നെഞ്ചിലും മുതുകിലുമായി തറച്ചുകയറിയത് മുപ്പതോളം പെല്ലറ്റുകള്‍; സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പരിക്കേറ്റവരില്‍ ഔട്ട്‌ലുക്ക് മാധ്യമപ്രവര്‍ത്തകനും

ശരീരത്തില്‍ തറച്ചുകയറിയ പെല്ലറ്റിന്റെ അളവ് വളരെ കൂടുതലാണെന്നും ഇത് നീക്കം ചെയ്യുന്നത് പേശികള്‍ക്കും ഞരമ്പുകള്‍ക്കും ആഘാതമുണ്ടാക്കുമെന്നും മെഡിക്കൽ റിപ്പോർട്ട്

Update: 2026-07-24 12:02 GMT

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ച് കവര്‍ ചെയ്യുന്നതിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനും ഗുരുതര പരിക്ക്. ഔട്ട്‌ലുക്ക് മാഗസിനിലെ സ്‌പോര്‍ട്‌സ് ജേണലിസ്റ്റിനാണ് പരിക്കേറ്റത്.

28കാരനായ മാധ്യമപ്രവര്‍ത്തകന്റെ ശരീരത്തില്‍ ഏകദേശം മുപ്പതോളം പെല്ലറ്റുകളാണ് തറച്ചുകയറിയത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം, മാധ്യമപ്രവര്‍ത്തകന്റെ കൈകളിലും നെഞ്ചിലും മുതുകിലുമാണ് മുറിവേറ്റിരിക്കുന്നത്.

ശരീരത്തില്‍ തറച്ചുകയറിയ പെല്ലറ്റിന്റെ അളവ് വളരെ കൂടുതലാണെന്നും ഇത് നീക്കം ചെയ്യുന്നത് പേശികള്‍ക്കും ഞരമ്പുകള്‍ക്കും ആഘാതമുണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ പെല്ലറ്റുകള്‍ സര്‍ജറി ചെയ്ത് നീക്കേണ്ടതില്ലെന്നും ശരീരത്തില്‍ തന്നെ നിലനിര്‍ത്താനുമാണ് ഡോക്ടര്‍മാരുടെ തീരുമാനം.

Advertising
Advertising

നിലവില്‍ വേദനയുണ്ടെങ്കിലും 28കാരന്റെ ആരോഗ്യനില തൃപ്തികരമാണ്. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി.

ജൂലൈ 20നായിരുന്നു സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച്. എന്നാല്‍ ജന്തര്‍ മന്തറിലേക്കും കൊണാട്ട് പ്ലേസിലേക്കും ഒഴുകിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസും സുരക്ഷാ സേനയും ചേര്‍ന്ന് കണ്ണീര്‍ വാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിച്ചു.

ഇതിനിടെയാണ് ഔട്ട്‌ലുക്ക് മാധ്യമപ്രവര്‍ത്തകന് ഉള്‍പ്പെടെ പരിക്കേറ്റത്. അതേസമയം പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ഡല്‍ഹി പൊലീസിന്റെ കൈവശം പെല്ലറ്റ് തോക്കുകളില്ലെന്നും ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊലീസ് പറയുന്നു.

എന്നാല്‍ സഫ്ദര്‍ജങ് ആശുപത്രിയും ലേഡി ഹാര്‍ഡിങ് ആശുപത്രിയും പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പൊലീസിന് എതിരാണ്.

ജമ്മു കശ്മീരില്‍ പ്രയോഗിച്ചിരുന്ന പെല്ലറ്റ് തോക്കുകള്‍ ഡല്‍ഹിയിലും ഉപയോഗിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഡല്‍ഹി പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ നേരിട്ടത്. 

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - രാഗേന്ദു​ പി.ആർ

contributor

Web Journalist

Similar News