റഷ്യയിലേക്ക് വേഗമെത്താം; സൗദി എയർലൈൻസ് റിയാദ്-മോസ്‌കോ സർവീസ് നാളെ ആരംഭിക്കും
'ആശയവിനിമയത്തിന്റെ ചിറകുകൾ' എന്ന പ്രമേയത്തിൽ പരിപാടികൾ നടക്കും
റിയാദ്: സൗദി എയർലൈൻസ് റിയാദിൽ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള സർവീസ് നാളെ ആരംഭിക്കുന്നു. ആദ്യ യാത്രക്കായി റിയാദിൽ നിന്ന് മോസ്‌കോയിലേക്കും എതിർദിശയിലേക്കും വിമാനങ്ങൾ പറന്നിറങ്ങും. സൗദി വിഷൻ 2030 മായി ബന്ധപ്പെട്ട് 14 ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് തങ്ങളുടെ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിന്റെ ഭാഗമാണിത്. റഷ്യൻ-അറബ് ഉച്ചകോടി നടക്കുന്നതിനിടെയാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.
ഉദ്ഘാടനത്തിന്റെ ഭാഗമായി മോസ്‌കോയിൽ 'ആശയവിനിമയത്തിന്റെ ചിറകുകൾ' എന്ന പ്രമേയത്തിൽ പരിപാടികൾ നടക്കും. 149 വിമാനങ്ങളുമായി ലോകത്തുടനീളം 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദി എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. സൗദി എയർലൈൻസ് വരും വർഷങ്ങളിൽ 116 വിമാനങ്ങൾ കൂടി പ്രതീക്ഷിക്കുന്നുമുണ്ട്. 2030ൽ 330 മില്യൺ യാത്രക്കാരിലേക്ക് എത്തിച്ചേരണമെന്നാണ് എയർലൈൻസിന്റെ ലക്ഷ്യം.
3 കോടി വിശ്വാസികളെയാണ് ഓരോ വർഷവും എയർലൈൻസ് എത്തിക്കുന്നത്. ഇതിനു പുറമെ കായിക, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനും വിനോദസഞ്ചാരത്തിനും 1.5 കോടി യാത്രക്കാരെ എയർലൈൻസ് ഓരോ വർഷവും പദ്ധതിയിടുന്നു. സൗദി ദേശീയ ടീമിനെയും ആരാധകരെയും എത്തിക്കുന്നതിനായി സൗദി എയർലൈൻസ് 2018 ൽ മോസ്‌കോയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തിയിരുന്നു. ഈ വർഷം പകുതിയോടെ സൗദി എയർലൈൻസ് 1.76 കോടി സന്ദർശകരെ വഹിച്ച് ഒരു ലക്ഷം വിമാന സർവീസുകളാണ് നടത്തിയത്.