‘ഗർഭിണികളെയും അമ്മമാരെയും ഇസ്രായേൽ കൊന്നൊടുക്കുന്നു’; ഓരോ മണിക്കൂറിലും ഗസ്സയിൽ ഒരു സ്ത്രീ കൊല്ലപ്പെടുന്നുവെന്ന് റിപ്പോർട്ട്
ഗർഭിണികളായ സ്ത്രീകളെയും യുവതികളായ അമ്മമാരെയും അവരുടെ കുട്ടികൾക്കൊപ്പമോ, അല്ലെങ്കിൽ അവർ തങ്ങളുടെ കുടുംബങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനും ശ്രമിക്കുമ്പോൾ കൊല്ലുന്ന വ്യവസ്ഥാപിതമായ രീതിയാണ് ഇസ്രായേൽ തുടരുന്നതെന്ന് യൂറോ-മെഡ് റിപ്പോർട്ട്
ഗസ്സ: ഗസ്സയിൽ ഓരോ മണിക്കൂറിലും ഇസ്രായേൽ ഒരു ഫലസ്തീൻ സ്ത്രീയെ കൊലപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട്. യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പുറത്തുവിട്ട കണക്കുകളിലാണ് ഇസ്രായേലിന്റെ ക്രൂരതവെളിപ്പെടുത്തുന്നത്.
2023 ഒക്ടോബർ മുതൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണത്തിലൂടെ പ്രതിദിനം ശരാശരി 21.3 ഫലസ്തീൻ സ്ത്രീകളെ, അതായത് മണിക്കൂറിൽ ഏകദേശം ഒരു സ്ത്രീയെ കൊലപ്പെടുത്തിയിട്ടുണ്ട്. ഉപരോധം, പട്ടിണി, വൈദ്യസഹായം ലഭിക്കാത്തത് മൂലം മരിച്ചവരുടെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്ന് ജനീവ ആസ്ഥാനമായുള്ള സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗസ്സ മുനമ്പിൽ സ്ത്രീകൾ കൊല്ലപ്പെടുന്നതിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഫലസ്തീൻ സ്ത്രീകളെ, പ്രത്യേകിച്ച് അമ്മമാരെ ലക്ഷ്യം വച്ചുള്ള കൂട്ടക്കൊലകളാണ് ഇസ്രായേൽ ആസൂത്രിതമായി നടത്തുന്നതെന്ന് അവരുടെ റിപ്പോർട്ട് പറയുന്നു.
ഗസ്സയിൽ പ്രവർത്തിച്ച ഫീൽഡ് ടീമിനെ ഉദ്ധരിച്ച് യൂറോ-മെഡ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്: ‘കൊല്ലപ്പെട്ട സ്ത്രീകളിൽ ഭൂരിഭാഗംപേരും പ്രസവപ്രായത്തിലുള്ളവരാണ്. വീടുകളിലും,അഭയാർത്ഥി ക്യാമ്പുകളിലും, താൽക്കാലിക ഷെൽട്ടറുകളിലും, സുരക്ഷ തേടി പലായനം ചെയ്യുമ്പോഴോ ഇസ്രായോൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരാണ് മിക്കവരും. ചിലരെങ്കിലും കുട്ടികളെ ബോംബാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടികളോടൊപ്പം കൊല്ലപ്പെട്ടവരുമുണ്ട്.
അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യാ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്ന നടപടികളാണ് ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്. ഗസ്സ മുനമ്പിലെ ഫലസ്തീൻ സ്ത്രീകളെ ലക്ഷ്യംവെക്കുന്നതിലുടെ മുഴുവൻ ജനതയെയും കൊന്നൊടുക്കാനുള്ള ഒരു ഉപകരണമായി ഇസ്രായേൽ ഉപയോഗിക്കുന്നുവെന്നും യൂറോ-മെഡ് മോണിറ്റർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗർഭിണികളായ സ്ത്രീകളെയും യുവതികളായ അമ്മമാരെയും അവരുടെ കുട്ടികൾക്കൊപ്പമോ, അല്ലെങ്കിൽ അവർ തങ്ങളുടെ കുടുംബങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനും ശ്രമിക്കുമ്പോൾ കൊല്ലുന്ന വ്യവസ്ഥാപിതമായ രീതിയാണ് ഇസ്രായേൽ തുടരുന്നത്. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്, കൂടാതെ ഫലസ്തീൻ ജനതയുടെ ഭാവിയെ ലക്ഷ്യംവെച്ചുള്ള ആസൂത്രിതമായ ഒരു പ്രവൃത്തിയാണിതെന്നും സംഘടന വ്യക്തമാക്കുന്നു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ 582 ദിവസം പിന്നിടുന്നതിനിടയിൽ 7,920 അമ്മമാർ ഉൾപ്പെടെ 12,400 ഫലസ്തീൻ സ്ത്രീകൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക രേഖകൾ സ്ഥിരീകരിക്കുന്നുണ്ട്. ഇസ്രായേലിന്റെ നേരിട്ടുള്ള ബോംബാക്രമണം മൂലം അമ്മമാർ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ എന്നിവർക്കിടയിലെ മരണനിരക്ക് വലിയ തോതിലാണെന്നും റിപ്പോർട്ട് പറയുന്നു.പോഷകാഹാരക്കുറവ്, പട്ടിണി തുടങ്ങിയവ മൂലം 60,000 ഗർഭിണികൾ നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
അതായത് ഇസ്രായേലിന്റെ ലക്ഷ്യം കൊലപാതകങ്ങൾക്കപ്പുറം മറ്റു ചിലതാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സംഘടന ചൂണ്ടിക്കാട്ടുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയിൽ വംശഹത്യയുടെ ഘടകങ്ങളുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.