'പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങി ഏഴ് വിഷയങ്ങളില്‍ മോദി സഭയില്‍ മറുപടി പറയണം'; ആവശ്യമുന്നയിച്ച് പ്രതിപക്ഷം

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം നടന്നു

Update: 2025-07-22 07:35 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ഏഴ്​വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ മറുപടി നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷം.പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടിനിർത്തലിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവന,ബിഹാർ വോട്ടര്‍ പട്ടിക പരിഷ്കരണം,ദലിത്‌, ആദിവാസികൾ, പിന്നോക്ക വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ, അഹമ്മദാബാദ് വിമാനാപകടം,മണിപ്പൂർ സംഘർഷം, മണ്ഡല പുനക്രമീകരണം തുടങ്ങിയ വിഷയങ്ങളില്‍ മോദി മറുപടി നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

അതേസമയം, ബിഹാറിലെ തെരഞ്ഞെടുപ്പ്  കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ ഇന്ന് പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇന്നത്തെ സമ്മേളനത്തിന് മുന്നോടിയായി  ഇരു സഭകളിലെയും ഇന്‍ഡ്യ സഖ്യത്തിലെ എംപിമാർ യോഗം ചേര്‍ന്നിരുന്നു. പാർലമെൻറ് ഹൗസ് കോംപ്ലക്സിലായിരുന്നു യോഗം.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പ്രധാനമന്ത്രി സഭയിൽ മറുപടി നൽകാൻ പ്രതിപക്ഷം സമ്മർദം ചെലുത്താനും യോഗത്തില്‍ തീരുമാനമെടുത്തു.

തിങ്കളാഴ്ചയാണ്  പാർലമെന്റ് വർഷകാല സമ്മേളനത്തിന് തുടക്കമായത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണ്‌ നടക്കുന്നത്.ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും.ലോക്‌സഭയിൽ അംഗങ്ങൾ സീറ്റിന് മുന്നിലുള്ള ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാകും ഹാജർ രേഖപ്പെടുത്തുക.ആഗസ്റ്റ് 21വരെയാണ് സമ്മേളനം. 

ഓപറേഷൻ സിന്ദൂർ പൂർണവിജയമാണെന്നും ഇന്ത്യയുടെ സൈനിക ശക്തി ലോകം കണ്ടുവെന്നുമായിരുന്നു  വർഷകാല പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി  മോദി മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്.പാർലമെന്റിന്റെ വർഷകാല സമ്മേളനം വിജയ് ഉത്സവ് ആണെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി വിദേശ സന്ദർശനം നടത്തിയ എംപിമാർക്ക് മോദി നന്ദി പറയുകയും ചെയ്തു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു. ആദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News