Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പട്ന:ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ള ഏകദേശം 74 ലക്ഷം വോട്ടര്‍മാരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാന്‍ നാല് ദിവസം മാത്രം ശേഷിക്കെയാണ് കമീഷന്റെ നടപടി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പത്രകുറിപ്പിലൂടെയാണ് ആവശ്യപ്പെട്ടത്. ഇതുവരെ 43.93 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാത്രം ഏഴ് ലക്ഷത്തിലധികം ആളുകളുടെ വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്.
പ്രത്യേക വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ അവസാന മണിക്കൂറുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തിന് എതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂര്‍ണ പരാജയമാണിത്. ഭരണഘടനാ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും എഐസിസി അംഗം രാഹുല്‍ ബാല്‍ കുറ്റപ്പെടുത്തി. 'ഈ ടാസ്‌ക് ഗണിതശാസ്ത്രപരമായി അസാധ്യമാണ്. ഇത് തെറ്റായ ഡാറ്റയ്ക്ക് കാരണമാകും. 'ബിജെപി ഉള്‍പ്പെടെ ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് അത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ? അപ്പോള്‍ അവര്‍ എന്തു ചെയ്യും? അവര്‍ സമ്മര്‍ദത്താല്‍ വ്യാജ വിവരങ്ങള്‍ നല്‍കും. ദി വയറിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അതേസമയം, വോട്ടര്‍പട്ടികയിലെ പ്രത്യേക പരിശോധനയില്‍ സുപ്രീം കോടതിയുടെ നിരീക്ഷണത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിയോജിച്ചു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ ആധാര്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഇവ മൂന്നും പറ്റില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തത്.