സൗദിയിൽ ശമ്പളം വൈകിയാൽ സ്പോൺസർഷിപ്പ് മാറാനുള്ള നിയമം പ്രാബല്യത്തിലേക്ക്
നിയമം പ്രാബല്യത്തിലാകുന്നതോടെ തൊഴിൽ കരാറുകൾ കോടതി നിരീക്ഷണത്തിലാകും
റിയാദ്: സൗദിയിൽ ശമ്പളം വൈകിയാൽ തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറാനും കുടിശ്ശിക ലഭിക്കാനുമുള്ള പുതിയ നിയമം പ്രാബല്യത്തിലേക്ക്. ശമ്പളം നൽകാതിരുന്നാൽ കോടതിയിൽ പരാതി നൽകാതെ തന്നെ തൊഴിലാളിക്ക് ആനുകൂല്യം ലഭിക്കും. ഇതിനായി തൊഴിൽ വകുപ്പും നീതിന്യായ മന്ത്രാലയവും കരാറിലെത്തി. ഇതോടെ പുതിയ തൊഴിൽ കരാറുകളെല്ലാം കോടതിയുടെ സാന്നിധ്യത്തിലുണ്ടാക്കിയ കരാറിന് സമാനമാകും.
സൗദിയിലെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ സർക്കാർ പ്ലാറ്റ്ഫോമായ ഖിവയിലാണ് അപ്ലോഡ് ചെയ്യാറുള്ളത്. ഈ കോൺട്രാക്ടിൽ ഇരു കൂട്ടരും ഒപ്പുവെക്കും. കരാറിൽ പറഞ്ഞ ശമ്പളം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ഓരോ മാസവും ശമ്പളം നൽകും മുമ്പേ പേ സ്ലിപ് തൊഴിൽ മന്ത്രാലയത്തിന്റെ മുദദ് പ്ലാറ്റ്ഫോമിൽ അപ്ഡേറ്റ് ചെയ്യണം. കൃത്യസമയത്ത് ശമ്പളം നൽകുന്നു എന്ന് ഉറപ്പാക്കാനാണ് ഈ രീതി. പുതിയ നിയമം ഈ രണ്ട് പ്ലാറ്റ്ഫോമുകളേയും നീതിന്യായ വകുപ്പുമായി ബന്ധിപ്പിക്കുന്നു. ഇതോടെ തൊഴിൽ കരാറുകളെല്ലാം കോടതി നിരീക്ഷണത്തിലാകും. ശമ്പളം ഒരു മാസം മുടങ്ങിയാൽ ഇനി തൊഴിലാളിക്ക് കോടതിയിൽ പോകേണ്ടതില്ല. പരാതി നൽകിയാൽ കോടതിക്ക് ശമ്പളരേഖകൾ പരിശോധിച്ച് നടപടിയെടുക്കാം. മൂന്ന് ഘട്ടമായി ഇന്ന് മുതൽ നിയമം പ്രാബല്യത്തിലാകും. വിശദാംശം മന്ത്രാലയങ്ങൾ പുറത്തിറക്കും. ഈ നീക്കം പ്രവാസികൾക്ക് നേട്ടമാകും. സൗദിയിലെ പുതിയ രീതിയനുസരിച്ച് ശമ്പളം ബാങ്ക് അക്കൗണ്ടിൽ നൽകണം. വൈകിയാലോ കുടിശ്ശിക വരുത്തിയാലോ ബാങ്ക് രേഖയാണ് തെളിവാകുക. സൗദിയിൽ സ്പോൺസർഷിപ്പ് സിസ്റ്റത്തിലെ ചൂഷണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. നേരത്തെ ശമ്പളം മൂന്ന് മാസം മുടങ്ങിയാലോ ഇഖാമ കാലാവധി കഴിഞ്ഞാലോ, തൊഴിലാളിക്ക് തൊഴിൽ മാറാൻ അവസരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പദ്ധതിയിലൂടെ പുതിയ നിയമങ്ങൾ നിക്ഷേപ സൗഹൃദമാക്കാൻ സഹായിക്കും.