'ഞാന്‍ നിരപരാധിയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു, കോടതിമുറിയിലെ വിഡിയോ കോളിലാണ് മകളെ ഒരുനോക്ക് കണ്ടത്'; മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ കുറ്റവിമുക്തരായവര്‍

'സ്വാതന്ത്രത്തിന്റെ രുചി സാജിദ് അന്‍സാരിക്ക് അറിയാന്‍ കഴിഞ്ഞെങ്കിലും ബിഹാര്‍ സ്വദേശിയായ കമാല്‍ അന്‍സാരി അത്ര ഭാഗ്യവാനായിരുന്നില്ല'

Update: 2025-07-22 06:58 GMT
Advertising

ന്യൂഡല്‍ഹി: മൂന്നാഴ്ച മുമ്പാണ് 19 വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം 2006-ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് സാജിദ് അന്‍സാരിക്ക് പരോള്‍ ലഭിക്കുന്നത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് പരോള്‍ അനുവദിച്ചത്.  കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രത്യേക കോടതി അന്‍സാരിയെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചിരുന്നു. തിങ്കളാഴ്ച, മുംബൈയിലെ മീരാ റോഡിലുള്ള തന്റെ വീട്ടില്‍ നിന്ന് അന്‍സാരി ബോംബെ ഹൈക്കോടതി നടപടികള്‍ ഓണ്‍ലൈനായി വീക്ഷിക്കുമ്പോള്‍ ഉടന്‍ തന്നെ നാസിക് സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചയക്കുമെന്നാണ് കരുതിയതെന്ന് അദ്ദേഹം സ്‌ക്രോള്‍ ഡോട്ട് ഇന്നിനോട് പറഞ്ഞു

പക്ഷെ കോടതി അദ്ദേഹത്തെയും മറ്റ് 11 പേരെയും എല്ലാ കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കി വെറുതെ വിട്ടപ്പോള്‍ 48 കാരനായ അദ്ദേഹമത് പ്രതീക്ഷിച്ചിരുന്നില്ല. 'ഞാന്‍ പെട്ടെന്ന് ഒരു സ്വതന്ത്ര മനുഷ്യനായി,' എന്നാണ് അദ്ദേഹം പറഞ്ഞത്.

2006 ല്‍ അന്‍സാരിക്ക് 26 വയസായിരുന്നു. മീരാ റോഡില്‍ മൊബൈല്‍ റിപ്പയര്‍ സ്റ്റോറും മൊബൈല്‍ റിപ്പയറിങ്ങും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കും പഠിപ്പിക്കുന്ന ഒരു സ്ഥാപനവും അന്‍സാരി നടത്തിവരികയായിരുന്നു. നിരോധിത ഗ്രൂപ്പായ സ്റ്റുഡന്റ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി അക്കാലത്ത് അദ്ദേഹത്തിന് എതിരെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. എന്തെങ്കിലും വര്‍ഗീയ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ പൊലീസ് പിടികൂടുകയും കുറച്ചുദിവസം അനധികൃതമായി തടങ്കലില്‍ വയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒടുവില്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്യും.

2006 ജൂലെ 11ല്‍ സബര്‍ബന്‍ ട്രെയിനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 189 പേര്‍ കൊല്ലപ്പെടുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ അന്‍സാരിയെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചില്ല. ബോംബുകള്‍ക്കായി ടൈമറുകള്‍ വാങ്ങിയതിനും സ്‌ഫോടക വസ്തുക്കള്‍ യോജിപ്പിച്ചതിനും രണ്ട് പാക്കിസ്ഥാനികളെ വീട്ടില്‍ പാര്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തിന് എതിരെ കേസെടുത്തു. അദ്ദേഹത്തിന്റെ കുടുംബമാകെ തകര്‍ന്നു.

അന്‍സാരിയുടെ ഭാര്യ ആ സമയത്ത് ഗര്‍ഭിണിയായിരുന്നു. അദ്ദേഹത്തെ അറസ്റ്റുചെയ്തു മൂന്ന് മാസത്തിന് ശേഷം പെണ്‍കുട്ടി ജനിച്ചു. കോടതി മുറിയിലെ വിഡിയോ കോളിലൂടെയാണ് അന്‍സാരി മകളെ കണ്ടത്. ഇപ്പോള്‍ അന്‍സാരിയുടെ മകള്‍ക്ക് 19 വയസുണ്ട്. ഡിഗ്രി വിദ്യാര്‍ഥിനിയാണ്. 2015ല്‍ പ്രത്യേക കോടതി അന്‍സാരിക്കും മറ്റ് ആറ് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റ് അഞ്ചുപേര്‍ക്ക് വധശിക്ഷയും വിധിച്ചു.

'ഞാന്‍ നിരപരാധിയാണെന്ന് എനിക്കും എന്റെ കുടുംബത്തിനും പൊലീസിനും അറിയാം. ജയില്‍ കഴിയുന്നത് നീണ്ടുപോകുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ എന്നെങ്കിലും പുറത്തിറങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പിന്തുണയുമായി എന്റെ സഹോദരന്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പഴയ ജീവിതത്തിലേക്ക് തിരികെ പോകാന്‍ എനിക്ക് കഴിയില്ലെന്ന് അറിയാം. സ്വന്തമായി മൊബൈല്‍ കട ഉള്ള എനിക്ക് ഇപ്പോള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അറിയില്ല. ടെക്‌നോളജിയും സോഫ്റ്റ് വെയറും എല്ലാം മാറി. വീണ്ടും അതെല്ലാം ചെയ്യാന്‍ കഴിയുമോയെന്ന് എനിക്ക് അറിയില്ല. രണ്ട് വര്‍ഷം മുമ്പ് നിയമബിരുദ കോഴ്‌സിന് ചേര്‍ന്നു. ചിലപ്പോള്‍ ഈ ജോലി എനിക്ക് ചെയ്യാന്‍ കഴിയാമായിരിക്കും. എല്ലാവരും നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ എന്റെ കേസ് ഞാന്‍ നന്നായി വാദിക്കുമായിരുന്നു,' അന്‍സാരി പറഞ്ഞു.

സ്വാതന്ത്രത്തിന്റെ രുചി അന്‍സാരിക്ക് അറിയാന്‍ കഴിഞ്ഞെങ്കിലും ബിഹാര്‍ സ്വദേശിയായ കമാല്‍ അന്‍സാരി അത്ര ഭാഗ്യവാനായിരുന്നില്ല. 2021ല്‍ കമാല്‍ അന്‍സാരി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹത്തിന്റെ മകനായ അബ്ദുള്ള അന്‍സാരിക്ക് ആറ് വയസുള്ളപ്പോഴാണ് മുംബൈ ട്രെയിനില്‍ ബോംബ് വെച്ചെന്ന് ആരോപിച്ച് പൊലീസ് കമാലിനെ പിടിച്ചു കൊണ്ടുപോയത്.

പക്ഷേ തന്റെ പിതാവ് ഇതുവരെ മുംബൈ സന്ദര്‍ശിച്ചിട്ടുപോലുമില്ലെന്നും സ്‌ഫോടനം നടക്കുന്ന സമയത്ത് അദ്ദേഹം നേപ്പാളിലായിരുന്നുവെന്നും മകന്‍ വ്യക്തമാക്കി. കമാല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റുചെയ്തതോടെ കുടുംബത്തിന്റെ അന്നം മുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ മകന് ജോലി തേടേണ്ടി വന്നു. കാരണം അവന് താഴെ നാല് കുട്ടികള്‍ ഉണ്ടായിരുന്നു. ബന്ധുക്കളും അയല്‍ക്കാരും കുടുംബത്തിന് പിന്തുണ നല്‍കിയെങ്കിലും രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കമാലിന്റെ ഭാര്യ പെടാപാട് പെട്ടു. 2017ലാണ് കമാല്‍ അന്‍സാരിയെ മകന്‍ അവസാനമായി കണ്ടത്. കമാല്‍ അന്‍സാരി മരിച്ചതിന് ശേഷവും അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കാന്‍ ഭാര്യ കേസ് പിന്തുടര്‍ന്നു.

അതേസമയം, 2006-ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസമാണ് വെറുതെവിട്ടത്. ഇവര്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ഇവരാണ് കുറ്റം ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് കോടി വ്യക്തമാക്കി.

ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, കുത്തബുദ്ദീന്‍ സിദ്ദിഖി, നവീദ് ഖാന്‍ എന്നിവര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്. ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News