ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥാനമൊഴിയുന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണെന്നും എന്നാൽ അത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കുന്നതിന് തുല്യമായിരിക്കുമെന്നും വെള്ളിയാഴ്ച സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യ ടുഡെ' റിപ്പോർട്ട് ചെയ്തു. ''ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്ന പ്രശ്‌നമേയില്ല. രാജിവെച്ച് ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറുന്നത് എളുപ്പവഴിയാണ്. ജനങ്ങൾ ഞങ്ങൾക്ക് ഭരണാധികാരം തന്നിട്ടുണ്ട്, ഞങ്ങൾ അത് കൃത്യമായി നിറവേറ്റും''- സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രതീകാത്മക നടപടികൾക്ക് പകരം നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഘടനാപരമായ വീഴ്ചകൾ തിരുത്താനാണ് മുൻഗണന നൽകുന്നത് എന്നാണ് സർക്കാർ വാദം. പരീക്ഷാ ബോർഡിലെ പോരായ്മകളുടെ സമഗ്രമായ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും പരിഹാര നടപടികൾ ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്നും കേന്ദ്രം അറിയിച്ചു. ചോദ്യപേപ്പർ ചോർത്തുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുകയാണെന്നും നിരവധി സംഘങ്ങളെ ഇതിനകം പിടികൂടിയതായും കൂടുതൽ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് സിജെപി സമരം ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്റെ ഈ പ്രതികരണം. പ്രധാന്റെ രാജി അനിവാര്യമാണെന്ന് സിജെപി ആവർത്തിച്ചു. വെള്ളിയാഴ്ച വിത്തൽഭായ് പട്ടേൽ ഹൗസിൽ കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ രണ്ടു മണിക്കൂർ ചർച്ചയിൽ, രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി പ്രതിനിധികൾ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന 'സംസദ് ചലോ' മാർച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര സർക്കാരും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഡൽഹി പൊലീസ് കമ്മീഷണറും പരസ്യമായി മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
മെയ് മൂന്നിലെ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്‌ഐആറുകൾ പിൻവലിക്കുക, പരീക്ഷാ പരിഷ്‌കരണത്തിനായുള്ള അഞ്ചിന ആവശ്യങ്ങൾ അംഗീകരിക്കുക എന്നിവയും ഉന്നയിച്ചിട്ടുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. മന്ത്രിയുടെ രാജി, ഇരകളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, നിയമനടപടികളിൽ നിന്നുള്ള സംരക്ഷണം എന്നിവയിൽ വിട്ടുവീഴ്ചയില്ലെന്ന് കത്തിൽ സിജെപി വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം രാജ്യവ്യാപകമാക്കുമെന്നും മുന്നറിയിപ്പ് നൽകി.
സിജെപിയുടെ ആവശ്യങ്ങൾ കേട്ടുവെന്നും ആലോചനകൾക്ക് ശേഷം മറുപടി നൽകാമെന്നും കേന്ദ്രമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു. ശനിയാഴ്ച ഇരുവിഭാഗവും വീണ്ടും കൂടിക്കാഴ്ച നടത്തും. പരീക്ഷാ തട്ടിപ്പുകൾക്കെതിരെ കർശന നടപടി വ്യവസ്ഥ ചെയ്യുന്ന ബിൽ അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി അറിയിച്ചിരുന്നു. തുടർന്ന്, കടുത്ത ശിക്ഷകൾ നിർദേശിക്കുന്ന കരട് നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.