Writer - രാഗേന്ദു പി.ആർ
Web Journalist
ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നത് മനഃപൂര്‍വം തടസപ്പെടുത്തുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കുമെതിരെ ക്രിമിനല്‍ നടപടി നിര്‍ദേശിക്കുന്ന 'പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഓണര്‍ (ഭേദഗതി) ബില്‍, 2026' അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.
രാജ്യസഭയിലാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1971ലെ ദേശീയബഹുമാന നിയമം ഭേദഗതി ചെയ്യുന്നതിലൂടെ ദേശീയ ഗാനത്തിന് പുറമെ ദേശീയ ഗീതമായ വന്ദേമാതരത്തിനും തുല്യപദവി നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ ഭേദഗതി ബില്‍ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ബില്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലെ ഇടത് അംഗമായ ജോണ്‍ ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമാണ്. എന്നാല്‍ ഈ ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം (ആർട്ടിക്കിൾ 19), വ്യക്തിസ്വാതന്ത്ര്യം (ആർട്ടിക്കിൾ 21), ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 25) എന്നിവയുടെ ലംഘനമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടക്കാട്ടി.
പ്രസ്തുത ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ അത് വ്യക്തിഗത അവകാശങ്ങള്‍ക്കും ദേശീയ വികാരത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും ബ്രിട്ടാസ് പറഞ്ഞു.
ഭേദഗതി ബിൽ അവതരിപ്പിച്ചതിലൂടെ ഡല്‍ഹിയിലെ സമരത്തില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്ന് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ പി. സന്തോഷ് കുമാർ പ്രതികരിച്ചു. ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങും ബില്ലിനെതിരെ രംഗത്തെത്തി.
തുടര്‍ന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ഈ ബില്ലിനെ എതിര്‍ക്കുകയും ചെയ്തു. അതേസമയം ബിജെപിയുടെ രാജ്യസഭ എംപി സഞ്ജയ് സേത്ത് ബില്ലിനെ സ്വാഗതം ചെയ്തു. വന്ദേമാതരത്തിന് അര്‍ഹമായ ആദരവ് ലഭിക്കേണ്ടതുണ്ടെന്ന് സഞ്ജയ് സേത്ത് പറഞ്ഞു.