മുംബൈ ട്രെയിൻ സ്ഫോടനം; 'കുറ്റം സമ്മതിപ്പിക്കാൻ ക്രൂര പീഡനം, കുടുംബാംഗങ്ങളെ വരെ വേട്ടയാടി'
പ്രധാന സാക്ഷികൾ വിശ്വസനീയരല്ലെന്നും തിരിച്ചറിയൽ പരേഡുകൾ സംശയാസ്പദമാണെന്നും പീഡനത്തിലൂടെ കുറ്റസമ്മത മൊഴികൾ പുറത്തെടുത്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു
മുംബൈ: 180ലധികം പേരുടെ മരണത്തിനിടയാക്കിയ 7/11 മുംബൈ ട്രെയിൻ സ്ഫോടന പരമ്പരയിലെ 12 പ്രതികളെയും ബോംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയിരുന്നു. നീണ്ട 19 വര്‍ഷങ്ങൾക്ക് ശേഷമാണ് ഇവരെ കുറ്റവിമുക്തരാക്കുന്നത്. അഞ്ചു പേർക്ക് വധശിക്ഷയും ഏഴു പേർക്ക് ജീവപര്യന്തവും നൽകിയ വിചാരണക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്.
2015-ൽ വാഹിദ് ഷെയ്ഖ് എന്നയാളെ കുറ്റവിമുക്തനാക്കിയിരുന്നു. തെളിവില്ലാത്തതിനാൽ വിചാരണ കോടതി ഇയാളെ പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു. ഒൻപത് വര്‍ഷമാണ് ഷെയ്ഖ് ജയിലിൽ കിടന്നത്. "എന്നെ മാത്രമല്ല, മറ്റ് 12 പേരെയും കേസിൽ തെറ്റായി പ്രതി ചേര്‍ത്തതാണെന്ന് ഞങ്ങൾ വാദിച്ചിരുന്നു. ഇന്ന് ഞങ്ങൾ കുറ്റവിമുക്തരാണെന്ന് തെളിഞ്ഞിരിക്കുന്നു," വികാരഭരിതനായി വാഹിദ് പറഞ്ഞു. "യഥാർഥ ഹീറോകൾ വിചാരണ കോടതിയിലെ അഭിഭാഷകരായിരുന്നു. അവരുടെ ക്രോസ് വിസ്താരം മികച്ചതായിരുന്നു. കുറ്റവിമുക്തനാക്കിയ വിധിന്യായത്തിൽ ഹൈക്കോടതി ക്രോസ് വിസ്താരങ്ങളെ വളരെയധികം ആശ്രയിച്ചു" മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ ദി വയറിനോട് പറഞ്ഞു.'' കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള മൊഴികൾ വിവിധ കാരണങ്ങളാൽ സത്യവും പൂർണവുമല്ലെന്ന് കണ്ടെത്തി, അതിൽ ചില ഭാഗങ്ങൾ സമാനമാണെന്നും പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്" 667 പേജുള്ള വിധിന്യായത്തിൽ പറയുന്നു.
"ചില കുറ്റസമ്മത മൊഴികളുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒന്നുതന്നെയാണ്," പ്രതികൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടു എന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിക്കുന്നതിനുള്ള പത്ത് പോയിന്‍റുകളിൽ ഒന്നായി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ആറ് മാസത്തിനിടെ, സർക്കാരും പ്രതികളും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി കേട്ടിരുന്നു.പ്രതികൾക്കെതിരെ സംശയാതീതമായി കുറ്റകൃത്യങ്ങൾ സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നീരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന വിധി. ജനുവരി 31 നായിരുന്ന കേസിലെ വാദം അവസാനിച്ചത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ആറു മാസക്കാലമായിരുന്നു വാദം. അഞ്ചു മാസത്തിനു ശേഷമാണ് പ്രത്യേക ബെഞ്ചിന്‍റെ വിധി വരുന്നത്.
189 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം
2006 ജൂലൈ 11 നാണ് മുംബൈയിലെ ഏഴ് പടിഞ്ഞാറൻ സബർബൻ കോച്ചുകളിൽ ബോംബ് സ്ഫോടന പരമ്പരയുണ്ടായത്. സംഭവത്തിൽ 189 യാത്രക്കാർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ തിരക്കുള്ള സമയമായ വൈകുന്നേരമാണ് സ്ഫോടനം നടത്താനായി തെരഞ്ഞെടുത്തത്. സ്ഫോടനത്തിന്‍റെ ആഘാതം കൂട്ടാനായി പ്രഷര്‍ കുക്കര്‍ ബോംബുകളാണ് ഉപയോഗിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
എട്ട് വർഷത്തെ വിചാരണയ്ക്ക് ശേഷം, മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിന് (MCOCA) കീഴിലുള്ള പ്രത്യേക കോടതി 2015 ഒക്ടോബറിൽ അഞ്ച് പ്രതികൾക്ക് വധശിക്ഷയും മറ്റ് ഏഴ് പേർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു.ബിഹാർ സ്വദേശിയായ കമാൽ അൻസാരി, മുംബൈ സ്വദേശിയായ മുഹമ്മദ് ഫൈസൽ അതാർ റഹ്മാൻ ഷെയ്ഖ്, താനെ സ്വദേശിയായ എഹ്‌തേഷാം കുതുബുദ്ദീൻ സിദ്ദിഖി, സെക്കന്തരാബാദ് സ്വദേശിയായ നവീദ് ഹുസൈൻ ഖാൻ, മഹാരാഷ്ട്രയിലെ ജൽഗാവിൽ സ്വദേശിയായ ആസിഫ് ഖാൻ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ബോംബ് സ്ഥാപിച്ചതിൽ ഇവർ നേരിട്ട് പങ്കാളികളായതായി കോടതി കണ്ടെത്തിയിരുന്നു. ഇതിൽ കമൽ അൻസാരെ 2021 ൽ നാഗ്പൂർ ജയിലിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
തൻവീർ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അൻസാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ്, മർഗുബ് അൻസാരി, മുസമ്മിൽ അതാർ റഹ്മാൻ ഷെയ്ഖ്, സുഹൈൽ മെഹ്മൂദ് ഷെയ്ഖ്, ഷമീർ ഷമീർ അഹ്മാൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
12 പേരെയും കുറ്റവിമുക്തരാക്കിയ വിധിന്യായത്തിന്‍റെ പകര്‍പ്പിനായി കാത്തിരിക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖിന്‍റെ മകൻ സുഹൈൽ ദി വയറിനോട് പറഞ്ഞു. "എന്‍റെ അച്ഛൻ നാഗ്പൂർ ജയിലിലാണ്. വേറെ നിബന്ധനകളൊന്നുമില്ലാത്തതിനാൽ അദ്ദേഹം ഇന്ന് തന്നെ വീട്ടിലേക്ക് മടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സുഹൈൽ പറഞ്ഞു. അലി ഉൾപ്പെടെയുള്ള കുടുംബങ്ങൾ നിയമപാലകരിൽ നിന്ന് നേരിടുന്ന നിരന്തരമായ പീഡനങ്ങളെക്കുറിച്ച് വിശദമായ ഒരു ലേഖനം കഴിഞ്ഞ മാസം ദി വയർ പ്രസിദ്ധീകരിച്ചിരുന്നു.
അലി ജയിലിലാണെങ്കിൽ പോലും മുംബൈ പൊലീസ് തങ്ങളുടെ വീട്ടിലെത്തി അലി എവിടെയാണെന്ന് അന്വേഷിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. "ഈ വിധിക്കുശേഷം, ഞങ്ങളുടെ ജീവിതം വീണ്ടും ആരംഭിക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," 2006 ൽ പിതാവ് അറസ്റ്റിലായപ്പോൾ കുട്ടിയായിരുന്ന സുഹൈൽ പറയുന്നു. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് സുഹൈൽ.
മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത അബ്ദുൾ വാഹിദ് ഷെയ്ഖ് ഒരു സ്കൂൾ അധ്യാപകനായിരുന്നു. 2015ൽ ജയിൽമോചിതനായപ്പോൾ ഒരു ആക്ടിവിസ്റ്റായി മാറുകയും ചെയ്തു. മറ്റ് 12 പേരുടെയും മോചനത്തിനായുള്ള 'ഇന്നസെൻസ് നെറ്റ്‌വർക്ക്' എന്ന പ്രചാരണത്തിന് അദ്ദേഹം തുടക്കമിടുകയും ചെയ്തു. 9 വര്‍ഷത്തെ ജയിൽവാസത്തെക്കുറിച്ച് 'ഇന്നസെന്‍റ് പ്രിസണേഴ്‌സ്' എന്ന പുസ്തകമെഴുതുകയും ചെയ്തിട്ടുണ്ട്.
നിരോധിത സംഘടനയായ ലഷ്‌കർ-ഇ-ത്വയിബ (എൽഇടി)യുടെ ഭാഗമാണ് പ്രതികളെന്നും ഗൂഢാലോചന പാകിസ്താനിൽ വെച്ചാണ് നടന്നതെന്നും എടിഎസ് ആരോപിച്ചിരുന്നു. സ്ഫോടനത്തിന് രണ്ട് മാസത്തിനു ശേഷം, 2006 സെപ്റ്റംബർ 29 ന്, അന്നത്തെ മുംബൈ പൊലീസ് കമ്മീഷണർ എ.എൻ. റോയ്, രണ്ട് കശ്മീരി പുരുഷന്മാർ ഒരു പ്രാദേശിക മാർക്കറ്റിൽ പോയി രണ്ട് കടകളിൽ നിന്ന് പ്രഷർ കുക്കറുകൾ വാങ്ങിയതായി അവകാശപ്പെട്ടിരുന്നു.വളരെ അപകടകാരിയായ ബോംബുകൾ വയ്ക്കാൻ ഈ പ്രഷർ കുക്കറുകൾ ഉപയോഗിച്ചിരുന്നുവെന്ന് റോയ് അവകാശപ്പെട്ടിരുന്നു.
പൊലീസ് പത്രസമ്മേളനങ്ങളിൽ പങ്കുവെക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അക്കാലത്തെ മാധ്യമ റിപ്പോർട്ടിംഗ്. ആയുധ പരിശീലനത്തിനായി പാകിസ്താൻ സന്ദർശിച്ചതു മുതൽ ഗവേഷണ വകുപ്പിലെ സ്ഫോടകവസ്തുക്കൾ (ആർഡിഎക്സ്), അമോണിയം നൈട്രേറ്റ്, നൈട്രൈറ്റ്, പെട്രോളിയം ഹൈഡ്രോകാർബൺ ഓയിൽ എന്നിവ വീടുകളിൽ സൂക്ഷിച്ചതുവരെയുള്ള നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ പ്രഷര്‍ കുക്കറിനെക്കുറിച്ച് കുറ്റപത്രത്തിൽ പരാമര്‍ശിച്ചിരുന്നില്ല. സ്ഫോടന പരമ്പര നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം, 2006 മെയ് മാസത്തിൽ 'കശ്മീരികളെന്ന് തോന്നുന്ന രണ്ട് യുവാക്കൾ വലിയ അളവിൽ പ്രഷർ കുക്കറുകൾ വാങ്ങിയതായി അവകാശപ്പെട്ട് രണ്ട് പേർ മുന്നോട്ട് വന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. രണ്ടുപേരെയും നിർണായക സാക്ഷികളായി കണക്കാക്കേണ്ടതായിരുന്നു, പക്ഷേ വിചാരണ സമയത്ത് അവരുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഏജൻസി തള്ളിക്കളയുകയായിരുന്നു.
ആറ് മാസം നീണ്ട വാദം കേൾക്കൽ, ഒടുവിൽ വിധി
ജസ്റ്റിസുമാരായ അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ആറ് മാസത്തിലധികം നീണ്ട വാദം കേൾക്കലുകൾക്ക് ശേഷമാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പ്രധാന സാക്ഷികൾ വിശ്വസനീയരല്ലെന്നും തിരിച്ചറിയൽ പരേഡുകൾ സംശയാസ്പദമാണെന്നും പീഡനത്തിലൂടെ കുറ്റസമ്മത മൊഴികൾ പുറത്തെടുത്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
വിധി അംഗീകരിച്ചുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ രാജ താക്കറെ, ഭാവിയിലെ വിചാരണകൾക്ക് ഈ വിധി ഒരു വഴികാട്ടിയായി വർത്തിക്കുമെന്ന് പറഞ്ഞു."തെറ്റായി തടവിലാക്കപ്പെട്ടവർക്ക് പ്രതീക്ഷയുടെ അടയാളമായിരിക്കും ഈ വിധി" എന്ന് ചില പ്രതികളെ പ്രതിനിധീകരിച്ച് അഭിഭാഷകൻ യുഗ് മോഹിത് ചൗധരി പറഞ്ഞു. "ഞങ്ങൾ ഞങ്ങളുടെ കടമ ചെയ്തു, അത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു" എന്നായിരുന്നു ബെഞ്ചിന്‍റെ പ്രതികരണം.