'പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം'; തമിഴ്നാട് സര്‍ക്കാറിനോട് മദ്രാസ് ഹൈക്കോടതി
ഒരു കൊലയാളി പോലും ഇത്രയും ക്രൂരത കാണിക്കില്ലെന്നും കോടതി
ചെന്നൈ: തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയില്‍വെച്ച് മര്‍ദനത്തിനിരയായി മരിച്ച യുവാവിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് ഉത്തരവിട്ടു.
കഴിഞ്ഞ മാസമാണ് ശിവഗംഗ ജില്ലയിലെ മദപുരം ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ അജിത് കുമാര്‍ ( 27) എന്ന ചെറുപ്പക്കാരനെ മോഷണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെത്തിയ ഭക്തരിലൊരാള്‍ തന്‍റെ കാര്‍ പാര്‍ക്ക് ചെയ്യാനായി അജിതിന് ആവശ്യപ്പെട്ടു.എന്നാല്‍ അയാള്‍ക്ക് വാഹനമോടിക്കാന്‍ അറിയാത്തതിനാല്‍ അജിത് മറ്റൊരാള്‍ക്ക് കാര്‍ പാര്‍ക്ക് ചെയ്യാനായി കൊടുക്കുകയും ചെയ്തു.എന്നാല്‍ ഇതിന് പിന്നാലെ കാറില്‍ നിന്ന് സ്വര്‍ണവും പണവും നഷ്ടപ്പെട്ടെന്ന് പരാതി ഉയര്‍ന്നു. പരാതി കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ദിവസങ്ങൾക്ക് ശേഷം, സംശയാസ്പദമായ സാഹചര്യത്തിൽ അജിത് കുമാര്‍ പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ 40 ലധികം മുറിവുകൾ കണ്ടെത്തുകയും ക്രൂരമായ പീഡനത്തിന് യുവാവ് ഇരയായതായി തെളിയുകയും ചെയ്തു.സെഷൻസ് കോടതി ജഡ്ജിയുടെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിന്‍റേത് കസ്റ്റഡി മരണമാണെന്ന് സ്ഥിരീകരിച്ചു. പരിഷ്കൃത സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾ അനുവദിക്കാൻ കഴിയില്ലെന്നും കർശനമായി നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
സംഭവത്തിന് പിന്നാലെ അജിതിന്‍റെ കുടുംബത്തിന് തമിഴ്നാട് സർക്കാർ 7.5 ലക്ഷം രൂപ നഷ്ടപരിഹാരവും, ഒരു വീടിനുള്ള സ്ഥലവും, അജിത്തിന്റെ സഹോദരന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇടക്കാല നഷ്ടപരിഹാരമായി സംസ്ഥാനം 25 ലക്ഷം രൂപ കൂടി നൽകണമെന്ന് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്നലെ ഉത്തവിട്ടിരുന്നു. ക്രിമിനൽ നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ നഷ്ടപരിഹാരത്തിനായി വീണ്ടും കോടതിയെ സമീപിക്കാൻ ഹരജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
ഒരു കൊലയാളി പോലും ഇത്രയും ക്രൂരത കാണിക്കില്ലായിരുന്നു നേരത്തെ, മധുര ബെഞ്ച് കേസ് പരിഗണിക്കുന്ന സമയത്ത് പറഞ്ഞത്.വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ അന്വേഷണം സിബിഐക്ക് കൈമാറിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചിരുന്നു. അജിത്തിന്റെ കുടുംബത്തോട് മുഖ്യമന്ത്രി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
ശിവഗംഗൈ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കേസില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡിഎസ്പിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.ശിവഗംഗൈ എസ്പിയെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.ഒരാഴ്ചക്കുള്ളില്‍ അന്വേഷണ സംഘം രൂപീകരിച്ച് ആഗസ്റ്റ് 20 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം,നികിത എന്ന സ്ത്രീ നൽകിയ യഥാർത്ഥ മോഷണ പരാതിയും സിബിഐ അന്വേഷിക്കും.