'മുസ്‌ലിംകൾക്കെതിരായ ഭരണകൂട അതിക്രമങ്ങൾ പാർലമെന്റിൽ ഉയർത്തണം'; രാഹുൽ ഗാന്ധിക്ക് കത്തയച്ച് മെഹ്ബൂബ മുഫ്തി
അസമിൽ ആയിരത്തോളം മുസ്ലിം ഭവനങ്ങൾ തകർത്തത് ഉൾപ്പെടെ വർധിച്ചുവരുന്ന പ്രശ്‌നങ്ങളും മെഹ്ബൂബ കത്തിൽ വിശദീകരിച്ചു
ന്യൂഡല്‍ഹി: മുസ്‌ലിംകൾക്കെതിരായ ഭരണകൂട അതിക്രമങ്ങൾക്കെതിരെ 'ഇന്‍ഡ്യ' സഖ്യം ശബ്ദം ഉയർത്തണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അയച്ച കത്തിലാണ് മെഹ്ബൂബയുടെ ഓർമ്മപ്പെടുത്തൽ. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ച പശ്ചാതലത്തിലാണ് മെഹ്ബൂബ മുഫ്തി രാഹുല്‍ ഗാന്ധിക്ക് കത്തയക്കുന്നത്.
രാജ്യത്ത് മുസ്‌ലിങ്ങൾക്കെതിരായ അതിക്രമണങ്ങളിൽ കോൺഗ്രസിന്റെയും 'ഇന്‍ഡ്യ' സഖ്യത്തിന്റെയും ഇടപെടലുകൾ അനിവാര്യമാണ്. അസമിലെ കുടിയൊഴിപ്പിക്കലിൽ പാർലമെന്റിൽ ഉയർത്തണം. വിഭജന കാലത്ത് ഇന്ത്യയിൽ നിലയുറപ്പിക്കാൻ തീരുമാനിച്ചവരാണ് ഇവിടത്തെ മുസ്‌ലിംകളെന്നും മെഹബൂബ വ്യക്തമാക്കി.
ബിഹാറിൽ വോട്ടർപട്ടിക പരിഷ്‍കരണത്തിന്റെ പേരിൽ ബംഗ്ലാദേശികൾക്കും റോഹിങ്ക്യകൾക്കുമെതിരെയെന്ന വ്യാജേനെയുള്ള നടപടികൾ മുസ്‍ലിം വിഭാഗങ്ങളെ കൂടതൽ ഭീതിയിലാഴ്ത്തുന്നതായും അവർ ചൂണ്ടിക്കാട്ടി. അസമിൽ ആയിരത്തോളം മുസ്ലിം ഭവനങ്ങൾ തകർത്തത് ഉൾപ്പെടെ വർധിച്ചുവരുന്ന പ്രശ്നങ്ങളും കത്തിൽ വിശദീകരിച്ചു.
ബംഗ്ലാദേശിലെയും പാകിസ്താനിലെയും ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കളുടെ വിഷയങ്ങളിൽ ശബ്ദിക്കുന്നവർ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‍ലിംകളുടെ വിഷയങ്ങളിൽ പൂർണനിശബ്ദത പാലിക്കുകയാണെന്നും മെഹബൂബ മുഫ്തി കത്തിലൂടെ പറയുന്നു. അതേസമയം ജൂലൈ 21ന് ആരംഭിച്ച വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 21 ന് അവസാനിക്കും.
Deeply disturbed by the ongoing victimization, dispossession and disempowerment of Muslims on a daily basis - I have written to Rahul Gandhi ji urging him to raise this critical issue in the upcoming Parliament session. pic.twitter.com/Fv48dO3gSv
— Mehbooba Mufti (@MehboobaMufti) July 21, 2025