Writer - Athique Haneef
Web Journalist at MediaOne
ഗസ്സ: ഗസ്സയിൾ വിതരണം ചെയ്യുന്ന ദൈനംദിന ഭക്ഷണത്തിന്റെ എണ്ണത്തിൽ കഴിഞ്ഞ ആഴ്ചയേക്കാൾ 70 ശതമാനം കുറവുണ്ടായതായി യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക്. ഫലസ്തീൻ ഇൻഫർമേഷൻ സെന്റർ പുറത്തുവിട്ട അറിയിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിച്ച സ്റ്റെഫാൻ യുഎൻ സംഘങ്ങൾ ഗസ്സയിൽ സന്ദർശനം നടത്തേണ്ടതിന്റെയും പൗരന്മാരുടെ ആവശ്യങ്ങൾ തിരിച്ചറിയേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഗസ്സയിൽ ദിവസേനയുള്ള ഭക്ഷണത്തിന്റെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ 840,000 ൽ നിന്ന് 260,000 ആയി കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനുഷിക സഹായം ഭക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് പറഞ്ഞ സ്റ്റെഫാൻ ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്കുള്ള വെള്ളം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവ നേരിട്ട് നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.
മാർച്ച് മുതൽ കർശന ഉപരോധത്തിൽ കഴിയുന്ന ഗസ്സയിലെ ആരോഗ്യ, ജല സൗകര്യങ്ങൾ തീർന്നു തുടങ്ങിയിട്ടുണ്ടെന്നും യുഎൻ വക്താവ് മുന്നറിയിപ്പ് നൽകി. 'ഗസ്സയിലെ ആരോഗ്യ സംരക്ഷണം തകർച്ചയുടെ വക്കിലാണ്. അടിസ്ഥാന സാധനങ്ങൾ, ഉപകരണങ്ങൾ, രക്തം, മെഡിക്കൽ ജീവനക്കാർ എന്നിവയുടെ കടുത്ത ക്ഷാമം കാരണം ആശുപത്രികളിൽ നിരവധി പേർ പ്രതിസന്ധിയിലാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.