സൗദിയിൽ ഗാർഹിക ജീവനക്കാരുടെ ശമ്പളം ഇലക്‌ട്രോണിക്കായി; നാലാം ഘട്ടത്തിന് ഇന്ന് മുതൽ തുടക്കം
മാനവ വിഭവശേഷി മന്ത്രാലയത്തിൻറേതാണ് പദ്ധതി
ദമ്മാം: സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇലക്ട്രോണിക് ആയി കൈമാറുന്നതിന്റെ നാലാം ഘട്ടത്തിന് ഇന്ന് മുതൽ തുടക്കമായി. രണ്ടോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴിൽ ദാതാക്കൾ ഉൾപ്പെടുന്നതാണ് നാലാം ഘട്ടം. ഗാർഹിക തൊഴിലാളികളുടെ വേതന അവകാശങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാറിന്റെ സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ഗാർഹിക ജീവനക്കാരുടെ റിക്രൂട്ടിംഗ് സേവനങ്ങൾക്കായി ഏർപ്പെടുത്തിയ മുസാനിദ് പ്ലാറ്റ് ഫോം വഴിയാണ് ശമ്പളം വിതരണം ചെയ്യുന്നത്.
മാനവ വിഭവശേഷി മന്ത്രാലയത്തിൻറേതാണ് പദ്ധതി. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. 2024 ജൂലൈയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2026 ജനുവരി ഒന്നോടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കി സമ്പൂർണമായും ഇലക്ട്രോണിക് രീതിയിലേക്ക് മാറും.