'ലോക്കിങ് സംവിധാനത്തിൽ പ്രശ്‌നങ്ങളൊന്നുമില്ല'; ബോയിങ് വിമാനങ്ങളിലെ പരിശോധന പൂർത്തിയായെന്ന് എയർ ഇന്ത്യ
ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ന്യൂഡല്‍ഹി: ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്‍റെ പരിശോധന പൂര്‍ത്തിയാക്കിയതായും ഒരു പ്രശ്‌നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ.
ഇന്ത്യയുടെ വ്യോമയാന നിരീക്ഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. എയര്‍ ഇന്ത്യ ഉപയോഗിക്കുന്ന ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന് പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാതലത്തിലായിരുന്നു ഡിജിസിഎയുടെ നിര്‍ദേശം.
''പരിശോധനയിൽ പറഞ്ഞ ലോക്കിങ് സംവിധാനത്തിൽ ഒരു പ്രശ്‌നവും കണ്ടെത്തിയില്ല''- എന്നായിരുന്നു എയർ ഇന്ത്യ വക്താവിന്റെ പ്രതികരണം. 'ഡിജിസിഎ നിർദ്ദേശത്തിന് മുന്നോടിയായി തന്നെ ജൂലൈ 12ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിക്കുകയും നിശ്ചിത സമയപരിധിക്കുള്ളിൽ അവ പൂർത്തിയാക്കുകയും ചെയ്തെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എഞ്ചിനിലേക്കുള്ള ഇന്ധനം എത്തിക്കുന്ന ഫ്യുവൽ സ്വിച്ചുകള്‍ കട്ട് ഓഫ് ആയെന്നാണ് അഹമ്മദാബാദ് വിമാന അപകടത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്.സ്വിച്ചുകള്‍ എങ്ങനെയാണ് കട്ട് ഓഫ് മോഡിലേക്ക് പോയതെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നില്ല.