'2027 ആഗസ്തിൽ ഞാൻ വിരമിക്കും'; 12 ദിവസം മുന്‍പുള്ള ജഗ്ദീപ് ധൻഘഡിന്‍റെ വീഡിയോ ചര്‍ച്ചയാകുന്നു

ജൂലൈ 10ന് ഡൽഹി ജെഎൻയുവിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് രാജിക്കാര്യത്തെക്കുറിച്ച് ധന്‍ഘഡ് വെളിപ്പെടുത്തിയത്

Update: 2025-07-22 10:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: അപ്രതീക്ഷിതമായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡിന്‍റെ രാജി. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് രാജിയെന്നായിരുന്നു വിശദീകരണം. രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെ ധന്‍ഘഡിന്‍റെ പഴയൊരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. തന്‍റെ രാജ്യസഭാ കാലാവധി അവസാനിക്കുമ്പോൾ 2027 ൽ വിരമിക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്.

ജൂലൈ 10ന് ഡൽഹി ജെഎൻയുവിൽ നടന്ന ഒരു ചടങ്ങിൽ വച്ചാണ് രാജിക്കാര്യത്തെക്കുറിച്ച് ധന്‍ഘഡ് വെളിപ്പെടുത്തിയത്. "ഞാൻ ശരിയായ സമയത്ത് വിരമിക്കും. ദൈവം കനിഞ്ഞാൽ 2027 ആഗസ്തിൽ ശരിയായ സമയത്ത് തന്നെ ഞാൻ വിരമിക്കും'' എന്നാണ് അദ്ദേഹം പറഞ്ഞത്. 2022 ആഗസ്തിലാണ് 74കാരനായ ധന്‍ഘഡ് ചുമതലയേറ്റത്. തിങ്കളാഴ്ചയായിരുന്നു അപ്രതീക്ഷിത രാജി. രാജ്യസഭാധ്യക്ഷൻ കൂടിയായ ധൻഘഡിന്‍റെ രാജി പ്രതിപക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. രാജിക്ക് കാരണം ആരോഗ്യവിഷയം മാത്രമല്ലെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത്. രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്നായിരുന്നു മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‍റാം രമേശിന്‍റെ പ്രതികരണം.

അതേസമയം ധൻഘഡ് രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം.

ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവിൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻതൂക്കമുണ്ടെന്നാണ് സൂചന.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News