യുദ്ധവും കുഞ്ഞുങ്ങളും തകർന്ന സ്വപ്‌നങ്ങളും; ഗസ്സയിലെ കുട്ടികളുടെ ഭാവിയാത്ര

ജൂതരാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്ക് രണ്ട് വര്‍ഷം തികയുമ്പോൾ ഗസ്സയിലെ കുരുന്നുകൾ നിശ്ശബ്ദരാണ്

Update: 2025-10-07 03:19 GMT

തെൽ അവിവ്: ''വലുതായാൽ ആരാകാനാണ് ആഗ്രഹം'' ഒരിക്കൽ ഒരു മാധ്യമപ്രവര്‍ത്തകൻ ഒരു ഫലസ്തീൻ ബാലനോട് ചോദിച്ചു. ''ഞങ്ങൾ വളര്‍ന്നു വലുതാകുമെന്ന് എന്താണ് ഉറപ്പ്...എപ്പോഴാണ് ഞങ്ങൾ കൊല്ലപ്പെടുന്നതെന്ന് പറയാനാകുമോ? പിന്നെ ആരാവാൻ ആഗ്രഹിച്ചിട്ടെന്തിനാണ്?'' എന്നായിരുന്നു അവന്‍റെ മറുപടി.

''2023 ഒക്ടോബര്‍ 6 വെള്ളിയാഴ്ച....വളരെ മനോഹരമായ ദിവസമായിരുന്നു അന്ന്...തെളിഞ്ഞ ആകാശമുള്ള ഗസ്സയിലെ അവസാനത്തെ പകൽ...യുദ്ധത്തിന് തൊട്ടുമുൻപുള്ള ദിവസം...ഗസ്സയിലെ കുഞ്ഞുമുഖങ്ങളിൽ അവസാനമായി പുഞ്ചിരി കണ്ട ദിനം''...തുടര്‍ന്നങ്ങോട്ട് കഴിഞ്ഞ 731 ദിവസങ്ങളിലായി ഫലസ്തീന്‍റെ മണ്ണിൽ രക്തം വീഴാത്ത ഒരു ദിവസം പോലുമുണ്ടായിട്ടില്ല. ഇസ്രായേലിന്‍റെ കൂട്ടക്കുരുതിയിൽ ഗസ്സ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറുകയായിരുന്നു.

Advertising
Advertising

Photo| EYAD BABA/AFP via Getty Images

ജൂതരാഷ്ട്രം നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്ക് രണ്ട് വര്‍ഷം തികയുമ്പോൾ ഗസ്സയിലെ കുരുന്നുകൾ നിശ്ശബ്ദരാണ്...ചിലര്‍ സംസാരിക്കാൻ തന്നെ മറന്നുപോയിരിക്കുന്നു..മറ്റ് ചിലരാകട്ടെ കരയാനും....പക്ഷെ കളിക്കളമില്ലെങ്കിലും അവര്‍ കളിക്കാറുണ്ട്... ആ കളികളെല്ലാം അവര്‍ കണ്ട യുദ്ധം അവര്‍ പ്രതീകാത്മായി അവതരിപ്പിക്കുന്നു...കല്ലുകൾ ബോംബുകളാക്കി എറിയുന്നു...കുഞ്ഞുകൈകൾ കൊണ്ട് കുഴിമാടങ്ങൾ ഉണ്ടാക്കുന്നു..'' എന്നെങ്കിലും യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിലല്ല അവരത് ചെയ്യുന്നത്...അടുത്തെവിടെയോ മരണം പതിയിരിക്കുന്നുണ്ടെന്ന് ആ കുഞ്ഞുങ്ങൾക്കറിയാം.

''അവിടെ നടക്കുന്നത് കുഞ്ഞുങ്ങൾക്കെതിരായ യുദ്ധമാണ്. ഒരു തലമുറ വളരുന്നതിന് മുമ്പ് അവരെ കൊന്നുകളയുന്നു'' ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിൽ 30 വര്‍ഷമായി സേവനമനുഷ്ടിക്കുന്ന ചൈൽഡ് സൈക്കോതെറാപ്പിസ്റ്റായ തെരേസ ബെയ്‌ലി, അനലിസ്റ്റ് ന്യൂസിനോട് പറയുന്നു. യുകെ ഫലസ്തീൻ മെന്‍റൽ ഹെൽത്ത് നെറ്റ്‌വർക്കിന്‍റെ സ്ഥാപക അംഗമായ ബെയ്‌ലി, ജേണൽ ഓഫ് ചൈൽഡ് സൈക്കോതെറാപ്പി ആൻഡ് ഇൻഡിപെൻഡന്‍റ് സൈക്കോഅനലിറ്റിക് അപ്രോച്ചസ് വിത്ത് ചിൽഡ്രൻ ആൻഡ് അഡോളസെന്‍റസ് എന്ന പുസ്തകത്തിന്‍റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 1980-കളിൽ, ടാൻസാനിയയിൽ ദക്ഷിണാഫ്രിക്കൻ ബാല അഭയാർഥികൾക്കും പീഡനത്തിനിരയായ യുവ തടവുകാർക്കുമൊപ്പം അവർ പ്രവർത്തിച്ചു. ഇപ്പോൾ ഗസ്സയിൽ വംശഹത്യയ്ക്ക് വിധേയരായ കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടി സംസാരിക്കാൻ അവർ മറ്റ് മാനസികാരോഗ്യ വിദഗ്ധരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വിശന്നുമരിക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങൾ

''ഭക്ഷണത്തിനുള്ള ധാന്യ മാവ് കിട്ടുക അത്ര എളുപ്പമുള്ള കാര്യമല്ല. അത് വാങ്ങാൻ പോകുമ്പോൾ തിരികെ വീട്ടിലെത്തുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല..അവസാനയാത്രക്ക് പോകുന്നത് പോലെയാണ് ടെന്‍റിൽ നിന്നുമിറങ്ങുന്നത്'' ബോംബുകൾ, ഷെല്ലുകൾ, വെടിയുണ്ടകൾ എന്നിവയിൽ നിന്ന് താൻ രക്ഷപ്പെട്ടിട്ടുണ്ടെന്നും മാവ് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മരിച്ചവരെയും പരിക്കേറ്റവരെയും കണ്ടിട്ടുണ്ടെന്നും 15 കാരനായ യാസിൻ മൂസ പറയുന്നു.

''വെള്ളമില്ല...ഭക്ഷണമില്ല...വിശപ്പടക്കാൻ ഒന്നുമില്ല'' യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും ദുഷ്കരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സെയ്‌ന റെയ്‌ഹാൻ എന്ന പെൺകുട്ടി സിബിസി കിഡ്‌സ് ന്യൂസിനോട് പറഞ്ഞു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗസ്സ മുനമ്പിൽ 151 കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കുന്നു. അഞ്ച് വയസിന് താഴെയുള്ള മുഴുവൻ കുട്ടികളും (320,000-ത്തിലധികം) കടുത്ത പോഷകാഹാരക്കുറവ് നേരിടുണ്ടെന്ന് യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. ''അഞ്ച് മാസമായി ഞങ്ങൾ പ്രോട്ടീനടങ്ങിയ ഒന്നും കഴിച്ചിട്ടില്ല. എന്‍റെ ഇളയ മകന് നാല് വയസായി..അവന് പഴങ്ങളുടെയും പച്ചക്കറികളുടെയും രൂപമോ രുചിയോ അറിയില്ല'' അഞ്ച് കുട്ടികളുടെ അമ്മയായ 41 കാരിയായ റീം തൗഫീഖ് ഖാദര്‍ നിറകണ്ണുകളോടെ പറഞ്ഞു.

Photo| Rizek Abdeljawad / Xinhua via Getty Images

ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ ആഴ്ചകളോളം പട്ടിണി കിടന്നാണ് പല കുഞ്ഞുങ്ങളും മരണത്തിന് കീഴടങ്ങുന്നത്. ''ഭക്ഷണം ലഭിക്കാതെ വരുമ്പോൾ അതിജീവിക്കാനായി ശരീരം സൂക്ഷിച്ചിരിക്കുന്ന കൊഴുപ്പാണ് ജീവൻ നിലനിർത്തുന്നത്. ഈ കൊഴുപ്പ് ഇല്ലാതാകുമ്പോൾ പേശികളുടെയും സുപ്രധാന അവയവങ്ങളുടെയും പ്രവർത്തനം താറുമാറാകുന്നു. തുടർന്ന് അവശരാവുകയും തളരുകയും ചെയ്യുന്നു'' സേവ് ദി ചിൽഡ്രൻ മേധാവി ഇംഗർ ആഷിങ് പറഞ്ഞു. ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ 35 ദിവസം മാത്രമായ കുഞ്ഞാണ് ഈയിടെ പോഷാകാഹാരക്കുറവ് മൂലം മരിച്ചത്. ഗസ്സയിലെ പട്ടിണിയെ 'മനുഷ്യനിര്‍മിതം' എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്.

കുഞ്ഞുങ്ങൾക്കെതിരായ യുദ്ധം

ഗസ്സയിലെ 1.1 ദശലക്ഷം കുട്ടികളിൽ ഓരോരുത്തർക്കും ഇപ്പോൾ മാനസികാരോഗ്യവും മാനസിക സാമൂഹിക പിന്തുണയും ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. “ലോകത്തിലെ മറ്റൊരിടത്തും ഓരോ കുട്ടിക്കും മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് യുനിസെഫ് പറഞ്ഞിട്ടില്ല,” യുനിസെഫിന്‍റെ ആഗോള വക്താവ് ജെയിംസ് എൽഡർ അഭിപ്രായപ്പെട്ടു. 2023 ഒക്ടോബർ മുതൽ ഗസ്സയിൽ 50,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് .ലോകത്ത് ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ള കുഞ്ഞുങ്ങളുള്ളതും ഗസ്സ മുനമ്പിലാണെന്നും യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. 2023 ഒക്ടോബര്‍ മുതൽ 3,000ത്തിലധികം കുഞ്ഞുങ്ങൾ അംഗപരിമിതരായിട്ടുണ്ട്.

''ഗസ്സയിലെ അമ്മമാർക്ക് ഇനി ഒരു കുഞ്ഞ് ജനിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ആ കുഞ്ഞ് ജീവനോടെ ജനിക്കുമോ - അതോ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവന്നാലും ജീവനോടെ തുടരുമോ എന്ന് ആർക്കറിയാം?'' ബെയ്‌ലി പറയുന്നു.''കുട്ടികൾക്ക് നേരെ ബോംബെറിയുന്ന ഇസ്രായേലി പൈലറ്റുമാര്‍ക്ക് കുഞ്ഞുങ്ങളുണ്ടോ?'' ഗസ്സയിലെ ഒരു കുഞ്ഞിന്‍റെ ചോദ്യം ഇതായിരുന്നു. ''നമ്മൾ മരിച്ചതിനുശേഷം, നിങ്ങളുടെ ശബ്ദം ഞാൻ കേൾക്കുമോ? ഒരു മിസൈൽ നമ്മളെ ആക്രമിക്കുമ്പോൾ, നമുക്ക് വേദന അനുഭവപ്പെടുമോ അതോ ഉടൻ മരിക്കുമോ? കഷണങ്ങളായി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാലുകൾ മുറിച്ചുമാറ്റിയ കുട്ടികൾക്ക് പുതിയ കാലുകൾ വളരുമോ?'' യുദ്ധം ഗസ്സയിലെ കുഞ്ഞുങ്ങളെ എങ്ങനെയൊക്കെ ബാധിച്ചുവെന്ന് യുകെ ഫലസ്തീൻ ട്രോമ സെന്‍റര്‍ പുറത്തുവിട്ട ഈ ചോദ്യങ്ങൾ തന്നെ നമുക്ക് കാണിച്ചുതരുന്നു.

ഗസ്സയിലെ ഒരു പിതാവിന്‍റെ കഥ ബെയ്‍ലിയെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഭാര്യ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയതിന്‍റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. ജനനം രജിസ്റ്റര്‍ ചെയ്യാൻ പോയി തിരിച്ചെത്തുമ്പോഴേക്കും ആ പാവം മനുഷ്യന്‍റെ ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളും മുത്തശ്ശിയുമെല്ലാം കൊല്ലപ്പെട്ടിരുന്നു.

Photo| AFP

അവസാനമില്ലാത്ത ആഘാതം

യുദ്ധം അവസാനിച്ചുകഴിഞ്ഞാലും ഗസ്സക്കാരിൽ അവശേഷിക്കുന്ന മാനസികാഘാതത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ഞെട്ടിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ അപകടകരമായതോ ആയ സംഭവങ്ങൾ അനുഭവിച്ച ചില ആളുകളിൽ കാണപ്പെടുന്ന അവസ്ഥയാണിത്. ഗസ്സയിലെ കുഞ്ഞുങ്ങൾ ദിവസം മുഴുവൻ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. തങ്ങൾ ജീവിക്കുന്ന മണ്ണ് സുരക്ഷിതമല്ലെന്ന് അവര്‍ മനസിലാക്കിക്കഴിഞ്ഞു. അവരുടെ മനസും തലച്ചോറും എല്ലായ്‌പ്പോഴും ഉയർന്ന ജാഗ്രതയിലാണ്.

ശാരീരികം മാത്രമല്ല, വൈകാരികമായ മുറിവുകൾ അവശേഷിപ്പിച്ചുകൊണ്ടാണ് ഓരോ യുദ്ധവും അവസാനിക്കുന്നത്. കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ പ്രവർത്തനങ്ങളുടെ സാധാരണ വളർച്ചയെ ഇത് തടസ്സപ്പെടുത്തുന്നു. യുദ്ധമേഖലകളിൽ താമസിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന ആഘാതത്തെ വിവരിക്കാൻ യുനിസെഫും ലോകാരോഗ്യ സംഘടനയും 'വിഷ സമ്മർദ്ദം (toxic-stress) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഈ അവസ്ഥയുടെ അനന്തര ഫലങ്ങൾ വളരെക്കാലം നീണ്ടുനിൽക്കും. ഇത് ഒരു കുട്ടിയുടെ പെരുമാറ്റത്തെയും ആരോഗ്യത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. നിരന്തരമായ അക്രമത്തിന്റെയും അസ്ഥിരതയുടെയും അന്തരീക്ഷത്തിൽ ജീവിക്കുന്നതിന്റെ ഫലമായി അവർ കടുത്ത മാനസിക സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, പേടിസ്വപ്നങ്ങൾ, ഉറക്ക തകരാറുകൾ, സാമൂഹികമായ ഒറ്റപ്പെടൽ, ഒറ്റപ്പെടൽ എന്നിവ അനുഭവിക്കുന്നു. പല കുട്ടികളും ആക്രമണാത്മക സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും നിരാശാബോധം അനുഭവിക്കുകയും ചെയ്യുന്നു. ആത്മഹത്യ ചിന്തകൾ പോലും പല കുട്ടികളിലുമുണ്ടാകുന്നുണ്ട്. "എനിക്ക് മരിക്കാൻ കഴിയുമെങ്കിൽ, എനിക്ക് വീണ്ടും എന്‍റെ മാതാപിതാക്കളോടൊപ്പം ജീവിക്കാൻ കഴിയും. എന്‍റെ പിതാവിനോടും മാതാവിനോടുമൊപ്പം ആയിരിക്കാൻ എനിക്ക് സ്വർഗത്തിൽ പോകണം." ഒരു ഗസ്സ ബാലിക പറയുന്നു.

Wounded child, no surviving family

'Wounded child, no surviving family' (WCNSF) യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തുന്ന കുട്ടിയെ സൂചിപ്പിക്കാൻ ഗസ്സയിലെ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് ഇത്. ഗസ്സയിലെ ആരോഗ്യ പ്രവർത്തകർ ഒരു ബാല്യത്തിന്‍റെ തകർച്ച രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. കണക്കുകൾ പ്രകാരം, 2023 ഒക്ടോബർ മുതൽ ഗസ്സയിലെ ഏകദേശം 40,000 കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളെയോ രണ്ടുപേരെയോ നഷ്ടപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളുള്ള കുഞ്ഞുങ്ങൾ പോലും സുരക്ഷിതരല്ലെന്ന് ബെയ്‍ലി ചൂണ്ടിക്കാട്ടുന്നു. ചില കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. യുദ്ധത്തിന് കൊച്ചുകുട്ടികൾ കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. അവരുടെ വര്‍ണാഭമായ ബാല്യത്തെയാണ് യുദ്ധം കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്...ബോംബാക്രമണത്തിൽ തങ്ങൾ കൊല്ലപ്പെടുമോ, തങ്ങൾ അനാഥരാകുമോ എന്ന ഭയവും ഗസ്സയിലെ കുഞ്ഞുങ്ങളെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.

Photo| UNICEF

സ്കൂളും പഠനവുമില്ലാത്ത രണ്ടാം വര്‍ഷം

സ്കൂളിൽ പോവുക പഠിക്കുക, കളിക്കുക...വംശഹത്യ ഗസ്സയിലെ കുഞ്ഞുങ്ങളെ ബാല്യത്തെ തന്നെയാണ് തകര്‍ത്തുകളഞ്ഞത്. ഫലസ്തീൻ സെന്‍റര്‍ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്‍റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ മുതൽ ഏകദേശം 785,000 വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഗസ്സയിലെ കുട്ടികൾ സ്കൂൾ കണ്ടിട്ട് രണ്ട് വര്‍ഷമായിരിക്കുന്നു. 90% ത്തിലധികം സ്കൂൾ കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. കളിസ്ഥലങ്ങളും ക്ലാസ് മുറികളും അപ്രത്യക്ഷമായി. കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ ഒന്നു നിന്നുതിരിയാൻ പോലും ഇടമില്ലാത്ത കൂടാരങ്ങളിലാണ് താമസിക്കുന്നത്. ക്ലാസിലെ ബഹളങ്ങളും കൂട്ടുകാരെയും അവര്‍ മറന്നുകഴിഞ്ഞു...ആ സ്ഥാനത്ത് വിശപ്പ് സ്ഥാനം പിടിച്ചിരിക്കുന്നു. 'കുട്ടികളെ അവരുടെ ബാല്യത്തിൽ നിന്നും കുടിയിറക്കുന്നു' എന്നാണ് ഫലസ്തീൻ പണ്ഡിതയായ നദേര ഷാൽഹൂബ്-കെവോർക്കിയൻ ഈ സാഹചര്യത്തെ വിശേഷിപ്പിക്കുന്നത്.

"സ്കൂൾ ബാഗിന് പകരം ഞങ്ങൾ വസ്ത്രങ്ങളുടെ ഒരു ബാഗ് കൊണ്ടുനടക്കുന്നു," യുദ്ധം ആരംഭിച്ചതിന് ശേഷം ഗസ്സയിലെ കുഞ്ഞുങ്ങൾ ഇപ്പോൾ ഇങ്ങനെയാണ്. നിലവിലുള്ള സ്കൂളുകൾ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ''യുദ്ധമില്ലായിരുന്നെങ്കിൽ ഇപ്പോൾ സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലായിരിക്കും. പേനകളും ബുക്കുകളും വാങ്ങാനുള്ള തിരക്കിലായിരിക്കും''വിദ്യാര്‍ഥിയായ ഡയാന യുഎൻ ന്യൂസിനോട് പറഞ്ഞു."ഞങ്ങൾ കുട്ടികളാണ്. മറ്റ് കുട്ടികളെപ്പോലെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്‍റെ പിതാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. ചെറുപ്രായത്തിൽ തന്നെ ഞാൻ അനാഥയായി. എന്ത് തെറ്റാണ് ഞാൻ ചെയ്തത്? എന്ത് കുറ്റം ചെയ്തിട്ടാണ് എന്‍റെ കുടുംബം നഷ്ടമായത്'' ഡയാന ചോദിക്കുന്നു.

വെസ്റ്റ് ബാങ്കിലുടനീളമുള്ള UNRWA സ്കൂളുകളിൽ ഏകദേശം 46,000 ഫലസ്തീൻ അഭയാർഥി കുട്ടികൾ പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഒരുങ്ങുകയാണ്. കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പിന്തുണയും നൽകിക്കൊണ്ട് സ്കൂളുകൾ അവർക്ക് സുരക്ഷിതമായ ഒരു താവളമായി തുടരുന്നുവെന്ന് വെസ്റ്റ് ബാങ്കിലെ UNRWA അഫയേഴ്‌സ് ഡയറക്ടർ റോളണ്ട് ഫ്രെഡറിക് പറഞ്ഞു.

യുദ്ധം കവര്‍ന്നെടുത്ത കുഞ്ഞുസ്വപ്നങ്ങൾ

''ഗസ്സയിലെ കുട്ടികളോട് ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടാൽ അവര്‍ ചുവന്ന ക്രയോൺ മാത്രമേ ഉപയോഗിക്കാറുള്ളൂ. വേറെ നിറങ്ങൾ ഉപയോഗിക്കാറില്ലേ എന്ന് ചോദിച്ചാൽ 'ഇല്ല എല്ലായിടത്തും രക്തം മാത്രമാണ് ഞങ്ങൾ കണ്ടത്..അതിന്‍റെ നിറം ചുവപ്പല്ലേ' എന്നായിരിക്കും അവര്‍ ഉത്തരം നൽകുക. മരണം, രക്തം, ബോംബ്, നാശം കഴിഞ്ഞ കുറച്ചു നാളുകളായി അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കുകൾ ഇതാണ്'' അമേരിക്കൻ അന്താരാഷ്ട്ര ആഗോള ആരോഗ്യ-മാനുഷിക സഹായ സർക്കാരിതര സംഘടനയായ പ്രോജക്ട് ഹോപ്പിന്‍റെ കമ്മ്യൂണിക്കേഷൻസ് ഓഫീസര്‍ വിശദീകരിക്കുന്നു. ഫലസ്തീനിലെ കുട്ടികൾക്ക് ഒരേയൊരു സ്വപ്നമേയുള്ളൂ...''സുരക്ഷിതമായ ജീവിതം നയിക്കുക, ഭയമില്ലാതെ വളരുക, പ്രതീക്ഷകൾ നിറഞ്ഞ ഒരു ഭാവി രൂപപ്പെടുത്തുക''..യുദ്ധക്കെടുതികൾക്കിടയിൽ അവര്‍ ഡോക്ടറാകുന്നതും എഞ്ചിനിയറാകുന്നതും അധ്യാപകരാകുന്നതും സ്വപ്നം കാണുന്നു....

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - ജെയ്സി തോമസ്

contributor

Similar News