സൗദിയിൽ എല്ലായിടത്തും വാടക നിരക്ക് വർധന നിരോധനം വന്നേക്കും
പഠനം നടത്തി റിയൽ എസ്റ്റേറ്റ് അതോറിറ്റി
റിയാദ്: സൗദിയിൽ എല്ലായിടത്തും വാടക നിരക്ക് വർധന നിരോധനം വന്നേക്കും. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും അഞ്ച് വർഷത്തേക്ക് വാടക നിരക്ക് നിശ്ചയിക്കാനുള്ള തീരുമാനം സ്വീകരിക്കുന്നതിനെക്കുറിച്ച് പഠനം നടത്തി റിയൽ എസ്റ്റേറ്റ് അതോറിറ്റി. റിയാദിൽ അഞ്ച് വർഷത്തേക്ക് വാടക വർധന നിരോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിവിധയിടങ്ങളിലേക്ക് നിയമം വ്യാപിപ്പിക്കാനൊരുങ്ങുന്നത്.
റിയാദിൽ അഞ്ച് വർഷത്തേക്ക് വാടക വർധന നിരോധിച്ച നിയമം പ്രവാസികൾക്ക് ഏറെ ഗുണകരമാണ്. നഗരത്തിൽ വാടക കരാറുകൾ ഒരു വർഷം പിന്നിട്ടാലും കാരണമില്ലാതെ റദ്ദാക്കാനാകില്ല. ഈ രംഗത്തെ നിയമവിരുദ്ധ നടപടികൾ രഹസ്യ വിവരമായി നൽകുന്നവർക്ക് 12,000 റിയാൽ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടീഷ്യൻ ചെയ്ത കെട്ടിടങ്ങൾക്കെതിരെ പരിശോധനയും റിയാദിൽ ശക്തമാക്കുന്നുണ്ട്. സെപ്തംബറിലാണ് റിയാദിൽ വാടക നിരക്കിന് വിലക്കേർപ്പെടുത്തി സൗദി കിരീടാവകാശിയുടെ ഉത്തരവ് ഇറങ്ങിയത്. അനിയന്ത്രിതമായി ഉയരുന്ന വാടക നിരക്കിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു ലക്ഷ്യം.