വ്യവസായമേഖലയിൽ കുതിപ്പുമായി സൗദി
ജൂലൈയിൽ അനുവദിച്ചത് 179 പുതിയ വ്യാവസായിക ലൈസൻസുകൾ,ഉത്പാദനം ആരംഭിച്ച് 133 ഫാക്ടറികൾ
റിയാദ്: സൗദിയിൽ വ്യവസായമേഖലയിൽ വൻ കുതിപ്പ്. ജൂലൈയിൽ വ്യാവസായികമേഖലയിൽ 179 പുതിയ ലൈസൻസുകൾ അനുവദിച്ചപ്പോൾ അതേമാസം തന്നെ 133 പുതിയ ഫാക്ടറികൾ ഉത്പാദനം ആരംഭിച്ചു. നാഷണൽ ഇൻഡസ്ട്രിയൽ ആൻഡ് മൈനിംഗ് ഇൻഫർമേഷൻ സെന്ററാണ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടത്.പുതിയ ലൈസൻസുകളുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ 6.6 ബില്യൺ സൗദി റിയാലിലധികം വരും, അനുബന്ധ പദ്ധതികൾ രാജ്യത്തുടനീളം 5,561 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈയിൽ ഉത്പാദനം ആരംഭിച്ച ഫാക്ടറികളിലെ നിക്ഷേപം 2.3 ബില്യൺ സൗദി റിയാലായിരുന്നു. 4,652 പുതിയ തൊഴിലവസരങ്ങളാണ് ഇതുവഴി ലഭിച്ചത്. ജൂൺ വരെ നിലവിലുണ്ടായിരുന്ന 12,400 ഫാക്ടറികൾക്കു പുറമെയാണ് പുതിയ ഫാക്ടറികൾ. ജൂണിൽ 83 പുതിയ വ്യാവസായിക ലൈസൻസുകൾ അനുവദിക്കുകയും 58 പുതിയ ഫാക്ടറികൾ ഉത്പാദനം ആരംഭിക്കുകയും ചെയ്തിരുന്നു.