പ്രവാസികളുടെ പാസ്‌പോർട്ട് ഫീസ് വർധന: കേന്ദ്രം മൂന്ന് ആഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി

പ്രവാസി ലീഗൽ സെൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നടപടി

Update: 2026-07-24 11:54 GMT

ന്യൂഡൽഹി/ദുബൈ:പ്രവാസികളുടെ പാസ്‌പോർട്ട് ഫീസ് വർധനയിൽ കേന്ദ്ര സർക്കാർ മൂന്ന് ആഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഫീസ് വർധനക്ക് എതിരെ പ്രവാസി ലീഗൽ സെൽ കേരള ഘടകം സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നടപടി. ഇന്ത്യയിലെ അപേക്ഷകരേക്കാൾ ഏകദേശം 330 മുതൽ 359 ശതമാനം വരെ അധികം ഫീസാണ് പ്രവാസികൾ നൽകേണ്ടിവരുന്നത്. ഇതിന് പുറമേ സർവീസ് ചാർജ് പോലുള്ള അധികബാധ്യതകളും ഉണ്ടെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടിയിരുന്നു.

2026 ജൂലൈ 22-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി തന്നെ നിവേദനമായി പരിഗണിച്ച് നിയമാനുസൃതമായ ഉചിത തീരുമാനം സ്വീകരിക്കണമെന്നും അതിന്റെ വിവരം പ്രവാസി ലീഗൽ സെല്ലിനെ അറിയിക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

Advertising
Advertising

പ്രവാസി തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പാസ്പോർട്ട് എന്നത് ഒരു യാത്രാരേഖ മാത്രമല്ല. വിദേശത്ത് നിയമാനുസൃതമായി താമസിക്കാനും ജോലി ചെയ്യാനും വിസ പുതുക്കാനും ഉപജീവനം നടത്താനും അനിവാര്യമായ അടിസ്ഥാനരേഖയാണ്. പ്രവാസി തൊഴിലാളികളുടെ ആശങ്കകൾ അവഗണിക്കാതെ നിശ്ചിത സമയപരിധിക്കുള്ളിൽ ഔദ്യോഗികമായി പരിഗണിക്കണമെന്നതാണ് ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ പ്രധാന്യം.

വിദേശത്ത് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ പാസ്പോർട്ട് ഫീസ് യുക്തിസഹമായി പുനഃക്രമീകരിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി തൊഴിലാളികൾക്ക് പ്രത്യേക ഇളവ് അനുവദിക്കുക, നിർബന്ധിത ഔട്ട്സോഴ്സിങ് സർവീസ് ചാർജുകൾ പുനഃപരിശോധിക്കുക, വർധിപ്പിച്ച ഫീസ് നിശ്ചയിച്ചതിന്റെ അടിസ്ഥാനവും ചെലവുകണക്കുകളും പരസ്യപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി ലീഗൽ സെൽ കേന്ദ്രസർക്കാരിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ നീതിയുക്തവും പ്രവാസി സൗഹൃദപരവുമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പറഞ്ഞു. അഡ്വക്കേറ്റ് ജോസ് എബ്രഹാം ഗ്ലോബൽ ചെയർമാനായ കൂട്ടായ്മയാണ് പ്രവാസി ലീഗൽ സെൽ.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News