'ജഗ്ദീപ് ധൻഗഡിന്റെ രാജി ദുരൂഹം, കാരണം ആരോഗ്യപ്രശ്‌നമെന്ന് വിശ്വസിക്കാനാവില്ല'; എൻ.കെ പ്രേമചന്ദ്രൻ എംപി
ഏതോ സമ്മർദ്ദത്തിന് വിധേയമായി അല്ലെങ്കിൽ നിർദേശത്തിന് വിധേയമായിട്ടാണ് രാജിയെന്ന് വേണം കരുതാൻ എന്നും പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ധീപ് ധൻഗഡിന്റെ രാജി ദുരൂഹമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. രാജിയുടെ കാരണം ആരോഗ്യപ്രശ്‌നമെന്ന് വിശ്വസിക്കാനാവില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പൂർണമായും സഭാനടപടികൾ നിയന്ത്രിച്ചു. ഉച്ചയ്ക്ക് ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗം വിളിച്ചു. സാധാരണഗതിയിൽ പാർലമെന്റിന്റെ ബിസിനസ് അഡൈ്വസറി കമ്മിറ്റിയിൽ പങ്കെടുക്കേണ്ട പ്രധാന വ്യക്തിത്വങ്ങളായ സഭാ നേതാവായ ജെ പി നദ്ദയും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും പങ്കെടുക്കാതിരിക്കുകയും കമ്മിറ്റി യോഗം ഇന്നത്തേക്ക് മാറ്റുകയും ചെയ്തു. ഇതിൽ തന്നെ ദുരൂഹതയുണ്ട്. മാത്രവുമല്ല ഈ ആഴ്ചയിലും വരും ദിവസങ്ങളിലും അദ്ദേഹത്തിന്റെ പരിപാടികൾ ഷെഡ്യൂൾ ചെയ്തതാണ്. അനാരോഗ്യം കാരണമായിരുന്നു രാജിയെങ്കിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് നിഷ്പ്രയാസം ആകാമായിരുന്നു. ഏതോ സമ്മർദ്ദത്തിന് വിധേയമായി അല്ലെങ്കിൽ നിർദേശത്തിന് വിധേയമായിട്ടാണ് രാജിയെന്ന് വേണം കരുതാൻ എന്നും പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു.
രാജിക്ക് പിന്നിലെ രാഷ്ട്രീയതാൽപര്യം എന്താണെന്നത് മനസിലാക്കാൻ സാധിക്കുന്നില്ല. സർക്കാരിന് വിധേയമായ നടപടികൾ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ്. ജുഡീഷ്യറിയുടെ അധികാരത്തിന്റെ കാര്യത്തിൽ മാത്രമാണ് സർക്കാരിന്റേതിന് വിരുദ്ധമായ നിലപാട് ജഗ്ദീപ് ധൻഗഡ് സ്വീകരിച്ചിട്ടുള്ളതെന്നും എംപി പറഞ്ഞു.
watch video: