'കുറ്റബോധമോ സങ്കടമോ ഇല്ല, കുടുംബാംഗങ്ങൾ സന്ദര്‍ശിക്കാറില്ല '; ടിവി കണ്ട് ജയിലിൽ കൂസലില്ലാതെ സോനം രഘുവംശി
24കാരിയായ സോനം ജയിൽ ജീവിതവുമായി പൊരുത്തപ്പെട്ടുവെന്നും തടവിലെ ചിട്ടകൾ അനുസരിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി
ഷില്ലോങ്: മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സോനം രഘുവംശി ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ ഒരു മാസമായി ഷില്ലോങ് ജയിലിലാണ് പ്രതി. ഇൻഡോറിലെ വ്യവസായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ രാജ് കുശ്വാഹയെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും സോനത്തിന് യാതൊരു കുറ്റബോധവുമില്ലെന്നും ജയിലിൽ ആയതിന് ശേഷം കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 24കാരിയായ സോനം ജയിൽ ജീവിതവുമായി പൊരുത്തപ്പെട്ടുവെന്നും തടവിലെ ചിട്ടകൾ അനുസരിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കി. എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുകയും സഹതടവുകാരുമായി പ്രശ്നങ്ങളൊന്നുമില്ലെന്നുമാണ് വിവരം. കൊലപാതകക്കേസിനെക്കുറിച്ച് സോനം മൗനം പാലിച്ചുവെന്നും കുറ്റകൃത്യത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും തടവുകാരുമായും ജയിൽ അധികൃതരുമായും ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിൽ വാര്‍ഡന്‍റെ ഓഫീസനടുത്താണ് സോനത്തിന്‍റെ സെൽ. വിചാരണ നേരിടുന് രണ്ട് തടവുകാരാണ് സോനത്തിനൊപ്പമുള്ളത്. സോനത്തിന് ഇതുവരെ ഒരു ജോലിയും നൽകിയിട്ടില്ല. എന്നാൽ തയ്യൽ പോലുള്ള കൈത്തൊഴിലുകളിൽ ഉടൻ പരിശീലനം നൽകും. ജയിലിനുള്ളിൽ ടിവി കാണാനുള്ള സൗകര്യവുമുണ്ട്. സോനവും സഹോദരൻ ഗോവിന്ദ് രഘുവംശിയും തമ്മിൽ ജയിലിൽ വച്ച് രഹസ്യമായി ആശയവിനിമയം നടത്തിയതായി രാജ രഘുവംശിയുടെ കുടുംബം ആരോപിച്ചിരുന്നു. "സോനവുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് കുടുംബം പറയുന്നു. പക്ഷേ അത് തെറ്റാണെന്ന് തെളിഞ്ഞു. സോനം നാലോ അഞ്ചോ തവണ സംസാരിച്ചു. കഴിഞ്ഞ നാല് ആഴ്ചയായി സോനവും ഗോവിന്ദും സംസാരിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മുഴുവൻ കുടുംബവും അതിൽ പങ്കാളികളാണ്. അവർ ഒരു അഭിഭാഷകനെ നിയമിക്കുകയും ജാമ്യത്തിനായി സജീവമായി ശ്രമിക്കുകയും ചെയ്യുന്നു. ആദ്യം സോനം രാജയെ വഞ്ചിച്ചു, ഇപ്പോൾ അവളുടെ സഹോദരൻ നമ്മളെയെല്ലാം വഞ്ചിക്കുകയാണ്," രാജയുടെ സഹോദരൻ വിപിൻ രഘുവംശി ആരോപിക്കുന്നു.
കേസന്വേഷണത്തിന്‍റെ തുടക്കത്തിൽ സോനത്തിന്‍റെ കുടുംബം രാജയുടെ കുടുംബത്തിനൊപ്പമായിരുന്നു. ഉജ്ജയിനിൽ രാജയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കുകയും സഹോദരിയുടെ പ്രവൃത്തികളെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.
മേയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. ജൂൺ 2നാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മേയ് 15ന് ഇന്‍ഡോറിലെ അമ്മ വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സോനം കൊലപാതക പദ്ധതി തയ്യാറാക്കിയത്. അവിടെ നിന്ന് സോനം ഗുവാഹത്തിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ഫോൺ കോളുകൾ വഴി രാജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ചെയ്തു.രഘുവംശിയെ കൊലപ്പെടുത്താൻ കൊലയാളികൾക്ക് സോനം 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ആദ്യം നാല് ലക്ഷ രൂപയാണ് നൽകാമെന്ന് പറഞ്ഞത്. പിന്നീട് ക്വട്ടേഷൻ തുക 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. തന്‍റെ കാമുകനായ രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പറയപ്പെടുന്ന മൂന്ന് പുരുഷന്മാർക്ക് അവർ 15,000 രൂപ മുൻകൂർ പണമായി നൽകുകയായിരുന്നു. . ബാക്കി തുക കൊലപാതക ശേഷം നൽകാമെന്നായിരുന്നു വ്യവസ്ഥ.