Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ബെംഗളൂരു: ധർമസ്ഥലയിൽ ഒന്നിലധികം മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ ആരോപണവുമായി ബന്ധപ്പെട്ട വാർത്തകളുടെ 8,842 ലിങ്കുകൾ നീക്കം ചെയ്യാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. ധർമസ്ഥല ധർമാധികാരി വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരനായ ഹർഷേന്ദ്ര കുമാർ ഡി.നൽകിയ ഹരജിയെ തുടർന്നാണ് നടപടി. 4,140 യൂട്യൂബ് വിഡിയോകൾ, 932 ഫേസ്ബുക്ക് പോസ്റ്റുകൾ, 3,584 ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ, 108 വാർത്താ ലിങ്കുകൾ, 37 റെഡ്ഡിറ്റ് പോസ്റ്റുകൾ, 41 ട്വീറ്റുകൾ നീക്കം ചെയ്യാനുള്ളവയിൽ ഉൾപ്പെടുന്നു.
ജൂലൈ 18-ന് ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്ര സ്ഥാപനങ്ങളുടെ സെക്രട്ടറി ഹർഷേന്ദ്ര കുമാർ ഡി. നൽകിയ ഹർജിയെ തുടർന്നാണ് ഈ ഉത്തരവ്. തന്റെ പേര്, കുടുംബാംഗങ്ങൾ, ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രം, ധർമസ്ഥല ക്ഷേത്രം നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള അപകീർത്തികരമായ ഉള്ളടക്കം ഡിജിറ്റൽ, സോഷ്യൽ, പ്രിന്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ഹർഷേന്ദ്ര കോടതിയോട് ആവശ്യപ്പെട്ടു. 'ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രവും ധർമസ്ഥല ക്ഷേത്രം, വിദ്യാഭ്യാസ സൊസൈറ്റി നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയെ കുറിച്ച് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന വ്യാജമായ വിവരങ്ങളിലൂടെ ലക്ഷ്യമിടുന്നു.' ഹർഷേന്ദ്ര ഹർജിയിൽ പറയുന്നു.
ഡെക്കാൻ ഹെറാൾഡ്, ദി ഹിന്ദു, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ദി ന്യൂസ് മിനിറ്റ്, പ്രജാവാണി, കന്നഡ പ്രഭ, ഹോസ ദിഗന്ത, ബാംഗ്ലൂർ മിറർ, ഉദയവാണി, ദിനമണി, ദിന തന്തി, ദിനകരൻ, സംയുക്ത കർണാടക, വിജയവാണി, വിശ്വവാണി, ന്യൂസ്18, കേരള കൗമുദി, രാജസ്ഥാൻ പത്രിക, ഈസഞ്ജെ, സഞ്ജേവനി, ദിനസുധാർ, സന്മാർഗ, ഹിന്ദുസ്ഥാൻ ടൈംസ്, പി.ടി.ഐ, എ.എൻ.ഐ, ഐ.എ.എൻ.എസ്, മാതൃഭൂമി, മലയാള മനോരമ, ടി.വി.9 ഗ്രൂപ്പ്, ഇന്ത്യ ടി.വി, ന്യൂസ് എക്സ്, സുവർണ, ന്യൂസ് ഫസ്റ്റ്, ദൈജി വേൾഡ് ടി.വി. തുടങ്ങിയ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും ഹരജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.