ധർമേന്ദ്ര പ്രധാൻ രാജിവെക്കുമോ? സിജെപിയുമായി ചർച്ചയ്ക്ക് പിന്നാലെ രണ്ട് ആവശ്യങ്ങൾക്ക് കേന്ദ്രത്തിന്റെ അനുകൂല നിലപാട്; നിർണായക തീരുമാനം നാളെ

വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കലും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും തത്വത്തിൽ അംഗീകരിച്ചതായി CJP

Update: 2026-07-24 10:00 GMT

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നടന്ന നിർണായക ചർച്ചയ്ക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് കോക്രോച്ച് ജനത പാർട്ടി വക്താക്കൾ വ്യക്തമാക്കി. രാജിക്കാര്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചവരെ സമയം ആവശ്യപ്പെട്ടതായി ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട CJP നേതാക്കൾ അറിയിച്ചു.

ഭരണഘടനാ ക്ലബ്ബിൽ നടന്ന ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് CJP വീണ്ടും മുന്നോട്ടുവച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് വിവാദത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളും കേസുകളും പിൻവലിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

Advertising
Advertising

ചർച്ചയ്ക്ക് ശേഷം പ്രതികരിച്ച CJP വക്താക്കൾ, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ എഫ്‌ഐആറുകളും കേസുകളും പിൻവലിക്കുന്നതും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ സർക്കാർ ഉടൻ തീരുമാനം അറിയിക്കാതെ കൂടുതൽ സമയം തേടിയതായും അവർ പറഞ്ഞു.

'നാളെ ഉച്ചവരെ സർക്കാർ സമയം ചോദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയോ മന്ത്രിസഭയിൽ നിന്ന് നീക്കുകയോ ചെയ്യുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതുവരെ സമരനിലപാടിൽ മാറ്റമില്ല,' എന്ന് CJP നേതാക്കൾ വ്യക്തമാക്കി.

സർക്കാരിന്റെ ഭാഗത്ത് നിന്ന് ചർച്ചകൾ അനുകൂല അന്തരീക്ഷത്തിലായിരുന്നുവെന്നാണ് സൂചന. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം കേന്ദ്രനേതൃത്വം കൈക്കൊള്ളേണ്ടതിനാലാണ് കൂടുതൽ സമയം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, രാജിക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി സമരത്തിന്റെ ഭാവി നിർണയിക്കുക. ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് CJP നേതൃത്വം.

Tags:    

Writer - റുക്ക്സാന വി ക

contributor

Editor - റുക്ക്സാന വി ക

contributor

By - Web Desk

contributor

Similar News