കാലാവധി പൂര്‍ത്തിയാക്കാതെ ഉപരാഷ്ട്രപതി രാജിവെച്ചാല്‍ എന്ത് സംഭവിക്കും?; ഭരണഘടന പറയുന്നതിങ്ങനെ...
ആരാകും അടുത്ത ഉപരാഷ്ട്രപതി,എത്രയായിരിക്കും കാലാവധി തുടങ്ങിയ ചോദ്യങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്നുവരുന്നുണ്ട്
ന്യൂഡൽഹി: തിങ്കളാഴ്ച രാത്രിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജി പ്രഖ്യാപിച്ചത്. കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം അവശേഷിക്കുമ്പോഴാണ് ജഗ്ദീപ് ധൻകർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് തന്റെ രാജിക്കത്ത് സമർപ്പിച്ചത്. ആരോഗ്യ കാരണങ്ങൾ മൂലമാണ് രാജിയെന്നാണ് കത്തിലുള്ളത്. 2022ലാണ് ധൻകർ പദവി ഏറ്റെടുക്കുന്നത്.2027 ആഗസ്റ്റ് വരെ കാലാവധിയുണ്ട്.
ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് രാജി വെക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജഗ്ദീപ് ധൻഖർ. വി.വി ഗിരിയും ആർ.വെങ്കിട്ടരാമനുമാണ് നേരത്തെ ഉപരാഷ്ട്രപതി പദം കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് രാജിവെച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനായായിരുന്നു രാജി. ഇവർക്ക് പകരക്കാരായി ഗോപാൽ സ്വരൂപ് പഥക്കും ശങ്കർ ദയാൽ ശർമ്മയും സ്ഥാനമേൽക്കുകയായിരുന്നു. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിൽ പെട്ടന്ന് ഒഴിവ് വരുമ്പോൾ ആരാകും അടുത്ത ഉപരാഷ്ട്രപതി,എത്രയായിരിക്കും കാലാവധി തുടങ്ങി നിരവധി ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്.
ഉപരാഷ്ട്രപതിയുടെ ചുമതലകൾ ഇനി ആര് നിർവഹിക്കും?
ഭരണഘടനയിൽ ഒരു ആക്ടിംഗ് ഉപരാഷ്ട്രപതിയെക്കുറിച്ച് പറയുന്നില്ല.എന്നാൽ ഡെപ്യൂട്ടി ചെയർമാനായ ഹരിവംശ് നാരായൺ സിംഗ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതുവരെ രാജ്യസഭാ ആക്ടിങ് ചെയർപേഴ്‌സനായി ചുതലേയിൽക്കും.
പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് എന്ന് നടക്കും.?
രാഷ്ട്രപതിയുടെ ഒഴിവുണ്ടായാൽ ആറ് മാസത്തിനുള്ളിൽ ആ ഒഴിവ് നികത്തണമെന്നാണ് ഭരണഘടനയിൽ പറയുന്നത്.എന്നാൽ ഉപരാഷ്ട്രപതി ഒഴിവ് വന്നാൽ അത്തരമൊരു നിശ്ചിത സമയപരിധി പറയുന്നില്ല.ഉപരാഷ്ട്രപതിയുടെ ഒഴിവ് വന്നാൽ എത്രയും പെട്ടന്ന് തെരഞ്ഞെടുപ്പ് നടക്കുക എന്നത് മാത്രമാണ് നിബന്ധന.തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ പ്രഖ്യാപിക്കും. 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നിയമപ്രകാരമായിരിക്കും വോട്ടെടുപ്പ് നടത്തുക. കീഴ് വഴക്കം അനുസരിച്ച്, പാർലമെന്റിന്റെ ഏതെങ്കിലും സഭയിലെ സെക്രട്ടറി ജനറലിനെ റിട്ടേണിംഗ് ഓഫീസറായി നിയമിക്കുകയും ചെയ്യും.
പുതിയ ഉപരാഷ്ട്രപതിയുടെ കാലാവധി എത്രവർഷം?
ഇനി തെരഞ്ഞെടുക്കപ്പെടുന്ന ഉപരാഷ്ട്രപതിക്ക് അധികാരമേറ്റ തീയതി മുതൽ അഞ്ചുവർഷമായിരിക്കും കാലാവധി. ഇപ്പോൾ രാജിവെച്ച ഉപരാഷ്ട്രപതിയുടെ ബാക്കിയുള്ള കാലവധിയിലേക്കായിരിക്കില്ല പുതിയ ആളെ തെരഞ്ഞെടുക്കുന്നത് എന്ന് ചുരുക്കം.
പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ?
പാർലമെന്റിന്റെ ഇരുസഭകളിലെയും ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെടെ ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ലോക് സഭയിലേയും രാജ്യസഭയിലേയും അംഗങ്ങൾക്ക് മാത്രമേ വോട്ട് ചെയ്യാനാകൂ.രാജ്യസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ട് ചെയ്യാം. സംസ്ഥാന നിയമസഭയിലെ എംഎൽഎമാർക്ക് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുണ്ടാകില്ല.ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക.ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണ അനുസരിച്ചായിരിക്കും വോട്ട് രേഖപ്പെടുത്തുക. എല്ലാ വോട്ടുകൾക്കും തുല്യ മൂല്യമുണ്ട്.രേഖപ്പെടുത്തിയ സാധുവായ വോട്ടുകളുടെ 50 ശതമാനം നേടിയാൽ മാത്രമേ വിജയിയാകൂ.
ഉപരാഷ്ട്രപതി സ്ഥാനാർഥിയുടെ യോഗ്യതകൾ
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ ഇന്ത്യൻ പൗരനായിരിക്കണം.കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം, രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടായിരിക്കണം.ഏതെങ്കിലും പാർലമെന്ററി മണ്ഡലത്തിൽ ഇലക്ടറായി രജിസ്റ്റർ ചെയ്തിരിക്കണം.ഗവർണർ,രാഷ്ട്രപതി,മന്ത്രി തുടങ്ങിയവയല്ലാതെ സർക്കാറിന് കീഴിൽ പ്രതിഫലം പറ്റുന്ന മറ്റൊരു പദവിയും വഹിക്കുന്ന ആളായിരിക്കരുത്.
സാധ്യതാ പട്ടികയില്‍ ഇവര്‍
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം.
ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻതൂക്കമുണ്ടെന്നാണ് സൂചന.