മുംബൈ ട്രെയിൻ സ്‌ഫോടനം: പ്രതികളെ വെറുതെവിട്ടതിനെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രിംകോടതിയിൽ
ഹരജി മറ്റന്നാൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ന്യൂഡൽഹി: മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ 12 പ്രതികളെയും വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകി. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹരജി മെൻഷൻ ചെയ്തത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹരജി മറ്റന്നാൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഇത് വളരെ പ്രധാനപ്പെട്ട കേസാണ്...ഹരജി നാളെ തന്നെ പരിഗണിക്കണം എന്നായിരുന്നു സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ എട്ട് പ്രതികൾ ഇതിനകം തന്നെ ജയിൽ മോചിതരായിട്ടുണ്ട് എന്ന പത്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വളരെ പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഇന്നലെയാണ് 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട അഞ്ച് പ്രതികളടക്കം 12 പേരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾക്ക് എതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 12 പേരെയും വെറുതെവിട്ടത്. കുറ്റക്കാരെന്ന് സമ്മതിപ്പിക്കാൻ എടിഎസ് ഉദ്യോഗസ്ഥർ പ്രതികളെ ക്രൂരമായി പീഡിപ്പിച്ചെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.