവിതം തള്ളിനീക്കാൻ ഗസ്സയിലെ സ്ത്രീകൾക്കിന്ന് നേരമില്ല. സ്വന്തം കൺമുന്നിൽ വെച്ച് മക്കൾ പിടഞ്ഞുവീഴുന്നത് കണ്ട്, ചിന്നിച്ചിതറിയ മൃതദേഹങ്ങൾ കണ്ട് ഇവരുടെ മനസ് മരവിച്ചുപോയിരിക്കുകയാണ്. വിധിയെ പഴിച്ചും കണ്ണീർപൊഴിച്ചും സമയം തള്ളാൻ നേരമില്ല. ഒരുനിമിഷം കൊണ്ട് കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിലേറ്റാൻ വിധിക്കപ്പെട്ടവരാണിവർ. ഒരേ സമയം മാതാവും പിതാവും കുടുംബനാഥയുമടക്കമുള്ള വേഷങ്ങൾ അണിയേണ്ടി വരുന്നു. നിരാശയിലും സ്ത്രീകൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. കിട്ടുന്നത് വെച്ച് ഭക്ഷണം പാകം ചെയ്യുന്നു.അയൽക്കാരെ ആശ്വസിപ്പിക്കുന്നു.രോഗികളെയും വൃദ്ധരെയും പരിചരിക്കുന്നു, കൂടാരങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നു. സ്വന്തം മുറിവുകള്‍ മറന്ന് മറ്റുള്ളവര്‍ക്ക് പ്രഥമശുശ്രൂഷ നൽകുന്നു.ഗസ്സയിലെ 58,600-ലധികം വീടുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് സ്ത്രീകളാണെന്ന് കണക്കുകള്‍ പറയുന്നു.

യുദ്ധം തരിശാക്കിക്കളഞ്ഞ ഗസ്സയുടെ മണ്ണിൽ പ്രതീക്ഷയുടെ തെളിനീരുറവകളാകുകയാണ് ഇവിടുത്തെ സ്ത്രീകൾ. യുദ്ധം തട്ടിത്തെറിപ്പിച്ചുപോയ ജീവിതം മറ്റുള്ളവർക്ക് വേണ്ടി കെട്ടിപ്പടുക്കണം. എപ്പോൾ വേണമെങ്കിലും എരിഞ്ഞുപോയേക്കാവുന്ന ഒരു മെഴുകി തിരി...എന്നാൽ കത്തിത്തീരും മുമ്പ് അവർക്ക് ചുറ്റുമുള്ളവർക്ക് വെളിച്ചവും അത്താണിയും ആശ്രയവും കരുത്തും പകരാനുള്ള തിരക്കിലാണ് ഗസ്സയിലെ അനേകമായിരം വനിതകൾ.. 

വിവരങ്ങള്‍ക്ക് കടപ്പാട്:

UN Human Rights Palestine

 un.org

aljazeera.com

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Lissy P

Web Journalist, MediaOne

Similar News