'ലോകത്തിലെ ഏറ്റവും വലിയ അത്യാഗ്രഹികൾ'; ബെംഗളൂരുവിൽ 4BHK ഫ്‌ളാറ്റിന് 23 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ്, വിമർശനം

ആളുകൾ പണം നൽകുന്നതുകൊണ്ടാണ് അവർ കൂടുതൽ ചോദിക്കുന്നതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം

Update: 2025-07-22 09:40 GMT
Editor : Lissy P | By : Web Desk
Advertising

ബെംഗളൂരു: ഇന്ത്യയുടെ ടെക് ഹബായ ബെംഗളൂരുവിൽ ഫ്‌ളാറ്റുകളും വീടുകളും കിട്ടാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും, വീട്ടുവാടകകയെക്കുറിച്ചുമെല്ലാം സോഷ്യൽമീഡിയയിൽ നിരന്തരം ചർച്ചകള്‍ നടക്കാറുണ്ട്. വൻതുക വാടകയായി നൽകി പരിമിതമായ സൗകര്യങ്ങളിൽ കഴിയേണ്ടിവരുന്നവരാണ് ബെംഗളൂരുവിലുള്ള അധികംപേരും.

ഇപ്പോഴിതാ ബെംഗളൂരുവിലെ നാല് റൂമുകളുള്ള അപ്പാർട്ട്‌മെന്റിന് 23 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ബെംഗളൂരു വീട്ടുടമസ്ഥന്റെ ആവശ്യത്തിനെതിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം ഉയരുകയാണ്. പൂർണമായും ഫർണിഷ് ചെയ്ത അപ്പാർട്ട്‌മെന്റിന് പ്രതിമാസം 2,30,000 യാണ് വാടക. 12 മാസത്തെ വാടകയ്ക്ക് തുല്യമായ 23 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ഉടമസ്ഥൻ ആവശ്യപ്പെട്ടിരിക്കുന്നത്. കനേഡിയൻ ഡിജിറ്റൽ ക്രിയേറ്ററായ കാലേബ് ഫ്രീസെൻ എന്നയാളാണ് എക്‌സിൽ ഉയർന്ന സെക്യൂരിറ്റി ഡെപ്പോസിറ്റിനെക്കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്.

'ബെംഗളൂരുവിലെ ഭൂവുടമകളാണ് ലോകത്തിലെ ഏറ്റവും അത്യാഗ്രഹികൾ. 23 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് (12 മാസത്തെ വാടക) എന്നത് അത്യാഗ്രഹമാണ്. കാലേബ് ഫ്രീസെൻ ട്വീറ്റ് ചെയ്തു.

ബെംഗളൂരുവിന്റെ വാടക മാനദണ്ഡങ്ങളും ആഗോള തലത്തിലെ രീതിയും അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു.ന്യൂയോർക്ക് സിറ്റി, ടൊറന്റോ പോലുള്ള നഗരങ്ങൾക്ക് സാധാരണയായി ഒരു മാസത്തെ ഡെപ്പോസിറ്റാണ് ആവശ്യപ്പെടാറ്. സിംഗപ്പൂരിലും സാധാരണയായി ഒരു മാസത്തെ വാടകയാണ് ഡെപ്പോസിറ്റായി വാങ്ങുന്നത്. സാൻ ഫ്രാൻസിസ്‌കോയ്ക്ക് രണ്ട് മാസത്തെയും വാടകയാണ് ഡെപ്പോസിറ്റ്. ദുബായ് വാർഷിക വാടകയുടെ 5മുതൽ10 ശതമാനം വരെയും ലണ്ടനിൽ 5മുതൽ 6 ആഴ്ചവരെയുള്ള വാടകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ചോദിക്കാറ്.എന്നാൽ ബെംഗളൂരുവിൽ ഒരു വർഷത്തെ വാടകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റിയായി ആവശ്യപ്പെടുന്നത്.. കാലേബ് ഫ്രീസെൻ പറയുന്നു.

ബെന്നിഗന ഹള്ളിയിൽ സ്ഥിതി ചെയ്യുന്ന 4,500 ചതുരശ്ര അടി വിസ്തീർണമുള്ള പൂർണ്ണമായും ഫർണിഷ് ചെയ്ത ഒറ്റവീടാണ് ചർച്ചകളിൽ നിറയുന്നത്. പ്രതിമാസം 2,30,000 രൂപ വാടകയും 23,00,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റുമാണ് ആവശ്യപ്പെടുന്നത്. പോസ്റ്റിന് പിന്നാലെ ബെംഗളൂരുവിന്റെ വാടക വിപണിയെക്കുറിച്ച് സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചകൾ ഉയർന്നു

വീട്ടുടമ അത്യാഗ്രഹിയാണെന്ന അഭിപ്രായത്തോട് പലരും യോജിച്ചു. നിങ്ങൾ താമസം മാറിപ്പോകുമ്പോൾ ഡെപ്പോസിറ്റിൽ നിന്ന് എല്ലാം വെട്ടിക്കുറിച്ച് പരമാവധി കുറഞ്ഞ തുക തിരിച്ചു തരാനായിരിക്കും അയാൾ ശ്രമിക്കുകയെന്നായിരുന്നു ഒരാളുടെ അഭിപ്രായം. ആളുകൾ പണം നൽകുന്നതുകൊണ്ടാണ് അവർ കൂടുതൽ ചോദിക്കുന്നത്. ഒരു വീട്ടുടമസ്ഥനും അവരുടെ വീട് ആളില്ലാതെ കിടക്കാൻ ആഗ്രഹിക്കില്ല. 12 മാസത്തെ വാടകയ്ക്ക് തുല്യമായ സെക്യൂരിറ്റി തുക ആളുകൾ നൽകുന്നത് നിർത്തിയാൽ, അവർ സെക്യൂരിറ്റി തുക ഒരു മാസമായി കുറയ്ക്കുമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. വീട്ടുവാടകയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ നിയന്ത്രണങ്ങൾ വേണമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

അതേസമയം,നഗരത്തിലെ പ്രീമിയം പ്രോപ്പർട്ടികൾക്ക് ഉയർന്ന ഡെപ്പോസിറ്റുകൾ സാധാരണമാണെന്നാണ് ചിലരുടെ അഭിപ്രായം. ആറുമാസം വരെയുള്ള വാടക സാധാരണയായി ചോദിക്കാറുണ്ടെന്നാണ് ചിലർ പറയുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News