സോഷ്യൽമീഡിയ നിരോധനത്തിനുമപ്പുറം; നേപ്പാളിലെ 'ജെന്‍സി' കലാപത്തിന്‍റെ പിന്നാമ്പുറങ്ങൾ
യുവാക്കൾ തൊഴില്ലായ്മയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുമ്പോൾ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കൾ ആഡംബര ജീവിതം നയിക്കുന്നതിനെതിരെ നേരത്തെ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു
ആദ്യം ശ്രീലങ്ക,പിന്നെ ബംഗ്ലാദേശ്,ഏറ്റവുമൊടുവിലായി നേപ്പാളും..കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നാം കണ്ടത് ഭരണകൂടത്തെ വിറപ്പിച്ച ജനങ്ങളുടെ പ്രക്ഷോഭങ്ങളായിരുന്നു. ജനങ്ങൾ തെരുവിലിറങ്ങി കലാപത്തീയാതോടെ മൂന്ന് രാജ്യങ്ങളിലെയും ഭരണകൂടം രാജിവെച്ചൊഴിയേണ്ടി വന്നു.
2022 ജൂലൈയിലാണ് ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ ജനങ്ങൾ സർക്കാറിനെതിരെ തെരുവിലേക്കിറങ്ങിയത്. 2024ൽ ആഗസ്റ്റിലായിരുന്നു ബംഗ്ലാദേശിൽ സർക്കാറിനെ നിലംപൊത്തിച്ച പ്രക്ഷോഭം നടന്നത്.ഇതിന് പിന്നാലെ കഴിഞ്ഞ ആഴ്ച നേപ്പാളിലും യുവതലമുറയുടെ ആളിക്കത്തുന്ന പ്രതിഷേധത്തിനാണ് ലോകം സാക്ഷ്യംവഹിച്ചത്.
ഈ മൂന്ന് സമരത്തിലും സമാനതകളേറെയായിരുന്നു.ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടേയോ സംഘടനകളുടെയോ പിന്തുണയില്ലാതെയായിരുന്നു ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധത്തിന് തുടക്കമാകുന്നത്. സാമൂഹ്യമാധ്യമങ്ങൾ വഴി തുടക്കമിട്ട പ്രക്ഷോഭം പിന്നീടങ്ങോട്ട് ജനകീയ മുന്നേറ്റമായി ശ്രീലങ്കയിലാകെ പടരുകയായിരുന്നു. ഇന്ധനവും ഭക്ഷണവും ഇല്ലാതായതോ ജനങ്ങൾ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റേയും വസതികൾ കയ്യേറുകയും കത്തിക്കുകയും ചെയ്തു. പ്രക്ഷോഭകരെ ഭയന്ന് പ്രസിഡന്റായിരുന്ന ഗോതബായ രജപക്‌സെ വീടുവിട്ട് രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പ്രധാനമന്ത്രിയായിരുന്ന റെനിൽ വിക്രമസിംഗെയുടെ വസതിയും പ്രക്ഷോഭകാരികൾ അഗ്നിക്കിരയാക്കി. തുടര്‍ന്ന് ഇരുവരും രാജി വെക്കുകയും ചെയ്തു.
ബംഗ്ലാദേശിൽ വിദ്യാർഥിസംഘനകളുടെ നേതൃത്വത്തിലായിരുന്നു ഭരണകൂടത്തിനെതിരെ കലാപം നടന്നത്. സർക്കാർ ജോലികൾക്കുള്ള ക്വാട്ട സംവരണത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ആളിക്കത്തുകയും ചെയ്തു.1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം അടക്കം സർക്കാർ ജോലികളിൽ നിലനിൽക്കുന്ന ക്വാട്ട സംവരണം പരിഷ്‌കരിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. പ്രക്ഷോഭം കത്തിപ്പടർന്നതോടെ പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീന രാജിവെച്ച് നാടുവിടുകയും ചെയ്തു. പിന്നാലെ ബംഗ്ലാദേശ് ഭരണം സൈന്യം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഏറെക്കുറെ സമാനമായ രീതിയിൽ തന്നെയാണ് നേപ്പാളിലും ജെൻസി (Gen Z) തലമുറയിൽപ്പെട്ട വിദ്യാർഥികളുടെ നേതൃത്വത്തിൽ സമരം നടന്നത്.സെപ്തംബർ നാലിന് ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,വാട്ട്‌സാപ്പ് ഉൾപ്പടെയുള്ള സാമൂഹ്യമാധ്യമങ്ങൾക്ക് പൂർണമായി നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതുതലമുറയിൽപ്പെട്ട ആയിരക്കണക്കിന് യുവാക്കൾ തെരുവിലിങ്ങിയത്. എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളും വാർത്താവിനിമയ മന്ത്രാലായത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നേപ്പാളിലെ പുതിയ നിയമം. നിരോധനം നിലവിൽ വന്നതോടെ യുവാക്കൾ പാർലമെന്റിലേക്കടക്കം മാർച്ച് നടത്തി.അന്ന് നടന്ന പൊലീസ് വെടിവെപ്പിൽ 20 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.രാജ്യം സ്തംഭിച്ച ജെൻ-സി പ്രക്ഷോഭത്തിലാകെ 51 പേർ മരണപ്പെടുകയും 1300 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് കണക്ക്.പ്രക്ഷോഭത്തെ തുടര്‍ന്ന് ശര്‍മ്മ ഒലിയുടെ സര്‍ക്കാര്‍ രാജിവെച്ചൊഴിയുകയും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തു.
സാമൂഹ്യമാധ്യമങ്ങളുടെ നിരോധനത്തിന് പിന്നിൽ?
സാമൂഹ്യമാധ്യമ നിരോധനത്തിനെതിരെ വേണ്ടി മാത്രമായിരുന്നു നേപ്പാളിനെ അടിമുടി കുലുക്കിയ യുവാക്കളുടെ പ്രക്ഷോഭം നടന്നതെന്ന് കരുതിയെങ്കിൽ തെറ്റി. രാജ്യത്ത് നടക്കുന്ന അഴിമതിക്കെതിരെ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. രാഷ്ട്രീയനേതാക്കൾക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾക്ക് തടയിടാനാണ് സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതെന്നാണ് പ്രക്ഷോഭക്കാർ പറയുന്നത്.
ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സ്വേച്ഛാധിപത്യ ആക്രമണമാണെന്നാരോപിച്ച് ജെൻസി വിദ്യാർഥികൾ തെരുവിലിറങ്ങുകയായിരുന്നു. ടിക് ടോക്ക്, വിപിഎൻ, മെസേജിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് യുവാക്കൾ നേപ്പാളിന്റെ പല ഭാഗങ്ങളിലും റാലികൾ സംഘടിപ്പിച്ചു.
'എല്ലാ ഗ്രാമങ്ങളിൽ നിന്നും എഴുന്നേൽക്കൂ, എല്ലാ പട്ടണങ്ങളിൽ നിന്നും എഴുന്നേൽക്കൂ' എന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. കലാപം ആളിക്കത്തിയതോടെ നിരവധി പേർ കൊല്ലപ്പെടുകയും പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിയും നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു.
'അഴിമതി കണ്ടുകണ്ടു മടുത്തു'....
ട്രാൻസ്പരൻസി ഇൻറർനാഷണൽ പ്രകാരം ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ.പോഖറ ഇൻറർനാഷണൽ എയർപോർട്ടിൻറെ നിർമ്മാണത്തിനിടെ കുറഞ്ഞത് 71 ദശലക്ഷം ഡോളർ തട്ടിയെടുത്തതായി ഒരു പാർലമെൻററി അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.ഇത്തരത്തില്‍ രാജ്യത്ത് നടക്കുന്ന അഴിമതികള്‍ കണ്ടുകണ്ടു ഞങ്ങൾക്ക് മടുത്തുവെന്ന് നേപ്പാളിൽ തെരുവിലേക്കിറങ്ങിയ യുവാക്കൾ പറയുന്നു.
'കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി, ഏത് സർക്കാർ ഓഫീസിൽ പോയാലും ഒരുകാര്യവും നടക്കുന്നില്ലെന്നും എല്ലാത്തിനും കാലതാമസം നേരിടേണ്ടി വരികയാണെന്നും യുവാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണെന്നും യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു. പണം നൽകിയാൽ സർക്കാർ ഓഫീസുകളിൽ കയറിയിങ്ങാതെ വേണ്ട രേഖകൾ നൽകാനും ഇടനിലക്കാരുണ്ട്.ഏത് ഔദ്യോഗിക മുദ്രകളും ഇവരുടെ കൈയിലുണ്ടെന്നും ഇതിൽ സർക്കാറുകളും പങ്കാളികളാണെന്ന് സമരക്കാർ പറയുന്നു.
ചെറിയ സർക്കാർ ഓഫീസുകൾ മുതൽ ഉയർന്ന അധികാര തലങ്ങൾ വരെ നടക്കുന്നത് വലിയ അഴിമതികളാണ്.നികുതികളടച്ചിട്ടും റോഡുകൾ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, സ്‌കൂളുകൾ എന്നിവ പോലും ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. ഇതിന് ഒരു അവസാനം ഉണ്ടാക്കണം എന്നതിന് കൂടിയാണ് ഞങ്ങൾ തെരുവിലിറങ്ങിയതെന്നും യുവാക്കൾ പറയുന്നു.
നേപ്പാളും നെപ്പോ കിഡുകളും
രാജ്യത്തെ യുവാക്കൾ തൊഴില്ലായ്മയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുമ്പോൾ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മക്കൾ ആഡംബര ജീവിതം നയിക്കുന്നതിനെതിരെ നേപ്പാളിൽ നേരത്തെ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. സോഷ്യൽമീഡിയയിൽ നെപ്പോ കിഡ് 'nepokids' എന്ന ഹാഷ് ടാഗിൽ ഇവർക്കെതിരെ ക്യാമ്പയിനുകളും നടന്നു. തെരുവുകളിൽ പ്രതിഷേധങ്ങൾ നടക്കുമ്പോഴും രാഷ്ട്രീയക്കാരുടെ മക്കളുടെ ആഡംബര ജീവിതത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്നു.
നാലിൽ ഒരാൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഒരു രാജ്യത്തിന്റെ യാഥാർഥ്യത്തിൽ നിന്നകന്നാണ് ഉന്നതരുടെ മക്കൾ ജീവിക്കുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു. രാഷ്ട്രീയക്കാരുടെ മക്കൾ ആഡംബര യാത്രകളിൽ പങ്കെടുക്കുന്നതും വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നതും വിദേശത്തെ മികച്ച ഭക്ഷണശാലകളുടെ ചിത്രം,അവധിക്കാല കേന്ദ്രങ്ങൾ,ആഡംബര കാറുകൾ ഇവയെല്ലാമുൾപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും വ്യാപകമായി ടിക് ടോക്കിലും എക്സിലും പലരും പങ്കുവെച്ചു.
ഇതിനോടൊപ്പം തന്നെ സാധാരണക്കാരായ യുവാക്കളുടെ ദുരിതങ്ങൾ തുറന്ന് കാണിക്കുന്ന വിഡിയോകളും ഫോട്ടോകളും പ്രചരിച്ചു. ഇതുരണ്ടും താരതമ്യം ചെയ്തായിരുന്നു യുവാക്കൾ പ്രതിഷേധിച്ചത്. സാധാരണക്കാർ കഠിനാധ്വാനം ചെയ്ത് സർക്കാറിലേക്ക് അടക്കുന്ന നികുതിപ്പണം രാഷ്ട്രീയക്കാർ അഴിമതിയിലൂടെ സ്വന്തമാക്കുകയും ഈ മോഷ്ടിച്ച പണം കൊണ്ട് നെപ്പോ കിഡുകൾ ആഡംബര ജീവിതം നയിക്കുന്നുവെന്നുമാണ് ഉയരുന്ന വിമർശനം.
അഴിമതിപ്പണം കൊണ്ട് രാഷ്ട്രീയക്കാരുടെ മക്കൾ വിദേശയാത്രനടത്തുകയും വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുകയും വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്യുന്നു.അതേസമയം, രാജ്യത്തെ യുവാക്കൾ ജോലിയില്ലാതെ മറ്റിടങ്ങളിൽ പോയി തൊഴിലെടുത്ത് ജീവിക്കുകയാണെന്നും പ്രക്ഷോഭകർ പറയുന്നു. നേതാക്കളുടെയും ഉന്നതരുടെയും മക്കൾക്ക് മികച്ച ഭാവിയുണ്ടെന്നും രാജ്യത്തെ സാധാണക്കാരായ യുവതലമുറ ഇതൊന്നുമില്ലാതെ ജീവിക്കുകയാണെന്നും ഇവർ പറയുന്നു. ഇവ രണ്ടും താരതമ്യം ചെയ്യുന്ന നിരവധി പോസ്റ്റുകള്‍# PoliticiansNepoBabyNepal, #NepoBabies തുടങ്ങിയ ഹാഷ്ടാഗുകൾ ഉപയോഗിച്ച് TikTok, Instagram, Reddit, X തുടങ്ങിയവയിൽ പ്രചരിച്ചിരുന്നു.
'രാജഭരണം തിരിച്ചുവേണം,ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം'
2025 മാർച്ചിൽ കാഠ്മണ്ഡുവിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നും ഹിന്ദു രാഷ്ട്രത്തിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. "രാജാവേ തിരിച്ചുവരൂ, രാജ്യത്തെ രക്ഷിക്കൂ" എന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു അന്ന് പ്രതിഷേധം നടന്നത്.നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും അന്ന് ഉയര്‍ന്നിരുന്നു. രാജാവിന് വേണ്ടി രാജകൊട്ടാരം ഒഴിയുക എന്നതായിരുന്നു അന്ന് ഉയര്‍ന്ന ഒരു മുദ്രാവാക്യം.
കെ.പി. ശർമ്മ ഒലിയുടെ സര്‍ക്കാര്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.മേയില്‍, നബരാജ് സുബേദിയുടെ നേതൃത്വത്തിലുള്ള രാജവാഴ്ച അനുകൂല ഗ്രൂപ്പുകൾ രാജ്യവ്യാപകമായി പ്രതിഷേധ പ്രചാരണവും ആരംഭിച്ചിരുന്നു.
2008-ലാണ് നേപ്പാളില്‍ 240 വര്‍ഷത്തെ രാജവാഴ്ച അവസാനിപ്പിച്ച് ഒരു ഫെഡറൽ ജനാധിപത്യ റിപ്പബ്ലിക്കായി മാറുകയും ചെയ്തത്.വെറും 17 വർഷത്തിനുള്ളിൽ 13 വ്യത്യസ്ത സർക്കാരുകളുടെ ഭരണത്തിനാണ് നേപ്പാള്‍ ജനത സാക്ഷ്യം വഹിച്ചത്. പലരും നേപ്പാളിന്‍റെ സര്‍ക്കാര്‍ ഭരണത്തില്‍ അതൃപ്തരാണ്.രാഷ്ട്രീയ സ്ഥിരത കൊണ്ടുവരുന്നതിൽ റിപ്പബ്ലിക് പരാജയപ്പെട്ടു എന്നാണ് പൊതുവെയുള്ള അഭിപ്രായം. തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും വ്യാപകമായ അഴിമതിക്കും കാരണം ഭരണപരമായ വീഴ്ചയാണെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
നേപ്പാളിനെ ഒരു ഹിന്ദു സ്വത്വമുള്ള പാർലമെന്ററി ജനാധിപത്യമായി പ്രഖ്യാപിക്കുന്ന ഒരു ഭരണഘടനാപരമായ രാജവാഴ്ചയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. രാജ്യം കൂടുതൽ വഷളാകുന്നത് തടയാൻ രാഷ്ട്രീയ വ്യവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കുന്നതായി പ്രതിഷേധ റാലിയിൽ പങ്കെടുത്ത ആളുകൾ പറഞ്ഞു. പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെത് ഉൾപ്പെടെയുള്ള സ്ഥാപിത രാഷ്ട്രീയ പാർട്ടികൾ അഴിമതിക്കാരാണെന്നും രാജ്യത്തെ ദാരിദ്ര്യത്തിൽ നിന്നും രാഷ്ട്രീയ അരാജകത്വത്തിൽ നിന്നും കരകയറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും സമരക്കാര്‍ ആരോപിച്ചു.
സ്ഥിരതയില്ലാത്ത സർക്കാറുകൾ രാജ്യത്ത് അസ്ഥിരതയുണ്ടാക്കുകയാണെന്നും ഇപ്പോഴത്തെ സർക്കാർ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതാണെന്നുമാണ് നേപ്പാൾ ജനത പറയുന്നത്. കൂടാതെ രാജ്യത്തെ സാമ്പത്തികാവസ്ഥയിലുണ്ടായ അസ്ഥിരതയും തൊഴിലില്ലായ്മയും സർക്കാറുകളുടെ പിടിപ്പുകേടാണെന്നും ഇവർ പറയുന്നു. ദേശീയ ഐക്യവും സാമ്പത്തിക സ്ഥിരതയും തിരികെ വരണമെങ്കിൽ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായുടെ നേതൃത്വത്തിൽ രാജഭരണം വേണമെന്നും ഭൂരിഭാഗം പേരുടെയും ആഗ്രഹം.2015 ലെ പുതിയ ഭരണഘടനപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് നേപ്പാളിപ്പോൾ.എന്നാൽ നേപ്പാളിന്റെ ഹിന്ദുരാഷ്ട്ര പദവി പുനഃസ്ഥാപിക്കണമെന്നുമാണ് ആവശ്യം ഉയരുന്നുണ്ട്.
എന്നാല്‍ രാജവാഴ്ച കാലഘട്ടത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കാത്തവരും യുവതലമുറയിലുമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഭരിച്ച രാഷ്ട്രീയ നേതാക്കൾ മാറി നില്‍ക്കുകയാണ് രാജ്യത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്നും അധികാരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന നേതാക്കളാണ് ഇവരെന്നും ജെന്‍സി സമരക്കാരില്‍ ചിലരുടെ അഭിപ്രായം. ജെന്‍സികളുടെ ആത്മാവ് മനസ്സിലാക്കുന്ന ഒരു സ്ഥിരതയുള്ള സർക്കാർ ആവശ്യമാണെന്നും അതിലെ നേതൃത്വം പുതിയ തലമുറയിൽ നിന്നായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.