Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പാറ്റ്‌ന: ബിഹാറില്‍ നിലവില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐ ആര്‍) കീഴിലുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് പൗരത്വത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
'എസ്ഐആര്‍ പ്രകാരം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ യോഗ്യനല്ലെന്ന് കണ്ടെത്തിയതിന്റെ പേരില്‍ ഒരു വ്യക്തിയുടെ പൗരത്വം അവസാനിക്കില്ല,' 88 പേജുള്ള സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
എസ് ഐ ആര്‍ പൗരത്വ സ്‌ക്രീനിങ് ആണെന്നും ഇത് വന്‍തോതില്‍ വോട്ടവകാശം നിഷേധിക്കപ്പെടുമെന്നായിരുന്നു ഹരജിക്കാര്‍ ഉന്നയിച്ചത്. വോട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം പ്രാപ്തരാക്കുന്നതിന് പൗരത്വത്തിന്റെ തെളിവ് നിയമത്തിനും ഭരണഘടനയ്ക്കും കീഴില്‍ പ്രാപ്തമാണെന്ന് കമ്മീഷന്‍ അറിയിച്ചു.
ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള തിടുക്കത്തിലുള്ള നടപടിയെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.
ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് എന്നിവ വെരിഫിക്കേഷന്‍ സമയത്ത് സാധുവായ രേഖകളായി പരിഗണിക്കണമെന്നും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിലവിലെ പട്ടികയില്‍ ഇവ ഉള്‍പ്പെട്ടിട്ടില്ല. ആധാര്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തെ ന്യായികരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധാര്‍ കേവലം ഐഡന്റിറ്റിയുടെ തെളിവാണെന്നും അത് എസ് ഐ ആറിന്റെ രേഖയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
അതേസമയം, ജൂലൈ 18 വരെയുള്ള കണക്കനുസരിച്ച്, ബീഹാറിലെ 7.9 കോടി വോട്ടര്‍മാരില്‍ 90.12% പേരുടെ ഫോമുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മരിച്ച വ്യക്തികളെയും സ്ഥിരമായി സ്ഥലം മാറ്റപ്പെട്ട വോട്ടര്‍മാരെയും ഉള്‍പ്പെടുത്തിയാല്‍, എസ്ഐആര്‍ 94.68% വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഎല്‍ഒമാര്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടും കണ്ടെത്താനാകാത്ത വോട്ടര്‍മാര്‍ വെറും 0.01% വോട്ടര്‍മാര്‍ മാത്രമാണ്. ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 25 ആണ്.