റിയാദ് എയർ ഈ മാസം ചിറകുവിടർത്തും; ആദ്യ സർവീസ് ലണ്ടനിലേക്ക്
ദുബൈ അടക്കമുള്ള നഗരങ്ങളിലേക്കും ഉടൻ സർവീസുകൾ
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ തങ്ങളുടെ ആദ്യ വാണിജ്യ സർവീസ് ഈ മാസം 26ന് ആരംഭിക്കും. റിയാദിൽ നിന്ന് ലണ്ടനിലേക്കാണ് ആദ്യ വിമാനം പറന്നുയരുക. തുടർന്ന് ദുബൈ അടക്കമുള്ള നഗരങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുമെന്ന് കമ്പനി സിഇഒ ടോണി ഡഗ്ലസ് അറിയിച്ചു. കൂടാതെ ഇന്ത്യയിലേക്കും ഈ വർഷം തന്നെ കമ്പനി സർവീസ് ആരംഭിച്ചേക്കും. റിയാദ് എയർ മീഡിയ വിഭാഗം അധികൃതർ ഇത് മീഡിയവണിനോട് സ്ഥിരീകരിച്ചു. മുംബൈയിലേക്കാകും ആദ്യ സർവീസ് നടത്തുക.
പ്രീമിയം സേവനങ്ങളോടെ ബോയിങ് വിമാനങ്ങളുമായാണ് റിയാദ് എയർ പറക്കാനൊരുങ്ങുന്നത്. ഇതിനൊപ്പം ഫ്രാൻസിലേക്കും യുഎസിലേക്കും സർവീസുണ്ട്. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങളുമായാണ് സർവീസ് തുടങ്ങുക. ഇതിൽ ഒരെണ്ണം വാടകക്ക് എടുത്തതാണ്. 39 ബോയിങ് 787-9 വിമാനങ്ങൾ ബോയിങിൽ നിന്നും വേഗത്തിൽ എത്തിക്കാനാണ് റിയാദ് എയറിന്റെ ഓർഡർ. അഞ്ച് വർഷത്തിനകം നൂറിലേറെ രാജ്യങ്ങളിലേക്ക് സർവീസുണ്ടാകും. ഇതിനായി 124 വിമാനങ്ങൾ ഘട്ടം ഘട്ടമായി സൗദിയിലെത്തും. ബോയിങിൽ നിന്നും കാലതാമസമുണ്ടായാൽ വാടകക്കെടുത്തും സർവീസ് നടത്തും. ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് എന്നിവയെ പോലെ പ്രീമിയം സർവീസുകൾ ഉൾപ്പെടുത്തിയാകും റിയാദ് എയർ പറക്കുക. കേരളത്തിലേക്കുൾപ്പെടെ അടുത്ത ഘട്ടങ്ങളിൽ സർവീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വിഷൻ 2030ന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2023-ൽ പ്രഖ്യാപിച്ച വിമാനക്കമ്പനിയാണ് റിയാദ് എയർ. തലസ്ഥാനമായ റിയാദിനെ ലോകത്തിലെ പ്രധാനപ്പെട്ട ഒരു വ്യോമയാന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. 2030-ഓടെ ലോകമെമ്പാടുമുള്ള 100ലധികം നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. ഇതിനായി 72 ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങൾക്ക് കമ്പനി ഓർഡർ നൽകിയിട്ടുണ്ട്. ദുബൈ എയർ ഷോയിലും പാരിസ് എയർ ഷോയിലും റിയാദ് എയറിന്റെ ആകർഷകമായ ഡിസൈനുകൾ ഇതിനകം പ്രദർശിപ്പിച്ചിരുന്നു.